സംഘ്പരിവാര്‍ ഹൈന്ദവതയെയല്ല പ്രതിനിധീകരിക്കുന്നത് - കെ.പി. രാമനുണ്ണി

ജമാഅത്തെ ഇസ്‌ലാമി കേരള സംഘടിപ്പിച്ച വര്‍ഗീയ ഭീകരതക്കെതിരെയുള്ള സാഹോദര്യ സംഗമത്തില്‍ കെ.പി. രാമനുണ്ണി നടത്തിയ പ്രഭാഷണം

ഇരുളടഞ്ഞു പോകാറുള്ള മനസ്സിന് ഒരു വെളിച്ചം കിട്ടിയ ദിവസമാണിന്ന്. വര്‍ഗീയ ഭീകരതക്കും മുസ്ലിം ദളിത് വേട്ടക്കുമെതിരെ ഇത്രയധികം പേര്‍ ഒത്തുകൂടിയെന്നുള്ളത് വലിയൊരു ശുഭാപ്തി വിശ്വാസമാണ് എനിക്ക് നല്‍കുന്നത്. ജമാഅത്തെ ഇസ്‌ലാമി പോലെയുള്ള ഒരു സംഘടനയുടെ കാര്യക്ഷമത, പ്രതീക്ഷാ നിര്‍ഭരമായ സമര്‍പ്പണം - അതു മുഴുവന്‍ ഈ സമ്മേളനത്തില്‍ കാണുന്നുണ്ട്. 

എഴുത്തുകാരുടെ നിമിത്തശാസ്ത്ര പ്രകാരം പറയുകയാണെങ്കില്‍ ഈ യോഗം വിജയിക്കും എന്നെനിക്ക് തോന്നുന്നു. ഇന്ത്യാരാജ്യത്തിന്റെ ഭൂപടം തീര്‍ത്തു കൊണ്ടാണ് ഈ പ്രതിജ്ഞയിവിടെ നിര്‍വ്വഹിക്കുന്നത്. തീര്‍ച്ചയായും ഈ സമ്മേളനം നാം എങ്ങോട്ടാണ് പോവുന്നത്, നമ്മുടെ രാജ്യം എന്താണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത് എന്നതിലേക്ക് സൂചന നല്‍കുന്നു . 

ജമാഅത്തെ ഇസ്‌ലാമി "ഐ.എസ്. ഇസ്‌ലാമല്ല" എന്ന് തുറുന്ന് പ്രഖ്യാപിക്കാന്‍ ധൈര്യവും ആര്‍ജ്ജവവും കാണിച്ചിട്ടുള്ള ഒരു സംഘടനയാണ്. ജമാഅത്തെ ഇസ്‌ലാമി മുന്‍കൈ എടുത്തു വരുന്ന എല്ലാ പ്രസ്ഥാനങ്ങളും വിജയിക്കുന്നതായിട്ടാണ് നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതിന്റെ സമര്‍പ്പണ ബോധം കൊണ്ട് തന്നെയാണ് അത് സാധിക്കുന്നത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 

ഈ സാഹോദര്യസംഗമം നടക്കുന്ന സമയത്ത് നാം ചില വ്യത്യസ്ഥമായ പ്രവര്‍ത്തന പദ്ധതികള്‍ കൂടി ആലോചിക്കേണ്ടതുണ്ട്. പലപ്പോഴും നാം അഭിസംബോധന ചെയ്യാറുള്ളത് വിശ്വാസികളായിട്ടുള്ള മുസ്‌ലിംകളെയും മതേതരവിശ്വാസികളായ ഹിന്ദുക്കളെയുമാണ്. വിശ്വാസികളായ ഹിന്ദുക്കളെ നമുക്ക് അഭിസംബോധന ചെയ്യാന്‍ സാധിക്കാറില്ല. അവരുടെ അടുത്ത് ചെന്ന് നാം പറയേണ്ടത് ഇത് ഹൈന്ദവത അല്ല; ഹൈന്ദവതയെ നശിപ്പിക്കുന്നവരാണ് ഇതെല്ലാം കാട്ടിക്കൂട്ടുന്നതെന്നാണ്. സംഘ്പരിവാര്‍ ഹൈന്ദവതയെയ അല്ല പ്രതിനിധീകരിക്കുന്നത് എന്ന് വെട്ടിത്തുറന്ന് പറയേണ്ട അവസ്ഥയിൽ നാം എത്തി നില്‍ക്കുന്നു.

ഹൈന്ദവമായ പ്രതീകങ്ങളെയാണ് ഇവര്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഹിന്ദുവിന്റെ വിപരീത പദമാണ് മുസ്‌ലിം എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.. സുഹൃത്തുക്കളെ, ഹിന്ദുവിന്റെ വിപരീതപദമല്ല മുസ്‌ലിം എന്ന് ഈ രാജ്യത്തോട് പറയേണ്ട ഉത്തരവാദിത്വം കോഴിക്കോട് പോലെയുള്ള സത്യസന്ധതയുടെ നാടുകള്‍ക്കുണ്ട്. സാമൂതിരിപ്പാടും കുഞ്ഞാലിമരക്കാരും ചേര്‍ന്നു നിന്നു കൊണ്ട് വിദേശ ശക്തികള്‍ക്കെതിരെ പോരാടിയ പാരമ്പര്യം നമുക്കുണ്ട്. കേരളീയമായ ഈ പാരമ്പര്യമാണ് ഇന്ന് ഇന്ത്യാ രാജ്യത്തെ തന്നെ രക്ഷിക്കാന്‍ പോന്നത്. ഹിന്ദുവും മുസ്‌ലിമും തോളോട് തോള്‍ ചേര്‍ന്നു മാത്രമേ ഈ രാജ്യത്തിന് വിമോചനമുള്ളൂ എന്ന് തിരിച്ചറിഞ്ഞത് മഹാത്മജി ആയിരുന്നു. ആ മഹാത്മജിയെ കൊല്ലപ്പെടുത്തിയതിന് ഉത്തരവാദിത്വമുള്ള പ്രത്യയശാസ്ത്രമാണ് ഇന്ന് രാജ്യത്തെ ഭരിച്ചു കൊണ്ടിരിക്കുന്നത്. 

മഹാത്മജിയുടെ ഹിന്ദുവാണ് ശരിയായ ഹിന്ദു. നിങ്ങള്‍ ഹിന്ദു ജനതയെ പ്രതിനിധാനം ചെയ്യുന്നില്ല. വിശ്വസികളായ ഹിന്ദു ജനതകളെ, നിങ്ങള്‍ ഇവരുടെ നീരാളി പിടുത്തത്തില്‍ പെട്ടു പോവരുത് എന്ന് പറയേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ആരാണ് ഗാന്ധിജിയുടെ രാമന്‍, ആരാണ് നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാമന്‍? എന്ന് അവരോട് ചോദിക്കേണ്ടതുണ്ട്. നാട്ടില്‍ ന്യൂനാല്‍ ന്യൂനപക്ഷമായ ചാര്‍വാകന്മാരുടെ സുഖവിവരം അന്വേഷിച്ച രാമന്റെ പേരിലാണിന്ന് ന്യൂനപക്ഷങ്ങളുടെ പള്ളി പൊളിക്കുന്നത്. ഇവര്‍ രാമനെ പ്രതിനിധീകരിക്കുയല്ല അവഹേളിക്കുകയാണ് ചെയ്യുന്നത്. ഏറ്റവും പ്രണയിയായിട്ടുള്ള ശ്രീകൃഷ്ണന്റെ നാട്ടിലാണ് ആണും പെണ്ണും കൈ പിടിച്ചു പോയാല്‍ അറസ്റ്റ് ചെയ്യുന്നതും അവര്‍ക്കെതിരായ സേനകളുണ്ടാവുകയും ചെയ്യുന്നത്. 

ഹൈന്ദവ ജനതയോട് നിങ്ങളെ പ്രതിനിധീകരിക്കുന്നവരല്ല ഇവര്‍ എന്ന് തുറന്നു പറയേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. അങ്ങിനെയേ നമുക്ക് പ്രവര്‍ത്തിക്കാന്‍ പറ്റുകയുള്ളൂ. അല്ലാതെ വെറും മതേതര ബോധം മാത്രം സൂക്ഷിക്കന്നതു കൊണ്ട് മാത്രമായില്ല, മതേതര ബോധത്തിനകത്ത് ഹൈന്ദവമായിട്ടുള്ള വികാര വിചാരധാരയിലുള്ളവരെ അഭിസംബോധന ചെയ്യാനുള്ള ഒരു പ്രയോഗം നാം ഉണ്ടാക്കിയെടുക്കേണ്ടതാണ്. 

ഹിന്ദുക്കളുടെ ശത്രുക്കള്‍ മുസ്‌ലിംകളാണെന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ശ്രീരാമ കൃഷ്ണ പരമഹംസനെ പോലുള്ള ഹിന്ദു ആചാര്യന്മാരെല്ലാം മുഹമ്മദ് നബി (സ)യെ ഏറ്റവും ബഹുമാനത്തോടു കൂടി കണ്ട ആളുകളായിരുന്നു. മുസ്‌ലിം സഹോദരന്മാരെയും ഇസ്‌ലാമിനെയും നെഞ്ചോട് ചേര്‍ത്തു വെച്ചവരായിരുന്നു അവര്‍. അതു കൊണ്ട് നിങ്ങള്‍ ഹൈന്ദവതയെയല്ല പ്രതിനിധീകരിക്കുന്നത്. നിങ്ങള്‍ ഫാഷിസത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് ഹിന്ദുക്കളെ കൊണ്ട് പറയിപ്പിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. ഞാന്‍ മുനവ്വറലി തങ്ങളുടെ ചെവിയില്‍ പറയുകയായിരുന്നു. ഇവിടെ ഹൈന്ദവ ജനതയും മുസ്‌ലിം ജനതയും തോളോട് തോള്‍ ചേര്‍ന്ന് നടന്നതിന്റെ പാരമ്പര്യത്തിന്റെ വഴികളെല്ലാം ഉണ്ട്. ഹൈന്ദവതയില്‍ വര്‍ഗീയത തൊട്ടു തീണ്ടാത്ത ഇവിടെയുള്ള ക്ഷേത്ര ഭാരവാഹികളെ കണ്ട് നിങ്ങളെയെല്ലാം ഇവര്‍ വഴി തെറ്റിക്കുകയാണ് എന്ന് പറയേണ്ടുന്ന ഉത്തരവാദിത്വം നമുക്കുണ്ട്. കളിയാട്ടക്കാവിലെ ഉത്സവം നടക്കുമ്പോള്‍ മമ്പുറം തങ്ങളുടെ അനുവാദം വാങ്ങിയിട്ടാണ് നടത്തിയിരുന്നത്. അങ്ങിനെയുള്ള പാരസ്പര്യത്തിന്റെ കഥകള്‍ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. മുസ്‌ലിമിന്റെ ശത്രുവായി നില്‍ക്കുന്ന ഈ സംഘ് പരിവാര്‍ ഒന്നാമതായിട്ട് ഹിന്ദുവിന്റെ ആത്മാവിനെയാണ് അപകടപ്പെട്ടുന്നത്. നിങ്ങളുടെ ഹൈന്ദവതയെയാണ് ഇവര്‍ വികൃത വല്‍ക്കരിക്കുന്നത്. ഇവരെ കൂടെ നില്‍ക്കാന്‍ പാടില്ല എന്ന് പറയേണ്ടുന്ന ഉത്തരവാദിത്വം ഉണ്ട്. 

നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് പാശ്ചാത്യന്‍ കൊളോണിയല്‍ പ്രത്യയശാസ്ത്രമാണ്. അവരാണ് ഹിന്ദുവിന്റെ ശത്രു മുസ്‌ലിം എന്ന് ഇവിടെ പ്രഖ്യാപിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അവരുടെ പ്രത്യയ ശാസ്ത്രമാണ് നിങ്ങള്‍ ഭാരതീയതയുടെ പേര് പറഞ്ഞ് ഉല്‍പാതിപ്പിക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഈ രാജ്യത്തിന്റെ വിഭവങ്ങളെല്ലാം അടിയറ വെക്കുകയും ചെയ്തിരിക്കുന്നത്. ഈ തരത്തില്‍ വിശ്വാസികളായിട്ടുള്ള ആളുകള്‍ തെറ്റിദ്ധരിക്കപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തന പദ്ധതി നാം ആവിഷ്‌കരിക്കേണ്ടതായിട്ടുണ്ട്. 

നാം വിശ്വാസികളുടെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുക. അമ്പലക്കമ്മിറ്റികളിലേക്ക് ഇറങ്ങിച്ചെല്ലുക, അമ്പലപ്പറമ്പുകളിലേക്ക് ഇറങ്ങിച്ചെല്ലുക. അവിടെയെല്ലാം വര്‍ഗ്ഗീയ ശക്തികള്‍ നിഷ്‌കളങ്കരായ ഹിന്ദുമത വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന സമയത്ത് നിങ്ങളെ കേടു വരുത്തുന്നവരാണ് ഇവര്‍ എന്നു പറഞ്ഞു കൊണ്ട് ശരിയായിട്ടുള്ള ഹൈന്ദവതയുടെ പ്രത്യയശാസ്ത്രത്തെ, വിപ്ലവാത്മകവും ജനകീയവുമായിട്ടുള്ള ആ മുഖത്തെ ഇവരിന്ന് പിശാചു വല്‍ക്കരിച്ചിരിക്കുകയാണ്. അതിനെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളൂ. അങ്ങിനെയുള്ള ഒരു യാത്രയുടെ തുടക്കമാവട്ടെ ഇത്. കേരളത്തിന്റെ പൈതൃകം അതാണ് നമ്മളോട് പറയുന്നത്. ഇന്ന് ഇന്ത്യാ രാജ്യത്തെ രക്ഷിക്കാന്‍ തന്നെ കേരളത്തിന്റെ മതസൗഹാര്‍ദ്ധ പാരമ്പര്യത്തിന് തന്നെ സാധിക്കുകയുള്ളൂ. 

വര്‍ഗീയതയും വിഭാഗീയതയും അടക്കി ഭരിച്ചിട്ടുള്ള ഒരു രാജ്യവും ഗുണം പിടിച്ചിട്ടില്ല, നമ്മുടെ രാജ്യം കുളം തോണ്ടാവാതിരിക്കണമെങ്കില്‍ ഈ കരാള ശക്തികളെ ഇവിടുന്ന് തുരത്തുക തന്നെ വേണം. എം.ജി.എസ് നാരായണനെ പോലുള്ളവര്‍ ഇവരോട് പറഞ്ഞു കൊടുക്കണം. ഹൈന്ദവത എന്നു പറഞ്ഞാല്‍ മാംസ ഭക്ഷണത്തിനെതിരായ ഒരു സാധനമല്ല. മുസ്‌ലിമിനെതിരായിട്ടുള്ള ഒരു സാധനമല്ല. വേദങ്ങളിലടക്കം മാംസ ഭക്ഷണം കഴിച്ചതിന്റെ എത്രയോ തെളിവുകളുണ്ട്. പശുക്കിടാവിനെ അതിഥി വരുമ്പോള്‍ സല്‍ക്കരിക്കുന്നതിന്റെ സൂചനയാണ് വേദങ്ങളിലുള്ളത്. ഓര്‍ഗനൈസര്‍ പോലെയുള്ള കൂട്ടര്‍ വിളിച്ചു വരുത്തുന്ന സമയത്ത് അവരോട് എം.ജി.എസ് പോലെയുള്ളവര്‍, നിങ്ങള്‍ ഹൈന്ദവതെയെ നശിപ്പിക്കുന്നവരാണെന്ന് അവരോട് തുറന്ന് പറയണം. നിങ്ങള്‍ ഹിന്ദുവിനെ പ്രതിനിധാനം ചെയ്യുന്നില്ല എന്ന് തുറന്നു പറയണം. ഈ ബോധം നിഷ്‌കളങ്കരായ ഹിന്ദുമത വിശ്വാസികളില്‍ ഉത്പാദിപ്പിക്കാനുള്ള ഉത്തരവാദിത്വം ഇസ്‌ലാം മതവിശ്വാസികള്‍ക്കുണ്ട്. മുമ്പേ വന്നിട്ടുള്ള എല്ലാ പ്രവാചകന്‍മാരെയും അംഗീകരിച്ച വ്യക്തിയായിരുന്നു റസൂല്‍ തിരുമേനി. ഏറ്റവും അവസാനത്തെതായതു കൊണ്ട് മുകളിലുള്ളവരോടും ഉത്തരവാദിത്വമുണ്ട്. അപ്പോള്‍ മുസ്‌ലിം സമുദായത്തിന് പ്രധാനമായ ഉത്തരവാദിത്വമുണ്ട്. ഇവിടെയുള്ള ആളുകളെയെല്ലാം നല്ല വഴിക്ക് നയിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. നിങ്ങളെ തെറ്റായ പിശാചിന്റെ വഴിക്കാണ് ഇവര്‍ നയിക്കുന്നത് എന്ന് പറയാനുള്ള ഉത്തരവാദിത്വം ഉണ്ട്. ആ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സമര്‍പ്പണ ബുദ്ധിയുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകര്‍ക്ക് സാധിക്കും, അതിന് വേണ്ടി ഞാന്‍ ജഗദീശ്വരനോട് പ്രാര്‍ഥിക്കുന്നു. നമസ്‌കാരം.

 

വീഡിയോ കാണാം: