മെഡിക്കൽ പ്രവേശനം: സർക്കാർ ഉത്തരവ് അനാരോഗ്യകരം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ന്യൂനപക്ഷ സംവരണ സീറ്റുകളിൽ പ്രവേശനം ലഭിക്കുന്നതിന് മഹല്ല് ഭാരവാഹികളുടെയും മത സംഘടന നേതാക്കളുടെയും ശിപാർശ നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് അനാരോഗ്യകരമായ പ്രവണതകൾ സൃഷ്ടിക്കപ്പെടാൻ കാരണമാകുമെന്ന് ജമാഅത്തെ ഇസലമി കേരളാ അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു. അതാത് സംവരണ സമുദായത്തിൽപ്പെട്ട യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.

മതമീമാംസപരമായ അഭിപ്രായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വിവിധ മത സംഘടനകളും വിഭാഗങ്ങളും രൂപപ്പെട്ടതും പ്രവർത്തിക്കുന്നതും. ഇവ മെഡിക്കൽ  പ്രവേശനത്തിന്റെ മാനദണ്ഡമാകരുത്. വിവിധ മത സംഘടനകൾക്കിടയിൽ സീറ്റുകൾ വീതം വെയ്ക്കുന്നത് മതേതര സർക്കാറിന് ചേർന്ന നടപടിയല്ല. മതസംഘടനകളിൽ പ്രവർത്തിക്കാത്ത മതാനുയായികളുമുണ്ട്.  സംഘടനാ താൽപര്യങ്ങക്കനുസരിച്ച് ശിപാർശ നൽകാൻ സാധ്യതയുള്ളതിനാൽ സംവരണ സീറ്റുകളിൽ നിന്നും യോഗ്യതയുളളവർക്ക് അർഹത നഷ്ടപ്പെടാൻ കാരണമാകും. സാമൂഹ്യനീതിയെ സർക്കാർ നടപടി അട്ടിമറിക്കും. ന്യുനപക്ഷമത സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും അബ്ദുൽ അസീസ് പറഞ്ഞു.