ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം മഫാസ് യൂസഫ് സാലെഹ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ഫലസ്ത്വീന്‍ രാഷ്ട്രത്തിനുമേല്‍ സയണിസ്റ്റ് ശക്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭീകരമായ അധിനിവേശത്തിനെതിരില്‍ പോരാടുന്ന ഫലസ്ത്വീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിക്കൊണ്ട് സോളിഡാരിറ്റി ഇന്ന് ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കും. മസ്ജിദുല്‍ അഖ്‌സ്വയില്‍ പ്രാര്‍ഥനക്കും തീര്‍ഥാടനത്തിനുമുള്ള ഫലസ്ത്വീനികളുടെ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്ത പശ്ചാതലത്തിലും ഇസ്രയേലുമായി ഇന്ത്യ തുടക്കം മുതലേ പുലര്‍ത്തിപ്പോന്ന നയത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുകയും സയണിസ്റ്റ് അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലുമാണ് സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖുദ്‌സ് ഐക്യദാര്‍ഢ്യ സമ്മേളനം നടക്കുന്നത്. 

പ്രമുഖ ഫലസ്ത്വീന്‍ പത്ര പ്രവര്‍ത്തക മഫാസ് യൂസഫ് സാലെഹ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തെ ഫലസ്ത്വീന്‍ പ്രധാന മന്ത്രി ഇസ്മാഈല്‍ ഹനിയ്യ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം.സാലിഹ് അധ്യക്ഷത വഹിക്കും പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.ഐ.ഷാനവാസ് എം.പി, ബിനോയ് വിശ്വം, ഒ.അബ്ദുറഹ്്മാന്‍, കെ.പി.രാമനുണ്ണി, കെ.ഇ.എന്‍, ഡോ.ഹുസൈന്‍ മടവൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, അഡ്വ. പി.എ.മുഹമ്മദ് റിയാസ്, ഹമീദ് വാണിയമ്പലം, ഡോ.പി.ജെ. വിന്‍സെന്റ്, സി.ടി.സുഹൈബ്, അഫീദ അഹ്്മദ്, കെ.സി.അന്‍വര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.