മുജാഹിദ് പ്രവർത്തകരുടെ അറസ്റ്റ്: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ മുഖ്യമന്ത്രിയ കണ്ടു

തിരുവനന്തപുരം: കേരള പോലിസ് മുസ് ലിം ന്യൂനപക്ഷത്തോട് പക്ഷപാതപരമായി നിലപാട് സ്വീകരിച്ചാൽ ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  മുഖ്യമന്ത്രിയെ സന്ദർശിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് പറവൂരിൽ വിസ്ഡം ഗ്ലോബൽ മുജാഹിദ്  പ്രവർത്തകരോട് പോലിസ് പക്ഷപാതപരമായി പെരുമാറിയ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പറവൂരിൽ വിസ്ഡം ഗ്ലോബൽ പ്രവർത്തകരെ അക്രമിച്ചവർക്കെതിരെ നടപടിയെടുക്കാൻ പോലിസിന് നിർദേശം നൽകും. ഹാദിയ കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണമെന്നത്  സംസ്ഥാന സർക്കാരിന്റെ നിലപാടല്ല. മെഡിക്കൽ പ്രവേശനത്തിന് മതനേതാക്കളുടെ ശിപാർശ വേണമെന്ന ഉത്തരവ് പുനസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെ  അപ്പീൽ പോകും. സംഘ് പരിവാർ ഫാഷിസത്തെ പ്രതിരോധിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മേഖലാ സെക്രട്ടറി എം മെഹബൂബും ജമാഅത്ത് അമീറിന്റെ കൂടെയുണ്ടായിരുന്നു.