വര്‍ഗീയതയെ മാനവികതകൊണ്ട് നേരിടുക -എം.ഐ. അബ്ദുല്‍ അസീസ്

അഞ്ചല്‍: രാജ്യത്ത് വര്‍ധിക്കുന്ന ഫാഷിസത്തിനെതിരെ ജനകീയ ജാഗ്രത സമിതികള്‍ രൂപവത്കരിക്കണമെന്നും വര്‍ഗീയതയെ മാനവികത കൊണ്ട് നേരിടാന്‍ തയാറാകണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. ജമാഅത്തെ ഇസ്ലാമി അഞ്ചല്‍ മേഖലാ കണ്‍െവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാര്‍മിക, -മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് സമുദായം സത്യസാക്ഷികളായി മാറണം. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കും നാടിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്റ് പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് അന്‍വറുല്‍ ഇസ്ലാം, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതിയംഗം ടി. മുഹമ്മദ് വേളം, സിറാജുദീന്‍, എന്‍. സലാഹുദ്ദീന്‍, ഷാഹുല്‍ഹമീദ്, ജലാലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.