മുത്തലാഖ്: നിയമനിര്‍മാണം നടത്തുന്നത് പണ്ഡിതന്‍മാരുടെ അഭിപ്രായം പരിഗണിച്ചുകൊണ്ടായിരിക്കണം - എം.ഐ. അബ്ദുൽ അസീസ്

മുത്തലാഖ് ഭരണഘടന വകവെച്ചുതന്ന മുസ്‌ലിം പേഴ്‌സണല്‍ ലോയുടെ ഭാഗമാണ്. ഈ വിഷയത്തില്‍ സമുദായത്തിനകത്ത് വ്യത്യസ്ത വീക്ഷണങ്ങള്‍ നിലവിലുണ്ട്. ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ട് വെക്കുന്ന സാമൂഹ്യനീതി സങ്കലപത്തിനോട് പൊരുത്തപ്പെടുന്നതല്ല മുത്തലാഖ് എന്ന് കരുതുന്നവരും എന്നാല്‍ അത് വിശ്വാസത്തിന്റെയും ശരീഅത്തിന്റെയും ഭാഗമാണ് എന്ന് വിശ്വസിക്കുന്ന വിലയൊരു വിഭാഗവും മുസ്‌ലിം സമുദായത്തിലുണ്ട്. മുത്തലാഖ് സമ്പ്രദായത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന ധാരണ സമുദായത്തിനകത്ത് പൊതുവെ നിലനില്‍ക്കുന്നു. എന്നാല്‍ അത്തരം പരിഷ്‌കരണങ്ങള്‍ നടത്തേണ്ടത് മതപണ്ഡിതന്‍മാരുടെയും മുസ്‌ലിം സമുദായത്തിന്റെ പൊതുവേദിയായ ആള്‍ ഇന്ത്യ മുസ്‌ലിം പേര്‍സണല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെ നേതൃത്വത്തിലുമാണ്. അത്തരം ശ്രമങ്ങള്‍ ക്രമപ്രവൃദ്ധമായാണ് നടപ്പിലാക്കേണ്ടത്. ഇതിനുള്ള സന്നദ്ധത കേസ് പരിഗണിക്കുന്ന ഘട്ടത്തില്‍ സുപ്രീം കോടതിയില്‍ അറിയിച്ചതുമാണ്.
മുത്തലാഖ് വിഷയത്തില്‍ നിയമനിര്‍മാണം നടത്തുന്നതും കോടതി ഇടപെടുന്നതും മൗലികാവകാശങ്ങളുടെ ലംഘനവും ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ പരിരക്ഷയ്ക്കു വിരുദ്ധവുമാണ്. നിയമനിര്‍മാണം നടത്തുമ്പോള്‍ പണ്ഡിതന്‍മാരുടെയും പേഴ്‌സണല്‍ ലോ ബോര്‍ഡ് പോലുള്ള സംഘടനകളുടെയും അഭിപ്രായം പരിഗണിച്ചുകൊണ്ടായിരിക്കണം.