മുത്വലാഖ്; പേഴ്‌സണല്‍ ലോ ബോര്‍ഡിനൊപ്പം നിലകൊള്ളും - ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: മുത്വലാഖ് വിഷയത്തില്‍ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിനൊപ്പം നിലകൊള്ളുമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍ വ്യക്തമാക്കി. മുത്വലാഖ് ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സെപ്റ്റംബര്‍ പത്തിന് ബോര്‍ഡ് ഭോപാലില്‍ യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതുവരെ പേഴ്‌സണല്‍ ലോ ബോര്‍ഡിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയും വിധിയെ കുറിച്ച് പഠിക്കും. വിധി സംബന്ധിച്ച് പ്രതികരിക്കാന്‍ അതിന് ശേഷം മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കേസ് പരിഗണിച്ച സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ചിലെ മൂന്നംഗങ്ങള്‍ മുത്വലാഖ് ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാറും ജസ്റ്റിസ് അബ്ദുല്‍ നസീറും അതിന് വിരുദ്ധമായിട്ടാണ് അഭിപ്രായം പ്രകടിപ്പിച്ചത്. മുത്വലാഖ് വ്യക്തിനിയമത്തിന് കീഴില്‍ വരുന്നതിനാല്‍ അതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും അത് ഭരണഘടനാ വിരുദ്ധമല്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ പറഞ്ഞത്. മുത്വലാഖ് മൗലികാവകാശ ലംഘനമല്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.