സ്വാതന്ത്ര്യത്തിന്റെ വര്‍ത്തമാനവും ഭാവിയും; സെമിനാര്‍ ശ്രദ്ധേയമായി

മനാമ: രാജ്യത്തിെന്റ 71ാം സ്വാതന്ത്ര്യ ദിന വേളയില്‍ സ്വാതന്ത്ര്യത്തിെന്റ നാനാര്‍ഥങ്ങള്‍ ചികഞ്ഞ് ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'സ്വാതന്ത്ര്യം വര്‍ത്തമാനം, ഭാവി' എന്ന വിഷയത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ വ്യക്തി സ്വാതന്ത്ര്യം അപഹരിക്കാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റ് പ്രവണതകള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നു. സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്നം കണ്ട ക്ഷേമ രാഷ്ട്ര സങ്കല്‍പത്തെ അട്ടിമറിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പ് പൗരബോധമുള്ള എല്ലാവരുടെയും ബാധ്യതയാണെന്ന് വിഷയാവതരണം നടത്തിയ സിറാജ് പള്ളിക്കര പറഞ്ഞു. ജനാധിപത്യത്തിെന്റ സൗന്ദര്യം മനസിലാക്കിയ ജനതയെ പിടിച്ചുകെട്ടാന്‍ ഫാഷിസ്റ്റ് ശക്തികള്‍ക്ക് സാധിക്കില്ലെന്ന് സജി മാര്‍ക്കോസ് അഭിപ്രായപ്പെട്ടു. പ്രതീക്ഷ പൂര്‍ണമായും അറ്റുപോയ കാലത്തല്ല നാം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പലധാരകളുടെ സംഗമ ഭൂമികയായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര മുന്നേറ്റമെന്നും വൈവിധ്യം ഇന്ത്യന്‍ സ്വത്വത്തിെന്റ അടയാളമാണെന്നും എ.വി. ഷെറിന്‍ പറഞ്ഞു. അതുതകര്‍ക്കാനുള്ള ഫാഷിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാട്ടത്തിെന്റ െഎക്യനിര ഉയരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനദ്രോഹ നയങ്ങളെ എതിര്‍ക്കുന്നവരെ ദേശദ്രോഹികളാക്കി മുദ്രകുത്തുന്ന രീതി മതേതര ഇന്ത്യയില്‍ വിലപ്പോവില്ലെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം അഭിപ്രായപ്പെട്ടു. വികസനത്തിെന്റയും പുരോഗതിയുടെയും നേട്ടങ്ങള്‍ സമൂഹത്തിെന്റ താഴേക്കിടയിലുള്ളവരിലേക്ക് എത്തിക്കുന്നതില്‍ മാറി മാറി വന്ന ഭരണകൂടങ്ങള്‍ക്ക് സംഭവിച്ച പരാജയത്തെക്കുറിച്ച് കെ.ടി നൗഷാദ് സൂചിപ്പിച്ചു. സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവര്‍ അവമതിക്കപ്പെടുകയും സ്വാതന്ത്ര്യസമരത്തിന് ഒരു സംഭാവനയും നല്‍കാത്തവരെ ആദരിക്കുകയും ചെയ്യുന്ന വൈരുധ്യമാണ് നിലനില്‍ക്കുന്നതെന്ന് ഷംസുദ്ദീന്‍ വെള്ളികുളങ്ങര പറഞ്ഞു. സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ മറ്റൊരു സ്വാതന്ത്ര്യസമരം അനിവാര്യമാണെന്ന് കെ.ജനാര്‍ദനന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാവരും ഒരുമിച്ചുനില്‍ക്കണമെന്ന് ബിജു മലയില്‍ പറഞ്ഞു.. സെമിനാര്‍ ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ ആക്ടിങ് പ്രസിഡന്റ് ഇ.കെ.സലീം ഉദ്ഘാടനം ചെയ്തു.സിഞ്ചില്‍ നടന്ന പരിപാടിയില്‍ യൂനുസ് സലീം മോഡറേറ്റര്‍ ആയിരുന്നു. ഗഫൂര്‍ മൂക്കുതല നന്ദി പറഞ്ഞു.