'സമാധാനപ്പെരുന്നാൾ' ഉറപ്പ് വരുത്താനായി ആഭ്യന്തര വകുപ്പുകള്‍ക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ കത്ത്

സമാധാന പൂര്‍ണ്ണമായ ഈദ് ആഘോഷത്തിനായി സഹകരണം അഭ്യാര്‍ഥിച്ചു കൊണ്ട് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാര്‍ക്കും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തെഴുതി. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും ചേര്‍ന്ന് പെരുന്നാള്‍ ഏതെല്ലാം വിധത്തില്‍ സംഘടിപ്പിക്കണമെന്ന സംയുക്ത ഉപദേശക നിര്‍ദ്ദേശങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അധ്യക്ഷന്‍ അഭ്യന്തര മന്ത്രിക്ക് അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം.

ബലി പെരുന്നാൾ സമാഗതമാവുകയായി. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം പ്രധാന ആഘോഷമാണിത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് അതിലെ ആഘോഷം. ഈ വര്‍ഷം സെപ്തംബര്‍ 1,2,3 ദിവസങ്ങളിലാണ് ബലി പെരുന്നാൾ. ഈ സന്ദര്‍ഭ ചില പ്രധാന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്.

1) സമകാലിക സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ബലിമൃഗങ്ങളെ വഹിച്ചു പോവുന്ന ഗതാഗതത്തിന് തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. മൃഗങ്ങളെ മാര്‍ക്കറ്റിലേക്ക് കൊണ്ടു പോവുന്നത് അനുവദിച്ചു തരാന്‍ താങ്കളുടെ ഓഫീസിനോട് അഭ്യാര്‍ഥിക്കുകയാണ്. പോലീസും ഈ നീക്കത്തെ തടയരുതെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
2) 'ഗോ സംരക്ഷണ സമിതി'യെന്ന് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ക്രമിനലുകള്‍ പശു സംരക്ഷണത്തിന്റെ പേരില്‍ ഏതാനും മാസങ്ങളായി അനേകം പേരെ ആക്രമിക്കുകയും വധിക്കുകയും ചെയ്തിട്ടുണ്ട്. പോലീസ് അവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതുവരെ ആരെയും ശിക്ഷിച്ചിട്ടുമില്ല. അവര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹനത്താല്‍ കൂടുതല്‍ സജീവമായി രംഗത്തിറങ്ങി ആക്രമണോത്സുകരായി മൃഗങ്ങള്‍ കയറ്റുന്ന വാഹനം തടയാന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നു. ഇത്തരം കുറ്റവാളികളുടെ നിയമലംഘനം പരിശോധിക്കുയും, തെറ്റായ പ്രവണകള്‍ക്കെതിരെ ഫലപ്രദമായ നടപടികളെടുക്കുകയും ചെയ്യണം. നിയമം കയ്യിലെടുക്കാന്‍  ആരെയും അനുവദിക്കരുത്.
3. ചില സ്ഥലങ്ങളില്‍ പെരുന്നാള്‍ ദിനത്തില്‍ മസ്‌ലിംകള്‍ ബലി കര്‍മ്മം അനുഷ്ടിക്കുന്നതിന് തടസ്സമുണ്ടാക്കുമെന്നും ഭയപ്പെടേണ്ടതുണ്ട്. പോലീസിന്റെ മൗനാനുവാദം നിയമവിരുദ്ധമായ നീക്കങ്ങള്‍ക്ക് കാരണമാവാം. പെരുന്നാള്‍ ദിനത്തിലെ ബലി കര്‍മ്മം ആരാധനയുടെ ഭാഗമാണ്. വളരെ പ്രധാനപ്പെട്ട  ഈ മത ചടങ്ങിനായുള്ള സാഹചര്യം ഉറപ്പ് വരുത്തേണ്ടതുണ്ട്.
4. മുസ്‌ലിംകള്‍ രാജ്യത്തെ സമാധാനം നിലനിര്‍ത്തിപ്പോരുകയും നിയമാനുശാസനകൾ പാലിക്കുകയും ചെയ്യുന്നതാണ്. പക്ഷെ വിവിധ മേഖലകളില്‍ സമാധാനവും ഐക്യവും തകര്‍ക്കാന്‍ വഴിതെറ്റിയ നീക്കങ്ങള്‍ കാരണമാവുമെന്ന് ആശങ്കിക്കുന്നു. ക്രമസാമാധന പ്രവർത്തനങ്ങൾക്ക് തടസ്സങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അനുവദമില്ല. രാജ്യത്തിന്റെ ക്രമസമാധാനം ഉറപ്പു വരുത്താന്‍ ഞങ്ങളുടെ എല്ലാവിധ സഹകരണവും ഉണ്ടാവും.