ആശയപ്രചാരണത്തെ ആയുധംകൊണ്ട്​ നേരിടുന്നത്​ പ്രാകൃതം - പി. മുജീബ് ​റഹ്മാൻ

കറ്റാനം: ആശയപ്രചാരണങ്ങളെ ആയുധംകൊണ്ട് നേരിടുന്ന പ്രാകൃത സമീപനം അംഗീകരിക്കാനാകില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീര്‍ പി. മുജീബ് റഹ്മാന്‍ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഇലിപ്പക്കുളം യൂനിറ്റിന്റെ നേതൃത്വത്തിലെ 'മാനവീയം' സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയസ്വാതന്ത്ര്യത്തെ തടയാനുള്ള നീക്കം മതേതരസമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. രാജ്യത്ത് നിലനില്‍ക്കുന്ന സ്വാതന്ത്ര്യം കവര്‍ന്നെടുക്കാന്‍ ആരെയും അനുവദിക്കരുത്. മനുഷ്യരെ ഇല്ലായ്മ ചെയ്യാനാഗ്രഹിക്കുന്നവര്‍ മേല്‍ക്കോയ്മ നേടുകയാണ്. വംശീയത മാതൃകയാക്കിയ യൂറോപ്പിനെ പിന്തുടരാനാണ് ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പര്യം. ഇതിലൂടെ രാജ്യത്തി?െന്റ വൈവിധ്യത്തെയാണ് ഇവര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനസേവന പദ്ധതിയുടെ പ്രഖ്യാപനവും അസി. അമീര്‍ നിര്‍വഹിച്ചു. ഏരിയ പ്രസിഡന്റ് എസ്. മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഇലിപ്പക്കുളം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് നാസര്‍ മാരൂര്‍, ജില്ല പഞ്ചായത്ത് മുന്‍ അംഗം എ.എം. ഹാഷിര്‍, സാഹിത്യകാരന്‍ ടി. സഞ്ജയ് നാഥ്, ജമാഅത്ത് കമ്മിറ്റി മുന്‍ പ്രസിഡന്റ് കെ. നിസാമുദ്ദീന്‍, റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂള്‍ ചെയര്‍മാന്‍ നവാസ് വല്ലാറ്റില്‍, ജമാഅത്തെ ഇസ്‌ലാമി യൂനിറ്റ് പ്രസിഡന്റ് കെ.എം. അബ്ദുല്‍ ഖാദര്‍, സെക്രട്ടറി വാഹിദ് കറ്റാനം, വനിത വിഭാഗം പ്രസിഡന്റ് ഹീരാജാന്‍, സോളിഡാരിറ്റി പ്രസിഡന്റ് എ. താജുദ്ദീന്‍, എസ്‌.െഎ.ഒ പ്രസിഡന്റ് മുസമ്മില്‍ റഷീദ്, സഫ്വാന്‍ മനാഫ് എന്നിവര്‍ സംസാരിച്ചു. സി.പി. യൂസുഫ് റഷീദ് മൗലവി ഗ്രന്ഥശാലയിലേക്കുള്ള പുസ്തകങ്ങള്‍ കണ്‍വീനര്‍ എ. അബ്ദുല്‍ ജലീല്‍ ഏറ്റുവാങ്ങി. കുന്നത്തൂര്‍ ജോയന്റ് ആര്‍.ടി.ഒ അന്‍സാരി പാറക്കല്‍, നാസര്‍ വല്ലാറ്റിവിള, സഫ്വാന്‍ എന്നിവര്‍ പുസ്തകങ്ങള്‍ കൈമാറി. ദക്ഷിണ കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു.