ഭരണകൂടവും ഫാഷിസ്​റ്റ്​ ശക്തികളും ഒരുതരം പേരറിയാത്ത പേടി വളർത്തുകയാണ് - കെ.ഇ.എൻ

കണ്ണൂർ: ഇന്ത്യയിൽ ഭരണകൂടവും ഫാഷിസ്​റ്റ്​ ശക്തികളും ഒരുതരം പേരറിയാത്ത പേടി വളർത്തുകയാണെന്ന്​ കെ.ഇ.എൻ. കുഞ്ഞഹമ്മദ്​ പറഞ്ഞു. ഇൗ പേടിയെ വായനാ സംസ്​കാരവും സംവാദവും കൊണ്ട്​ അതിജീവിക്കാൻ നമുക്ക്​ കഴിയണം. കെ. പി. രാമനുണ്ണിയുടെ ‘ദൈവത്തി​െൻറ പുസ്​തകം’ മതം, രാഷ്​​ട്രീയം സംസ്​കാരം എന്ന വിഷയത്തിൽ ഡയലോഗ്​ സെൻറർ കണ്ണൂർ സംഘടിപ്പിച്ച ചർച്ച ഉദ്​ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്​തതകളെ വിരോധങ്ങളാക്കുകയാണ്​ ഫാഷിസ്​റ്റുകൾ ചെയ്യുന്നത്​. എന്നാൽ വിരോധങ്ങളെ ഇല്ലാതാക്കുന്നതാണ്​ ജനാധിപത്യ സൗന്ദര്യശാസ്​ത്രസമീപനം. സൗഹൃദത്തിൽപ്പോലും സെൻസർഷിപ്പുകളുള്ള കാലത്ത്​ മതസൗഹാർദ്ദത്തി​െൻറ അനുഭൂതിയാണ്​ ദൈവത്തി​െൻറ പുസ്​തകം വായനക്കാരന്​ നൽകുന്നത്​. പരിമിതികളെ തിരിച്ചറിയാൻ ശ്രമിക്കുന്ന നോവൽ സാധ്യതകളെ കാട്ടിത്തരുന്നതായും അദ്ദേഹംപറഞ്ഞു. യു. പി. സിദ്ദിഖ്​ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ ആത്മാവ്​ ബഹുസ്വരതയുടെതോണ്​. രാഷ്​ട്രപിതാവ്​ മഹാത്മാഗാന്ധി ജീവിച്ചത്​ ബഹുസ്വരതക്ക്​ വേണ്ടിയാണ്​. ആബഹുസ്വരത എന്തും വിലകൊടുത്തും നില​നിർത്തേ​ണ്ടത്​ നമ്മുടെ കടമയാണെന്ന്​ ചർച്ചയിൽ സംസാരിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. നാടി​െൻറ ബഹുസ്വരത നിലനിർത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ്​ ദൈവത്തി​െൻറ പുസ്​തകം എഴുതിയതെന്ന്​  നോവലിസ്​റ്റ്​ കെ. പി. രാമനുണ്ണി പറഞ്ഞു.  ഡോ. അജയപുരം ജ്യോതിഷ്​, ഡോ. ശഹീദ്​ റഹ്​മാൻ, പി. സി. രാമകൃഷ്​ണൻ, രമേഷ്​ ബാബു, ജമാൽ കടന്നപ്പള്ളി, ജയചന്ദ്രൻ, ഡോ. എൻ. സുബ്രഹ്​മണ്യൻ, റാനിയ എന്നിവർ സംസാരിച്ചു. വി. എൻ. ഹാരിസ്​ സ്വാഗതവും സി. കെ. മുനവ്വിർ നന്ദിയും പറഞ്ഞു. സ്​ത്രീകൾ ഉൾപ്പടെ നൂറ്​ കണക്കിനാളുകൾ ചർച്ചയിൽ പങ്കാളികളായി.