അപമാന ദിനത്തിന് കാല്‍നൂറ്റാണ്ട്

ഇന്ത്യക്ക് അപമാനകരമായിത്തീര്‍ന്ന ദിനത്തിന് കാല്‍നൂറ്റാണ്ട് തികയുന്നു. 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ തകര്‍ത്തത് ബാബരി മസ്ജിദ് മാത്രമായിരുന്നില്ല, ഇന്ത്യയുടെ ആത്മാവിനെ കൂടിയായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ മതനിരപേക്ഷത തലതാഴ്ത്തിനിന്ന ദിവസമായിരുന്നു അത്. ഗുജറാത്ത് വംശഹത്യയെ കൂടാതെ, മുമ്പ് രാജ്യം അഭിമുഖീകരിച്ച സമാനസംഭവം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധമായിരുന്നു. പക്ഷേ, ഗാന്ധിവധത്തിന് സര്‍ക്കാറിന്റെ ഗൂഢാലോചനകള്‍ക്കോ കെടുകാര്യസ്ഥതക്കോ പങ്കുണ്ടായിരുന്നില്ല.

ഡിസംബര്‍ ആറിനുശേഷം രാജ്യത്തിന്റെ മതനിരപേക്ഷത കൂടുതല്‍ ജാഗ്രത്താവുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍, സംഘ്പരിവാര്‍ കൂടുതല്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്ന കാഴ്ചയണ് കാണുന്നത്. ബാബരിധ്വംസനത്തെ തുടര്‍ന്ന് അരങ്ങേറിയ മുംബൈ കലാപവും ഗുജറാത്ത് വംശഹത്യയും ചെറുതും വലുതുമായ മറ്റു വര്‍ഗീയകലാപങ്ങളും സംഘ്പരിവാറിന് ബലം നല്‍കുകയാണ് ചെയ്തത്. മതേതരകക്ഷികള്‍പോലും സംഘ്പരിവാര്‍ നിലപാടുകളിലേക്ക് ചായുന്ന കാഴ്ചകള്‍ക്കും രാജ്യം സാക്ഷിയായി.

രാഷ്ട്രപിതാവിനെ വധിക്കുകയും ബാബരി മസ്ജിദ് തകര്‍ക്കുകയും ഗുജറാത്ത് വംശഹത്യ സംഘടിപ്പിക്കുകയും ചെയ്ത സംഘ്പരിവാര്‍ ഇന്ന് അധികാരം വാഴുകയാണ്. ഒരു കക്ഷിയില്‍ നിന്നും മറ്റൊരു കക്ഷിയിലേക്കുള്ള ഭരണക്കൈമാറ്റം മാത്രമായി സംഘ്പരിവാര്‍ അധികാരവാഴ്ചയെ കാണാനാവില്ല. സമഗ്രമാണ് അതിന്റെ പ്രയോഗം. രാഷ്ട്രീയമായി സംഘ്പരിവാരിനോട് വിയോജിക്കുന്നവര്‍ സാംസ്‌കാരികമായി വിധേയപ്പെട്ടു നില്‍ക്കുംവിധം രാജ്യത്തിന്റെ സാമാന്യബോധത്തില്‍ സംഘ്പരിവാറിന് മേല്‍ക്കോയ്മ ലഭിച്ചിരിക്കുന്നു. 2014 ന് ശേഷമുള്ള മതനിരപേക്ഷപ്രസ്ഥാനങ്ങളുടെ നിലപാടുകളിലെ ഇടര്‍ച്ചകള്‍ അതാണ് സൂചിപ്പിക്കുന്നത്. കേരളത്തില്‍പോലും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരവധി സംവാദങ്ങള്‍/വിവാദങ്ങള്‍ -നിലവിളക്ക് മുതല്‍ ഹാദിയയുടെ വീട്ടു തടങ്കല്‍വരെ- കേവല മതപ്രശ്നങ്ങളായല്ല, സംഘ്‌വാഴ്ചക്കാലത്തെ മതനിരപേക്ഷതയുടെ പ്രതിസന്ധികളായിിക്കൂടിയായാണ് കാേേണണ്ടത്.

രാജ്യം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നങ്ങളെ വിസ്മരിച്ച് വര്‍ഗീയധ്രുവീകരണം അധികാരത്തിലേക്കുള്ള വഴിയായി സംഘ്പരിവാര്‍ സ്വീകരിച്ചതിന്റെ ചരിത്രസാക്ഷ്യം കൂടിയാണ് ബാബരിയുടെ തകര്‍ച്ച. അധികാരം നിലനിര്‍ത്താനും പരിവാര്‍ അതേ വഴിതന്നെയാണ് ഉപയോഗപ്പെടുത്തുക. രാജ്യത്തിന്റെ മതേതരത്വത്തെയും വൈവിധ്യങ്ങളെയും സംരക്ഷിക്കാന്‍ പോരാട്ടത്തിനിറങ്ങുക എന്നാണ് ഈ ഡിസംബര്‍ ആറ് ആഹ്വാനം ചെയ്യുന്നത്. കാപട്യമില്ലാത്ത നിലപാടും സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ സംഘംചേരാനുള്ള ഉള്‍ക്കരുത്തും സ്വായത്തമാക്കിയ ആത്മവിശ്വാസമുള്ള ജനതയിലാണ് രാജ്യത്തിന്റെ ഭാവി.