ഇസ്‌ലാം പ്രതിനിധീകരിക്കുന്നത് കാരുണ്യദര്‍ശനം

പാലക്കാട്: ഇസ്‌ലാം പ്രതിനിധീകരിക്കുന്നത് മാനവികതക്ക് ആവശ്യമായ കാരുണ്യദര്‍ശനമാണെന്ന് ജമാഅത്തെ ഇസ്ലാമി അസി.അമീര്‍ പി മുജീബുറഹ്മാന്‍. ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി പാലക്കാട് ഓര്‍ഫനേജില്‍ സംഘടിപ്പിച്ച വിവിധ വിഷയങ്ങളിലുള്ള നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവികദര്‍ശനമായ ഇസ്‌ലാം പഠിപ്പിക്കുന്ന യഥാര്‍ഥ മനുഷ്യത്വവും ആര്‍ദ്രതയും കാരുണ്യവുമാണ് ഇന്നത്തെ സാമൂഹിക പ്രതിസന്ധിക്ക് പരിഹാരം. സമാധാനത്തിന്റെ സന്ദേശമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അക്രമവും അധര്‍മ്മവും ഒരു ഘട്ടത്തിലും വിശ്വാസിക്ക് അനുവദനീയമല്ല. വ്യാജമായി നിര്‍മ്മിക്കപ്പെട്ട ഇസ്‌ലാംഭീതിയെ കറകളഞ്ഞ ജീവിതമാതൃകയിലൂടെ മറികടക്കാനാവുമെന്നും സമൂഹത്തിന്റെ അസ്വസ്ഥതകളെ സ്വന്തം അസ്വസ്ഥതകളായി മാറ്റുമ്പോഴാണ് പരിവര്‍ത്തനം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പ്രസ്ഥാനവും പബ്ലിക് റിലേഷനും എന്ന വിഷയത്തില്‍ സംസ്ഥാന പി.ആര്‍ സെക്രട്ടറി ടി ശാക്കിറും ഫലപ്രദമായ പി.ആര്‍. പ്രവര്‍ത്തനം എന്ന വിഷയത്തില്‍ നസ്‌റുദ്ദീന്‍ അലുങ്ങലും ക്ലാസെടുത്തു. ജില്ല വൈസ് പ്രസിഡന്റ് ബഷീര്‍ ഹസ്സന്‍ നദ്‌വി അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് എം.സുലൈമാന്‍ നേതൃത്വം നല്‍ക്കി. ജില്ല പ്രസിഡന്റ് അബദുല്‍ ഹക്കിം നദ്‌വി സമാപനം നടത്തി. നൗഷാദ് മൊഹിയുദ്ധീന്‍, ദില്‍ഷാദ് എന്നിവര്‍ സംസാരിച്ചു.