രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസം -മൗലാനാ ജലാലുദ്ദീന്‍ അന്‍സ്വാര്‍ ഉമരി

പാലക്കാട്: രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസവും സ്രാമാജ്യത്വവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സ്വാര്‍ ഉമരി. സമകാലിക സാഹചര്യവും ഇസ്ലാമിക പ്രസ്ഥാനവും എന്ന വിഷയത്തില്‍  ജമാഅത്തെ  ഇസ്ലാമി കേരള സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിക്കാനുള്ള അവകാശമാണ് എറ്റവും വലിയ മനുഷ്യാവകാശം. ഏതു രാജ്യത്ത് ജീവിക്കുന്ന മനുഷ്യനും സ്വതന്ത്രമായി  ജീവിക്കാനുള്ള അവകാശമുണ്ട്. ഈ അവകാശത്തെയാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകുടം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. ദലിതുകള്‍ക്കും ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമെതിരെ ഭീതിപ്പെടുത്തുന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ പ്രസ്തുത സമീപനത്തെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ശക്തമായി അപലപിക്കുന്നു. ഫലസ്തീനികള്‍ക്ക് മാതൃരാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന നയമാണ് ഇസ്റായേലും അമേരിക്കയും സ്വീകരിക്കുന്നത്. ജറൂസലമില്ലാത്ത ഫലസ്തീനെ സ്വപ്നം കാണുക സാധ്യമല്ല. തീര്‍ച്ചയായും ഫലസ്തീന്‍ സ്വാതന്ത്ര്യം നേടും. സ്ത്രീക്കും പുരുഷനും ഒരുപോലെ ജീവിക്കാനുള്ള അവകാശം നല്‍കുന്ന മതമാണ് ഇസ്‌ലാം. സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തില് പുരോഗമനപരമായ സമീപനം സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി. ജനനത്തിന്റെ പേരിലുള്ള മഹത്വത്തെയും സമ്പത്തിന്റെ പേരിലുള്ള മഹത്വത്തെയും ഇസ്ലാം അംഗീകരിക്കുന്നില്ല. സ്ത്രീകളുടെ അവകാശത്തെയും മനുഷ്യരുടെ സമത്വത്തെയും ഉയര്‍ത്തിപിടിക്കുന്ന  പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി, അദ്ദേഹം പറഞ്ഞു. ദേശിയ ജനറല്‍ സെക്രട്ടറി  എഞ്ചിനീയര്‍ മുഹമ്മദ് സലീം, അസി. അമീറുമാരായ ടി ആരിഫലി, മൗലാനാ നുസ്റത് അലി, സംസ്ഥാന അസി. അമീര്‍ പി മുജീബുറഹ്മാന്‍, സംസ്ഥാന ശൂറാംഗം കെ.എ യൂസഫ് ഉമരി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി വി.എം സാഫിര്‍, ബഷീര്‍ വല്ലപ്പുഴ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഹകീം നദ് വി സ്വാഗതവും നൗഷാദ് മുഹിയുദ്ധീന്‍ നന്ദിയും പറഞ്ഞു.