സാമൂഹികസാഹോദര്യം ഭാവിരാഷ്ട്രീയത്തെ നിര്‍ണയിക്കും -ടി ആരിഫലി

കൊല്ലം: സംഘ്പരിവാര്‍ വംശീയതയാല്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹികസാഹോദര്യം ഭാവിരാഷ്ട്രീയത്തെ നിര്‍ണയിക്കുമെന്നു ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ടി ആരിഫലി. കൊല്ലം പീരങ്കിമൈതാനിയില്‍ എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സത്യത്തെ നിഷ്പ്രഭമാക്കി തഴച്ചുവളരുന്ന സാമ്രാജ്യത്വശക്തികള്‍ക്കും ഫാഷിസ്റ്റുകള്‍ക്കുമുള്ള മികച്ച മറുമരുന്ന് സാമൂഹികസാഹോദര്യമാണ്. അമേരിക്കയില്‍ ട്രംപ് അധികാരമേറ്റശേഷം നടക്കുന്ന നടപടികള്‍ സത്യത്തോട് പ്രതിബദ്ധതയില്ലാത്തതാണ്. ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചത് ചരിത്രത്തെയും അന്തരാഷ്ട്രനിയമങ്ങളെയും കാറ്റില്‍പറത്തികൊണ്ടാണ്. തങ്ങളുടെ സാമന്തരാഷ്ട്രങ്ങളുടെപോലും എതിര്‍പ്പിനിടയിലാണ് സയണിസ്റ്റ് അധിനിവേശ മോഹങ്ങള്‍ക്ക് അമേരിക്ക പച്ചക്കൊടി കാണിച്ചത്. അധികാരം നിലനിര്‍ത്താന്‍ വേണ്ടി വസ്തുതകളെ വളച്ചൊടിച്ച് വ്യാജം പ്രചരിപ്പിക്കുകയാണ് മോദി സര്‍ക്കാറെന്ന് പ്രതിപക്ഷം ഒന്നടങ്കം ആക്ഷേപമുന്നയിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെ മോദി രാജ്യദ്രോഹം ആരോപിച്ചത് അല്‍ഭുതത്തോടെയാണ് രാജ്യം ശ്രവിച്ചത്. ഇത്തരത്തില്‍ സത്യത്തിന് ഒട്ടും വിലനല്‍കാത്ത അധികാരശക്തികളാണ് ലോകം നിയന്ത്രിക്കുന്നത്. ഈ പ്രവണതയെ പരാജയപ്പെടുത്താന്‍ സത്യത്തോട് പ്രതിബദ്ധതയുള്ള ജനവിഭാഗങ്ങളുടെ സാഹോദര്യത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. അടിച്ചമര്‍ത്തലിന് വിധേയമാവുന്ന ന്യൂനപക്ഷങ്ങളും ദലിതുകളും മറ്റും സാമൂഹികസാഹോദര്യത്തെ വികസിപ്പിച്ചാല്‍ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെടുമെന്നതിന്റെ ഉദാഹരണമാണ് ജിഗ്നേഷ് മേവാനിയുടെ വിജയം, അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വംശീയവും വര്‍ഗീയവുമായ ചേരിതിരിവുകള്‍ക്കെതിരെ കേരളത്തിലെ വിദ്യാര്‍ഥിസമൂഹം രംഗത്ത് വരണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍അസീസ് ആഹ്വാനം ചെയ്തു. മുതലാളിത്തത്തിന്റെ സാംസ്‌കാരികവൈകൃതങ്ങളും വെറുപ്പിന്റെ രാഷ്ട്രീയവും അസഹിഷ്ണുതയും കാമ്പസില്‍ കരുത്താര്‍ജിക്കുമ്പോള്‍ വിപ്ലവ പ്രസ്ഥാനങ്ങള്‍പോലും അവയുടെ പിടിയിലമരുകയാണ്. കൊടിയേരി ബാലകൃഷ്ണന്‍ സ്വന്തം വിദ്യാര്‍ഥിപ്രസ്ഥാനത്തെ ജനാധിപത്യം പഠിപ്പിക്കാന്‍ ഇറങ്ങിയത് സന്തോഷകരമാണ്. കാമ്പസ് ഫാഷിസത്തിലൂടെ അപരശബ്ദങ്ങളെ ഉന്മൂലനം ചെയ്യാനാവുമെന്ന് വിശ്വസിക്കുന്നത് വ്യാമോഹം മാത്രമാണ്. ധാര്‍മികമൂല്യങ്ങളിലൂന്നിയ മുന്നേറ്റത്തിനു മാത്രമേ വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ദിശ കാണിക്കാന്‍ സാധിക്കൂ. എസ്.ഐ.ഒ അഖിലേന്ത്യ പ്രസിഡന്റ് നഹാസ് മാള സമ്മേളന പ്രമേയം വിശദീകരിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ അല്‍ ഖാസിമി, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സെക്രട്ടറി കെ അംബുജാക്ഷന്‍, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം പ്രസിഡന്റ് എ റഹ്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ്, ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഫസ്ന മിയാന്‍ എന്നിവര്‍ സമ്മേളനത്തിന് ആശംസകളര്‍പ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി  അധ്യക്ഷ വഹിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തില്‍ പതിനായിരകണക്കിന് വിദ്യാര്‍ഥി യുവജനങ്ങള്‍ പങ്കെടുത്തു. കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ നജീബ് അഹമദ്, രോഹിത് വെമുല, റിയാസ് മൗലവി, കൊടിഞ്ഞി ഫൈസല്‍ തുടങ്ങിയവരോടുള്ള ഭരണകൂടത്തിന്റെ നീതിനിഷേധത്തിനെതിരെയും അവകാശപോരാട്ടങ്ങളോട് ഐക്യദാര്‍ഢ്യമുയര്‍ത്തിയും മുദ്രാവാക്യങ്ങളുയര്‍ന്നു. സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി അസി അമീര്‍ പി മുജീബുറഹ്മാന്‍ സമാപനപ്രഭാഷണം നിര്‍വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വാഗതവും സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനര്‍ ആദില്‍ എ നന്ദിയും പറഞ്ഞു.