"സഹവര്‍ത്തിത്വത്തിന്റെ ചരിത്ര നിക്ഷേപങ്ങള്‍ പ്രതിരോധത്തിന്റെ ആയുധമാക്കുക"

കോഴിക്കോട്: സാമുദായികധ്രുവീകരണവും സംഘര്‍ഷങ്ങളും അധികാരത്തിന്റെ മൂലധനമായിമാറുന്ന കാലത്ത് രാജ്യത്തിന്റെ സഹവര്‍ത്തിത്ത്വത്തിലും സാഹോദര്യത്തിലുമധിഷ്ഠിതമായ പാരമ്പര്യത്തെ കണ്ടെടുത്ത് പ്രതിരോധം തീര്‍ക്കണമെന്ന് കോഴിക്കോട് ജെ.ഡി.റ്റി കാമ്പസില്‍ സംഘടിപ്പിച്ച സാമൂഹ്യ സഹവര്‍ത്തിത്ത്വം കേരള ചരിത്ര പാഠങ്ങള്‍ ഹിസ്റ്ററി കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു. വിവിധ സമുദായങ്ങളുടെയും വംശങ്ങളുടെയും സൗഹാര്‍ദമാണ് സമൂഹരൂപവല്‍ക്കരണത്തിന്റെ അടിസ്ഥാനമായി രാജ്യത്ത് പ്രവര്‍ത്തിച്ചതെന്നും കോണ്‍ഫറന്‍സ് ചൂണ്ടിക്കാട്ടി. കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ഹിസ്റ്ററി കോണ്‍ഫറന്‍സിന്റെ സംഘാടകര്‍. രാജ്യത്തിന്റെ ചരിത്രത്തെ തിരുത്തിയെഴുതുന്ന സംഘ്പരിവാര്‍ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനിക്കുകയാണെന്ന് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത പി. കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയതുപോലും വൈവിധ്യങ്ങള്  കൂടിച്ചേര്‍ന്ന് രൂപപ്പെടുത്തിയ പോരാട്ടത്തിലൂടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഭൂപ്രകൃതിയും പടിഞ്ഞാറുവശത്തെ സമുദ്ര സാന്നിധ്യം വിദേശികളെപ്പോലും മാടിവിളിക്കുകയും വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ക്ക് കാരണമായെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. പുരാതനകാലത്ത് ആഗോളകമ്പോളത്തില്‍ കേരളത്തിനുണ്ടായിരുന്ന സ്വാധീനം സാമൂഹ്യ സഹവര്‍ത്തിത്വത്തിന് നിമിത്തമായെന്നും അദ്ദേഹം പറഞ്ഞു.

കലാപങ്ങളിലൂടെ നൂറുകണക്കിന് ന്യൂനപക്ഷവിഭാഗത്തില്‍പെട്ടവരെ അരുംകൊല ചെയ്ത സംഘ്പരിവാര്‍ മുത്തലാഖിലൂടെ മുസ്ലിംസ്ത്രീകളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്നത് കാപട്യമാണെന്ന് എം ഐ ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. ആഴത്തിലുള്ള സൗഹാര്‍ദ്ദമാണ് കേരളത്തെ രൂപപ്പെടുത്തിയതെന്നും വിവിധ സമുദായങ്ങളുടെ സാഹോദര്യത്തിന് മികച്ച മാതൃകയാണ് കേരളത്തിന്റെ പുരാതന ചരിത്രമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.  സമകാലികസംഭവവികാസങ്ങള്‍ ഈ സാഹോദര്യത്തെ തകര്‍ക്കുന്നതാണെന്നും അതിനെതിരെയുള്ള മികച്ച ജാഗ്രതയാണ് ഇതുപോലെയുള്ള ഹിസ്റ്ററി കോണ്‍ഫറന്‍സ് എന്നും ഇ.ടി. പറഞ്ഞു. മതനിരപേക്ഷതയിലും ബഹുസ്വരതയിലും വൈവിധ്യങ്ങളിലും ഊട്ടിയുറപ്പിക്കപ്പെട്ട രാജ്യം ഫാഷിസ്റ്റ് ഭീഷണി നേരിടുമ്പോള്‍ സംഘടിതമായി ചെറുത്തു തോല്‍പിക്കാന്‍ ശ്രമിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കുന്നതും വികൃതമാക്കുന്നതും എക്കാലത്തും രാഷ്ട്രീയത്തിന്റെ അതിപ്രസരമാണെന്ന് മുന്‍ എം പി ടി കെ ഹംസ പറഞ്ഞു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് എന്നും ചരിത്ര രചന നടന്നിട്ടുള്ളത്. കേരളവും അതില്‍ നിന്ന് ഭിന്നമല്ലെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ അസന്നിഹിതമാക്കപ്പെട്ട ദലിത് സമൂഹങ്ങളെ വീണ്ടും അപ്രത്യക്ഷമാക്കാനുള്ള ശ്രമമാണ് സാമ്പത്തികസംവരണം നടപ്പിലാക്കണമെന്ന ആവശ്യത്തിന് പിന്നിലുള്ളതെന്ന് പ്രമുഖ ആക്ടിവിസ്റ്റും ചരിത്രകാരനുമായ കെ. കെ കൊച്ച് പറഞ്ഞു.

ചരിത്രത്തിലെ സാമുദായിക സഹവര്‍ത്തിത്വം പോലും നിരപേക്ഷമല്ലെന്നും അതാത് കാലങ്ങളിലെ അധികാര കേന്ദ്രങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിര്‍മിക്കപ്പെട്ടതാണെന്ന അന്വേഷണം കൂടി പ്രസക്തമാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം തലവന്‍ ഡോ കെ എസ് മാധവന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യസമൂഹത്തിന്റെ നിലനില്‍പിന് അനിവാര്യമായ വൈജ്ഞാനിക ശ്രമമാണ് ചരിത്ര കോണ്‍ഫറന്‍സ് എന്നും അദ്ദേഹം പറഞ്ഞു. വൈജ്ഞാനിക അന്വേഷണങ്ങള്‍ സംഘ്പരിവാര്‍ കാലത്ത് ഒരു സാമൂഹ്യപ്രവര്‍ത്തനവും രാഷ്ട്രീയായുധവുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഉപാധ്യക്ഷന്‍ പി മുജീബ്റഹ്മാന്‍ പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷത വഹിച്ചു. കോഡിനേറ്റര്‍ ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതവും ഫൈസല്‍ പൈങ്ങോട്ടായി നന്ദിയും പറഞ്ഞു.