പ്രബോധനം ഡേ

നവോത്ഥാനത്തില്‍ വായനയുടെയും എഴുത്തിന്റെയും സ്ഥാനം വലുതാണ്.  അറിവാണ് മാറ്റങ്ങളുടെ പിന്നിലെ ചാലക ശക്തി. കേരളം മുസ്‌ലിം നവോത്ഥാനവും രൂപപ്പെടുന്നത് ആ ഒരു പാശ്ചാത്തലത്തില്‍ തന്നെയാണ്. പ്രബോധനം മാസികയായും ദൈ്വവാരികയായും വാരികയായും കഴിഞ്ഞ ഏഴു പതിറ്റാണ്ടു കേരള സമൂഹത്തില്‍ നിര്‍വഹിച്ചു വരുന്നത് ശരിയായ അറിവിനെ ജനത്തിലേക്കു എത്തിക്കുക എന്നത് തന്നെയാണ്. ഇസ്‌ലമിന്റെ സമകാലിക വായന എന്നത് കേവലം ഒരു അലങ്കാരമല്ല പകരം അതൊരു അനുഭവ സത്യമാണ്. ഇസ്‌ലാമിന്റെ വിശാലത പലപ്പോഴും മനസ്സിലാവാതെ പോകുന്നു എന്നതാണ് ആധുനിക ദുരന്തങ്ങളില്‍ ഒന്ന്.അവിടെയാണ് ആ വിശാലതയെ ജനത്തിനു അനുഭവമാക്കുക എന്നതിലേക്ക് പ്രബോധനം വളര്‍ന്നത്.

 

ജനം പ്രബോധനത്തെ എങ്ങിനെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവായി കഴിഞ്ഞ ദിവസം നടന്ന 'പ്രബോധനം ഡേ'. സമൂഹത്തിലെ കൂടുതല്‍ പേര്‍ക്ക് പ്രബോധനം എത്തിക്കുക എന്നതിന്റെ ഭാഗമായി സംസ്ഥാനത്തു മുഴുവന്‍ ഒരേ ദിവസം പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. നേതാക്കള്‍ മുതല്‍ അണികള്‍ വരെ വര്‍ധിച്ച ആവേശത്തോടെ  ഒരു ദിവസത്തെ കാമ്പയിന്‍ ഭാഗമായി. വായനക്കാര്‍ ആവേശത്തോടെയാണ് പ്രസ്തുത കാമ്പയിനെ സ്വീകരിച്ചത്. വായന മരിക്കുന്നു എന്നത് മൊത്തം സമൂഹത്തിന്റെ വേവലാതിയാണ്. അവിടെയും വായിക്കാന്‍ ആളുകള്‍ താല്പര്യം കാണിക്കുന്നു എന്നത് ശുഭ സൂചകമാണ്. 

 

സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള ആളുകളിലേക്ക് പ്രബോധനത്തിന്റെ ശബ്ദം എത്തിക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ സാമൂഹിക മത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി   ഇസ്‌ലാമിന്റെ വെളിച്ചം കാണിച്ചു കൊടുക്കാന്‍ കഴിയുന്നു എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അറിവിലൂടെ മനസ്സുകളിലേക്ക് വെളിച്ചം കടന്നു വരുന്നുഅതിലൂടെ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ കഴിയുന്നു.