ചരിത്രം

ജമാഅത്തെ ഇസ്ലാമി കേരളത്തില്‍

1941ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ സ്ഥാപിതമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത് 1944ലാണ്. മര്‍ഹൂം ഹാജി വി.പി. മുഹമ്മദലി സാഹിബ് ജമാഅത്തിന്റെ പ്രഥമ കേന്ദ്രമായ പഠാന്‍കോട്ടിലെ ദാറുല്‍ഇസ്ലാമില്‍നിന്ന് തിരിച്ചെത്തിയ ശേഷം കോഴിക്കോട്ട്, സജീവ ഇസ്ലാഹി പ്രവര്‍ത്തകനായ കുഞ്ഞോയി വൈദ്യരുടെ സഹകരണത്തോടെ സ്‌റഡി ക്‌ളാസുകള്‍ നടത്തിവന്നു.

കോഴിക്കോട്ട് പട്ടാളപ്പള്ളിയിലെ ഖത്തീബ് കൂടിയായിരുന്നു ഹാജിസാഹിബ്. അതോടൊപ്പം സ്വദേശമായ വളാഞ്ചേരിയിലും പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലതയോടെ ആരംഭിക്കാന്‍ അദ്ദേഹം സമയം കണ്െടത്തി. ആദ്യമേ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ഘടകം സ്ഥാപിക്കുന്നതിനു പകരം, വളാഞ്ചേരിയില്‍ ജമാഅത്തുല്‍ മുസ്തര്‍ശിദീന്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിക്കുകയും അതിന്റെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടു പോവുകയുമായിരുന്നു അദ്ദേഹം. ആദര്‍ശത്തില്‍ അചഞ്ചലതയും കര്‍മരംഗത്ത് ആത്മാര്‍ഥതയും വ്യക്തിജീവിതത്തില്‍ വിശുദ്ധിയും ഉള്ളവര്‍ക്കു മാത്രമേ സംഘടനയില്‍ അംഗത്വം നല്‍കാവൂ എന്നത് ജമാഅത്തിന്റെ തീരുമാനവും ഹാജിസാഹിബിന്റെ ശാഠ്യവുമായിരുന്നു. അതിനാല്‍, എണ്ണത്തില്‍ എത്ര കുറഞ്ഞാലും യോഗ്യരായ അംഗങ്ങളെ ലഭിക്കുമ്പോള്‍ മാത്രം ജമാഅത്തിന്റെ ഘടകം ഔദ്യോഗികമായി രൂപീകരിച്ചാല്‍ മതിയെന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെ 1948 ജനുവരി 30ന് കോഴിക്കോട്ടും പിന്നീട് വളാഞ്ചേരിയിലും ജമാഅത്തെ ഇസ്ലാമിയുടെ ഓരോ ഘടകങ്ങള്‍ നിലവില്‍വന്നു. 1945ല്‍ മൌലാനാ മൌദൂദിയുടെ 'ഇസ്ലാം മതം', 'രക്ഷാസരണി' എന്നീ കൃതികളും 1947ല്‍ 'ഇന്ത്യന്‍ യൂനിയനും ഇസ്ലാമികപ്രസ്ഥാനവും' ഇസ്ലാമിക് പബ്‌ളിഷിംഗ് ഹൌസ് പ്രസിദ്ധീകരിച്ചതിനാല്‍ ജമാഅത്തെ ഇസ്ലാമി വിഭാവനംചെയ്യുന്ന ഇസ്ലാമിക ജീവിതക്രമത്തിന്റെ ഒരേകദേശ ചിത്രം പരിമിതമായ ഒരു വൃത്തത്തിനെങ്കിലും ലഭിച്ചുകഴിഞ്ഞിരുന്നു. 1947ല്‍ വളാഞ്ചേരിയില്‍ ചേര്‍ന്ന ജമാഅത്തുല്‍ മുസ്തര്‍ശിദീന്റെ പ്രഥമ വാര്‍ഷിക സമ്മേളനത്തില്‍ പ്രമുഖ ഇസ്ലാഹി പണ്ഡിതന്‍മാരായിരുന്ന ശൈഖ് മുഹമ്മദ് മൌലവി, എ.കെ. അബ്ദുല്ലത്ത്വീഫ് മൌലവി, പറപ്പൂര് അബ്ദുര്‍റഹ്മാന്‍ മൌലവി, കൂട്ടായി അബ്ദുല്ല ഹാജി, എ. അലവി മൌലവി, കെ. ഉമര്‍ മൌലവി തുടങ്ങിയവരും പ്രത്യേക ക്ഷണപ്രകാരം പങ്കെടുത്തിരുന്നുവെന്നു കാണുന്നത് കൌതുകകരമാണ്. ആ സമ്മേളനത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദര്‍ശലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഹാജി സാഹിബ് ചെയ്ത പ്രസംഗത്തോട് പ്രസ്തുത നേതാക്കള്‍ വിയോജിപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ഈയാദര്‍ശം ഉള്‍ക്കൊണ്ടവരെല്ലാം ഒരിടത്ത് ഒരു കോളനിയായി ജീവിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണമെന്ന നിര്‍ദേശം ഉമര്‍ മൌലവി മുന്നോട്ടുവെക്കുകയുമുണ്ടായി. ഉല്പതിഷ്ണു പണ്ഡിതന്‍മാരെ പിന്നീട് പ്രസ്ഥാനത്തില്‍നിന്നകറ്റിയതും ചിലരെ ശത്രുക്കള്‍ തന്നെയാക്കി മാറ്റിയതും മുഖ്യമായും രാഷ്ട്രീയപരവും സംഘടനാപരവുമായ കാരണങ്ങളാണന്ന് കരുതപ്പെടുന്നു. അവരിലധികപേരും ഉറച്ച മുസ്ലിംലീഗുകാരായിരുന്നു. 1947 മാര്‍ച്ചില്‍ ചേര്‍ന്ന കേരള ജംഇയ്യത്തുല്‍ ഉലമാ സമ്മേളനം അംഗീകരിച്ച പ്രമേയം മുഹമ്മദലി ജിന്നയുടെ നായകത്വത്തില്‍ പൂര്‍ണ വിശ്വാസം രേഖപ്പെടുത്തുന്നതും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ഥിക്കുന്നതും ആയിരുന്നു. (ശബാബ് സെമിനാര്‍ പതിപ്പ് 1997)

1948 ജനുവരിയില്‍ വളാഞ്ചേരിയിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ സംസ്ഥാന സമ്മേളനം ചേര്‍ന്നത്. എന്നാല്‍, അതേവര്‍ഷം ആഗസ്‌റ് 21ന് കോഴിക്കോട്ടു ചേര്‍ന്ന വിശേഷാല്‍ സമ്മേളനമാണ് ജമാഅത്തിന്റെ ചരിത്രത്തില്‍ ഏറ്റവും സുപ്രധാനമായ മൂന്നു തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ജില്ലയിലെ വാണിമേലില്‍ ചേരാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതികൂല സാഹചര്യങ്ങളാല്‍ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. ഈ സമ്മേളനത്തില്‍വച്ച് വളാഞ്ചേരിയിലെ ജമാഅത്ത് ഓഫീസ് മലബാര്‍ ഹല്‍ഖയുടെ പ്രഥമ കേന്ദ്രമാക്കാനും ഖയ്യിം വി.പി. മുഹമ്മദലി സാഹിബിനെ സഹായിക്കാന്‍ കെ.സി. അബ്ദുല്ല മൌലവിയെക്കൂടി കേന്ദ്ര ഓഫീസില്‍ നിശ്ചയിക്കാനും തീരുമാനമായി (അന്ന് മലബാര്‍ ഹല്‍ഖക്ക് അമീര്‍ ഉണ്ടായിരുന്നില്ല. ഖയ്യിം (സെക്രട്ടറി) ആണുണ്ടായിരുന്നത്). ജമാഅത്തെ ഇസ്ലാമിയുടെ മലയാള മുഖപത്രമായ 'പ്രബോധനം' പാക്ഷികം ആരംഭിക്കാന്‍ തീരുമാനിച്ചത് ഈ സമ്മേളനമാണ്. തദ്വിഷയകമായി എടപ്പാളിലെ താജുദ്ദീന്‍ സാഹിബ് അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയായിരുന്നു. യോഗത്തില്‍വച്ച് ഖയ്യിമിനുപുറമെ പന്ത്രണ്ട് അംഗങ്ങളടങ്ങിയ മജ്‌ലിസ് ശൂറയും തെരഞ്ഞെടുക്കപ്പെട്ടു. ഹാജി വി.പി. കുഞ്ഞിപ്പോക്കര്‍, ടി.കെ.വി. മൊയ്തീന്‍കുട്ടി, സി.എം. മൊയ്തീന്‍കുട്ടി, പി.മരക്കാര്‍, യു. മുഹമ്മദ്, ടി.ടി. കമ്മു (എല്ലാവരും വളാഞ്ചേരിക്കാര്‍), മുഹമ്മദ് ത്വായി മൌലവി, കെ. അബ്ദുല്ല ശര്‍ഖി(കാസര്‍കോട്), മുഹമ്മദ് ഹനീഫ് മൌലവി, ബഷീര്‍ അഹ്മദ്(കോഴിക്കോട്), ടി. മുഹമ്മദ് (കൊടിഞ്ഞി), കെ.സി അബ്ദുല്ല മൌലവി(കൊടിയത്തൂര്‍) എന്നിവരായിരുന്നു ശൂറാ അംഗങ്ങള്‍. കൃത്യം ഒരു വര്‍ഷത്തിനുശേഷം 1949 ആഗസ്‌റ് മുതല്‍ പ്രബോധനം പ്രതിപക്ഷം പ്രസിദ്ധീകരണമാരംഭിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ആദര്‍ശവും ലക്ഷ്യവും പരിചയപ്പെടുത്തുകയും ലോകസംഭവങ്ങളെ പ്രാസ്ഥാനിക കാഴ്ചപ്പാടിലൂടെ വിലയിരുത്തുകയുമാണ് 'പ്രബോധനം' പ്രധാനമായും ചെയ്തുവന്നത്. പില്‍ക്കാലത്ത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജമാഅത്ത് കൃതികളിലധികവും 'പ്രബോധന'ത്തിലൂടെ വെളിച്ചംകണ്ടവയാണ്. മുസ്ലിം പ്രസിദ്ധീകരണങ്ങള്‍ അറബിമലയാളത്തിലൂടെ മാത്രം
പുറത്തിറങ്ങിയിരുന്ന ഒരു കാലഘട്ടത്തില്‍ സാമാന്യം വെടിപ്പുള്ള മലയാളത്തില്‍ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളിറക്കാന്‍ ധൈര്യംകാട്ടിയ ജമാഅത്തെ ഇസ്ലാമി വാസ്തവത്തില്‍ മറ്റുള്ളവര്‍ക്കുകൂടി വഴികാട്ടുകയാണ് ചെയ്തത്. ആദ്യം തിരൂരിലെ ജമാലിയാ പ്രസ്സിലായിരുന്നു പ്രബോധനത്തിന്റെ അച്ചടി. പിന്നീട്, 1953ല്‍ എടയൂരില്‍ സ്വന്തം പ്രസ്സ് ഏര്‍പ്പെടുത്തി. പ്രസിദ്ധീകരണമാരംഭിച്ച് നാലു മാസങ്ങള്‍ക്കകം 'പ്രബോധന'ത്തിന്റെ പ്രചാരം 1700 കോപ്പിയായി ഉയര്‍ന്നതായി 1949ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ കാണാം. പ്രതിമാസം 50 ക. നഷ്ടം സഹിച്ചായിരുന്നു പത്രത്തിന്റെ നടത്തിപ്പ്.പ്രതിപക്ഷപത്രമായി തുടങ്ങിയ പ്രബോധനം സാമ്പത്തിക പ്രയാസങ്ങളാല്‍ മാസത്തില്‍ ഒന്നായി ഇടക്കാലത്ത് ചുരുങ്ങുകയുണ്ടായി. പിന്നീട്‌സ്വന്തം പ്രസ്സ് ഏര്‍പ്പെടുത്തിയപ്പോള്‍ വീണ്ടും പാക്ഷികമായി മാറി. 1964ല്‍ അത് ഒരേ സമയം വാരികയും മാസികയുമായി വളര്‍ന്നു. കേരള ജമാഅത്തിന്റെ പ്രഥമ അമീര്‍ വി.പി. മുഹമ്മദലി സാഹിബായിരുന്നു പ്രബോധനത്തിന്റെ പ്രഥമ പത്രാധിപര്‍. അദ്ദേഹത്തിനുശേഷം ടി. മുഹമ്മദ് പത്രാധിപരായി. വാരികയുടെ ആദ്യത്തെ എഡിറ്റര്‍ ടി.കെ. അബ്ദുല്ലയായിരുന്നു.

അഖിലേന്ത്യാ നേതാക്കളും പണ്ഡിതന്‍മാരുമായ മൌലാനാ അബുല്ലൈസ് ഇസ്ലാഹി നദ്വി, മൌലാനാ സിബ്ഗത്തുല്ല ബഖ്തിയാരി, മൌലാനാ ഇസ്മഈല്‍ സാഹിബ്, മൌലാനാ ശൈഖ് അബ്ദുല്ല, ജനാബ് മുഹമ്മദ് യൂസുഫ് സാഹിബ്, മൌലാനാ ഷാ സിയാവുല്‍ ഹഖ് എന്നിവരുടെ കേരള പര്യടനങ്ങള്‍ ജമാഅത്തെ ഇസ്ലാമി കേരളയുടെ ആദ്യകാല വളര്‍ച്ചയില്‍ ശ്രദ്ധേയമായ നാഴികകല്ലായിരുന്നു.

സമ്മേളനങ്ങള്‍
പതാക, മുദ്രാവാക്യങ്ങള്‍, പ്രകടനങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ ശൈലികളോ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പങ്കാളിത്തമോ ഇല്ലാതിരുന്ന ജമാഅത്തെ ഇസ്ലാമിയെസ്സംബന്ധിച്ചിടത്തോളം അതിന്റെ പ്രവര്‍ത്തകരെ കര്‍മോല്‍സുകരാക്കാനും ശക്തിപ്രകടനത്തിനുമുള്ള അവസരങ്ങള്‍ വ്യവസ്ഥാപിതവും ആസൂത്രിതവുമായി സംഘടിപ്പിക്കപ്പെടുന്ന അതിന്റെ സംസ്ഥാന സമ്മേളനങ്ങളായിരുന്നു. വളാഞ്ചേരി(1948), കോഴിക്കോട്(1948),കുറ്റിയാടി (1949), വളപട്ടണം(1950), ശാന്തപുരം(1952), എടയൂര്‍(1953), മലപ്പുറം(1955), ആലുവ(1957), കോഴിക്കോട് മൂഴിക്കല്‍(1960) എന്നീ സംസ്ഥാന സമ്മേളനങ്ങള്‍ ജമാഅത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയെ വിളിച്ചോതുന്നവയായിരുന്നു. എങ്കിലും അംഗങ്ങളുടെയും പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മറ്റും എണ്ണം അപ്പോഴും പരിമിതമായിരുന്നു. 1969 മാര്‍ച്ച് 8, 9 തീയതികളില്‍ മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനം എണ്ണത്തിലും വണ്ണത്തിലും ഗംഭീരവും പ്രതിയോഗികളെ അമ്പരപ്പിക്കുന്നതുമായിരുന്നു. വനിതകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കില്‍ പ്രവര്‍ത്തകരും അനുഭാവികളും അഭ്യുദയകാംക്ഷികളും സന്ദര്‍ശകരും പ്രത്യേകം കെട്ടിയുണ്ടാക്കിയ പ്രവിശാലമായ പന്തലുകളില്‍ അച്ചടക്കത്തോടെ കഴിച്ചുകൂട്ടിയതും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചതും മുസ്ലിം കേരളത്തില്‍ ആദ്യാനുഭവമായിരുന്നുവെന്നതില്‍ സംശയമില്ല. ബിഷപ്പ് പത്രോണി, എന്‍.വി. കൃഷ്ണവാരിയര്‍, കമ്യൂണിസ്‌റ് ബുദ്ധിജീവി പി.ടി. ഭാസ്‌കരപ്പണിക്കര്‍ തുടങ്ങി സമ്മേളനത്തോടനുബന്ധിച്ച സിംപോസിയത്തില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളെയും അച്ചടക്കപൂര്‍ണമായ ആ മഹദ്‌സമ്മേളനം അത്ഭുതപ്പെടുത്തുകയുണ്ടായി. ചരിത്രത്തിലാദ്യമായി മലയാളപത്രങ്ങളുടെ വന്‍ കവറേജ് ജമാഅത്തെ ഇസ്ലാമിക്ക് ലഭിച്ചതും പ്രസ്തുത സമ്മേളനത്തോടെയാണ്. നീണ്ട ഇടവേളക്കുശേഷം 1983 ഫെബ്രുവരി 19,20 തിയ്യതികളിലാണ് വീണ്ടും ഒരു സംസ്ഥാന സമ്മേളനം സംഘടിപ്പിക്കാന്‍ അവസരം ലഭിച്ചത്. മലപ്പുറത്തിനടുത്ത കാച്ചിനിക്കാട്ടു തന്നെ ചേര്‍ന്നത് യാദൃഛികമാവാമെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെയും മുസ്ലിം കേരളത്തിന്റെയും ചരിത്രത്തിലെ നിര്‍ണായകമായ സംഭവമായിരുന്നു 'ദഅ്വത്ത് നഗര്‍' സമ്മേളനം. 1975 മുതല്‍ 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥയെയും അതിന്റെ മറവില്‍ അടിച്ചേല്‍പിക്കപ്പെട്ട നിരോധത്തെയും അതിജീവിച്ച ജമാഅത്ത് വീണ്ടും പ്രവര്‍ത്തനക്ഷമമായ ശേഷം വിപുലമായ പ്രചാരണ ജനസമ്പര്‍ക്ക പരിപാടികളോടെ സംഘടിപ്പിച്ചതായിരുന്നു ദഅ്വത്ത് നഗര്‍ സമ്മേളനം. ഇരുപതിനായിരത്തോളം സ്ത്രീകളും മുക്കാല്‍ ലക്ഷത്തോളം പുരുഷന്മാരും പങ്കെടുത്ത ഈ സമ്മേളനം, കേരളത്തിലെ പ്രഗത്ഭ പ്രഭാഷകനായ പ്രൊഫ. സുകുമാര്‍ അഴീക്കോടിനുപോലും സഭാകമ്പം സൃഷ്ടിക്കാന്‍ മാത്രം ശാന്തഗംഭീരമായിരുന്നു. പ്രെഫ.എം.പി. മന്‍മഥന്‍, അബ്ദുല്ല അടിയാര്‍ തുടങ്ങിയവര്‍ പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിക്കുകയുണ്ടായി.


1998 ഏപ്രില്‍ 18, 19 തീയതികളില്‍ മലപ്പുറം ജില്ലയിലെ തന്നെ കൂരിയാടില്‍(ഹിറാനഗര്‍) ചേര്‍ന്നതാണ് ഒടുവിലത്തെ സംസ്ഥാന സമ്മേളനം. വിശിഷ്ടാതിഥികളായ ജോണ്‍ എല്‍. എസ്‌പോസിറ്റോ(അമേരിക്ക), സിറാജ് വഹാജ്(അമേരിക്ക), മുഹമ്മദ് ഖുതുബ്(ഖത്തര്‍), ഡോ. അലി ഖ്വറദാഗി(ഖത്തര്‍), ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളായ മൌലാനാ സിറാജുല്‍ഹസന്‍, മുഹമ്മദ് ജഅ്ഫര്‍, സയ്യിദ് ജലാലുദ്ദീന്‍ അന്‍സ്വര്‍ ഉമരി, ഡോ. എഫ്.ആര്‍. ഫരീദി, എന്നിവരടക്കം പ്രഗത്ഭര്‍ സംബന്ധിച്ച ഹിറാനഗര്‍ സമ്മേളനം ജനസാന്നിധ്യത്തിലും പരിപാടികളുടെ വൈവിധ്യത്തിലും മീഡിയാ കവറേജിലും ചരിത്രസംഭവമായി. ഒരു ലക്ഷത്തിലധികം പുരുഷന്‍മാരും അരലക്ഷത്തോളം സ്ത്രീകളുമാണ് ഹിറ സമ്മേളനത്തില്‍ സംബന്ധിച്ചത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
ഇസ്ലാമിനെ കേവലം പാരമ്പര്യ മതമെന്നതിലുപരി സര്‍വ മനുഷ്യരെയും സംബോധന ചെയ്യുന്ന സമ്പൂര്‍ണ ജീവിത വ്യവസ്ഥിതിയായി അവതരിപ്പിക്കുകയും മുസ്ലിം സമൂഹം സാമാന്യമായി അതംഗീകരിക്കുകയും ചെയ്തതാണ് ചിന്താരംഗത്ത് ജമാഅത്തെ ഇസ്ലാമി സാധിച്ച വിപ്‌ളവമെങ്കില്‍, ഇസ്ലാമിനെ സമഗ്ര ജീവിതവ്യവസ്ഥയായി വിഭാവനം ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിക്ക് അടിത്തറപാകിയതാണ് ആ രംഗത്ത് അത് കൈവരിച്ച നേട്ടം. വിദ്യാഭ്യാസത്തെ മതപരമെന്നും ലൌകികമെന്നും വേര്‍തിരിച്ച്, മതവിദ്യാഭ്യാസത്തെ അറബിമലയാളം മീഡിയത്തിലുള്ള പ്രാഥമിക കര്‍മശാസ്ത്ര പഠനത്തിലും ആശയം ഗ്രഹിക്കാതെയുള്ള ഖുര്‍ആന്‍ പാരായണ പരിശീലനത്തിലും ഒതുക്കിയിരിക്കുകയായിരുന്നു കേരളത്തിലെ വലിയൊരു വിഭാഗം പണ്ഡിതന്‍മാര്‍. ജമാഅത്തെ ഇസ്ലാമിയാകട്ടെ മദ്‌റസാ പാഠ്യപദ്ധതിയെ അറബിമലയാളത്തില്‍നിന്നു മുക്തമാക്കി. െ്രെപമറി ഘട്ടം മുതല്‍ അറബിഭാഷാ പഠനവും അര്‍ഥസഹിതമുള്ള ഖുര്‍ആന്‍ഹദീസ് പഠനങ്ങളും ഏര്‍പ്പെടുത്തി. ഇംഗ്‌ളീഷ്, ഉറുദു ഭാഷകളും പൊതുവിജ്ഞാനവും ഗണിതവും കൂടി ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയോടുകൂടിയ ഫുള്‍ടൈം മദ്‌റസകളും ജമാഅത്തിന്റെ കീഴില്‍ നിലവില്‍വന്നു. പിന്നീട് എല്‍.പി, യു.പി, സെക്കന്ററി സ്‌കൂളുകളോടനുബന്ധിച്ച് ബോര്‍ഡിംഗ് സൌകര്യങ്ങളോടെയും അല്ലാതെയും മദ്‌റസകള്‍ സ്ഥാപിക്കുക ജമാഅത്തിന്റെ ഒരു പ്രധാന പരിപാടിയായി വികസിച്ചു.

കാലഘട്ടത്തിന്റെ ഭാഷയില്‍ എഴുതാനും പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും യോഗ്യരായ പ്രബോധകരെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ജമാഅത്തെ ഇസ്ലാമി ആര്‍ട്‌സ് & ഇസ്ലാമിക് കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇസ്ലാമിയ കോളേജുകള്‍ ആരംഭിച്ചതും ജമാഅത്ത് നിര്‍വഹിച്ച മറ്റൊരു സേവനമാണ്.

മതവിദ്യാഭ്യാസത്തിനുകൂടി അര്‍ഹമായ സ്ഥാനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ അംഗീകാരത്തോടെയും അല്ലാതെയും നടത്തുന്ന അണ്‍എയ്ഡഡ് െ്രെപവറ്റ് സ്‌കൂളുകളും വിദ്യാഭ്യാസ മേഖലയില്‍ ജമാഅത്ത് നിറവേറ്റുന്ന സേവനമാണ്.

ജമാഅത്ത് പ്രവര്‍ത്തകര്‍ പ്രാദേശികമായി സ്ഥാപിച്ച് നടത്തിവരുന്ന മദ്‌റസകള്‍, കോളേജുകള്‍ എന്നിവയുടെയും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ ഏകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങള്‍ക്കും വേണ്ടി 1979ല്‍ ഹല്‍ഖാ കേന്ദ്രത്തില്‍ മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്ലാമി നിലവില്‍വന്നു.

ഇസ്ലാമിക് യൂനിവേഴ്‌സിറ്റി
കേരളത്തിന്റെ ഇസ്ലാമിക വിദ്യാഭ്യാസ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലായി ശാന്തപുരം ഇസ്ലാമിയാ കോളേജ് 'അല്‍ജാമിഅഃ അല്‍ ഇസ്ലാമിയ്യഃ' എന്ന പേരില്‍ സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടു. 2003 മാര്‍ച്ച് 1ന് സര്‍വകലാശാലയുടെ പ്രഖ്യാപനം ലോകപ്രശസ്ത പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവിയാണ് നിര്‍വഹിച്ചത്.

പള്ളികള്‍
പ്രാരംഭ ഘട്ടത്തില്‍ സ്വന്തമായി പള്ളികള്‍ സ്ഥാപിക്കുക എന്ന പരിപാടി ജമാഅത്തിനുണ്ടായിരുന്നില്ല. മുസ്ലിംകളുടെ പൊതുസ്വത്തായ പള്ളികളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചു മാത്രമേ പ്രസ്ഥാനം ചിന്തിച്ചിരുന്നുള്ളൂ. ശാന്തപുരം, ചേന്ദമംഗല്ലൂര്‍, കുറ്റിയാടി തുടങ്ങി അപൂര്‍വം ചിലയിടങ്ങളില്‍ ജുമുഅഃ ഖുതുബ നിര്‍വഹിക്കാനുള്ള സൌകര്യം ജമാഅത്ത് പണ്ഡിതന്മാര്‍ക്ക് ലഭിക്കുകയുണ്ടായി. പ്രസ്ഥാനം വളര്‍ന്നുവികസിക്കുകയും പള്ളികള്‍ പ്രബോധന സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ മാധ്യമങ്ങള്‍കൂടിയാണെന്നു ബോധ്യപ്പെടുകയും മതസംഘടനകളുടെ നിയന്ത്രണത്തിലുള്ള പള്ളികള്‍ ജമാഅത്തുകാരെസ്സംബന്ധിച്ചിടത്തോളം വിലക്കപ്പെടുന്ന അനുഭവങ്ങള്‍ നിരന്തരമായുണ്ടാവുകയും ചെയ്തപ്പോള്‍ സൌകര്യവും സാധ്യതയുമുള്ളിടത്ത് പള്ളികള്‍ സ്ഥാപിക്കുകയെന്നത് ജമാഅത്തു പരിപാടിയുടെ ഭാഗമായി. ഇപ്പോള്‍ ജമാഅത്തിന് കീഴിലുള്ള പള്ളികള്‍ക്ക് ആവശ്യമായ മേല്‍നോട്ടവും നിര്‍ദേശങ്ങളും നല്കാന്‍ കേരള മസ്ജിദ് കൌണ്‍സില്‍ എന്ന പേരില്‍ ഒരു സമി തി പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹിക ക്ഷേമം
ഇസ്ലാമിനെ ആചാരാനുഷ്ഠാനങ്ങളില്‍ തളച്ചിടാത്ത ഒരു സമ്പൂര്‍ണ പ്രസ്ഥാനത്തിന്, സാമൂഹിക ക്ഷേമത്തിനായുള്ള ഇസ്ലാമികാധ്യാപനങ്ങളെ സാധ്യമായ പരിധികളിലെങ്കിലും പ്രായോഗികമാക്കാതിരിക്കാനാവില്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അധികാരത്തിന്റെ പിന്‍ബലമില്ലാതെ നടപ്പാക്കാന്‍ കഴിയുന്ന സാമൂഹികക്ഷേമ പദ്ധതികളും പരിപാടികളുമുണ്ട്. അതിലേറ്റവും പ്രധാനം സകാത്തിന്റെ സാമൂഹികവിതരണം തന്നെ.

ജമാഅത്ത് അംഗങ്ങളുടെ സകാത്ത് ബൈതുല്‍മാലിനെ ഏല്‍പിക്കുകയാണ് നിശ്ചിത വ്യവസ്ഥ. ബൈതുല്‍മാല്‍ സകാത്ത് സംഖ്യ അര്‍ഹരായ അവകാശികള്‍ക്കിടയില്‍ വിതരണംചെയ്യുന്നു. ജമാഅത്ത് ഘടകങ്ങളോ പ്രവര്‍ത്തനവൃത്തങ്ങളോ നിലവിലുള്ള പ്രദേശങ്ങളില്‍, സഹകരിക്കുന്ന എല്ലാ മുസ്ലിംകളില്‍നിന്നും സകാത്ത് തുക പിരിച്ചെടുത്ത് അതതു പ്രദേശത്തെ അര്‍ഹര്‍ക്കിടയില്‍ വിതരണംചെയ്യുന്ന സംഘടിത സംവിധാനവും നിലവിലുണ്ട്. ഫിത്ര്! സകാത്തിന്റെ സാമൂഹിക സംഭരണവും വിതരണവും ഏതാണ്െടല്ലാ ഹല്‍ഖകളും കാര്യക്ഷമമായി നടത്തിവരുന്നു.

പാവങ്ങളെയും ഇടത്തരക്കാരെയും കടക്കെണിയില്‍നിന്ന് ഒരളവോളമെങ്കിലും രക്ഷിക്കാനുതകുന്ന ഏര്‍പ്പാടാണ് പലിശരഹിത വായ്പാനിധികള്‍. ഇത്തരം നിധികളുടെ ഏകീകരണത്തിനും പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതക്കും വേണ്ടി ഒരു മാര്‍ഗനിര്‍ദേശക വേദി നിലവില്‍വന്നിട്ടുണ്ട്.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും ആപത്തുകള്‍ നേരിട്ടവര്‍ക്കുള്ള ധനസഹായവും ജമാഅത്തിന്റെ സാമൂഹികസേവന സംരംഭങ്ങളില്‍ എല്ലായ്‌പോഴും പ്രഥമ സ്ഥാനം നേടിയിട്ടുണ്ട്. ഓരോ ഘടകവും അതിന്റെ പരിധിയില്‍ നിറവേറ്റുന്ന ഈ സേവനം പ്രശ്‌നത്തിന്റെ ഗൌരവമനുസരിച്ച് സംസ്ഥാനതലത്തിലും നിര്‍വഹിക്കാറുണ്ട്. ദുരിതാശ്വാസ ജനസേവനരംഗത്തെ സജീവ കായിക സാന്നിധ്യമാണ് ഐഡിയല്‍ റിലീഫ് വിംഗ്.

ആതുരശുശ്രൂഷാ രംഗത്ത് കേരള ജമാഅത്തെ ഇസ്ലാമിയുടെ സംരംഭങ്ങള്‍ എടുത്തുപറയത്തക്കതാണ്. ശാന്തി ഹോസ്പിറ്റല്‍(ഓമശ്ശേരി), അന്‍സാര്‍ ഹോസ്പിറ്റല്‍(പെരുമ്പിലാവ്), അല്‍ഹുദാ ട്രസ്‌റ് ഹോസ്പിറ്റല്‍(ഹരിപ്പാട്), ഐ.എം.ടി. ഹോസ്പിറ്റല്‍(കൊടുങ്ങല്ലൂര്‍) എന്നിവ സേവനരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഡോക്ടര്‍മാരുടെ എത്തിക്കല്‍ മെഡിക്കല്‍ ഫോറം, മാധ്യമം ഹെല്‍ത്ത് കെയര്‍ പ്രോജക്റ്റ് എന്നീ മഹല്‍ സേവന സംരംഭങ്ങള്‍ക്ക് പ്രസ്ഥാനത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള ട്രസ്‌റുകളും സൊസൈറ്റികളും അനാഥസംരക്ഷണ രംഗത്തേക്ക് ചെയ്ത് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. എടുത്തുപറയാവുന്ന ഏറ്റവും വലിയ സ്ഥാപനം വാടാനപ്പള്ളി ഇസ്ലാമിക് എഡ്യുക്കേഷന്‍ ട്രസ്‌റിന്റെ കീഴിലുള്ള അനാഥശാലതന്നെ. 1989ല്‍ കൊടിയത്തൂര്‍ വാദിറഹ്മ കോംപ്‌ളക്‌സില്‍ ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ അസോസിയേഷന്‍ സ്ഥാപിച്ച അല്‍ഇസ്ലാഹ് ഓര്‍ഫനേജ് വൃത്തിയിലും വ്യവസ്ഥയിലും പഠനനിലവാരത്തിലും മൊത്തം അനാഥശാലകളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ജമാഅത്ത് സ്ഥാപനങ്ങള്‍ അര്‍ഹമായ പരിഗണന നല്‍കുന്നുണ്ട്. തിരൂര്‍ക്കാട് ഹമദ് ഐ.ടി.സി, പഴയങ്ങാടി വാദിഹുദായിലെ ഐ.ടി.സി, കാസര്‍കോട് ആലിയ കോംപ്‌ളക്‌സിലെ ആലിയ ടെക്‌നിക്കല്‍ ഇന്‍സ്‌റിറ്റിയൂട്ട്, പെരുമ്പിലാവ് അന്‍സാര്‍ ട്രസ്‌റിന്റെ കീഴില്‍ വനിതകള്‍ക്കായി കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ എന്നിവ മികച്ച സ്ഥാപനങ്ങളാണ്.

സ്ത്രീധനത്തിനും വിവാഹങ്ങളോടനുബന്ധിച്ച ധൂര്‍ത്തിനുമെതിരെ കേരള ജമാഅത്തെ ഇസ്ലാമി 1987ല്‍ സംഘടിപ്പിച്ച സംസ്ഥാന വ്യാപകമായ ബോധവല്‍ക്കരണ പരിപാടി ഈ ദിശയില്‍ ആസൂത്രിതമായ പ്രഥമ
കാല്‍വയ്പായിരുന്നു. ഇതിന്റെ ഫലമായി ഇസ്ലാമിക് മാര്യേജ് ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ കീഴില്‍ സ്ത്രീധനരഹിത വിവാഹങ്ങള്‍ ഒറ്റയായും കൂട്ടായും നടക്കുന്നു.

സ്ത്രീകള്‍, വിദ്യാര്‍ഥി യുവജനങ്ങള്‍
ജമാഅത്തെ ഇസ്ലാമി തുടക്കം മുതല്‍ക്കേ വനിതാക്‌ളാസുകള്‍ സംഘടിപ്പിച്ചുവന്നിരുന്നു. പിന്നീട് വനിതാ ഹല്‍ഖകള്‍ രൂപീകൃതമായി. 1960ല്‍ ചേന്ദമംഗല്ലൂരില്‍ ആരംഭിച്ച മദ്‌റസത്തുല്‍ ബനാത്താണ് (ഇതുതന്നെയാണ് കേരളത്തിലെ പ്രഥമ മുസ്ലിം വനിതാ സ്ഥാപനവും) വനിതാ വിദ്യാഭ്യാസരംഗത്ത് ജമാഅത്ത് ആദ്യമാരംഭിച്ച സംരംഭം. ഇന്നത് ഇസ്ലാഹിയ വനിതാ കോളേജാണ്. തലശ്ശേരി, പെരിങ്ങാടി, വടകര, കുറ്റിയാടി, വണ്ടൂര്‍, തിരൂര്‍ക്കാട്, കൊടുങ്ങല്ലൂര്‍, മുവാറ്റുപുഴ, മന്നം പറവൂര്‍ എന്നിവിടങ്ങളിലും ഇന്ന് ജമാഅത്ത് നിയന്ത്രണത്തിലുള്ള വനിതാ കോളേജുകളുണ്ട്. ശാന്തപുരം ഇസ്ലാമിയാ കോളേജിന്റെ അനുബന്ധ സ്ഥാപനമായ വണ്ടൂര്‍ വനിതാ കോളേജാണ് ഇക്കൂട്ടത്തില്‍ ഏറ്റവും വലുത്. ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ച യുവതികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനിതകള്‍ക്കിടയില്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃതരൂപവും കാര്യക്ഷമതയും കൈവന്നത് 1984ല്‍ ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) രൂപീകരിക്കപ്പെട്ടതോടെയാണ്. വ്യാപകമായ പ്രചാരമുള്ള 'ആരാമം' വനിതാ മാസിക സ്ത്രീകളുടെ ബോധവല്‍ക്കരണത്തില്‍ ഗണനീയമായ പങ്കുവഹിക്കുന്നു.

1969ല്‍ ഫാറൂഖ് കോളേജ് കാമ്പസ് കേന്ദ്രമാക്കി ജമാഅത്ത് അനുഭാവികളായ വിദ്യാര്‍ഥികള്‍ രൂപംനല്‍കിയ ഐഡിയല്‍ സ്‌റുഡന്റ്‌സ് ലീഗില്‍ ജമാഅത്തിന്റെ ഔദ്യോഗികാഭിമുഖ്യം ഉണ്ടായിരുന്നില്ലെങ്കിലും വിദ്യാര്‍ഥി യുവജനങ്ങളില്‍ ആദര്‍ശബോധം വളര്‍ത്തുന്നതില്‍ ആ സംഘടന പ്രശംസാര്‍ഹമായ പങ്കു വഹിക്കുകയുണ്ടായി. 1975ല്‍ അടിയന്തിരാവസ്ഥക്കാലത്ത് ജമാഅത്ത് നിയമവിരുദ്ധമാക്കപ്പെട്ടപ്പോള്‍ ഐ.എസ്.എല്ലിനെ അതിന്റെ ഭാരവാഹികള്‍ പിരിച്ചുവിട്ടു. പിന്നീട് 1977ല്‍ അഖിലേന്ത്യാതലത്തില്‍ രൂപീകൃതമായ സ്‌റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) ജമാഅത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയുണ്ടായി. ജമാഅത്തിന്റെ രക്ഷാധികാരിത്വം സ്വീകരിക്കുന്ന വിഷയത്തില്‍ വിയോജിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് സിമി ജമാഅത്തുമായി അകന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണുണ്ടായത്. 1983ല്‍ വിവിധ സംസ്ഥാനങ്ങളിലെ ജമാഅത്ത് അനുകൂല വിദ്യാര്‍ഥി സംഘടനകള്‍ ചേര്‍ന്നു രൂപംനല്‍കിയ സ്‌റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ആണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ രക്ഷാധികാരത്തിലുള്ള വിദ്യാര്‍ഥി സംഘടന. ജമാഅത്ത് ഘടകങ്ങള്‍ നിലവിലില്ലാത്ത പ്രദേശങ്ങളിലും എസ്.ഐ.ഒവിന് യൂനിറ്റുകളുണ്ട്.

സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്
വിദ്യാര്‍ഥി യുവജനസംഘടനയായിട്ടാണ് ആരംഭിച്ചതെങ്കിലും എസ്.ഐ.ഒ 2002 മുതല്‍ കാമ്പസുകളെ കേന്ദ്രീകരിച്ച വിദ്യാര്‍ഥി സംഘടന മാത്രമായി മാറിയതോടെ യുവജനങ്ങള്‍ക്ക് പ്രത്യേകമായൊരു സംഘടനയുടെ ആവശ്യകത നേരിട്ടു. പ്രസ്ഥാനപ്രവര്‍ത്തനങ്ങളില്‍ താരതമ്യേന യുവാക്കള്‍ കൂടുതലുള്ള കേരളത്തിലാണ് ഇസ്ലാമിക യുവജനസംഘടന ആദ്യമായി നിലവില്‍വന്നത്. 2003ല്‍ കൂട്ടില്‍ മുഹമ്മദലി പ്രസിഡന്റും ഹമീദ് വാണിയമ്പലം ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തനമാരംഭിച്ച സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്‌ളാച്ചിമട, എക്‌സ്പ്രസ് വേ, കരിമണല്‍ ഖനനം, പെണ്‍വാണിഭം, മയക്കുമരുന്ന് തുടങ്ങിയ പ്രശ്‌നങ്ങളില്‍ നടത്തിയ ജീവസ്സുറ്റ പ്രക്ഷോഭങ്ങളിലൂടെ ഇതിനകം വന്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. 2005 ഏപ്രില്‍ 23 ന് പാലക്കാട് നടന്ന സോളിഡാരിറ്റി പ്രഥമ സംസ്ഥാന സമ്മേളനം വമ്പിച്ച യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധിക്കപ്പെടുകയുണ്ടായി.