മജ്‌ലിസു തഅ്‌ലീമില്‍ ഇസ്ലാമി

കേരളത്തിന്റെ ഇസ്ലാമിക നവോത്ഥാന ഭൂപടത്തില്‍ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെക്കുകയും വിദ്യാഭ്യാസ സാംസ്‌കാരിക മേഖലക്ക് വിലപ്പെട്ട സംഭാവനകളര്‍പ്പിക്കുകയും ചെയ്ത മജ്‌ലിസു തഅ്‌ലീമില്‍ ഇസ്ലാമി, ജമാഅത്തെ ഇസ്ലാമി കേരളയുടെ വിദ്യാഭ്യാസ വിഭാഗമാണ്. ഇസ്ലാമിനെ സമഗ്ര ജീവിത വ്യവസ്ഥയായി വിഭാവന ചെയ്തുകൊണ്ടുള്ള വിദ്യാഭ്യാസ പദ്ധതിക്ക് ജമാഅത്തെ ഇസ്ലാമി അതിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ അടിത്തറ പാകി. 1950 കളുടെ തുടക്കത്തില്‍ കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം വികാസം പ്രാപിച്ചപ്പോള്‍ തന്നെ അതിന്റെ വിദ്യാഭ്യാസ പദ്ധതിയും നടപ്പാക്കാന്‍ ആരംഭിച്ചു.

കേരളത്തില്‍ അന്ന് മത വിദ്യാഭ്യാസം അറബി മലയാളം മീഡിയത്തിലുള്ള പ്രാഥമിക കര്‍മ്മശാസ്ത്ര പഠനത്തിലും ആശയം മനസ്സിലാക്കാതെയുളള ഖുര്‍ആന്‍ പാരായണ പരിശീലനത്തിലും പരിമിതമായിരുന്നു. ജമാഅത്തെ ഇസ്ലാമി മദ്‌റസാ പാഠ്യപദ്ധതിയെ അറബിമലയാളത്തില്‍ നിന്ന് മുക്തമാക്കി. െ്രെപമറി ഘട്ടം മുതല്‍ അറബി ഭാഷാ പഠനവും അര്‍ത്ഥ സഹിതമുള്ള ഖുര്‍ആന്‍, ഹദീഥ് പഠനങ്ങളും ഉള്‍പ്പെടുത്തി ഇംഗ്‌ളീഷ്, ഉര്‍ദു ഭാഷകളും പൊതു വിജ്ഞാനവും കൂടി ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതിയോടു കൂടിയ ഫുള്‍ടൈം മദ്‌റസകള്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ നിലവില്‍ വന്നു.

50 കളുടെ തുടക്കത്തില്‍ തന്നെ നിലവില്‍ വന്ന എടയൂര്‍, മുള്ള്യാകുര്‍ശ്ശി, ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളിലെ അല്‍ മദ്‌റസത്തുല്‍ ഇസ്ലാമിയകളാണ് കേരളത്തില്‍ ജമാഅത്തു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ആദ്യ കാല മദ്‌റസകള്‍. പിന്നീട്. എല്‍.പി, യൂ.പി, സെക്കന്ററി സ്‌കൂളുകളോടനുബന്ധിച്ച് ബോര്‍ഡിംഗ് മദ്‌റസകള്‍
സ്ഥാപിക്കുകയുണ്ടായി.

സെക്കന്ററി തലത്തില്‍ മത വിദ്യാഭ്യാസത്തേയും സ്‌കൂള്‍ വിദ്യാഭ്യാസത്തേയും സമന്വയിപ്പിച്ചുകൊണ്ട് ജമാഅത്തിന്റെ കീഴില്‍ പില്‍കാലത്ത് ധാരാളം അണ്‍ എയ്ഡഡ് െ്രെപവറ്റ് സ്‌കൂളുകളും ഇസ്ലാമിക് ഓറിയന്റഡ് സ്‌കൂളുകളും നിലവില്‍ വന്നു.

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കനുസ്രുതമായി പ്രസ്ഥാനത്തിന്റെ ലക്ഷ്യ സാധ്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേത്യത്വത്തില്‍ ധാരാളം പണ്ഡിതരായ പ്രവര്‍ത്തകരെ ആവശ്യമായി വന്നു. കാലഘട്ടത്തിന്റെ ഭാഷയില്‍ എഴുതാനും പ്രസംഗിക്കാനും പ്രവര്‍ത്തിക്കാനും യോഗ്യരായ പ്രബോധകരെ വാര്‍ത്തെടുക്കുന്നതിനു വേണ്ടി ഉന്നത നിലവാരത്തില്‍ ഇസ്ലാമിക വിജ്ഞാനീയങ്ങളും ബിരുദ തലത്തില്‍ ഇംഗ്‌ളീഷ്, ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ് എന്നീ വിഷയങ്ങളും സിലബസ്സിലുള്‍പ്പെടുത്തി വിവിധ പ്രദേശങ്ങളില്‍ ഉന്നതകലാലയങ്ങള്‍ ആരംഭിച്ചു. ശാന്തപുരം ഇസ്ലാമിയാ കോളജ്, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളജ്, കുറ്റിയാടി ഇസ്ലാമിയാ കോളജ്, കാസര്‍ഗോട് ആലിയാ അറബിക്ക് കോളജ് എന്നിവ മേല്‍ പറഞ്ഞ ലക്ഷ്യത്തിനുവേണ്ടി ആദ്യകാലത്ത് നിലവില്‍ വന്ന ഉന്നത സ്ഥാപനങ്ങളാണ്.

ജമാഅത്ത് പ്രവര്‍ത്തകര്‍ സ്ഥാപിച്ച് നടത്തി വരുന്ന പ്രാഥമിക മദ്‌റസകള്‍, സ്‌കൂളുകള്‍, ഇസ്ലാമിയാ കോളജുകള്‍ എന്നിവയുടെ മേല്‍നോട്ടത്തിനും പാഠ്യപദ്ധതിയുടെ എകീകരണത്തിനും വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്കും വേണ്ടി 1979 ല്‍ സ്ഥാപിതമായതാണ് മജ്‌ലിസു തഅ്‌ലീമില്‍ ഇസ്ലാമി,കേരള.

സിലബസ്, ഇയര്‍പ്‌ളാന്‍, പാഠപുസ്തകങ്ങള്‍, ഇന്‍സ്‌പെക്ഷന്‍, ഇന്‍സര്‍വ്വീസ് കോഴ്‌സുകള്‍, സ്‌കോളര്‍ഷിപ്പ്, അധ്യാപക ക്ഷേമനിധി, ടാലെന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍, വിദൂരവിദ്യാഭ്യാസ പദ്ധതി, കലാസാഹിത്യമത്സരങ്ങള്‍, വിദ്യാഭ്യാസ സെമിനാറുകള്‍ തുടങ്ങി പാഠ്യവും പാഠ്യേതരവുമായ മേഖലകളില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ മജ്‌ലിസ് നടത്തിക്കൊണ്ടിരിക്കുന്നു.

അക്കാദമികവും സാംസ്‌കാരികവുമായ മേഖലയില്‍ കേരളത്തില്‍ മജ്‌ലിസ് നടത്തിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ അതിന്റെ മുന്‍കാല സാരഥികളായ മര്‍ഹൂം കെ.സി. അബ്ദുല്ല മൌലവി, ടി.കെ അബ്ദുല്ല സാഹിബ്, പി.എം. അബുല്‍ ജലാല്‍ മൌലവി എന്നിവരുടെ സേവന പ്രവര്‍ത്തനങ്ങള്‍ സ്മരണീയമാണ്.

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
മജ്‌ലിസു തഅ്‌ലീമില്‍ ഇസ്ലാമിയുടെ മുഖ്യ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ താഴെ പറയുന്നവയാണ്.
1. ഇസ്ലാമിക വിജ്ഞാനങ്ങളും സംസ്‌ക്കാരവും പ്രചരിപ്പിക്കുക.
2. പൊതുവെ സമൂഹത്തിന്റേയും വിശിഷ്യാ മുസ്ലിം സമുദായത്തിന്റേയും വിദ്യാഭ്യാസ പുരോഗതിക്കായി ഫലപ്രദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും മാതൃകാപരമായ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുകയും ചെയ്യുക.
3. മുസ്ലിം ബാലികാ ബാലന്മാര്‍ക്കും യുവജനങ്ങള്‍ക്കും ഇസ്ലാമിക ശിക്ഷണ ശീലനങ്ങള്‍ നല്‍കി അവരെ ആദര്‍ശനിഷ്ഠയും സംസ്‌കാര ശുദ്ധിയുമുള്ള മാതൃകാ പൌരന്മാരാക്കി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക.
4. മുസ്ലിം സ്ത്രീകളിലും ബഹുജനങ്ങളിലും ഇസ്ലാമിക വിജ്ഞാനങ്ങളും ധാര്‍മ്മിക സദാചാരശിക്ഷണങ്ങളും പ്രചരി പ്പിച്ച് അവരെ മാതൃകാ സമുദായമാക്കി വാര്‍ത്തെടുക്കുവാന്‍ യത്‌നിക്കുക.
5. വിവിധ വിജ്ഞാനീയങ്ങളില്‍ ഗവേഷണത്തിനും വിജ്ഞാന സാഹിത്യ രംഗങ്ങളില്‍ ഗ്രന്ഥ രചനക്കും പ്രോത്സാഹനവുംപിന്തുണയും നല്‍കുക.

എക്‌സിക്യൂട്ടീവ് കൌണ്‍സില്‍
ചെയര്‍മാന്‍ : ടി. ആരിഫലി
വൈസ്. ചെയര്‍മാന്‍ : ഒ. അബ്ദുറഹ്മാന്‍
സെക്രട്ടറി : മുഹമ്മദലി.എ
ജോ. സെക്രട്ടറി : കെ.അവറു മാസ്‌റര്‍

അംഗങ്ങള്‍.
ടി.കെ അബ്ദുല്ലാഹ്
എം.ഐ. അബ്ദുല്‍ അസീസ്
ശൈഖ് മുഹമ്മദ് കാരക്കുന്ന്
ടി.കെ. ഉബൈദ്
ഒ.പി. അബ്ദുസ്സലാം
എം.ടി. അബൂബക്കര്‍
എം.കെ. അബ്ദുറഹ്മാന്‍ തറുവായി

മജ്‌ലിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നതും ആവശ്യമായ വ്യവസ്ഥകളും ചട്ടങ്ങളും നിര്‍മ്മിക്കുന്നതും മജ്‌ലിസ് എക്‌സിക്യൂട്ടീവ് കൌണ്‍സിലാണ്.

ജമാഅത്തെ ഇസ്ലാമി, കേരളയുടെ അമീര്‍ ആണ് മജ്‌ലിസിന്റെ ചെയര്‍മാന്‍. മജ്‌ലിസിന്റെ ആദ്യത്തെ ചെയര്‍മാന്‍ കെ.സി. അബ്ദുല്ല മൌലവിയും, സെക്രട്ടറി ടി.കെ അബ്ദുല്ല സാഹിബും ഖജാന്‍ജി കെ.എം. അബ്ദുല്‍ അഹദ് തങ്ങളും ആയിരുന്നു.

ടി.കെ. അബ്ദുല്ല സാഹിബിന് ശേഷം മജ്‌ലിസിന്റെ സെക്രട്ടറിമാരായത് യഥാക്രമം
പി.എം. അബുല്‍ ജലാല്‍ മൌലവി, ഇ.വി.ആലിക്കുട്ടി മൌലവി, ഒ.പി. അബ്ദുസ്സലാം മൌലവി എന്നിവരാണ്. ഒരു ഹൃസ്വകാലത്ത് കെ.പി.എഫ് ഖാനും സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1998 മുതല്‍ മുഹമ്മദലി.എ യാണ് സെക്രട്ടറി. 2003ല്‍ അദ്ദേഹം ജമാഅത്തെ ഇസ്ലാമി കേരളയുടെ സെക്രട്ടറിയായി ചുമതലയേറ്റതിനു ശേഷം മജ്‌ലിസ് ആസ്ഥാനത്ത് സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് ജോ. സെക്രട്ടറിയെ നിയമിക്കുകയുണ്ടായി. 2004 ജൂലൈ വരെ ജോ. സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചത് ഡോ.എസ് .സുലൈമാന്‍ ആണ്. 2004 ജൂലൈ മുതല്‍2005 മെയ് വരെ എ.എസ്. നൂറുദ്ദീന്‍ ജോ. സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു.

ജനറല്‍ ബോഡി

മജ്‌ലിസിന് 46 അംഗങ്ങളുള്ള ഒരു ജനറല്‍ ബോഡിയുണ്ട്. ജനറല്‍ ബോഡി കുറഞ്ഞത് വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരുന്നു. മജ്‌ലിസിന്റെ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുകയും വര്‍ഷാന്ത വരവു ചെലവു കണക്കുകളും ബജറ്റും അംഗീകരിക്കുകയും ചെയ്യുന്നത് ജനറല്‍ ബോഡിയാണ്.

കോഴ്‌സുകളും സ്ഥാപനങ്ങളും

എ. കോഴ്‌സുകള്‍
1. െ്രെപമറി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്.
പ്രാഥമിക മദ്‌റസാ സ്‌കൂള്‍ പാഠ്യപദ്ധതിയാണിത്. 7ാം ക്‌ളാസില്‍ പൊതുപരീക്ഷ നടത്തുന്നു.
2. ഇസ്ലാമിക് ഓറിയന്റഡ് സെക്കന്ററി കോഴ്‌സ്. (ഐ.ഒ.എസ്.സി)
നാലു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകുന്ന ഇസ്ലാമിക് സെക്കന്ററി പാഠ്യപദ്ധതി. സെക്കന്ററി തലത്തില്‍ സാമാന്യം വിശദമായ ഇസ്ലാമിക പഠനത്തോടൊപ്പം പി.ഒ.സി. വിഭാഗത്തില്‍ എസ്. എസ്. എല്‍.സി പരീക്ഷ എഴുതാനും പരിശീലനം നല്കുന്നു.
3. ഇസ്ലാമിക് ഹയര്‍ സെക്കന്ററി കോഴ്‌സ്. ( ഐ.എച്ച്.എസ്.സി)
ഹയര്‍ സെക്കന്ററി തലത്തില്‍ പ്‌ളസ് ടു ഹ്യുമാനിറ്റീസ് /കൊമേഴ്‌സ് വിഷയങ്ങളും ഇസ്ലാമിക വിഷയങ്ങളും ഉള്‍പ്പെടുത്തിയുള്ള പാഠ്യ പദ്ധതി. കാലാവധി മൂന്ന് വര്‍ഷം. ഒന്നാം വര്‍ഷം പ്രിപ്പറേറ്ററി ക്‌ളാസും രണ്ടാം വര്‍ഷത്തിലും മൂന്നാം വര്‍ഷത്തിലും യഥാക്രമം ഒന്നാം സെമസ്‌ററും രണ്ടാം സെമസ്‌ററും പൂര്‍ത്തിയാകുന്നു.
4. ആര്‍ട്‌സ് & ഇസ്ലാമിക് കോഴ്‌സ്. ( എ.ഐ.സി.)
3 വര്‍ഷത്തെ ഡിഗ്രി കോഴ്‌സ്. ഇസ്ലാമിക വിഷയങ്ങളോടൊപ്പം ആര്‍ട്‌സ്/കോമേഴ്‌സ് വിഷയങ്ങളില്‍ യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നു.
5. ഡിപ്‌ളോമാ കോഴ്‌സ്.
മജ്‌ലിസു തഅ്‌ലീമില്‍ ഇസ്ലാമിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ കീഴില്‍ ഇസ്ലാമിക പഠനത്തില്‍ രണ്ടു വര്‍ഷത്തെ ഡിപ്‌ളോമാ കോഴ്‌സ്. പ്രാഥമിക ഇസ്ലാമിക വിഭ്യാഭ്യാസം നേടാന്‍ സൌകര്യം ലഭിക്കാതെ പോയ അഭ്യസ്ത വിദ്യര്‍ക്കും ഇതര വിജ്ഞാന ശാഖകള്‍ ഐഛികമായി പഠിക്കുന്ന കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ഇസ്ലാമിക പഠനത്തിനുള്ളകറസ്‌പോണ്ടന്‍സ് കോഴ്‌സാണിത്. ഖുര്‍ആന്‍, ഹദീഥ്, ഇസ്ലാമിക കര്‍മശാസത്രം, ഇസ്ലാമിക ചരിത്രം, ഇസ്ലാമികദര്‍ശനം, കമ്മ്യൂണിക്കേറ്റീവ് അറബിക് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സിലബസ്. കാലാവധി രണ്ട് കൊല്ലം. യോഗ്യത എസ്.എസ്.എല്‍.സി. പ്രായ പരിധി ഇല്ല.

മജ്‌ലിസ് പ്രവര്‍ത്തനങ്ങള്‍
1. സിലബസ്, ഇയര്‍പ്‌ളാന്‍
െ്രെപമറി മദ്‌റസ, സെക്കന്ററി മദ്‌റസ, ഇസ്ലാമിക് ഓറിയന്റഡ് സെക്കന്ററി കോഴ്‌സ്, ഇസ്ലാമിക് ഹയര്‍ സെക്കന്ററി, എ. ഐ.സി, ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ , മലയാളം മീഡിയം സ്‌കൂള്‍ എന്നിവക്ക് സിലബസും ഇയര്‍പ്‌ളാനും തയ്യാറാക്കി നല്‍കുന്നു.
2. പാഠപുസ്തകങ്ങള്‍:
വിവിധ വിഭാഗങ്ങളിലേക്ക് മജ്‌ലിസ് തയ്യാറാക്കി നല്‍കുന്നു.

3. പരീക്ഷകള്‍
എല്ലാ കോഴ്‌സുകള്‍ക്കും പാദവാര്‍ഷിക, അര്‍ധ വാര്‍ഷിക, വാര്‍ഷിക പരീക്ഷകള്‍ നടത്തുന്നതിനു പുറമെ മജ്‌ലിസ് 3 പൊതു പരീക്ഷകള്‍ നടത്തുന്നു.
1. െ്രെപമറി സര്‍ട്ടിഫിക്കറ്റ് പരീക്ഷ.
2. സെക്കന്ററി സര്‍ട്ടിഫിക്കറ്റ് പരീക്ഷ.
3. ഇസ്ലാമിക് ഹയര്‍ സെക്കന്ററി പരീക്ഷ.

4. അക്കാദമിക് കൌണ്‍സിലുകള്‍.

മജ്‌ലിസിന് നാല് അക്കാദമിക് കൌണ്‍സിലുകള്‍ ഉണ്ട്. അവ യഥാക്രമം ഇംഗ്‌ളീഷ് മീഡിയം, മലയാളം മീഡിയം സ്‌കൂളുകള്‍, മദ്‌റസ, കോളജുകള്‍ എന്നിവക്കാണ്. മദ്രസാ വിഭാഗത്തില്‍ 6 മേഖലകളിലായി മേഖലാ അക്കാദമിക് കൌണ്‍സിലുകളും പ്രവര്‍ത്തിക്കുന്നു.

5. അധ്യാപക പരീശീലന കോഴ്‌സുകള്‍.

അധ്യാപകരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി വിവിധ വിഭാഗങ്ങള്‍ക്ക് ഹ്യസ്വകാല ഓറിയന്റേഷന്‍ കോഴ്‌സുകള്‍ നടത്തുന്നു.
പാഠപുസ്തക ഓറിയന്റേഷന്‍ പരിപാടികള്‍, ഭാഷയിലും കോര്‍ സബ്ജക്ടുകളിലുമുള്ള അധ്യാപന രീതിയില്‍ പരിശീലന കോഴ്‌സുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

6. ഇന്‍സ്‌പെക്ഷന്‍

മദ്‌റസ, സ്‌കൂള്‍, കോളജ് വിഭാഗങ്ങളില്‍ ഇന്‍സ്‌പെക്ഷന്‍ സംവിധാനം നിലവിലുണ്ട്. ക്‌ളാസ് റൂം പ്രവര്‍ത്തനങ്ങള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍, സ്ഥാപന സൌകര്യങ്ങള്‍ ഓഫീസ് രേഖകള്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിശോധിക്കുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

7. മജ്‌ലിസ് ഫെസ്‌റ്

വിദ്യാര്‍ത്ഥികളുടെ വിജ്ഞാന കലാസാഹിത്യ കഴിവുകള്‍ ലക്ഷ്യബോധത്തോടെ പരിപോഷിപ്പിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കുന്നു.അതിനായി വര്‍ഷം തോറം മജ്‌ലിസ് ഫെസ്‌റ് സംഘടിപ്പിക്കുന്നു. ഇടവിട്ട വര്‍ഷങ്ങളില്‍ യഥാക്രമം മദ്‌റസ, സ്‌കൂള്‍,കോളജ് എന്നിവക്കായി ഫെസ്‌റുകള്‍ സംഘടിപ്പിക്കുന്നു. ഒന്നാം ഘട്ടത്തില്‍ സ്ഥാപന തല ഫെസ്‌റുകളും രണ്ടാം ഘട്ടത്തില്‍ മേഖലാ തല ഫെസ്‌റുകളും മൂന്നാം ഘട്ടത്തില്‍ സംസ്ഥാന ഫെസ്‌റും നടക്കുന്നു.

8. വിദ്യാര്‍ത്ഥചശറ്റക്ക് സ്‌കോളര്‍ഷിപ്പ്.

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഉന്നത പഠനത്തിലും പ്രൊഫഷണല്‍ കോഴ്‌സുകളിലും ചേര്‍ന്നിട്ടുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നു.

9. അധ്യാപക ക്ഷേമനിധി

മജ്‌ലിസ് സ്ഥാപനങ്ങളിലെ അധ്യാപകരുടേയും മറ്റു ജീവനക്കാരുടേയും ക്ഷേമത്തിനായി അധ്യാപക ക്ഷേമനിധി സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌റാമ്പ് വില്‍പനയിലൂടെയും ഉദാരമതികളുടെ സംഭാവനയിലൂടെയുമാണ് നിധി സമാഹരിക്കുന്നത്. മജ്‌ലിസ് സ്ഥാപനങ്ങളില്‍ 5 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയായിട്ടുള്ള അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഭവനനിര്‍മ്മാണം, വിവാഹം, കടബാധ്യത തീര്‍ക്കല്‍, ആശ്രിതരുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ധനസഹായം നല്‍കുന്നു. സര്‍വ്വീസ് കാലയളവില്‍ പതിനായിരം രൂപ വരെ സഹായം ലഭിക്കുന്നു. നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.

10.അധ്യാപക അവാര്‍ഡ്

മാതൃകാ യോഗ്യരായ അധ്യാപകര്‍ക്ക് 200405 വര്‍ഷം മുതല്‍ മജ്‌ലിസ് അധ്യാപക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. വ്യക്തിപരമായ കഴിവുകള്‍, ക്‌ളാസ് റൂം പ്രവര്‍ത്തനങ്ങള്‍,
പാഠ്യേതര പ്രവര്‍ത്തനത്തിലുള്ള സംഭാവനകള്‍, മജ്‌ലിസ് പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍, സൃഷ്ടിപരത തുടങ്ങിയവയാണ് അവാര്‍ഡിന് പരിഗണിക്കുന്ന വശങ്ങള്‍

10.എം.ടി.എസ്. എക്‌സാമിനേഷന്‍

വളരുന്ന തലമുറയുടെ കഴിവും നൈപുണ്യവും വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന തരത്തില്‍ അവരുടെ അക്കാദമിക മികവും ബുദ്ധിപരമായ കഴിവും മത്സര പരീക്ഷകളെ അഭിമുഖീകരിക്കാനുള്ളശേഷിയും
പരിപോഷിപ്പിക്കുന്നതിനുവേണ്ടി ആവിഷ്‌ക്കരിച്ച ശ്രദ്ധേയമായ പരിപാടിയാണ് മജ്‌ലിസ് ടാലെന്റ് സെര്‍ച്ച് (എം.ടി.എസ്.) എക്‌സാമിനേഷന്‍. 200304 വര്‍ഷം ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ആരംഭിച്ച പദ്ധതിയില്‍ 200506 ല്‍ മലയാളംമീഡിയംസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷയും ഉള്‍പ്പെടുത്തി.

മേല്‍ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും വിദ്യാഭ്യാസ മേഖലയെ പൊതുവായും ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയെ പ്രത്യേകമായും ബാധിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചകളും സംഘടിപ്പിക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.

http://majliskerala.org