വിവാഹപ്രായം: വിവാദം അനാവശ്യം

vivaham

കോഴിക്കോട്: വിഹാഹപ്രായവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പുതിയ വിവാദം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള ജനറല്‍ സെക്രട്ടറി പി. മുജീബുറഹ്മാന്‍ അറിയിച്ചു.
 
വിവാഹപ്രായം പതിനെട്ട് വയസ്സാക്കി നിജപ്പെടുത്തിയ സാഹചര്യത്തില്‍ മുസ്‌ലിം സമൂഹത്തിലെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്‌നത്തെക്കുറിച്ച് ആലോചിക്കാനും പരിഹാരം കണ്ടെത്താനുമാണ് കോട്ടുമല ബാപ്പുമുസ്‌ലിയാരുടെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തത്. ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികളും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. 
 നിശ്ചിത പ്രായം എത്തുന്നതിനുമുമ്പ് വിവാഹം നടത്തുന്നതിനെ നിരുത്സാഹപ്പെടുത്താനും സമുദായത്തെ ബോധവത്കരിക്കാനുമാണ് യോഗത്തിലുണ്ടായ പൊതുധാരണ. നിര്‍ബന്ധിതമായ ഏതെങ്കിലും സാഹചര്യത്തില്‍ പതിനെട്ട് വയസ്സിന് മുമ്പ് വിവാഹം നടന്നാല്‍ പ്രസ്തുത സംഭവങ്ങളില്‍ നിയമനടപടികള്‍ ഒഴിവാക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിക്കണമെന്നും യോഗത്തില്‍ ധാരണയുണ്ടായി. ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത പലരും പ്രകടിപ്പിച്ച അഭിപ്രായം യോഗത്തിന്റെ പൊതുധാരണയായി രൂപപ്പെടുകയാണ് ചെയ്തത്. ഈ ആവശ്യാര്‍ഥം നിയമനടപടിക്കുള്ള സാധ്യതകള്‍ പഠിക്കാനും ബോധവല്‍കരണ പരിപാടികളെക്കുറിച്ച് നിര്‍ദേശം സമര്‍പ്പിക്കാനുമുള്ള കമ്മറ്റികള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. ഇതിലുപരിയായ എന്തെങ്കിലും തീരുമാനങ്ങളെടുക്കുകയോ പ്രായോഗിക നടപടികളെക്കുറിച്ച് തീരുമാനിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ വിവാദങ്ങള്‍ അനവസരത്തിലാണെന്ന് അദ്ദേഹം വിശദീകരിച്ചു.