ഭാവിരാഷ്‌ട്രീയം കാമ്പസുകളില്‍ നിന്നും രൂപപ്പെടും

shihab
എസ്.ഐ.ഒ മുപ്പതാം വയസ്സിലേക്ക് കടക്കുമ്പോഴാണ് താങ്കള്‍ നേതൃത്വത്തിലേക്ക് വരുന്നത്. എസ്.ഐ.ഒവിന്റെ കഴിഞ്ഞ കാല പ്രയാണങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
 
 ഇരുപതാം നൂറ്റാണ്ടിലെ സവിശേഷമായ ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നത്. അജയ്യമായ ദാര്‍ശനിക പദ്ധതിയെന്ന് കൊട്ടിയാഘോഷിച്ചിരുന്ന കമ്യൂണിസത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തകര്‍ച്ച, രാഷ്ട്രീയാത്മീയതയുടെ (ജീഹശശേരമഹ ടുശൃശൗേമഹശ്യേ) മുന്നേറ്റം എന്ന് മിഷേല്‍ ഫൂക്കോ വിശേഷിപ്പിച്ച ഇറാനിലെ ജനകീയ ഇസ്‌ലാമിക വിപ്ലവങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായ വര്‍ധിത ആവേശത്തോടുകൂടിയ ഇസ്‌ലാമിക നവജാഗരണ മുന്നേറ്റങ്ങള്‍, ഇത്തരം മാറ്റങ്ങളിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും പങ്കാളിത്തം എന്നിവ നല്‍കിയ ഊര്‍ജമാണ് ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ എന്ന ആശയത്തിന് ബീജാവാപം നല്‍കിയത്. മതേതരാനന്തര ലോകം (ജീേെ ടലരൗഹമൃ) എന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്ന പ്രതിഭാസത്തിന്റെ തുടക്കമായി പലരും ആ ഘട്ടത്തെ അടയാളപ്പെടുത്തുന്നുണ്ട്. മതേതര പൊതുമണ്ഡലത്തിന്റെ ഊട്ടുപുരകള്‍ (എലലറശിഴ ഏൃീൗിറ) എന്നറിയപ്പെട്ടിരുന്ന കാമ്പസുകളില്‍ തന്നെയാണ് ഇതിന്റെ പ്രതിഫലനങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ദൃശ്യമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടു തുടങ്ങി. ഇന്ത്യയില്‍ അതുവരെ നിലനിന്നിരുന്ന രാഷ്ട്രീയ ഘടനയിലും സംവിധാനങ്ങളിലും വലിയ രീതിയിലുള്ള അവിശ്വാസം പ്രകടമായിത്തുടങ്ങിയ കാലംകൂടിയായിരുന്നു അത്. ദേശത്തിന്റെ മുഖ്യധാരയില്‍ നിന്ന് അരികുകളിലേക്ക് തള്ളിമാറ്റപ്പെടുകയോ നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്തവര്‍ പുതിയ ചോദ്യങ്ങളുയര്‍ത്തുന്ന സന്ദര്‍ഭമാണിത്. സാമൂഹിക പുനര്‍നിര്‍മാണത്തെക്കുറിച്ച ആലോചനകള്‍ ശക്തമായി തുടങ്ങുന്നതും വ്യതിരിക്തമായ ദാര്‍ശനിക പദ്ധതികളെക്കുറിച്ചുള്ള തീക്ഷ്ണമായ സംവാദങ്ങള്‍ ഇന്ത്യയിലെ സാമൂഹിക ശ്രേണിയിലെ ഏറ്റവും അടിത്തട്ടില്‍ നിന്ന് ഉച്ചത്തിലുയര്‍ന്നുവന്നതും ഈ ഘട്ടത്തിലാണ്. ഇസ്‌ലാമിക വിദ്യാര്‍ഥിപ്രസ്ഥാനം ഇന്ത്യയില്‍ രൂപംകൊള്ളുന്നതും ഈ സന്ദര്‍ഭത്തിലാണ്. പേര് സൂചിപ്പിക്കുന്നതുപോലെ ഇസ്‌ലാമിന്റെ സൗന്ദര്യത്തെയും അനുഭൂതികളെയും ദാര്‍ശനിക ഗാംഭീര്യത്തെയും സര്‍ഗാത്മകമായി ആവിഷ്‌ക്കരിച്ച് മുന്നേറുക എന്നതാണ് എസ്.ഐ.ഒ സ്വീകരിച്ച നിലപാട്. പ്രമാണങ്ങളെ കാലത്തിന്റെയും ദേശത്തിന്റെയും സാഹചര്യങ്ങളില്‍ നിന്ന് വികസിപ്പിച്ച് ജീവന്‍ നല്‍കിയ എസ്.ഐ.ഒവിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ മാതൃകകള്‍ സൃഷ്ടിച്ചതങ്ങനെയാണ്. ദാര്‍ശനിക മേഖലകളിലും പ്രവര്‍ത്തന ശൈലിയിലും വ്യതിരിക്തമായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ എസ്.ഐ.ഒവിന് സാധിച്ചിട്ടുണ്ട്. ഇസ്‌ലാമിനെ ആത്മവിശ്വാസത്തോടെ പ്രതിനിധീകരിക്കാനുള്ള ബോധ്യങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിലും എസ്.ഐ.ഒ വലിയ തോതില്‍ വിജയിച്ചിട്ടുണ്ട്.
 
 
 
പുതിയ പ്രവര്‍ത്തനകാലയളവിലെ ആന്തരികവും ബാഹ്യവുമായ ഇടപെടലുകളുടെ മുന്‍ഗണനാക്രമങ്ങള്‍? അവയെ നിര്‍ണയിച്ച അടിസ്ഥാനങ്ങള്‍ എന്തൊക്കെയാണ്?
 
 
ആഭ്യന്തര തലത്തില്‍ രണ്ടു സുപ്രധാനമായ ഊന്നലുകളാണ് ഈ കാലയളവില്‍ സ്വീകരിക്കുന്നത്. അതില്‍ ഒന്നാമത്തേത്, അംഗങ്ങളുടെ നേതൃശേഷിയെയും വ്യക്തിത്വത്തെയും ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ പരിപോഷിക്കുക എന്നതാണ്. എസ്.ഐ.ഒ ഉള്‍ക്കൊള്ളുന്നത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ യുവവിഭവശേഖരത്തെയാണ്. അവരെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാവി നേതൃത്വമാകാന്‍ പ്രാപ്തിയുള്ളവരാക്കുന്ന ആത്മീയവും ഭൗതികവുമായ കരുത്ത് അവരില്‍ വികസിപ്പിക്കുക എന്നത് പാര്‍ട്ടിയുടെ പ്രഥമ പരിഗണന തന്നെയാണ്. രണ്ടാമത്തേത് ഘടനാപരമായ വികസനമാണ്. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ ഫലം കൂടുതല്‍ ജനവിഭാഗങ്ങളിലെത്തിക്കുന്നതിനും വേണ്ടി കൂടുതല്‍ വികേന്ദ്രീകൃതമായ പ്രവര്‍ത്തന ശൈലിയാണ് ഈ പ്രവര്‍ത്തന കാലയളവില്‍ സ്വീകരിക്കാന്‍ പോകുന്നത്. ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലക്ക് അത് സുപ്രധാനമായ തീരുമാനമാണ്.
 
 
പൊതു പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ രണ്ടു പ്രധാന നയങ്ങളിലാണ് എസ്.ഐ.ഒ ഇപ്പോള്‍ ഊന്നുന്നത്. അതില്‍ ഒന്ന്, കാമ്പസ് രാഷ്ട്രീയത്തെ സംബന്ധിച്ച പരമ്പരാഗത തീര്‍പ്പുകളെ പൊളിച്ചെഴുതുക എന്നതാണ്. കാമ്പസ് രാഷ്ട്രീയം എന്നാല്‍ കാമ്പസ് യൂനിയന്‍ ഇലക്ഷനുകളാണ് എന്ന ലഘൂകരണത്തെ മറികടന്ന് കാമ്പസിന്റെ കല, ആത്മീയത, അക്കാദമിക്‌സ്, പരിസ്ഥിതി, മറ്റു സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയിലേക്ക് കടന്നു ചെല്ലുന്ന മാതൃകാ രാഷ്ട്രീയ സംസ്‌കാരത്തെ കൂടുതല്‍ സജീവമാക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്.
 
 
രണ്ടാമത്തേത്, ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത സാമൂഹിക, ലിംഗ, മത, ജാതി വിഭാഗങ്ങളുമായി ചേര്‍ന്നു നിന്നു പ്രവര്‍ത്തിക്കുക എന്നതാണ്. അവരുമായി യോജിക്കുന്ന പൊതുവായ ഇടം വികസിപ്പിക്കും. ഇത്തരത്തില്‍ കക്ഷി രാഷ്ട്രീയത്തില്‍ നിന്ന് മാറി വ്യത്യസ്തമായ പ്രതിരോധ ശ്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ വേദിയില്‍ പരിചയപ്പെടുത്തുക എന്നതും സമഭാവനയോടെ സഹകരിക്കുക എന്നതും ഈ പ്രവര്‍ത്തന കാലയളവിലെ മുഖ്യനയമായി എസ്.ഐ.ഒ വികസിപ്പിക്കും. സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട് ആദര്‍ശപരമായി സംവദിക്കാനുള്ള ആര്‍ജവമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ നയപരമായ വികാസത്തിന്റെ ഒരു കണ്ണിചേരല്‍ കൂടി ഇതിലൂടെ എസ്.ഐ.ഒ സാധ്യമാക്കുന്നു. എസ്.ഐ.ഒവിന്റെ വൈവിധ്യത്തെ കൂടുതല്‍ പ്രകാശിപ്പിക്കാന്‍ ഈ നയപരമായ ഊന്നലിലൂടെ സാധ്യമാകുന്നു. തഹ്‌രീര്‍ സ്‌ക്വയര്‍, തുനീഷ്യ തുടങ്ങിയവിടങ്ങളില്‍ ഇത്തരത്തിലുള്ള മുന്നേറ്റത്തിന് മതത്തിനുള്ള പ്രാപ്തിയെ ഉപയോഗിച്ചതുപോലെയുള്ള വിപ്ലവമാതൃകയാണ് ഇസ്‌ലാമിന്റെ ഭാഗത്ത് നിന്നു എസ്.ഐ.ഒ സാധ്യമാക്കി തീര്‍ക്കുന്നത്.
 
 
 
കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിലെ കാമ്പസുകളില്‍ ഇടപെടുന്ന പ്രസ്ഥാനമെന്ന നിലയില്‍ ഏത് രീതിയിലുള്ള മാറ്റമാണ് കാമ്പസുകളില്‍ എസ്.ഐ.ഒ സാധ്യമാക്കിയത്?
 
 
കേരളത്തിലെ കാമ്പസുകളില്‍ ജനാധിപത്യവല്‍ക്കരണത്തിന് ഏറെ സഹായകരമാവുന്ന രീതിയിലുള്ള ഇടപെടലുകളാണ് എസ്.ഐ.ഒ നടത്തിയത്. പാര്‍ട്ടി ഓഫീസുകളായി പ്രവര്‍ത്തിക്കുന്ന പല കാമ്പസുകളിലും കയറിച്ചെല്ലാനും ജനാധിപത്യപരമായ ഇടെപടലുകള്‍ നടത്താനും എസ്.ഐ.ഒവിന് സാധിച്ചു. സര്‍ഗാത്മക കാമ്പസ് എന്ന എസ്.ഐ.ഒവിന്റെ മുദ്രാവാക്യം കാമ്പസുകള്‍ സ്വീകരിച്ചു. കേരളത്തിലെ കാമ്പസുകളെ അടക്കിഭരിച്ചിരുന്ന ഇടത് ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായി ക്രിയാത്മക പ്രതിപക്ഷമായി മാറാനും എസ്.ഐ.ഒവിന് സാധിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ ഈ രാഷ്ട്രീയ മുന്നേറ്റത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം കേരളത്തിലെ കാമ്പസുകള്‍ക്ക് പുതിയൊരു രാഷ്ട്രീയ ഭാവുകത്വത്തെ (ടലിശെയശഹശ്യേ) പരിചയപ്പെടുത്താനാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്. ദേശ രാഷ്ട്രത്തെ മുന്‍നിര്‍ത്തി, അവകാശങ്ങളെ കുറിച്ച് മാത്രം സംവദിക്കുന്ന, യൂനിയന്‍ ഇലക്ഷന്‍ മാത്രം ലക്ഷ്യംവെക്കുന്ന വിദ്യാര്‍ഥി രാഷ്ട്രീയ ശൈലിക്കുപകരം വിദ്യാര്‍ഥികളുടെ ആത്മീയ രാഷ്ട്രീയ ബൗദ്ധിക തലങ്ങളെ അഭിമുഖീകരിക്കുന്ന പുതിയൊരു പ്രവര്‍ത്തന ശൈലി കാഴ്ച്ചവെക്കണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്.
 
 
 
തീര്‍ത്തും അരാഷ്ട്രീയമായ കാമ്പസുകളില്‍ എസ്.ഐ.ഒവിന്റെ ഇടപെടലുകള്‍ ദുര്‍ബലമായി പോവുകയല്ലേ ചെയ്യുന്നത്?
 
 
കാമ്പസുകള്‍ തീര്‍ത്തും അരാഷ്ട്രീയമെന്ന വാദത്തോട് തന്നെ യോജിപ്പില്ല. മുഖ്യധാരാ മതേതര രാഷ്ട്രീയത്തിന്റെ ജീര്‍ണതകളും ആശയപരമായ ദൗര്‍ബല്യങ്ങളും ചൂണ്ടിയാണ് പലരും കാമ്പസിനെ കുറിച്ചും പൊതുസമൂഹത്തെക്കുറിച്ചുമെല്ലാം അരാഷ്ട്രീയം എന്ന് വിളിക്കുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ അത് ശരിയുമാണ്. പക്ഷേ, മറുവശത്ത് മതധാര്‍മിക പ്രസ്ഥാനങ്ങളും, സ്ത്രീ, പരിസ്ഥിതി, ദലിത് രാഷ്ട്രീയ ബോധമുണര്‍ത്തുന്ന രാഷ്ട്രീയ ചലനങ്ങളും കാമ്പസുകളില്‍ ഇന്ന് പ്രബലമാണ്. എസ്.ഐ.ഒ തന്നെ നടത്തിയ ബിനായക്‌സെന്‍ കാമ്പയിന്‍, ഗസ്സ ഐക്യദാര്‍ഢ്യദിനം, ഇറോം ഷര്‍മിള കാമ്പയിന്‍, ഫിലിംഫെസ്റ്റിവെല്‍, മനുഷ്യാവകാശ കൂട്ടായ്മകള്‍ എന്നിവക്ക് കാമ്പസുകളില്‍ വലിയ വിദ്യാര്‍ഥി പിന്തുണയാണ് ലഭിച്ചത്. ഇന്ന് മറ്റു വിദ്യാര്‍ഥി സംഘടനകളും അതേ വഴി പിന്തുടരുന്നുണ്ട്. മതേതര ഇടതുഭാവനകളില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ മുന്നേറ്റങ്ങളെയാണ് അരാഷ്ട്രീയം എന്ന് വിളിക്കുന്നതെങ്കില്‍ അത് കണ്ണടച്ച് ഇരുട്ടാക്കല്‍ മാത്രമാണ്. പിന്നെ ക്യൂബയെക്കുറിച്ചും ഫ്രാന്‍സിലെ വിപ്ലവത്തെക്കുറിച്ചും പറയുന്നത് രാഷ്ട്രീയവും തഹ്‌രീര്‍ സ്‌ക്വയറിനെക്കുറിച്ച് സംസാരിക്കുന്നത് അരാഷ്ട്രീയവുമെന്ന ധാരണ ലോകത്ത് രാഷ്ട്രീയ ഭൂപടത്തില്‍ തന്നെ വന്നുക്കൊണ്ടിരിക്കുന്ന പാരഡൈം ഷിഫ്റ്റുകളെ കാണാതെ/കണ്ടില്ലെന്ന് നടിച്ചുകൊണ്ടുള്ള സെക്യുലര്‍ ഭീതികള്‍ മാത്രമാണ്. തീര്‍ത്തും നവീനമായ ഒരു ജൈവരാഷ്ട്രീയം സാവധാനമാണെ ങ്കിലും കാമ്പസുകളില്‍ രൂപപ്പെട്ടുവരുന്നുണ്ട്.
 
 
 
ഒരു ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനമെന്ന നിലയില്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും അണിനിരത്താന്‍ എസ്.ഐ.ഒവിന് സാധിച്ചിട്ടുണ്ടോ?
 
 
ഈ ചോദ്യം തന്നെയും ഇസ്‌ലാമിന്റെ ചലനാത്മകതയെ പരിഗണിക്കാതെയുള്ളതാണ്. ജനങ്ങള്‍ (അന്നാസ്) ആണ് ഇസ്‌ലാമിന്റെ അഭിസംബോധിതര്‍. ആ നിലയിലാണ് എസ്.ഐ.ഒ അതിന്റെ പ്രവര്‍ത്തനങ്ങളെയും ആസൂത്രണം ചെയ്യുന്നത്. ഒരു ബഹുസ്വരസമൂഹത്തിലെ ഇസ്‌ലാമിക പ്രതിനിധാനം എങ്ങനെ എന്നതിന്റെ തികവുറ്റ മാതൃകകള്‍ ഇസ്‌ലാമിക സമൂഹത്തിന് മുന്നില്‍ നടന്ന് എസ്.ഐ.ഒ കാണിച്ചുനല്‍കിയിട്ടുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കുക, ആശീര്‍വദിക്കുക എന്നതിനപ്പുറം യാതൊരു കര്‍തൃത്വ മനോഭാവവുമില്ലാതെ സാഹോദര്യത്തിന്റെയും സമഭാവനയുടെയും അടിസ്ഥാനത്തില്‍ വിവിധ സാമൂഹിക രാഷ്ട്രീയ വിഭാഗങ്ങളുമായി ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിനാണ് എസ്.ഐ.ഒ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. വ്യത്യസ്ത മതജാതി വിഭാഗങ്ങളില്‍ പെടുന്ന ആളുകളെ സംഘടനയില്‍ ഉള്‍ക്കൊള്ളുക എന്നതിലപ്പുറം ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന നൈതിക/ധാര്‍മിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സാമൂഹിക മുന്നേറ്റം സാധ്യമാക്കാനാകുമോ എന്നാണ് എസ്.ഐ.ഒ അന്വേഷിക്കുന്നത്. ഇന്ത്യയുടെ സവിശേഷമായ ജാതി/സാമുദായിക അധികാര ശ്രേണിയില്‍ പുറമ്പോക്കുകളില്‍ കഴിയുന്ന വിഭാഗങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ മുന്നേറ്റം കാമ്പസുകളിലും സാധ്യമാവണമെന്ന് എസ്.ഐ.ഒ ആഗ്രഹിക്കുന്നു. ഈ അര്‍ഥത്തില്‍ സവിശേഷമായ രാഷ്ട്രീയ ഭാവനയെ രൂപപ്പെടുത്തുന്ന രീതിയിലുള്ള വിപുലമായ ഒരു വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ ഈ മീഖാത്തില്‍ സംഘടിപ്പിക്കണമെന്നും എസ്.ഐ.ഒ ആഗ്രഹിക്കുന്നുണ്ട്.
 
 
 
ഒരു വൈജ്ഞാനിക സമുദായം (ഗിീംഹലറഴല ഇീാാൗിശ്യേ) എന്ന രീതിയില്‍ മുസ്‌ലിം സമുദായത്തിലെ വിദ്യാര്‍ഥികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണല്ലോ ഇന്നു നാമുള്ളത്. ഇതിനെ എസ്.ഐ.ഒ എങ്ങനെയാണ് അഭിമുഖീകരിക്കുന്നത്?
 
 
വിവിധ വൈജ്ഞാനിക മേഖലകളിലും വൈജ്ഞാനിക സംവാദങ്ങളിലും സജീവ സാന്നിധ്യമായി മുസ്‌ലിം സമുദായത്തിലെ വിദ്യാര്‍ഥികള്‍ മാറിയിട്ടുണ്ട്. വൈജ്ഞാനിക മൂലധനം ആര്‍ജിച്ചുകൊണ്ട് ആത്മവിശ്വാസത്തോടുകൂടി നടത്തുന്ന ഇത്തരം മുന്നേറ്റങ്ങള്‍ ആധിപത്യ മുഖ്യധാരക്ക് സൃഷ്ടിച്ച അസ്വസ്ഥതകളാണ് ലൗ ജിഹാദ് വിവാദത്തിലൂടെ കേരളത്തില്‍ പുറത്ത് ചാടിയത്. വൈജ്ഞാനിക സമുദായം എന്ന രീതിയിലുള്ള ഇടപെടലുകള്‍ക്ക് എസ്.ഐ.ഒ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കേരളീയ പൊതുമണ്ഡലത്തെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രഭാഷണ പരമ്പര, എസ്.ഐ.ഒവിന്റെ മുഖപത്രമായ കാമ്പസ് അലൈവ്, എസ്.ഐ.ഒ പുറത്തിറക്കിയ ക്ലാസ്‌മേറ്റ്‌സ്, ബഷീറിന്റെ എഴുത്തറകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ ഈ അര്‍ഥത്തില്‍ കേരളത്തില്‍ ചര്‍ച്ചയായി തുടങ്ങിയിട്ടുണ്ട്. ഇവയെ മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം വൈജ്ഞാനിക ഉല്‍പാദന പ്രക്രിയയില്‍ (ഗിീംഹലറഴല ജൃീറൗരശേീി) ഇടപെടുന്ന വിദ്യാര്‍ഥി കൂട്ടായ്മകള്‍ രൂപവത്കരിക്കണമെന്ന് എസ്.ഐ.ഒ ആഗ്രഹിക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവരും ഗവേഷണ താല്‍പര്യമുള്ളവരുമായ വിദ്യാര്‍ഥികളുടെ ഒരു വേദി ഇതിനായി രൂപവത്കരിക്കും. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ഗവേഷണ സ്വഭാവത്തോടുകൂടിയുള്ള പുതിയ അന്വേഷണങ്ങള്‍ക്ക് എസ്.ഐ.ഒ തുടക്കമിടും. അതിന്റെ ഭാഗമായി ഇസ്‌ലാമിക് അക്കാഡമിക് കോണ്‍ഫറന്‍സ് വിപുലമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന് എസ്.ഐ.ഒ ആഗ്രഹിക്കുന്നു.
 
 
 
വിദ്യാര്‍ഥി സംഘടന എന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങളോട് എസ്.ഐ.ഒവിന്റെ പ്രതികരണം എന്തായിരിക്കും?
 
 
വിദ്യാര്‍ഥിവിദ്യാഭ്യാസ പ്രശ്‌നങ്ങളെ എസ്.ഐ.ഒ സവിശേഷമായി തന്നെ അഭിമുഖീകരിക്കാറുണ്ട്. ആരുടെ വിദ്യാഭ്യാസ പ്രശ്‌നങ്ങളാണ് സമരകോലാഹലങ്ങളായി കേരളത്തില്‍ ഉയര്‍ന്നുവരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ഉദാഹരണമായി കേരളത്തില്‍ കുറച്ചുകാലങ്ങളായി സ്വാശ്രയ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമാണ് വലിയ കോലാഹലങ്ങള്‍ ഉയര്‍ത്താറുള്ളത്. എന്നാല്‍, ഇത് വിദ്യാഭ്യാസ മേഖലയിലെ ചെറിയൊരു ന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമാണ്. ഉന്നത വിദ്യാഭ്യാസ മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ് കേരളത്തില്‍. ഇതിനെ അഭിമുഖീകരിക്കണമെന്ന് എസ്.ഐ.ഒ ആഗ്രഹിക്കുന്നു. സ്വകാര്യം, പൊതു എന്നിങ്ങനെയുള്ള ദ്വന്ദ്വങ്ങളുയര്‍ത്തി വിദ്യാഭ്യാസ പ്രശ്‌നങ്ങളെ സമീപിക്കുന്നതിനുപകരം വൈജ്ഞാനിക മേഖലയിലെ വിവിധ സാമൂഹികസാമുദായിക വിഭാഗങ്ങളുടെ പങ്കാളിത്തം (ഘടനാപരവും ഉള്ളടക്കപരവുമായ) എന്നിവകൂടി കേരളത്തിന്റെ മുഖ്യധാരയില്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വലിയ രീതിയിലുള്ള സംവരണ അട്ടിമറി കാലങ്ങളായി നടക്കാറുണ്ട്. എന്നാല്‍, ഇത് ഒരു പ്രശനമായി ആരും ഉയര്‍ത്തിക്കൊണ്ടുവരാറില്ല. ഇതുപോലെ വിദ്യാഭ്യാസ മേഖലയിലെ പ്രാദേശികവും സാമുദായികവുമായ വിവേചനങ്ങളെക്കൂടി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എസ്.ഐ.ഒ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മേഖലയില്‍ നീതി, ഗുണനിലവാരം, പ്രാപ്യത(അരരലശൈയഹശ്യേ), പുതിയ അവസരങ്ങള്‍ ലഭ്യമാക്കുക എന്നിവ മുന്‍നിര്‍ത്തിയുള്ള ഇടപെടലുകളായിരിക്കും എസ്.ഐ.ഒ നടത്തുന്നത്.
 
 
 
വിദ്യാഭ്യാസ മേഖലയില്‍ ആഗോളീകരണം സൃഷ്ടിച്ച മാറ്റങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
 
 
ആഗോളീകരണം വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധികള്‍ മാത്രമാണ് സൃഷ്ടിച്ചത് എന്ന വാദത്തോട് എസ്.ഐ.ഒവിന് യോജിപ്പില്ല. ആഗോളീകരണം വിദ്യാഭ്യാസ മേഖലയില്‍ വലിയ സാധ്യതകളും വെല്ലുവിളികളും സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ രണ്ടിനെയും കണ്ടുകൊണ്ടുള്ള സമീപനങ്ങളായിരിക്കും എസ്.ഐ.ഒ സ്വീകരിക്കുക. വിദ്യാഭ്യാസ മേഖലയില്‍ വരുന്ന ഗുണപരമായ മാറ്റങ്ങളെയും അവസരങ്ങളെയും സ്വീകരിക്കുകയും അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള വഴികള്‍ നിര്‍ദേശിക്കുകയും ചെയ്യുക എന്നതാണ് എസ്.ഐ.ഒവിന്റെ സമീപനം. അതോടൊപ്പം പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിധമുള്ള വിദ്യാഭ്യാസ മേഖലയിലെ പകല്‍കൊള്ളയെ ചെറുക്കാനും എസ്.ഐ.ഒ മുന്‍നിരയിലുണ്ടാവും.
 
 
 
എസ്.ഐ.ഒ വളരെ വ്യവസ്ഥാപിതമായി തന്നെ കലാ സങ്കേതങ്ങളുടെ പ്രോത്സാഹനവും വിനിയോഗവും നടത്തുന്ന സംഘടനയാണ്. കലക്ക് ഊന്നല്‍ കൊടുക്കുന്ന ഈ പൈതൃകത്തിന്റെ അടിസ്ഥാനം?
 
 
ഒരേസമയം മതയാഥാസ്ഥിതികതയുടെ പ്രതിലോമ നിലപാടിനോടുള്ള തിരുത്തും നവോത്ഥാനത്തെ സംബന്ധിച്ച മതേതരനാട്യത്തോടുള്ള കലാപവുമാണ് എസ്.ഐ.ഒവിന്റെ കലാസാഹിത്യ ഇടപെടലുകള്‍. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പൈതൃകം തന്നെ കലാസങ്കേതങ്ങളോട് ക്രിയാത്മകമായ സമീപനം ആണ് പുലര്‍ത്തിയത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഒരു ജനകീയ പ്രസ്ഥാനമായി വളര്‍ന്നുവന്നതില്‍ ഇമാം ഹസനുല്‍ ബന്നാ പ്രോത്സാഹിപ്പിച്ചെടുത്ത നാടകവേദി വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിന്റെ തന്നെ ഊര്‍ജത്തില്‍ തുനീഷ്യയിലും മറ്റു അറബ് രാജ്യങ്ങളിലുമുണ്ടായ വിപ്ലവങ്ങളില്‍ സംഗീതം പോലുള്ളവ ചെലുത്തിയ സ്വാധീനം എടുത്തു പറയേണ്ടതാണ്. എല്‍ ഗനറല്‍ എന്ന ഇസ്‌ലാമിസ്റ്റ് റാപ് ബാന്റ് ആണ് തുനീഷ്യയില്‍ വിപ്ലവത്തിന് തിരി കൊളുത്തിയത്. ഈ പൈതൃകത്തെയാണ് എസ്.ഐ.ഒ നെഞ്ചോട് ചേര്‍ത്തു പിടിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി എസ്.ഐ.ഒവിന്റെ കലാ ഇടപെടലുകളെ സംഘടിപ്പിക്കുന്ന സംവേദനവേദി മത സംവിധാനങ്ങളില്‍, കേരളത്തിലെ ആദ്യത്തെ കലാവേദിയാണ് എന്നു തന്നെ പറയാം. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ സ്വാധീനം ചെലുത്തിയ, മത മൂല്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ള വിവിധ കലാരൂപങ്ങളെ സംരക്ഷിക്കുകയും അതുവഴി നവോത്ഥാനത്തെ സംബന്ധിച്ച വ്യാജസെക്യുലര്‍ നാട്യങ്ങളെ പൊളിക്കുക എന്ന ധാര്‍മിക ബാധ്യതയും എസ്.ഐ.ഒ ഏറ്റെടുത്തിരിക്കുന്നു.
 
 
 
സമൂഹ പുനര്‍നിര്‍മാണത്തിന് വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണല്ലോ എസ്.ഐ.ഒവിന്റെ ലക്ഷ്യം. ഈ അര്‍ഥത്തില്‍ സംഘടനയുടെ വ്യാപനത്തിന് സംഘടനയില്‍ അണിചേര്‍ന്നിട്ടുള്ളവരുടെ ശാക്തീകരണത്തിനും എസ്.ഐ.ഒ സ്വീകരിക്കുന്ന വഴികളെന്താണ്?
 
 
സംഘടനാ വൃത്തത്തില്‍ അണിചേര്‍ന്നവരുടെ വ്യക്തി വിശുദ്ധിയും വൈജ്ഞാനികവും സദാചാരപരവും ആത്മീയവുമായ വളര്‍ച്ചയും എസ്.ഐ.ഒവിന്റെ മുന്‍ഗണനാ ക്രമങ്ങളില്‍ പ്രാധാന്യമുള്ള ഒന്നാണ്. കാരണം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലേക്ക് വിശാലമായ അര്‍ഥത്തില്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് എസ്.ഐ.ഒവിന്റെ ലക്ഷ്യം. ഇതിന് ഉതകുന്ന രീതിയില്‍ ഒരാളുടെ വ്യക്തിത്വ രൂപവത്കരണം സാധ്യമാകുന്നത് എസ്.ഐ.ഒവിലൂടെയാണ്. അതുകൊണ്ടാണ് മറ്റൊരു സംഘടനക്കും ഇല്ലാത്തവിധം പ്രാദേശിക സംഘാടനത്തിനും പ്രവര്‍ത്തനത്തിനും എസ്.ഐ.ഒ വലിയ രീതിയിലുള്ള പ്രാധാന്യം നല്‍കുന്നത്. ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുന്നവരുടെ വ്യക്തിത്വരൂപവത്കരണം, സംസ്‌കരണം, സംഘടനയുടെ വ്യാപനം എന്നിവയാണ് പ്രാദേശിക സംഘടനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
 
 
============
 
 
(ശിഹാബ് പൂക്കോട്ടൂര്‍: മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ സ്വദേശി. അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ ശാന്തപുരം, ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി ഹൈദരാബാദ്, യൂനിവേഴ്‌സിറ്റി ഓഫ് മദ്രാസ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. അറബിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും, സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ ഡിപ്ലോമയും കരസ്ഥമാക്കി. ഭആധിപത്യത്തിന്റെ സവര്‍ണ മുഖങ്ങള്‍' എന്ന പേരില്‍ പുസ്തകം രചിച്ചിട്ടുണ്ട്).