സമുദായത്തെ കല്യാണപ്പന്തലില്‍ കെട്ടിയിടരുത്

t. arifali
മാധ്യമങ്ങള്‍ പിന്നെയും മുസ്ലിം സ്ത്രീകളെ ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. വിവാഹപ്രായവുമായി ബന്ധപ്പെട്ടാണ് ഇത്തവണ വിവാദങ്ങള്‍. എന്തു തോന്നുന്നു?
=: നിര്‍ഭാഗ്യകരമാണ് ഈ വിവാദങ്ങള്‍. ഉണ്ടായിട്ടില്ലാത്ത ഒരു വിഷയത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത വിവാദമാണ് നടക്കുന്നത്.
അതായത്, പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18 വയസ്സായിരിക്കണം എന്ന നിയമം മാറ്റിക്കിട്ടാന്‍ മുസ്ലിം സംഘടനകളൊന്നടങ്കം സുപ്രീംകോടതിയിലേക്ക് പോകാന്‍ തീരുമാനിച്ച വാര്‍ത്ത ശരിയല്‌ളെന്നാണോ?
= : ശരിയല്ല.

എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത്? ജമാഅത്തെ ഇസ്ലാമിയുടെ ഉപാധ്യക്ഷനായ എം.കെ. മുഹമ്മദലിയും യോഗത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
= : കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ഇ.കെ വിഭാഗം സമസ്തയുടെ പ്രമുഖ നേതാവുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ വിളിച്ചു ചേര്‍ത്ത യോഗമായിരുന്നു അത്. ശൈശവ വിവാഹ നിരോധന നിയമം അടുത്തിടെ കര്‍ശനമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ പല മുസ്ലിം കുടുംബങ്ങളും മഹല്ല് കമ്മിറ്റികളും അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. അതായത്, 18 വയസ്സിനുമുമ്പ് വിവാഹിതരായ ഒട്ടേറെ പേര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ കുട്ടികളും കുടുംബവുമൊക്കെയായി സ്വസ്ഥമായി ജീവിക്കുകയാണ്. പക്ഷേ, അവര്‍ പലവിധ നിയമപ്രശ്‌നങ്ങളും അനുഭവിക്കുന്നു. പ്രത്യേകിച്ച് പാസ്‌പോര്‍ട്ട് എടുക്കുക, ഭര്‍ത്താവിന്റെ കൂടെ വിദേശത്ത് പോവുക തുടങ്ങിയ കാര്യങ്ങള്‍ക്കായി ഔദ്യോഗിക ഏജന്‍സികളെ സമീപിക്കുമ്പോഴാണ് തങ്ങളുടെ ‘നിലനില്‍പിന്റെതന്നെ നിയമവിരുദ്ധത’ അവര്‍ മനസ്സിലാക്കുന്നത്. അതുപോലെ, ഇത്തരം വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച മഹല്ല് ഖാദിമാര്‍, മഹല്ല് കമ്മിറ്റികള്‍ എന്നിവരെല്ലാം നിയമനടപടികളും പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേരളത്തില്‍ ഏറ്റവുമധികം മഹല്ലുകള്‍ നിയന്ത്രിക്കുന്നവര്‍ എന്ന കാരണത്താല്‍ ഇ.കെ വിഭാഗം സുന്നികള്‍ ഇക്കാര്യത്തില്‍ പ്രത്യേകം താല്‍പര്യമെടുത്തതും മനസ്സിലാക്കാവുന്നതാണ്. സമുദായത്തിന്റെ പൊതുവായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ക്കുന്ന വേദികളില്‍ താല്‍പര്യപൂര്‍വം പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്യുകയെന്നത് ജമാഅത്തെ ഇസ്ലാമിയുടെ നയമാണ്. ആ അടിസ്ഥാനത്തിലാണ് സമുദായത്തിലെ ഒരു പ്രമുഖ സംഘടനാ നേതാവും സര്‍ക്കാര്‍ സ്ഥാപനമായ കേരള ഹജ്ജ് കമ്മിറ്റിയുടെ ചെയര്‍മാനുമായ ബാപ്പു മുസ്ലിയാര്‍ വിളിച്ച യോഗത്തില്‍ ജമാഅത്ത് പങ്കെടുക്കുന്നത്.

സുപ്രീംകോടതിയില്‍ പോകാനുള്ള തീരുമാനം?
= : സുപ്രീംകോടതിയില്‍ പോകാന്‍ ആ യോഗത്തില്‍ തീരുമാനമുണ്ടായിട്ടില്ല. 18 വയസ്സിനു മുമ്പ് വിവാഹം കഴിഞ്ഞവരും അതുമായി ബന്ധപ്പെട്ടവരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇത് എങ്ങനെ മറികടക്കുമെന്ന ആലോചനയുണ്ടായി. ഇത് മറികടക്കാന്‍ ഇത് നടത്താതിരിക്കുക എന്നതുതന്നെയാണ് ഏറ്റവും മികച്ച പോംവഴി. അതായത്, ശൈശവ വിവാഹത്തിനെതിരെ മഹല്ല് തലങ്ങളില്‍ ശക്തമായ ബോധവത്കരണം നടക്കണം. അത്തരം വിവാഹങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി കാര്‍മികത്വം വഹിക്കില്ല എന്നു തീരുമാനിക്കണം. ഇതാണ് ശരിയായ വഴി എന്നതാണ് പൊതുവെ അംഗീകരിക്കപ്പെട്ട നിര്‍ദേശം. നിലവില്‍ വിവാഹം കഴിഞ്ഞവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ മറികടക്കാന്‍ നിയമവിദഗ്ധരുമായി ചേര്‍ന്ന് ആലോചിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു. ആലോചനകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കുമൊടുവില്‍ രണ്ട് കമ്മിറ്റികള്‍ രൂപവത്കരിക്കുകയാണ് അവിടെയുണ്ടായത്. ഒന്ന്, നിയമപ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനുള്ള കമ്മിറ്റി. രണ്ടാമത്തേത്, വിവാഹനിയമങ്ങളുമായി ബന്ധപ്പെട്ട് സമുദായാംഗങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കാനുള്ള കമ്മിറ്റി. ഈ കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് അവരുടെ നിര്‍ദേശങ്ങള്‍ സംഘടനാ നേതൃത്വത്തെ വിളിച്ചുചേര്‍ത്ത് അറിയിക്കുകയാണ് സ്വാഭാവികമായും വേണ്ടത്. എന്നാല്‍, കമ്മിറ്റിയില്‍ പങ്കെടുത്ത ചിലര്‍ 18 വയസ്സ് എന്ന നിയമം മാറ്റാനാവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാധ്യമങ്ങളെ അറിയിച്ചു. ഇത് സ്വാഭാവികമായും വിവാദങ്ങള്‍ വിളിച്ചുവരുത്തുകയായിരുന്നു. യഥാര്‍ഥത്തില്‍, മുസ്ലിം സംഘടനാ നേതാക്കളുടെ സംയുക്ത യോഗത്തില്‍ അങ്ങനെയൊരു തീരുമാനമുണ്ടായിട്ടില്ല. എന്നല്ല, ശൈശവ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നതാണ് അവിടെയുണ്ടായ പൊതുവികാരം.

18 വയസ്സിലേ വിവാഹം പാടുള്ളൂവെന്നത് മുസ്ലിം വ്യക്തിനിയമത്തിന് എതിരാണ് എന്നതാണ് വാദം. ശരീഅത്താണ് മുസ്ലിം വ്യക്തി നിയമത്തിന്റെ അടിസ്ഥാനം. ശരീഅത്തുമായി ഏറ്റുമുട്ടുന്ന ഒരു നിയമത്തെ എങ്ങനെയാണ് കാണുന്നത്? വ്യക്തിനിയമം ഭരണഘടന അനുവദിക്കുന്ന അവകാശമാണെന്നും ശൈശവ വിവാഹ നിരോധന നിയമം ആ അവകാശത്തെ ഹനിക്കുന്നുവെന്നുമാണ് വാദം.
= : 18 വയസ്സ് എന്ന നിശ്ചയം ശരീഅത്തുമായി ഏറ്റുമുട്ടുന്നുവെന്നത് ശരിയല്ല. കാരണം, ശരീഅത്തില്‍ വിവാഹപ്രായം ഖണ്ഡിതമായി പറയുന്നില്ല. അങ്ങനെ പറയാത്തിടത്തോളം, ഒരു നാട്ടിന്റെ സാഹചര്യങ്ങള്‍, സാമൂഹിക സ്ഥിതി തുടങ്ങിയവവെച്ച് രൂപപ്പെടുത്തിയ ഒരു നിയമം ശരീഅത്തിന് എതിരാണെന്ന് പറയാന്‍ കഴിയില്ല. 18 വയസ്സിന് മുമ്പുതന്നെ വിവാഹം കഴിച്ചിരിക്കണമെന്ന് ശരീഅത്തില്‍ എവിടെയും പറയുന്നില്ല. എന്നല്ല, ചെറുപ്രായത്തില്‍ വിവാഹം കഴിക്കണമെന്നത് നിലവില്‍ സമുദായത്തിന്റെ ഒരു അവകാശമായി ഉയര്‍ത്തേണ്ട കാര്യവുമല്ല. ഒരുപക്ഷേ, ഈ പ്രശ്‌നം കേരളത്തിലുള്ളതിനേക്കാള്‍ സജീവമായുണ്ടാവുക ഉത്തരേന്ത്യയിലായിരിക്കും. വ്യക്തിനിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുസ്ലിംകളുടെ ആധികാരിക പൊതുവേദിയായ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് ഇങ്ങനെയൊരു ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ പോയതായോ ചെറുപ്രായത്തിലെ വിവാഹ അവകാശത്തിനുവേണ്ടി കാമ്പയിന്‍ നടത്തിയതായോ അറിവില്ല. ആ നിലക്ക് നോക്കുമ്പോള്‍ അനാവശ്യമായ ഒരു ആവശ്യം കൃത്രിമമായി സൃഷ്ടിച്ച് അത് സമുദായത്തിനുമേല്‍ കെട്ടിയേല്‍പിക്കുകയാണ് ഇതിലൂടെ ഒരു വിഭാഗം ചെയ്തിരിക്കുന്നത്. സമുദായം ഇതില്‍നിന്നൊക്കെ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അവരെ പിന്നെയും കല്യാണപ്പന്തലില്‍ കെട്ടിയിടുന്നത് ശരിയല്ല.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പൊതുവെയും സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വിശേഷിച്ചും കേരളത്തിലെ മുസ്ലിം സമുദായം ഇന്ന് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. അത്തരമൊരു പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു വിവാദമുണ്ടായത് ആശ്ചര്യകരമല്‌ളേ?
= : തീര്‍ച്ചയായും. സമുദായത്തിന്റെ പൊതുവായ അവസ്ഥയോട് ചേര്‍ന്നുനില്‍ക്കുന്നതായില്ല ഈ വിവാദം. അതേസമയം, മുസ്ലിം വ്യക്തിനിയമം ഭീഷണികളെ നേരിടുന്നു, അതിനെതിരായ തീവ്രമതേതരവാദത്തിന്റെ കടന്നുകയറ്റമുണ്ടാകുന്നു തുടങ്ങിയ അരക്ഷിത ബോധം സമുദായത്തില്‍ ഇപ്പോഴുമുണ്ട്. അത് ഇങ്ങനെയൊരു നീക്കത്തിന് കാരണമായിട്ടുണ്ടാകാം.

മുസ്ലിം ലീഗിന്റെ രാഷ്ട്രീയതന്ത്രങ്ങള്‍ ഈ യോഗത്തിന് പിന്നിലുണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും വിഷയം പറഞ്ഞ് മുസ്ലിം സംഘടനകളെ വിളിച്ചുചേര്‍ത്ത് സമുദായ ധ്രുവീകരണമുണ്ടാക്കുകയെന്നത് ലീഗിന്റെ സ്ഥിരം പരിപാടിയാണെന്ന് പിണറായി വിജയനും ആരോപിച്ചിരിക്കുന്നു.
= : തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുകിട്ടാന്‍ വേണ്ടി മതസംഘടനകളെ മുസ്ലിം ലീഗ് ചിലപ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത മതസംഘടനകളെ ഒറ്റപ്പെടുത്താനും ഇതേ തന്ത്രം അവര്‍ പ്രയോഗിക്കാറുണ്ട്. പക്ഷേ, ഈ യോഗത്തില്‍ ലീഗിന്റെ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് തോന്നുന്നില്ല. കാരണം, ഈ സംഭവത്തില്‍ ഏറ്റവും വലിയ പരിക്കുപറ്റിയിരിക്കുന്നത് ലീഗിനുതന്നെയാണ്. ലീഗിന് വിധേയപ്പെട്ട് കഴിയുന്ന മതസംഘടനകളും നേതാക്കളുമാണ് ഈ യോഗത്തിന് കാര്‍മികത്വം വഹിച്ചത്. ലീഗ് നേതാക്കളില്‍ ചിലരും യോഗത്തില്‍ സജീവമായുണ്ടായിരുന്നു. എന്നാലും മുസ്ലിം ലീഗിന് പ്രസ്തുത യോഗവുമായോ വിവാദവുമായോ ബന്ധമുണ്ടെന്ന് കരുതുന്നില്ല.
സ്ത്രീധനം, മൈസൂര്‍ കല്യാണം, വിവാഹവുമായി ബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സമുദായത്തില്‍ ഉണ്ടായിരിക്കെ, അതൊന്നും പരിഹരിക്കാന്‍ കാര്യമായൊന്നും ചെയ്യാതെ മുസ്ലിം നേതൃത്വം ഇങ്ങനെയൊരു വിഷയത്തില്‍ ഒത്തുചേര്‍ന്നതിലെ അനൗചിത്യവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
= : മുന്‍ഗണനകളുടെ പ്രശ്‌നം ഇതിലുണ്ടെന്നത് ശരി തന്നെ. അതേസമയം, സ്ത്രീധനം പോലുള്ള ജീര്‍ണതകള്‍ക്കെതിരെ സമുദായ നേതൃത്വം ഒന്നും ചെയ്യുന്നില്ല എന്ന സാമാന്യവത്കരണവും ശരിയല്ല. സ്ത്രീധനത്തിന്റെ കാര്യത്തില്‍ നേരത്തേയുള്ളതില്‍നിന്ന് സമുദായം ഇന്ന് ഏറെ മുന്നോട്ടുപോയിട്ടുണ്ട്. മറ്റ് ഏത് സമുദായത്തേക്കാളും ഭദ്രതയാര്‍ന്ന കുടുംബസംവിധാനം ഇന്ന് മുസ്ലിം സമുദായത്തിലുണ്ട്. ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും ഈ വിഷയങ്ങളില്‍ ക്രിയാത്മകമായ ചുവടുകള്‍ വെക്കുന്നുമുണ്ട്. ഈ സെപ്റ്റംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ ഏഴു വരെ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍തന്നെ മുസ്ലിം സമുദായത്തിനകത്ത് കുടുംബ സംസ്‌കരണവുമായി ബന്ധപ്പെട്ട വിപുലമായ കാമ്പയിന്‍ നടക്കുന്നുണ്ട്. കുടുംബസംസ്‌കരണത്തിന്റെയും കുടുംബത്തിന്റെ ജനാധിപത്യവത്കരണത്തിന്റെയും ആശയങ്ങളുമായി കേരളത്തിലെ ഏതാണ്ടെല്ലാ മുസ്ലിം സംഘടനാ നേതാക്കളുമായി ജമാഅത്ത് നേതൃത്വം സംസാരിച്ചു കഴിഞ്ഞു. പ്രാദേശിക തലങ്ങളില്‍ വിപുലമായ ജനകീയ പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ആഹ്‌ളാദകരമാണ് അതിന് ലഭിക്കുന്ന പ്രതികരണങ്ങള്‍.

വളരെ പ്രത്യുല്‍പന്നമതികളും വിദ്യാസമ്പന്നരും പുതിയ ലോകത്തോട് സംവദിക്കാന്‍ കഴിയുന്നവരുമായ യുവതികളുടെ വന്‍നിര മുസ്ലിം സമുദായത്തിനകത്ത് ഇപ്പോഴുണ്ട്. എന്നാല്‍, ആ തലമുറയോട് സംവദിക്കാനും സമുദായ മുന്നേറ്റത്തില്‍ അവരെയും പങ്കാളികളാക്കാനും മുസ്ലിം നേതൃത്വത്തിന് കഴിയുന്നില്ല എന്ന പ്രശ്‌നം ബാക്കിനില്‍ക്കുന്നില്‌ളേ?
= : പൂര്‍ണമായും ശരിയായ വിലയിരുത്തലാണിത്. നോക്കൂ, പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തുവെന്ന് പറയപ്പെടുന്ന വിവാദമായ യോഗത്തില്‍ പോലും ഒരു വനിതാ പ്രതിനിധി ഉണ്ടായില്ല എന്നതുതന്നെ വലിയൊരു ദൗര്‍ബല്യമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍; അത് ആത്മീയ വിദ്യാഭ്യാസമാകട്ടെ, ഭൗതികപ്രഫഷനല്‍ വിദ്യാഭ്യാസമാകട്ടെ, സമുദായത്തില്‍ ആണ്‍കുട്ടികളേക്കാള്‍ മുന്നിലാണ് പെണ്‍കുട്ടികള്‍. സുന്നി വിഭാഗം മദ്‌റസകളിലെ പൊതുപരീക്ഷകളുടെ ഫലങ്ങള്‍പോലും എടുത്തുനോക്കൂ, റാങ്കുകള്‍ ഏതാണ്ട് മുഴുക്കെയും നേടുന്നത് പെണ്‍കുട്ടികളാണ്. എന്നിട്ടും നമ്മുടെ സ്ത്രീജനങ്ങളെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും സമുദായ നേതൃത്വത്തിന് സാധിച്ചിട്ടില്ല എന്നത് ദു$ഖകരമായ സത്യമാണ്. നമ്മുടെ മതസംഘടനകളില്‍ എത്രയെണ്ണം സ്ത്രീകള്‍ക്ക് അംഗത്വം നല്‍കുന്നുവെന്ന് ചോദിച്ചാല്‍ ലഭിക്കുന്ന മറുപടി നിരാശജനകമായിരിക്കും. ഔദ്യോഗിക സമിതികളിലെ പ്രാതിനിധ്യം പോകട്ടെ, സ്ത്രീകള്‍ക്ക് പ്രാഥമിക അംഗത്വം നല്‍കാന്‍പോലും മതസംഘടനകള്‍ സന്നദ്ധരല്ല എന്നതാണ് സത്യം. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകന്‍ എന്ന നിലക്ക് എനിക്ക് അഭിമാനമുണ്ട്. സംഘടനയുടെ കേരളത്തിലെ അംഗങ്ങളില്‍ 12 ശതമാനവും പ്രവര്‍ത്തകരില്‍ 30 ശതമാനവും ഇപ്പോള്‍ സ്ത്രീകളാണ്. സംഘടനയുടെ മൂന്ന് സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാള്‍ സ്ത്രീയാണ്. സംസ്ഥാനത്തെ പരമോന്നത സംഘടനാ ബോഡിയായ ശൂറയില്‍ രണ്ട് വനിതാ അംഗങ്ങളുണ്ട്. സംഘടനയുടെ ഏറ്റവും വലിയ ഭരണഘടനാ സമിതിയായ ദേശീയ പ്രതിനിധിസഭയില്‍ 19 അംഗങ്ങള്‍ വനിതകളാണ്. വിവിധ സംസ്ഥാന ശൂറകളിലും ആനുപാതിക അളവില്‍ സ്ത്രീപങ്കാളിത്തമുണ്ട്. ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ള മഹല്ല് കമ്മിറ്റികളിലും ഇപ്പോള്‍ വനിതകള്‍ അംഗങ്ങളായി വരുന്നുണ്ട്. എന്നാല്‍, സ്ത്രീകളെ ഈ വിധം സംഘടനാ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ മറ്റു സംഘടനകള്‍ താല്‍പര്യം കാണിക്കുന്നില്ല എന്നത് ഖേദകരംതന്നെയാണ്.

മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതിലും ഭര്‍ത്സിക്കുന്നതിലും സവിശേഷമായ ആഹ്‌ളാദം കണ്ടത്തെുന്ന ഒരു സെക്കുലര്‍ വരേണ്യത നമ്മുടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഒരു ഉത്സവ സീസണ്‍ വന്നുകിട്ടിയ പ്രതീതിയുണ്ട് ഇപ്പോള്‍. എന്തു തോന്നുന്നു?
= : സെക്കുലര്‍ വരേണ്യതയുടെ നിലപാടുകള്‍ അതിവിചിത്രമാണ്. 18 വയസ്സ് ആകുന്നതിനുമുമ്പ് പെണ്‍കുട്ടികളെ കെട്ടിച്ചയച്ചേ അടങ്ങൂ എന്നു വിചാരിക്കുന്ന പിന്തിരിപ്പന്മാരും 18 എന്നത് വിശുദ്ധ നമ്പറാണെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചപോലും അനുവദിക്കില്ല എന്നും ധാര്‍ഷ്ട്യം വെച്ചുപുലര്‍ത്തുന്ന മതേതര പൗരോഹിത്യവും ഫലത്തില്‍ ഒന്നുതന്നെയാണ്. 18 എന്നത് ഒരു നിശ്ചിത സാഹചര്യത്തില്‍ ഇന്ത്യയില്‍ രൂപപ്പെട്ട നിയമമാണ്. സാമൂഹികശാസ്ത്രപരവും മനശ്ശാസ്ത്രപരവും മറ്റുമായ ഒരുപാട് ഘടകങ്ങള്‍ മുന്‍നിര്‍ത്തി ഒരു സമയത്ത് വന്ന തീരുമാനം. അതിനെ സംവാദവിധേയമാക്കാനേ പാടില്‌ളെന്ന് പറയുന്ന സെക്കുലര്‍ വരേണ്യര്‍ക്ക് നിയമ രൂപവത്കരണത്തെയും സാമൂഹിക മാറ്റങ്ങളെയും കുറിച്ച സാമാന്യ ധാരണകളില്ല എന്നതാണ് സത്യം.