ഇന്ത്യന്‍ സിനിമയെ ഫാഷിസ്റ്റുകള്‍ കൈയടക്കുന്നു –ജി.പി. രാമചന്ദ്രന്‍

കോഴിക്കോട്: ജനപ്രിയ മാധ്യമമായ സിനിമയെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നതില്‍ ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നെന്ന് സിനിമാ നിരൂപകന്‍ ജി.പി. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച പ്രതിനിധിസംഗമത്തില്‍ 'സിനിമയും ഫാഷിസവും' വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസത്തിന് അനുകൂലമായും എതിരായുമുള്ള സിനിമാപ്രവര്‍ത്തനങ്ങള്‍ ലോക സിനിമാ ചരിത്രത്തില്‍ കാണാമെങ്കിലും അധിനിവേശ ശക്തികളുടെ  ഇടപെടലുകളാല്‍ ബോളിവുഡ് മുതല്‍ മലയാള സിനിമ വരെ സവര്‍ണ ഫാഷിസത്തിന്റെ ആശയപ്രചാരണ മാധ്യമമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ തലപ്പത്ത് ഫാഷിസ്റ്റ് പ്രചാരകരെ തിരുകിക്കയറ്റുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു. വി.ഹിക്മത്തുല്ല ക്‌ളാസെടുത്തു. സംസ്ഥാന രക്ഷാധികാരി ടി.കെ. ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ആദം അയൂബ്, ഡോ. ജമീല്‍ അഹ്മദ്, വി.എ. കബീര്‍, പി.ടി. ഇസ്മായില്‍, റഹ്മാന്‍ മുന്നൂര്, സക്കീര്‍ ഹുസൈന്‍, ഡോ. ഷാജഹാന്‍, ഐ. സമീല്‍, സലിം കുരിക്കളകത്ത്  എന്നിവര്‍ സംസാരിച്ചു.