കെ.ആര്‍ പ്രഹ്ലാദനും ശ്യാംകൃഷ്ണനും സോളിഡാരിറ്റി മാധ്യമ പുരസ്‌കാരം

കോഴിക്കോട്: 2014ലെ സോളിഡാരിറ്റി മാധ്യമ പുരസ്‌കാരം കെ.ആര്‍ പ്രഹ്ലാദനും ശ്യാംകൃഷ്ണനും നല്‍കും. ഇഞ്ചക്കാട് ബാലചന്ദ്രന് പ്രത്യേക പുരസ്‌കാരവും നല്‍കും. മാതൃഭൂമി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച 'പരല്‍ മീനുകളെ കാത്ത് കോഴിത്തോട്' എന്ന വാര്‍ത്ത് പരമ്പര തയ്യാറാക്കിയ മാതൃഭൂമി പത്തനംതിട്ട ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.ആര്‍. പ്രഹ്ലാദനാണ് പത്ര മാധ്യമ അവാര്‍ഡ്. മീഡിയവണ്‍ ടി.വി. ചാനലില്‍ സംപ്രേഷണം ചെയ്ത കനലെരിയും ബാല്യങ്ങള്‍ എന്ന വാര്‍ത്ത ഫീച്ചര്‍ തയ്യാറാക്കിയ മീഡിയവണ്‍ ശ്യാം കൃഷ്ണനാണ് ദൃശ്യമാധ്യമ അവാര്‍ഡ്. ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്ന പ്രശസ്തമായ പരിസ്ഥിതി ഗാനം രചിച്ച കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഇഞ്ചക്കാട് ബാലചന്ദ്രന് പ്രത്യേക പുരസ്‌കാരം നല്‍കും. മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ ഡോ. കെ. യാസീന്‍ അഷ്‌റഫ്, ഡെക്കാന്‍ ക്രോണിക്കിള്‍ എറണാകുളം ബ്യൂറോ ചീഫ് കെ.പി സേതുനാഥ്, ഗവേഷകനും ചിന്തകനുമായ ഡോ. അജു കെ. നാരായണന്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം എന്നിവരടങ്ങുന്ന ജൂറി അംഗങ്ങളാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.