പൂന്തുറ കലാപത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സലാമത്ത് നഗറില്‍ പട്ടയം നല്‍കി

നെടുമങ്ങാട്: സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാതി മത രാഷ്ട്രീയ കക്ഷികള്‍ ഒന്നിച്ചുനിന്ന് പോരാടണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. അത് നിലനിര്‍ത്താന്‍ മാനവികതയും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കണം. കലാപങ്ങളുണ്ടാകുമ്പോള്‍ നേട്ടമല്ല നഷ്ടമാണുണ്ടാകുന്നതെന്ന തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകണം. അഴിക്കോട് സലാമത്ത് നഗറില്‍, 1992ലെ പൂന്തുറ കലാപത്തില്‍ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ച വീടുകളുടെ പട്ടയവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.എ. ഹക്കീം പട്ടയങ്ങള്‍ വിതരണം ചെയ്തു. ഐ.എസ്.ടി ചെയര്‍മാന്‍ എം.കെ. മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് എച്ച്. ഷഹീര്‍ മൗലവി അധ്യക്ഷതവഹിച്ചു. എ.എ. ജവാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. സജ്ജാദ്, സംറത്ത് എന്നിവര്‍ സംസാരിച്ചു. ഡോ. എസ്. സുലൈമാന്‍ സ്വാഗതവും എ. അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു. എസ്.എം. അബ്ദുല്‍ ഹഷീദ് ഖിറാഅത്ത് നടത്തി.
1992ലെ പൂന്തുറ കലാപത്തില്‍ വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കോഴിക്കോട് ആസ്ഥാനമായ ഇസ്ലാമിക് സര്‍വിസ് ട്രസ്റ്റ് അരുവിക്കര വില്‌ളേജില്‍ കരുമരക്കോട്ട് ഒരു ഏക്കര്‍ സ്ഥലം വിലയ്ക്കു വാങ്ങി 20 വീടുകള്‍ നിര്‍മിച്ചുനല്‍കിയിരുന്നു. താമസക്കാര്‍ക്ക് സര്‍ക്കാറില്‍നിന്നുള്ള പല കാര്യങ്ങള്‍ക്കും സ്വന്തം പേരില്‍ വസ്തു വേണ്ടതിനാല്‍ വീട്ടുകാരുടെ ആവശ്യം പരിഗണിച്ച് ട്രസ്റ്റിന്റെ പേരിലുണ്ടായിരുന്ന വസ്തുവിന്റെ ആധാരം താമസക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊടുക്കുകയായിരുന്നു.