കല്‍ബുര്‍ഗി വധം ആസൂത്രിതം –ജമാഅത്തെ ഇസ്ലാമി

ന്യൂഡ0ല്‍ഹി: പ്രഫ. എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിവരുടെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ നേതൃത്വം ആവശ്യപ്പെട്ടു.
ഈ വധങ്ങളെല്ലാം ആസൂത്രിതമാണെന്നും ഫാഷിസ്റ്റ് ശക്തികളെ ചോദ്യംചെയ്യുന്നവരെ ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി, ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് സലീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഔറംഗസീബ് റോഡിന്റെ പേര് ഡോ. എ.പി.ജെ അബ്ദുല്‍ കലാം റോഡ് എന്നു മാറ്റിയ നടപടി വര്‍ഗീയ മന$സ്ഥിതിയുടെ ഉദാഹരണമാണ്. ചരിത്രവ്യക്തിത്വങ്ങളുടെ പേരിലെ റോഡുകളുടെ പേരുമാറ്റുന്ന നടപടി ചരിത്രം മാറ്റിയെഴുതാനുള്ള നീക്കങ്ങളുടെ തുടക്കമാണ്.
യാഥാര്‍ഥ്യം വളച്ചൊടിച്ച് ചരിത്രത്തില്‍ വര്‍ഗീയത കലര്‍ത്തുന്നതും ഒരു സമുദായത്തിനെതിരെ വൈരം വളര്‍ത്തുന്നതും രാജ്യത്തിന്റെ മതേതര സങ്കല്‍പത്തിന് കളങ്കംചാര്‍ത്തുമെന്നും ബഹുസ്വര മൂല്യങ്ങളെ നശിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. സമുദായ സെന്‍സസ് വിവരങ്ങള്‍ സ്ഥാപിത താല്‍പര്യക്കാര്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനും രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാന്‍  ഉപയോഗിക്കുന്നതും കരുതിയിരിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.