ഫാഷിസത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നത് ഇസ്‌ലാമോഫോബിയ- കെ.പി. ശശി

kpsasi
തൊടുപുഴ: മലയാള മാധ്യമങ്ങളെയും ഇസ്‌ലാമോഫോബിയ സ്വാധീനിച്ചിട്ടുണ്ടെന്ന് ഡോക്യുമെന്ററി സംവിധായകന്‍ കെ.പി. ശശി അഭിപ്രായപ്പെട്ടു. ഫാഷിസ്റ്റ് വിരുദ്ധ കാമ്പയിനുകള്‍ക്ക് മാധ്യമങ്ങള്‍ ഇടംനില്‍കാന്‍ വിസമ്മതിക്കുന്നത് അതിനാലാണ്. 'സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ' കാമ്പയിന്റെ ഭാഗമായി സോളിഡാരിറ്റി ഇടുക്കി ജില്ലാ സമിതി തൊടുപുഴയില്‍ സംഘടിപ്പിച്ച ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളെ മാത്രമല്ല സെക്യുലറിസ്റ്റുകള്‍ എന്നവകാശപ്പെടുന്നവരെയും ഇസ്‌ലാമോഫോബിയ പിടികൂടിയിട്ടുണ്ട്. മഅ്ദനി ഉള്‍പ്പെടെയുള്ള അന്യായ തടവുകാര്‍ക്ക് വേണ്ടി ഇവിടെ ശബ്ദമുയരാത്തത് അതുകൊണ്ടാണ്. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ അബ്ദുറഷീദ് മൗലവി, ഫാ. ജയിംസ് വടക്കേല്‍, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എസ്.എം. സൈനുദ്ദീന്‍, ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്റ് കെ.കെ ജിന്‍ഷു, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി.പി അനസ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാപ്രസിഡന്റ് കെ.എ. യൂസുഫ് ഉമരി, എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് സുബൈര്‍ ഹമീദ് സ്വാഗതവും ഏരിയാപ്രസിഡന്റ് പി.ഇ അഫ്‌സല്‍ ഹുസൈന്‍ നന്ദിയും പറഞ്ഞു.