കായലുകള്‍ നികത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരത്തിനിറങ്ങും സോളിഡാരിറ്റി

kayal

കോഴിക്കോട്: ഇക്കോ ടൂറിസം, മെഡിക്കല്‍ ടൂറിസം പദ്ധതികള്‍ക്കായി കുമരകം മെത്രാന്‍ കായലില്‍ 378 ഏക്കറും എറണാകുളം കൂടംകുടിയില്‍ 47 ഏക്കറും നികത്താനുള്ള സര്‍ക്കാര്‍ അനുമതിക്കെതിരെ ജനകീയ പ്രക്ഷോഭത്തിനിറങ്ങുമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദ് റഹ്മാന്‍ അറിയിച്ചു. നെല്‍വയല്‍തണ്ണീര്‍തട നിയമം കാറ്റില്‍പറത്തിയാണ് ഭൂമാഫിയകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മെത്രാന്‍ കായലുമായി ബന്ധപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് ഇതിനായി സര്‍ക്കാര്‍ തടഞ്ഞു. കൃഷി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും തദ്ദേശവകുപ്പിന്റെയും നിയമങ്ങള്‍ മറികടന്ന് അനുമതി നല്‍കിയതിന്റെ പിന്നിലുള്ള പ്രേരണ കോടികളുടെ അഴിമതി തന്നെയാണ്. പടിയിറങ്ങുന്നതിന് മുമ്പ് അവസാനത്തെ കഴുക്കോലും വലിക്കാനുള്ള നാണംകെട്ട നടപടിയാണ് സര്‍ക്കാര്‍ ചെയ്യുന്നത് അതീവ പരിസ്ഥിതി പ്രധാനവും കൃഷിപ്രധാനവുമായ ഈ സ്ഥലങ്ങള്‍ മണ്ണിട്ടുമൂടിയാല്‍ വന്‍ പ്രത്യാഘാതം ഭാവിയില്‍ സമൂഹം അനുഭവിക്കേണ്ടിവരും.