ഏകസിവില്‍കോഡ് നടപ്പാക്കരുത്

jihlogo small
കോഴിക്കോട്: രാജ്യത്ത് പൗരാവകാശങ്ങള്‍ക്കെതിരിലും, വ്യത്യസ്ത ജനവിഭാഗങ്ങളുടെ സാംസ്‌കാരിക വ്യക്തിത്വത്തിന് നേരെയും കടുത്ത വെല്ലുവിളികള്‍ ഉയര്‍ന്നിരിക്കുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രസ്താവിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെയും ജെ.എന്‍.യുവിലെയും സംഭവങ്ങള്‍ രാജ്യത്ത് വേരുറപ്പിച്ചുകഴിഞ്ഞ ഫാഷിസത്തിന്റെ ഉദാഹരണങ്ങള്‍ മാത്രമാണ്. കേന്ദ്ര ഭരണകൂടവും, ഭരണകക്ഷിനേതാക്കളും ജനങ്ങളോട് സമാധാനത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. നീതിനടപ്പില്‍വരുത്തുന്നത് അവരുടെ അജണ്ടയില്‍തന്നെയില്ല. ഹിംസയുടെ അട്ടഹാസം മുഴക്കുകയും, വിമര്‍ശകര്‍ക്കുനേരെ കൊലവിളി നടത്തുകയും ചെയ്യുന്നവര്‍ രാജ്യത്തെ അസഹിഷ്ണുതയുടെ ഇരുട്ടിലേക്കാണ് നയിക്കുന്നതെന്ന് അമീര്‍ പറഞ്ഞു.
ഏകസിവില്‍കോഡിന് വേണ്ടി പലഭാഗങ്ങളില്‍നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യം, ഇന്ത്യയുടെ വൈവിധ്യത്തെ നിരാകരിക്കാനുള്ള ശ്രമമാണ്. ഇന്ത്യയുടെ ബഹുസ്വരതയെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഏകസിവില്‍കോഡ് വാദത്തെ അംഗീകരിക്കാനാവില്ല.
ഭൂമിയില്‍ മനുഷ്യന്റെ നന്മയും മരണാനന്തരജീവിതത്തില്‍ ശാശ്വത വിജയവും ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി വിശുദ്ധഖുര്‍ആനും, പ്രവാചകചര്യയും അടിസ്ഥാനമായി സ്വീകരിച്ചിട്ടുള്ള പ്രസ്ഥാനമാണ്. ഇസ്‌ലാമിക പ്രമാണങ്ങളിലെ മൗലികാശയങ്ങള്‍ക്ക് എതിരാവുന്ന കാഴ്ചപ്പാടുകളെ അംഗീകരിക്കാനോ, പ്രോത്സാഹിപ്പിക്കാനോ ജമാഅത്തെ ഇസ്‌ലാമിക്ക് സാധ്യമല്ല. സ്ത്രീയുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട് കേരളത്തിലെ മീഡിയകളില്‍ നടക്കുന്ന ചര്‍ചകളെ ഈ മൗലികാടിത്തറയില്‍നിന്ന്‌കൊണ്ടാണ് ജമാഅത്ത് വിലയിരുത്തുന്നത്. ഇത് സംബന്ധമായി ഖുര്‍ആന്‍ സമര്‍പ്പിച്ച നിയമങ്ങള്‍ മാറ്റങ്ങള്‍ക്ക് വിധേയമല്ലെന്നും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ ഏകസിവില്‍കോഡ് വാദത്തെ ശക്തിപ്പെടുത്തുമെന്നും ജമാഅത്ത് ഉറച്ച് വിശ്വസിക്കുന്നു.
സ്ത്രീയുടെ സുരക്ഷ, നീതി, അഭിമാനം, എന്നിവ ഉറപ്പ് വരുത്തേണ്ടത് ഏതൊരു സമൂഹത്തിന്റെയും പ്രാഥമിക  ബാധ്യതയാണ്. ലിംഗനീതിയെ ജമാഅത്തെ ഇസ്‌ലാമി ശക്തമായി പിന്തുണക്കുന്നുവെന്നും അമീര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ സാഹചര്യം മനസ്സിലാക്കി സമൂഹനന്മക്കായി സമര്‍പിക്കാനും, ഇസ്‌ലാം പഠിപ്പിക്കുന്ന നീതിയും മനുഷ്യസാഹോദര്യവും ഉയര്‍ത്തിപ്പിടിക്കാനും പ്രസ്ഥാന നേതാക്കളും, പ്രവര്‍ത്തകരും സന്നദ്ധമാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.   ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദലി സ്വാഗതം പറഞ്ഞു.