ടീന്‍ ലാബ് - അവധിക്കാല പഠനസഹവാസം സംഘടിപ്പിക്കുന്നു

teen

ടീന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ അവധിക്കാലം ഉപയോഗപ്പെടുത്തി കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ആത്മീയവും സാംസ്‌കാരികവും വൈജ്ഞാനികവുമായ വികാസം ലക്ഷ്യംവെച്ചുകൊണ്ട് ടീന്‍ പ്രായത്തിലുള്ള 7, 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ടീന്‍ ലാബ്. തെരെഞ്ഞെടുത്ത കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന പഠനക്യാമ്പാണിത്. ഏപ്രിലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രാദേശികമായി ഇത്തരം പരിപാടികള്‍ നടക്കും. പ്രതിഭകളായ കുട്ടികളില്‍ നിന്നും നേതാക്കളെയും സംഘാടകരെയും, പ്രസംഗികരെയും, ചരിത്രകാരന്‍മാരെയും, നിരൂപകരെയും കണ്ടെത്താനും വികസിപ്പിക്കാനും  ഈ അവസരം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ഏഴ് ദിവസമോ പത്ത് ദിവസമോ നീണ്ടു നില്‍ക്കുന്ന ഡേക്യാമ്പുകളാവും. രണ്ടരമണിക്കൂറായിരിക്കും ഒരു ദിവസത്തെ പരമാവധി ക്ലാസ് ടൈം. 45 മിനുട്ടുള്ള രണ്ട് പിരീഡുകളും ഒരു മണിക്കൂര്‍ ഏതെങ്കിലും ഒരു വിഷയത്തിലുള്ള പ്രത്യേക ക്ലാസും അടക്കമായിരിക്കും പരിപാടി. ടീന്‍ ലാബ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഫീല്‍ഡ് ട്രിപ്പ്, വൃദ്ധ സദനം സന്ദര്‍ശനം, ആശുപത്രി സന്ദര്‍ശം, സ്‌പെഷ്യല്‍ സ്‌കൂള്‍ സന്ദര്‍ശനം, പെയിന്‍ ആന്റ് പാലിയേറ്റീവ് ആന്റ് ഹോം കെയറിലുള്ള പങ്കാളിത്തം തുടങ്ങിയ സാധ്യമാവുന്നവ നടക്കും. ആവശ്യമായ ഓഡിയോ വീഡിയോ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി  ആക്റ്റിവിറ്റി ഓറിയന്റഡ് ആയി വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കും.

ഖുര്‍ആന്‍ പഠനത്തിന്റെ ഭാഗമായി സൂറത്തുല്‍ ഹുജറാത്ത് , ഇമാം നവവിയുടെ നാല്‍പത് ഹദീസുകള്‍, കര്‍മ്മശാസ്ത്ര വിഷയങ്ങള്‍, ഇസ്ലാമിക- ഇസ്ലാമിക പ്രസ്ഥാന വിഷയങ്ങള്‍, വ്യക്തിത്വ വികസനം ,ആരോഗ്യ ക്ലാസ്സ്, സോഷ്യല്‍ മീഡിയ, സ്വയം തൊഴില്‍ പരിശീലനം, സൈബര്‍ ക്രൈം അവബോധം, ഡോക്യുമെന്ററി ഫിലിം പദര്‍ശനവും ചര്‍ച്ചയും, കൗമാരം, നമ്മുടെ മാതൃക, വായന-സാഹിത്യപരിശീലനം, ഭാഷാ പരിശിലനം തുടങ്ങിയ മേഖലകളില്‍ ക്ലാസുകള്‍ നടക്കുമെന്നും ടീന്‍ ലാബ് സ്ംസ്ഥാന കണ്‍വീനര്‍ സലീം ഇ.എച്ച് ടീന്‍ ഇന്ത്യ കോഡിനേറ്റര്‍ സുശീര്‍ ഹസന്‍ എന്നിവര്‍ അറിയിച്ചു.