വിദ്യാര്‍ഥികള്‍ക്കെതിരായ കള്ളക്കേസ് ആഭ്യന്തര മന്ത്രി മറുപടി പറയണം: എസ്.ഐ.ഒ

 

കോഴിക്കോട് : ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വി.സിയെ പുറത്താക്കണമെന്നും അന്യായമായി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് മാര്‍ച്ച് 26 -ന് കോഴിക്കോട് ഹെഡ്‌പോസ്‌റ്റോഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയ നടപടിയില്‍ ആഭ്യന്തര വകുപ്പ് മന്ത്രി ബഹു.രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പോലീസ് അധികൃതരെ നേരത്തെ അറിയിച്ച് സമാധാന പരമായി നടത്തിയ മാര്‍ച്ചിനു നേരെ അകാരണമായി പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും പെണ്‍കുട്ടികളേയുമടക്കം ടൗണ്‍ പോലീസ് അറസ്റ്റ്  ചെയ്ത് സ്‌റ്റേഷനില്‍ എത്തിച്ചു. കസ്റ്റഡിയിലുള്ളവരെ കാണാനും പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടാനും സ്റ്റേഷനില്‍ എത്തിയ സംസ്ഥാന നേതാക്കളെ അതിന് അനുവദിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച നേതാക്കളേയും ടൗണ്‍ എസ്.ഐ യുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. പകല്‍ 11 മണിക്ക് അറസ്റ്റ് ചെയ്തവരെ രാത്രി വൈകിയാണ് മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജറാക്കിയത്. ഇത്രയും സമയം പ്രായപൂര്‍്ത്തിയാകാത്തവരെ പോലും സ്‌റ്റേഷനിലെത്തിയ രക്ഷിതാക്കളെ അടക്കം കാണിച്ചില്ല. പോലീസിനു നേരെ യാതൊരു അതിക്രമവും നടന്നിട്ടില്ലാത്ത സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ കടുത്ത വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. കാലപമുണ്ടാക്കാന്‍ ശ്രമിച്ചു, വനിതാ പോലീസുകാരെ അക്രമിച്ചു, മാനഹാനിയുണ്ടാക്കി. തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. 'ഡൗണ്‍ ഡൗണ്‍ ഹിന്ദുസ്ഥാന്‍' എന്ന മുദ്രാവാക്യം വിളിച്ചതായ വ്യാജാരോപണം ചാര്‍ജ് ഷീറ്റില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. അത് അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. രാജ്യവിരുദ്ധ മുദ്രാവാക്യം എന്നടക്കം എകഞ ല്‍ എഴുതിയത് യാഥൃശ്ചികമായ സംഭവമാണെന്ന് കരുതാന്‍ കഴിയുകയില്ല. നിക്ഷിപ്ത താല്പര്യക്കാരായ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് സ്വതന്ത്ര അന്വേഷണം നടക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാജ തെളിവ് സൃഷ്ടിക്കുന്ന ഡല്‍ഹിയിലെയും ഹൈദരാബാദിലെയും പോലീസിന്റെ രീതിയാണ് കേരളാ പോലീസും ആവര്‍ത്തിച്ചിരിക്കുന്നത് അങ്ങനെയെങ്കില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ട്. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുടെ അറസ്റ്റിലും സംഘപരിവാര്‍ ഇടപെടലുകളിലും പ്രതിഷേധിച്ച വിദ്യാര്‍ഥികളെ അടിച്ചമര്‍ത്താനുള്ള നീക്കം കേരളാ പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് പൊതുസമൂഹം ഗൗരവത്തില്‍ എടുക്കണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.
 കേരള പോലീസ് സംഘപരിവാറിന്റെ താല്പര്യം സംരക്ഷിക്കുന്ന സമീപനമാണ് തുടരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കേരളത്തിലെ വദ്യാര്‍ഥി സമൂഹം അതിനെ ശക്തമായി നേരിടുമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അറിയിച്ചു. വ്യാഴാഴ്ച്ച (31-3-2016) കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. വരും ദിവസങ്ങളില്‍ കേരളത്തിലെ കാമ്പസുകളില്‍ പോലീസ് രാജിനെതിരെ പ്രതിഷേധ പരിപാടികള്‍ക്ക് എസ്.ഐ.ഒ നേതൃത്വം നല്‍കും.സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, സെക്രട്ടറിമാരായ തൗഫീഖ് മമ്പാട്, ആദില്‍ എന്നിവര്‍ പങ്കെടുത്തു.