എസ്.ഐ.ഒ
ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർത്ഥി യുവജനവിഭാഗമാണ് സ്റ്റുഡന്റ്സ് ഇസ്‌ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഥവാ എസ്.ഐ.ഒ. 1982 ഒക്ടോബർ 19-നാണ് എസ്.ഐ.ഒ രൂപവത്കരിച്ചത്. പഠനം, സമരം, സേവനം എന്നാണ് എസ്.ഐ.ഒ യുടെ മുദ്രാവാക്യം. വിദ്യാഭ്യാസ പ്രക്ഷോഭങ്ങളോടൊപ്പം തന്നെ വിദ്യാഭ്യാസ സേവനരംഗത്തും എസ്.ഐ.ഒ ഇടപെട്ടുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുമായി ആശയാഭിമുഖ്യം പുലർത്തുന്ന നിരവധി വിദ്യാർത്ഥികൂട്ടായ്‌മകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം എല്ലാ സംഘടനകളെയും യോജിപ്പിച്ച് കൊണ്ട് ദേശീയതലത്തിൽ ഒരു ഏക വിദ്യാർത്ഥിസംഘടന രൂപവത്കരിക്കാൻ 1981 ഫെബ്രുവരിയിൽ കോഴിക്കോട് വെച്ച് ചേർന്ന ഒരു യോഗത്തിൽ ജമാഅത്തെ ഇസ്‌ലാമിയുടെ മേൽനോട്ടത്തിൽ ഒരു വിദ്യാർത്ഥി സംഘടന എന്ന ആശയം പൊതുവിൽ അംഗീകരിക്കപ്പട്ടു. പക്ഷേ, ജമാഅത്തിന്റെ പരിപൂർണ്ണ നിയന്ത്രണം എന്ന ആശയത്തോട് സിമി വിയോജിച്ചു. 1982 ഒക്ടോബർ 19-ന് സിമി ഒഴികെയുള്ള പല ഇസ്‌ലാമിക വിദ്യാർത്ഥി സംഘടനകളെയും ലയിപ്പിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ കീഴിൽ എസ്.ഐ.ഒ നിലവിൽ വന്നു.
നാൾവഴികൾ
1982 ഒക്ടോബർ 19-ന് വിദ്യാർഥി-യുവജന പ്രസ്ഥാനമായി രൂപീകൃതമായി.
2003 മേയ് 13നു സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സ്ഥാപിതമായപ്പോൾ കേരളത്തിൽ സമ്പൂർണ്ണ വിദ്യാർഥി പ്രസ്ഥാനമായി മാറി.
2012 ജനുവരി 14,15,16 തീയതികളിൽ ഇസ്ലാമിക് അക്കാദമിക് കോൺഫറൻസ് ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിൽ.
2013 ൽ 31-ാമത് വാർഷികം ആഘോഷിച്ചു.
2013 നവംബർ 26,27 തീയതികളിൽ കേരള എജുക്കേഷൻ കോൺഗ്രസ് തിരുവനന്തപുരത്ത്.
നേതൃത്വം
അഖിലേന്ത്യാ പ്രസിഡന്റ് : റമീസ് ഇ.കെ (കേരളം )
കേരള സോൺ പ്രസിഡന്റ് : മുഹമ്മദ് സഈദ് ടി.കെ (കോഴിക്കോട് )
കേരള സോൺ ജനറൽ സെക്രട്ടറി : അഡ്വ റഹ്മാന്‍ ഇരിക്കൂര്‍ (കണ്ണൂര്‍ )