ഐ.ആർ.ഡബ്ല്യൂ

കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക സേവനസംഘം. 1992 ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തില്‍ രൂപീകൃതമായി. 1996 ലെ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയല്‍ റിലീഫ് വിംഗിന് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു. ജനങ്ങളില്‍ ദീനാനുകമ്പയും സേവനമനസ്സും വളര്‍ത്തിയെടുക്കുക, സന്നദ്ധ പ്രവര്‍ത്തകര്‍ത്തകര്‍ക്ക് ജനസേവന പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി അവരിലൂടെ പൊതുസമൂഹത്തില്‍ സേവനസംസ്‌കാരം സൃഷ്ടിക്കുക തുടങ്ങിയതാണ് പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. സംഘത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി, തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ക്ക് അഗ്നി ശമന പ്രവര്‍ത്തനം, ഖലാസിപ്പണി, രക്ഷാ പ്രവര്‍ത്തനം, പുനരധിവാസ പ്രവര്‍ത്തനം, കുടില്‍ നിര്‍മ്മാണം തുടങ്ങിയവയില്‍ പ്രത്യേകം പരിശീലനം നല്‍കുന്നു. സേവനസന്നദ്ധരായി സ്വയം മുന്നോട്ട് വരുന്ന വളണ്ടിയര്‍മാരാണ് സംഘത്തിന്റെ പ്രധാന കൈമുതല്‍. ആവശ്യാനുസാരം തനിച്ചു കൂട്ടായും അവര്‍ ജനസേവനരംഗത്ത് സജീവമാവുന്നു.
ഭൂകമ്പം, വെള്ളപ്പൊക്കം, അപകടങ്ങള്‍, പകര്‍ച്ച വ്യാധികള്‍, വര്‍ഗീയ കലാപം തുടങ്ങിയ ദുരന്തങ്ങള്‍ക്കിരയാവുന്നവര്‍ക്ക് ജാതിമതഭേദമന്യേ അടിയന്തര സഹായമെത്തിക്കാന്‍ ഈ സന്നദ്ധസേവനസംഘം പ്രതിജ്ഞാബദ്ധമാണ്. അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള്‍ അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയല്‍ റിലീഫ് വിംഗിന ് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഊന്നല്‍ നല്‍കുന്നു. ദുരന്തത്തിനിരയാവുന്നവരെ എത്രയും വേഗത്തില്‍ ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കുവാനും, വൈദ്യസഹായം ഉറപ്പുവരുത്തുവാനും, നിരാലംബരായ രോഗികളെ ശുശ്രൂഷിക്കുവാനും റിലീഫ് വിംഗ് പ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായി മുന്നോട്ടുവരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ തുടക്കം മുതലേ ജനസേവനവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങളുടെ മുഖ്യഭാഗമായിരുന്നു. വിഭജനത്തിന് മുമ്പും വിഭജനവേളയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആഞ്ഞടിച്ച വര്‍ഗീയ കലാപങ്ങളെ തുടര്‍ന്ന് ജമാഅത്ത് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. സ്വതന്ത്രഭാരതത്തില്‍ അരങ്ങേറിയ എണ്ണമറ്റ കലാപങ്ങളെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തം വിതച്ച അനേകം പ്രകൃതി വിപത്തുകളെയും തുടര്‍ന്ന് ശ്ലാഘനീയമായ ആശ്വാസപ്രവര്‍ത്തനങ്ങള്‍ ജമാഅത്ത് നടത്തിയിട്ടുണ്ട്. ജമാഅത്തിന്റെ ഇത്തരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലും കഴിഞ്ഞകാലത്ത് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്.
ആശുപത്രികള്‍, സ്‌കൂളുകള്‍, റോഡുകള്‍, അങ്ങാടികള്‍, കുളങ്ങള്‍ പോലുള്ള പൊതുസ്ഥലങ്ങല്‍ വൃത്തിയാക്കുക, വീടുകള്‍ നിര്‍മിച്ച് കൊടുക്കുക – നന്നാക്കി കൊടുക്കുക, ആവശ്യമുള്ളിടത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തു കൊടുക്കുക, കൌണ്‍സലിംഗ്, നിയമസഹായം, ജൈവകൃഷി, മയ്യിത്ത് പരിപാലനം, പെയിന്‍ ആന്റ് പാലിയേറ്റീവ്, ഗൃഹ സുരക്ഷ, അഗ്‌നി ശമനം പോലുള്ള വിവിധ വിഷയങ്ങളില്‍ ക്‌ളാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഐ.ആര്‍.ഡബ്‌ളിയുവിന്റെ ഭാഗമാണ്. ആസാമില്‍ വര്‍ഗീയലഹള നടമാടിയപ്പോഴും, ഒറീസ്സയില്‍ കൊടുങ്കാറ്റുനാശം വിതച്ചപ്പോഴും, ഐ.ആര്‍.ഡബ്‌ളിയു സജീവമായി കര്‍മരംഗത്തിറങ്ങി. ദുരിത ബാധിതര്‍ക്ക് ഭക്ഷണവും വസ്ത്രവും ചികിത്സയും ലഭ്യമാക്കി. ഗുജറാത്തില്‍ ഭൂകമ്പം ദുരിതം വിതച്ചപ്പോള്‍, ഒന്നര മാസക്കാലത്തോളം മെഡിക്കല്‍ ക്യാമ്പ് നടത്തി. ദിനേന 800-ലേറെ രോഗികള്‍ക്ക് സൌജന്യ ചികിത്സ ലഭ്യമാക്കി. 20 ടണ്‍ വസ്ത്രങ്ങളാണ് ഐ.ആര്‍.ഡബ്‌ളിയു അവിടെ വിതരണം ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ ടെന്റുകള്‍ നിര്‍മിച്ചുകൊടുക്കുകയുമുണ്ടായി.
2004 -ല്‍ ‘സുനാമി’ ദുരന്തമുണ്ടായ അന്നുതന്നെ ജമാഅത്തെ ഇസ്ലാമിയുടെ സേവനസംഘം ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ സേവനനിരതരാവുകയുണ്ടായി. ആലപ്പുഴ ജില്ലയില്‍, മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ക്യാമ്പുകളിലെ 4650 ഓളം ദുരിതബാധിതര്‍ക്ക് ആശ്വാസമരുളുകയും കുടിവെള്ളം, ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങി അത്യാവശ്യങ്ങള്‍ നിറവേറ്റികൊടുക്കുകയും ചെയ്തു. ഐ.ആര്‍.ഡബ്‌ളിയുവിന്റെ 70 ഓളം പ്രവര്‍ത്തകര്‍ രാപകല്‍ ഭേദമില്ലാതെ ഇതിനായി പ്രയത്‌നിച്ചു. താല്‍ക്കാലിക കുളിമുറികളും ടോയ്‌ലറ്റുകളും നിര്‍മിച്ചുകൊടുത്തു. സര്‍ക്കാരും ഇതര സന്നദ്ധസംഘടനകളും ഒരുക്കിയ ക്യാമ്പുകളിലും, ഐ.ആര്‍.ഡബ്‌ളിയു പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുകയുണ്ടായി. നാലു ഡോക്ടര്‍മാരും, 6 പാരാമെഡിക്കല്‍ സ്‌റാഫും അടങ്ങുന്ന സംഘം, ആരോഗ്യരക്ഷാ സേവനം നിര്‍വഹിക്കുകയും, സൌജന്യ മരുന്ന് വിതരണം നടത്തുകയും ചെയ്തു. ഒരു ആമ്പുലന്‍സും, 8 മറ്റു വാഹനങ്ങളും നിരന്തര പ്രവര്‍ത്തനത്തില്‍ മുഴുകി. സുനാമി ദുരിതം വിതച്ച കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍, 15000 അഭയാര്‍ഥികള്‍ക്കായി 24 റിലീഫ് ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. ക്ഷേത്രഭാരവാഹികളുടെ അഭ്യര്‍ഥനയനുസരിച്ച്, അമ്പലമുറ്റത്ത് ഒരുക്കിയ മറ്റൊരു റിലീഫ് ക്യാമ്പില്‍, 1000-ത്തിലധികം പേര്‍ക്ക് ആഹാരവും, കുടിവെള്ളവും ലഭ്യമാക്കി. ഐ.ആര്‍.ഡബ്‌ളിയുവിന്റെ വനിതാ വളണ്ടിയര്‍മാര്‍, ദുരിതബാധിതരായ സ്ത്രീകള്‍ക്കായി ആഹാരവും, വസ്ത്രവും എത്തിച്ചുകൊടുക്കുകയും, അവരെ ശുശ്രൂഷിക്കുകയും ചെയ്തു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച ഐ.ആര്‍.ഡബ്‌ളിയു പ്രവര്‍ത്തകര്‍ അന്തമാന്‍ ദ്വീപിലെ സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു. വീട് നിര്‍മാണത്തില്‍ വിദഗ്ധ പരിശീലനം നേടിയ പ്രവര്‍ത്തകര്‍ ഐ.ആര്‍.ഡബ്‌ളിയുവിലുണ്ട്. വെള്ളത്തില്‍ മുങ്ങി അപകടത്തില്‍ പെടുന്നവര്‍ക്കും, അഗ്‌നിബാധക്കിരയാവുന്നവര്‍ക്കും, വൈദ്യുതാഘാതമേറ്റവര്‍ക്കും, റോഡപകടത്തില്‍ പെട്ടവര്‍ക്കും സുരക്ഷാസഹായം ഐ.ആര്‍.ഡബ്‌ളിയു നിര്‍വഹിക്കുന്നു.
സംസ്ഥാന തലത്തില്‍ ഒരു ജനറല്‍ ക്യാപ്്റ്റന്‍, വൈസ് ക്യാപ്റ്റന്‍, ജനറല്‍ കണ്‍വീനര്‍ എന്നിവരും എട്ട് പേരടങ്ങുന്ന ഭരണ നിര്‍വബഹണ സമിതിയും പ്രവര്‍ത്തിക്കുന്നു. ആറ് മേഖലകളിലായി മേഖലാ ലീഡേഴ്‌സുകളും അടങ്ങുന്നതമാണ് സംസ്ഥാന കമ്മിറ്റി.
വിലാസം:
ജനറല്‍ കണ്‍വീനര്‍
ഐഡിയല്‍ റിലീഫ് വിംഗ്
ഹിറാ സെന്റര്‍
പി.ബി നമ്പര്‍ 813
കോഴിക്കോട് – 4
ഫോണ്‍: 0495-2724881
വെബ്സൈറ്റ്: www.irwkerala.com