ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം

ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണം തൊട്ടേ സമൂഹത്തിന്റ പാതിയായ സ്ത്രീകളെ സംസ്‌കരിക്കുവാനും സമുദ്ധരിക്കുവാനും സംഘടിപ്പിക്കുവാനും ശക്തവും ധീരവും വിപ്ലവകരവുമായ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. പ്രാദേശിക യൂണിറ്റുകളില്‍ നിന്ന് തുടങ്ങി ദഅ്‌വത്ത് നഗറില്‍ നൂറുകണക്കില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതും ഹിറായില്‍ പതിനായിരങ്ങളെയും കുറ്റിപ്പുറം കേരള വനിതാ സമ്മേളനത്തില്‍ ഒരു ലക്ഷം വനിതകളെയും സംഘടിപ്പിച്ചത് പ്രസ്ഥാനം വനിതകളെ സംഘടിപ്പിച്ചതില്‍ വിജയിച്ചതിന്നുള്ള വ്യക്തമായ തെളിവും സാക്ഷ്യവുമാണ്. വനിതാ സമുദ്ധാരണ രംഗത്ത് പ്രസ്ഥാനം ധീരമായ കാല്‍വെപ്പുകള്‍ നടത്തി. സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തോടും ഭൗതിക പ്രത്യയ ശാസ്ത്രങ്ങളോടും ഏറെ പൊരുതിയാണ് പ്രസ്ഥാനം ഈ കാല്‍വെപ്പുകളില്‍ നേട്ടങ്ങള്‍ കൈവരിച്ചത്.