ടീന്‍ ഇന്ത്യ
ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയാണ് ടീന്‍ ഇന്ത്യ. 2012 ഒക്ടോബറിലാണ് കൂട്ടായ്മ നിലവില്‍ വന്നത്. ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനും വൈജ്ഞാനിക സര്‍ഗശേഷി ആര്‍ജിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കുന്നു.
സ്വഭാവ രൂപീകരണത്തിലെ നിര്‍ണായകമായ ഘട്ടമാണ് ആദ്യകാല കൗമാരം. കൗമാരകാലത്തെ പ്രത്യേകതകള്‍ അറിഞ്ഞ്, അവരുടെ ശാരീരികമാനസികവൈകാരിക തലങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ഒരു പ്രവര്‍ത്തന പദ്ധതിയുമായി ഒരു സംഘത്തിന് ഏറെ പ്രസക്തിയുണ്ട്. ഇസ്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം ഒരു കരുത്തുറ്റ തലമുറയെ തങ്ങളുടെ ദൗത്യനിര്‍വഹണത്തിന് വേണ്ടി, സജ്ജമാക്കേണ്ടത് അനിവാര്യമാണ്. തീര്‍ച്ചയായും കൗമാരകാലത്തിന്റെ മുഴുവന്‍ നന്മകള്ക്കും കരുത്തു പകരുന്ന ഒരു കൂട്ടായ്മയായിരിക്കുമിത്. നല്ലതിന് വേണ്ടി ഒത്തുചേരാനും നന്മക്ക് വേണ്ടി കൂട്ടുകൂടാനും പരസ്പരം ആശയവിനിമയം നടത്താനും അന്തര്‍ലീനമായ കഴിവുകളെ സദ്വിചാരങ്ങള്ക്കായി വികസിപ്പിക്കാനുമുള്ള കൂട്ടായ്മ.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ കേരളീയ സാഹചര്യങ്ങള്‍ പരിഗണിച്ച് ‘ടീന്‍ ഇന്ത്യ’ 8,9,10 ക്ലാസ്സുകളിലെ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയുമാണ് സംഘടിപ്പിക്കുന്നത്. അവര്‍ക്ക് നേതൃത്വം നല്‍കുന്നത് കൗമാര സംഘാടനത്തിന് കൂടി പരിശീലനം ലഭിച്ച മലര്‍വാടി കോഓര്ഡിനേറ്റര്മാരായിരിക്കും. പെണ്‍കുട്ടികളുടെ സംഘാടനം നിര്‍വഹിക്കേണ്ടത് പരിശീലനം സിദ്ധിച്ച വനിതാ കോഓര്‍ഡിനേറ്റര്‍മാരാണ്. കൗമാരക്കാരായ കുട്ടികളെ മാത്രമല്ല, അതോടൊപ്പം ഈ പ്രായത്തിലെ കുട്ടികളെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുകയെന്നതും ‘ടീന്‍ ഇന്ത്യ’യുടെ അജണ്ടയിലുണ്ട്.
‘ടീന്‍ ഇന്ത്യ’യുടെ സുപ്രധാന നയനിലപാടുകള്‍
1. ഈ സംഘടന വിദ്യാര്‍ഥികളില്‍ ധാര്‍മിക, രാഷ്ട്രീയ, സാമൂഹിക ബോധം വളര്‍ത്തുന്നതായിരിക്കും.
2. സംഘടനയില്‍ അണിചേര്‍ന്നവരുടെ ചിന്താപരവും വൈജ്ഞാനികവും കലാപരവുമായ വളര്‍ച്ചയില്‍ ശ്രദ്ധയൂന്നും.
3. കൗമാര അവസ്ഥകളെ അഭിമുഖീകരിക്കാനുള്ള മാനസിക പക്വത, ആദര്‍ശത്തിന് വേണ്ടി ത്യാഗപരിശ്രമങ്ങള്‍ ചെയ്യാനുള്ള സന്നദ്ധത, ബഹുസ്വരതയെ ഉള്‍ക്കൊള്ളാനുള്ള കഴിവ് എന്നിവ വളര്‍ത്തും.
4. സോഷ്യല്‍ ആക്ടിവിസത്തിന് കുട്ടികളെ പാകപ്പെടുത്തും.
5. കേരളത്തിലെ മുഴുവന്‍ കുട്ടികളെയും അവരുടെ പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തും.
6. വിദ്യാലയത്തിന് അകത്ത് നിന്നും പുറത്തു നിന്നും ലഭിക്കുന്ന അറിവുകളെ ശരിയായ രീതിയില്‍ നിരൂപണം ചെയ്യാനുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്തിയെടുക്കും.
7. ഉന്നതമായ സ്വഭാവ ഗുണങ്ങളും പെരുമാറ്റ മര്യാദകളും വളര്‍ത്തിയെടുക്കും.
കുട്ടികളുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന പഠനപ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ‘ടീന്‍ ഇന്ത്യ’യുടെ പരിപാടികളില്‍ മുഖ്യ ഇനമായിരിക്കും. ദേശീയ പഠന യാത്രകള്‍, സോഫ്റ്റ് സ്കില്‍ പരിശീലനങ്ങള്‍ തുടങ്ങി, അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും സ്വാധീനിക്കുന്ന പ്രവര്‍ത്തന പരിപാടികളാണ് അജണ്ടയിലുള്ളത്.