തനിമ കലാ-സാഹിത്യവേദി
കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനം തുടക്കം മുതലേ കലാസാഹിത്യങ്ങളെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, സാഹിത്യാഭിരുചിയുള്ള ഏതാനും വ്യക്തികളെ കേന്ദ്രീകരിച്ചാണത് നടന്നുവന്നിരുന്നത്. കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമാക്കുക എന്ന ലക്ഷ്യത്തോടെ വെള്ളിമാടുകുന്ന് ആസ്ഥാനമാക്കി എണ്‍പതുകളുടെ അവസാനത്തിലാണ് തനിമ കലാവേദി രൂപം കൊണ്ടത്. കുറച്ചുകാലം സജീവമായി നിലനിന്നുവെങ്കിലും പിന്നീടതിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചു. 2002ല്‍ പുനഃസംഘടിപ്പിക്കപ്പെട്ട ശേഷം ഇപ്പോള്‍ ഏറെക്കുറെ വ്യവസ്ഥാപിതമായി തനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.
ലക്ഷ്യം
ഇസ്ലാം സമഗ്രമായ ജീവിതവ്യവസ്ഥയാണ്. അതുകൊണ്ട് കലയെയും സാഹിത്യത്തെയും ജീവിതത്തന്റെ ഇതര മേഖലകളെപ്പോലെ ആ സമഗ്ര വ്യവസ്ഥയുടെ ഭാഗമായി മാത്രമേ ഇസ്ലാമിക പ്രസ്ഥാനത്തിന് കാണാന്‍ കഴിയുകയുള്ളൂ. ഇസ്ലാമിക ജീവിതവ്യവസ്ഥയുടെ അടിസ്ഥാനം ഖുര്‍ആനും സുന്നത്തുമായതുകൊണ്ട് ഏതൊരു വിശ്വാസിയുടെയും കലാസാഹിത്യ ആവിഷ്‌കാരങ്ങളുടെ അടിത്തറ ഖുര്‍ആനും സുന്നത്തും ആയിരിക്കേണ്ടതാണ്.
മനുഷ്യ മനസ്സിന് ആനന്ദം പകരാന്‍ കലാസാഹിത്യങ്ങള്‍ക്ക് കഴിയും. ആ നിലക്ക് അവയെ ഉപയോഗപ്പെടുത്തുകയും ചെയ്യാം. അതോടൊപ്പം മനുഷ്യന്റെ വൈയക്തിക സാമൂഹിക ജീവിതത്തെ ഉല്‍കൃഷ്ടമാക്കിത്തീര്‍ക്കുന്നതിന് ശക്തമായ ഒരു ആശയ വിനിമയോപാധി എന്ന നിലക്ക് നന്മയുടെ പ്രചാരണത്തിനും തിന്മയുടെ വിപാടനത്തിനും കലാസാഹിത്യങ്ങള്‍ക്കുള്ള കഴിവിനെയും കണക്കിലെടുക്കേണ്ടതുണ്ട്. കല കലയ്ക്ക് വേണ്ടിയുള്ളതല്ല; മനുഷ്യ നന്മക്ക് വേണ്ടിയുള്ളതാണ്.
സത്യവും അസത്യവും ധര്‍മ്മവും അധര്‍മ്മവും നീതിയും അനീതിയും തമ്മിലുള്ള സംഘട്ടനമാണ് മനുഷ്യന്റെ ഇതഃപര്യന്തമുള്ള ചരിത്രം. ഈ സംഘട്ടനത്തില്‍ മൂല്യങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച് അവയെ ശക്തിപ്പെടുത്താനായിരിക്കണം ഇസ്ലാമിക കലാസാഹിത്യങ്ങളുടെ ശ്രമം.
ഘടന
സംസ്ഥാന നിര്‍വാഹകസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. നിര്‍വാഹക സമിതി സംസ്ഥാന ഡയറക്ടറെയും സെക്രട്ടറിയെയും തെരഞ്ഞെടുക്കുന്നു. രണ്ടുവര്‍ഷമാണ് നിര്‍വാഹകസമിതിയുടെയും ഡയറക്ടറുടെയും കാലാവധി.
വിലാസം:
തനിമ കലാവേദി,
ഹിറാ സെന്റര്‍,
പോസ്‌റ് ബോക്‌സ്: 833,
കോഴിക്കോട് 4,
ഫോണ്‍: 0495 2724881, 2721645.