ബൈതുസ്സകാത്ത് കേരള
2000 ഒക്ടോബറില്‍ കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടിത സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. സകാത്തിന്റെ വിശ്വാസപരവും സാമൂഹികവുമായ പ്രാധാന്യവും പ്രസക്തിയും പ്രചരിപ്പിക്കുക, സകാത്ത് ശേഖരണത്തിനും വിതരണത്തിനും സുശക്തമായ സംവിധാനമൊരുക്കുക, സകാത്തിനര്‍ഹരായ വ്യക്തികളുടെയും സമൂഹങ്ങളുടെയും സുസ്ഥിര വളര്‍ച്ചക്ക് അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുക, സകാത്ത് ഗുണഭോക്താക്കളുടെ ജീവിത പുരോഗതി വിലയിരുത്തുക, സകാത്ത് വിഷയങ്ങളില്‍ അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ സജീവമാക്കുന്നതിന് പദ്ധതി തയാറാക്കുക, പ്രാദേശിക സകാത്ത് ഘടകങ്ങള്‍ക്ക് പരിശീലനവും ഗൈഡന്‍സും നല്‍കുക, പ്രാദേശിക സകാത്ത് സംരംഭങ്ങളുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കുക, സകാത്ത് ഫണ്ട് ശേഖരണ കാമ്പയിനുകള്‍ സംഘടിപ്പിക്കുക എന്നിങ്ങനെ വിപുലമാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ 16 വര്‍ഷത്തെ വിജയകരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമായി മാറാന്‍ ബൈത്തുസ്സകാത്തിനു സാധിച്ചിട്ടുണ്ട്. ഇതുവരെ കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍നിന്നുമുള്ള 10500-ല്‍പരം ഗുണഭോക്താക്കള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് സകാത്ത് വിതരണം ചെയ്തുകഴിഞ്ഞു. ഗുണഭോക്താവിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രാദേശിക സകാത്ത് സംരംഭങ്ങളുമായി സഹകരിച്ചുള്ള പദ്ധതികളാണ് തയാറാക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളായ സകാത്ത് ദായകരാണ് ബൈത്തുസ്സകാത്തിനെ പിന്തുണക്കുന്നത്. പ്രാദേശിക സകാത്ത് സംരംഭങ്ങളില്ലാത്ത മലയോര കടലോര മേഖലകളിലെ പിന്നാക്ക പ്രദേശങ്ങളില്‍ ബൈത്തുസ്സകാത്ത് പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു. ഏറ്റവും അര്‍ഹരായവരിലേക്ക് സകാത്ത് എത്തിച്ചേരുന്നു എന്നതാണ് ബൈത്തുസ്സകാത്തിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
സകാത്ത് സംഭരണം, വിതരണം, പ്രചാരണം, അക്കാദമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് ബൈത്തുസ്സകാത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ അഡ്മിനിസ്ട്രേഷന്‍ സംവിധാനം, കേരളത്തിന്റെ സാമൂഹിക സാഹചര്യം വിലയിരുത്തിയുള്ള സകാത്ത് പദ്ധതികള്‍, സകാത്ത് പദ്ധതികളുടെ അവലോകനവും മോണിറ്ററിംഗും തുടങ്ങിയവ ബൈത്തുസ്സകാത്തിന്റെ പ്രത്യേകതകളാണ്. സകാത്തിനര്‍ഹനായ ഏതൊരു വ്യക്തിക്കും ബൈത്തുസ്സകാത്തിലേക്ക് നേരിട്ട് അപേക്ഷിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനമുണ്ട്.
കഴിഞ്ഞ പതിനാറു വര്‍ഷത്തെ സകാത്ത് പദ്ധതികളിലൂടെ 395 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായം, 2131 വീടുകളുടെ നിര്‍മാണത്തിന് ഭാഗിക സഹായം, 2504 പേര്‍ക്ക് ചികിത്സാ സഹായം, 1309 പേര്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിനുള്ള സഹായം, 1500 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, 1041 വ്യക്തികള്‍ക്ക് തൊഴില്‍ സഹായം, 1497 പേര്‍ക്ക് പെന്‍ഷന്‍, 83 കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവയാണ് ബൈത്തുസ്സകാത്ത് നിര്‍വഹിച്ചത്. 2015-’16 വര്‍ഷത്തില്‍ 53 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായവും 276 വീടുകളുടെ നിര്‍മാണത്തിന് ഭാഗിക സഹായവും അനുവദിച്ചു. അതിന് പുറമെ 132 വ്യക്തികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍, 76 വ്യക്തികള്‍ക്ക് കടബാധ്യത തീര്‍ക്കുന്നതിന് സഹായം, 206 രോഗികള്‍ക്ക് ചികിത്സാ സഹായം, 270 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, 15 കുടിവെള്ള പദ്ധതികള്‍, 40 വ്യക്തികള്‍ക്ക് പെന്‍ഷന്‍ എന്നിവയാണ് ബൈത്തുസ്സകാത്ത് നല്‍കിയത്.
കേരളീയ സമൂഹത്തില്‍ സകാത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുകയാണ് ബൈത്തുസ്സകാത്ത് കേരള. പ്രാദേശിക തലത്തിലെ സകാത്ത് പദ്ധതികള്‍ക്ക് പരിശീലനമടക്കമുള്ള ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ വലിയ വളര്‍ച്ച യാണ് ബൈത്തുസ്സകാത്ത് ലക്ഷ്യമിടുന്നത്. കേരളത്തില്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരായ വലിയൊരു വിഭാഗം ഇപ്പോഴും അത് കൃത്യമായി നല്‍കുന്നില്ല എന്നതാണ് വസ്തുത. അവരെ ബോധവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നു. സകാത്ത് സംഭരണ-വിതരണ മേഖലയില്‍ നവീന രീതികള്‍ പരീക്ഷിക്കണമെന്നും ബൈത്തുസ്സകാത്ത് ആഗ്രഹിക്കുന്നു. പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ 1500 ദരിദ്ര കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയായ പീപ്പ്ള്‍സ് ഹോം പദ്ധതിയില്‍ മുഖ്യ പങ്കാളിയാണ് ബൈത്തുസ്സകാത്ത് കേരള. കൂടുതല്‍ സകാത്ത് ദായകരുടെ സഹകരണമുണ്ടെങ്കില്‍ കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ വലിയ സംഭാവനയര്‍പ്പിക്കാന്‍ ബൈത്തുസ്സകാത്തിന് കഴിയും.
REFERENCE
# Prabodhanam Weekly 12.02.2016
# Prabodhanam Weekly 17.06.2016
WEBSITE: http://peoplesfoundation.org/