ജമാഅത്തെ ഇസ്‌ലാമി ഭരണഘടന

2021 ഒക്ടോബർ വരെയുള്ള വരെയുള്ള ഭേതഗതിയനുസരിച്ച് തയ്യാറാക്കിയത്:

ആദര്‍ശം, ലക്ഷ്യം, പ്രവര്‍ത്തന മാര്‍ഗം

പേര്
ഖണ്ഡിക: 1
ഈ സംഘടനയുടെ പേര് ‘ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്’ എന്നും ഈ ഭരണഘടനയുടെ പേര് ‘ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഭരണഘടന’ എന്നും ആയിരിക്കും.

നടപ്പിലാവുന്ന തിയ്യതി
ഖണ്ഡിക: 2
ഈ ഭരണഘടന ഹിജ്‌റ 1375 റമദാന്‍ 1, ക്രിസ്ത്വബ്ദം 1956 ഏപ്രില്‍ 13 മുതല്‍ നടപ്പില്‍വരുന്നതായിരിക്കും.

ആദര്‍ശം
ഖണ്ഡിക: 3
ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ അടിസ്ഥാന ആദര്‍ശം
لا إله إلا الله محمدا رسول اللهഎന്നതാകുന്നു. അതായത്, ‘ഇലാഹ്’ അല്ലാഹു മാത്രമാകുന്നു; അവനല്ലാതെ ഒരു ഇലാഹും ഇല്ല. മുഹമ്മദ് (സ) അല്ലാഹുവിന്റെ ‘റസൂല്‍’ ആകുന്നു.
വിശദീകരണം : ഈ ആദര്‍ശത്തിലെ ആദ്യഭാഗമായ, അല്ലാഹു ഏക ‘ഇലാഹ്’ ആണെന്നും മറ്റാരും ‘ഇലാഹ്’ അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്: ഏതൊരുവന്‍ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികര്‍ത്താവും ആണോ, അതേ അല്ലാഹു തന്നെയാണ് വാസ്തവത്തില്‍ നമ്മുടെയെല്ലാം സാക്ഷാല്‍ ‘മഅ്ബൂദും’ സാന്മാര്‍ഗിക വിധികര്‍ത്താവും. ആരാധനക്കര്‍ഹനും യഥാര്‍ഥത്തില്‍ അനുസരിക്കപ്പെടേണ്ടവനും അവന്‍ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന് യാതൊരു പങ്കാളിയുമില്ല.
ഈ യാഥാര്‍ഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെ പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ നിര്‍ബന്ധമാകുന്നതാണ്:

1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകര്‍ത്താവോ കൈകാര്യകര്‍ത്താവോ ആവശ്യങ്ങള്‍ നിറവേറ്റുന്നവനോ ബുദ്ധിമുട്ടുകള്‍ തീര്‍ക്കുന്നവനോ സങ്കടങ്ങള്‍ കേള്‍ക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാര്‍ഥത്തില്‍ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങള്‍ ഏല്‍പിക്കുന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തി കാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരെയും ഭരമേല്‍പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകള്‍ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥന്‍ യഥാര്‍ഥത്തില്‍ അല്ലാഹു മാത്രമാകുന്നു.
3. അല്ലാഹുവെ അല്ലാതെ മറ്റാരെയും ആരാധിക്കാതിരിക്കുക; മറ്റാരുടെ പേരിലും നേര്‍ച്ച നേരാതിരിക്കുക; മറ്റാരുടെ മുമ്പിലും തല കുനിക്കാതിരിക്കുക. ചുരുക്കത്തില്‍, ബഹുദൈവവിശ്വാസികള്‍ തങ്ങളുടെ ആരാധ്യരുമായി പുലര്‍ത്തിവരാറുള്ള യാതൊരിടപാടും മറ്റുള്ളവരുമായി നടത്താതിരിക്കുക. കാരണം, അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍.
4. അല്ലാഹുവോടല്ലാതെ, മറ്റാരോടും പ്രാര്‍ഥിക്കാതിരിക്കുക; മറ്റാരോടും അഭയം തേടാതിരിക്കുക; മറ്റാരെയും സഹായത്തിന് വിളിക്കാതിരിക്കുക; ശിപാര്‍ശ മുഖേന ദൈവവിധിയെ മാറ്റാന്‍ കഴിയുന്നവിധം, ദൈവിക വ്യവസ്ഥകളില്‍ പ്രവേശനവും സ്വാധീനവുമുള്ളവരായി ആരെയും ഗണിക്കാതിരിക്കുക. കാരണം, സകലരും മലക്കുകളോ അമ്പിയാഓ ഔലിയാഓ ആരുതന്നെയാണെങ്കിലും ശരി അല്ലാഹുവിന്റെ സാമ്രാജ്യത്തില്‍ അധികാരമില്ലാത്ത പ്രജകള്‍ മാത്രമാകുന്നു.
5. അല്ലാഹുവെ ഒഴിച്ച് മറ്റാരെയും ആധിപത്യത്തിന്റെ ഉമടസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കല്‍പിക്കാനും നിരോധിക്കാനും അര്‍ഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിര്‍മാതാവും ‘ശാരിഉം’ ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളും ശരിയെന്ന് അംഗീകരിക്കാതിരിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും സൃഷ്ടികളുടെ ന്യായമായ ഏക വിധികര്‍ത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതക്കും വിധികര്‍ത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തില്‍ അവന്നല്ലാതെ മറ്റാര്‍ക്കുമില്ല.
പ്രസ്തുത ആദര്‍ശം സ്വീകരിക്കുന്നതിനാല്‍ മനുഷ്യന്റെ മേല്‍ താഴെ വിവരിക്കുന്ന സംഗതികള്‍ കൂടി അനിവാര്യമായിത്തീരുന്നു:
6. സ്വാധികാരത്തെ കൈയൊഴിക്കുക. സ്വേച്ഛകള്‍ക്കടിമപ്പെടുന്നതുപേക്ഷിക്കുക. ഏക ഇലാഹായി താന്‍ സമ്മതിച്ചംഗീകരിച്ച അല്ലാഹുവിന്റെ മാത്രം അടിമയായി നിലകൊള്ളുക.
7. താന്‍ വല്ലതിന്റെയും ഉടമസ്ഥനും അധികാരിയുമാണെന്ന് കരുതാതിരിക്കുക. സര്‍വതും, തന്റെ ജീവനും അവയവങ്ങളും ശാരീരികവും മാനസികവുമായ കഴിവുകളും വരെ അല്ലാഹുവിന്നുടമപ്പെട്ടതും അവങ്കല്‍നിന്നുള്ള ‘അമാനത്തും’ ആണെന്ന് കരുതുക.
8. താന്‍ അല്ലാഹുവിന്റെ മുമ്പില്‍ ഉത്തരവാദപ്പെട്ടവനും സമാധാനം ബോധിപ്പിക്കേണ്ടവനുമാണെന്ന് കരുതുക. തന്റെ കഴിവുകള്‍ ഉപയോഗിക്കുന്നതിലും പെരുമാറ്റത്തിലും ക്രയവിക്രയങ്ങളിലും അവയെക്കുറിച്ച് അന്ത്യനാളില്‍ അല്ലാഹുവിന്റെ മുമ്പാകെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും സ്വകര്‍മങ്ങളുടെ സദ്ഫലമോ ദുഷ്ഫലമോ അനുഭവിക്കേണ്ടിവരുമെന്നുമുള്ള യാഥാര്‍ഥ്യം സദാ ഗൌനിക്കുക.
9. തന്റെ ഇഷ്ടത്തിന് അല്ലാഹുവിന്റെ ഇഷ്ടത്തെയും, തന്റെ അനിഷ്ടത്തിന് അല്ലാഹുവിന്റെ അനിഷ്ടത്തെയും മാനദണ്ഡമായി സ്വീകരിക്കുക.
10. അല്ലാഹുവിനെ അഗാധമായി സ്‌നേഹിക്കുക. അവന്റെ പ്രീതിയും സാമീപ്യവും, തന്റെ സമസ്ത ശ്രമങ്ങളുടെയും ലക്ഷ്യമായും മുഴു ജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവചര്യകള്‍, സാമൂഹിക നാഗരിക സാമ്പത്തിക രാഷ്ട്രീയ ഇടപാടുകള്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വിഷയങ്ങളിലും അല്ലാഹുവിന്റെ നിര്‍ദേശത്തെ മാത്രം നിര്‍ദേശമായി അംഗീകരിക്കുക. അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമോ ആയ പദ്ധതിയെ മാത്രം പദ്ധതിയായി സ്വീകരിക്കുക. അവന്റെ ‘ശരീഅത്തി’നു വിരുദ്ധമായതെന്തും തള്ളിക്കളയുക.
ഈ ആദര്‍ശത്തിലെ രണ്ടാം ഭാഗമായ ‘മുഹമ്മദ്(സ) അല്ലാഹുവിന്റെ റസൂല്‍ ആണെ’ന്നതിന്റെ വിവക്ഷ ഇതാണ്: സാക്ഷാല്‍ ‘മഅ്ബൂദും’ പ്രപഞ്ചത്തിന്റെ അധിപതിയുമായ അല്ലാഹു, ഭൂവാസികളായ മനുഷ്യര്‍ക്കാകമാനം അന്ത്യദിനം വരേക്കുള്ള പ്രാമാണിക മാര്‍ഗനിര്‍ദേശപത്രവും പരിപൂര്‍ണ ജീവിതപദ്ധതിയും കൊടുത്തയച്ച്, ആ നിര്‍ദേശവും പദ്ധതിയും അനുസരിച്ചു പ്രവര്‍ത്തിച്ചുകൊണ്ട്, ഒരു സമ്പൂര്‍ണ ജീവിതമാതൃക സംസ്ഥാപിക്കാന്‍ നിയോഗിച്ചിട്ടുള്ള അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ) തിരുമേനി ആകുന്നു.

ഈ വസ്തുത ഗ്രഹിച്ചംഗീകരിക്കുന്നതിനാല്‍ താഴെ പറയുന്ന സംഗതികള്‍ മനുഷ്യന്റെ മേല്‍ അനിവാര്യമായിത്തീരുന്നു:

1. മുഹമ്മദ്(സ) തിരുമേനിയുടേതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണ നിര്‍ദേശങ്ങളും നിരുപാധികം സ്വീകരിക്കുക.
2. ഒരു കാര്യം ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമുള്ള പ്രേരണ, ആ കാര്യത്തില്‍ ദൈവദൂതന്റെ കല്‍പനയോ നിരോധമോ ഉള്ളതായി തെളിഞ്ഞിട്ടുണ്ട് എന്നത് മാത്രമാവുക. അതല്ലാതെ മറ്റൊരു തെളിവും അനുസരണത്തിന് ആവശ്യമില്ലാതിരിക്കുക.
3. ദൈവദൂതന്റേതൊഴിച്ചു മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്‍ഗദര്‍ശനവും അംഗീകരിക്കാതിരിക്കുക. മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നത്തിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്‍നിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും അംഗീകരിക്കുക. കിതാബിനും സുന്നത്തിനും യോജിക്കുന്ന ആദര്‍ശവും വിശ്വാസവും മാര്‍ഗവും മാത്രം അവലംബിക്കുകയും അവക്കെതിരായതെന്തും തിരസ്‌കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ വംശീയമോ ദേശീയമോ കക്ഷിത്വപരമോ സംഘടനാപരമോ ആയ എല്ലാവിധ അനിസ്‌ലാമിക പക്ഷപാതങ്ങളെയും മനസ്സില്‍നിന്നു പുറംതള്ളുക. ദൈവദൂതനോടും അവിടുന്ന് സമര്‍പ്പിച്ച സത്യത്തോടുമുള്ള സ്‌നേഹാദരവിനെ അതിജയിക്കുകയോ, അതിനോട് കിടപിടിക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്‌നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുക.
6. ദൈവദൂതനെ അല്ലാതെ മറ്റാരെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുക. മറ്റാരെയും വിമര്‍ശനാതീതനായി ഗണിക്കാതിരിക്കുക.* മറ്റൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുക. അല്ലാഹു നിശ്ചയിച്ച ഈ പരിപൂര്‍ണ മാനദണ്ഡംകൊണ്ട് ഓരോരുത്തനെയും പരിശോധിക്കുകയും അതനുസരിച്ച് ആര്‍ ഏതു പദവിയിലാണോ അതേ പദവിയില്‍ വെക്കുകയും ചെയ്യുക.

ലക്ഷ്യം
ഖണ്ഡിക: 4
ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ലക്ഷ്യം ‘ഇഖാമതുദ്ദീന്‍’ ആകുന്നു. അതിന്റെ സാക്ഷാല്‍ പ്രേരകശക്തി, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും കരസ്ഥമാക്കുകയെന്നതാകുന്നു.

വിശദീകരണം :’ഇഖാമതുദ്ദീന്‍’ എന്നതിലെ ‘ദീന്‍’ കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകര്‍ത്താവായ അല്ലാഹു, തന്റെ സകല പ്രവാചകന്മാരും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അന്ത്യപ്രവാചകനായ മുഹമ്മദ്(സ) മുഖേന അഖില മനുഷ്യരുടെയും മാര്‍ഗദര്‍ശനത്തിനായി, അന്തിമവും പരിപൂര്‍ണവുമായി അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന് ലോകത്ത് പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യവുമായ ഏക ദീന്‍ ഇതൊന്നുമാത്രമാണ്. അതിന്റെ പേരത്രെ ഇസ്‌ലാം.
ഈ ദീന്‍ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിലെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉള്‍ക്കൊള്ളുന്നു. ആദര്‍ശം, വിശ്വാസം, ആരാധനകള്‍, സ്വഭാവചര്യകള്‍ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക് പുറത്തല്ല.
ഈ ദീന്‍ ദൈവപ്രീതിയും പാരത്രിക വിജയവും ഉറപ്പുനല്‍കുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്‌നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായ ജീവിത വ്യവസ്ഥിതിയുമാണ്. ഉത്തമവും പുരോഗമനോന്മുഖവുമായ വ്യക്തിസമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനത്തിലൂടെ മാത്രമേ സാധ്യമാകൂ.
ഈ ദീനിന്റെ ‘ഇഖാമത്ത്’ കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ആത്മാര്‍ഥതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പൂര്‍ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപമായിരിക്കുമാറ്, മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണമായി നടപ്പില്‍വരുത്തുകയും ചെയ്യുക എന്നതാകുന്നു.
ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും പ്രായോഗികവുമായ മാതൃക മുഹമ്മദ്(സ)യും സച്ചരിതരായ ഖലീഫമാരും സ്ഥാപിച്ചിട്ടുള്ളതാണ്.

പ്രവര്‍ത്തനമാര്‍ഗം
ഖണ്ഡിക: 5
ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ പ്രവര്‍ത്തനമാര്‍ഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:
1. ഖുര്‍ആനും സുന്നത്തും ജമാഅത്ത് പ്രവര്‍ത്തനത്തിന്റെ അസ്തിവാരമായിരിക്കും. മറ്റുള്ളതെല്ലാം രണ്ടാം സ്ഥാനത്ത്, ഖുര്‍ആനും സുന്നത്തും അനുസരിച്ച് പഴുതുള്ളേടത്തോളം മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.
2. ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും ധാര്‍മിക പരിധികള്‍ പാലിക്കുന്നതായിരിക്കും. സത്യസന്ധതക്കും വിശ്വസ്തതക്കും നിരക്കാത്തതോ, വര്‍ഗീയ വിദ്വേഷത്തിനും വര്‍ഗസംഘട്ടനത്തിനും ഇടയാക്കുന്നതോ നാട്ടില്‍ നാശമുണ്ടാക്കുന്നതോ ആയ മാര്‍ഗങ്ങളും പരിപാടികളും ഒരിക്കലും സ്വീകരിക്കുന്നതല്ല.
3. ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്‌കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്‌ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.
ഭാഗം രണ്ട്
ജമാഅത്തിലെ അംഗത്വം

നിബന്ധനകള്‍
ഖണ്ഡിക: 6
സ്ത്രീപുരുഷ വ്യത്യാസമോ വംശ സമുദായ ഭേദമോ കൂടാതെ ഇന്ത്യന്‍ യൂനിയനിലെ ഏത് പൌരനും താഴെ വിവരിക്കുന്ന നിബന്ധനകളോടുകൂടി ജമാഅത്തെ ഇസ്‌ലാമി ഹിന്ദില്‍ അംഗമാകാവുന്നതാണ്.
1. لا إله إلا الله محمدا رسول الله എന്ന ആദര്‍ശം അതിന്റെ വിശദീകരണസഹിതം (ഖണ്ഡിക: 3ല്‍ പറഞ്ഞത്) ഗ്രഹിച്ചശേഷം, അതുതന്നെയാണ് തന്റെ ആദര്‍ശമെന്ന് സാക്ഷ്യം വഹിക്കുക.
2. ജമാഅത്തിന്റെ ലക്ഷ്യം അതിന്റെ വിശദീകരണസഹിതം (ഖണ്ഡിക: 4ല്‍ പറഞ്ഞത്) ഗ്രഹിച്ചശേഷം, അതുതന്നെയാണ് തന്റെ ലക്ഷ്യമെന്ന്
സമ്മതിച്ചു പറയുക.
3. ജമാഅത്തിന്റെ പ്രവര്‍ത്തനമാര്‍ഗം (ഖണ്ഡിക: 5ല്‍ പറഞ്ഞത്) അനുസരിച്ചുകൊള്ളാമെന്ന് സമ്മതിച്ചു പറയുക.
4. ജമാഅത്ത് ഭരണഘടന ഗ്രഹിച്ചശേഷം ഈ ഭരണഘടനയും തദനുസൃതമായ പാര്‍ട്ടിവ്യവസ്ഥയും അനുസരിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുക.

പ്രവേശനം
ഖണ്ഡിക: 7
അംഗത്വനിബന്ധനകള്‍ (ഖണ്ഡിക: 6ല്‍ ചേര്‍ത്തത്) പൂര്‍ത്തീകരിച്ചുകഴിഞ്ഞ ഒരാളുടെ അംഗത്വത്തിനുള്ള അപേക്ഷ ജമാഅത്തിന്റെ അമീര്‍ അംഗീകരിക്കുന്നതോടു കൂടി അയാളെ ജമാഅത്തിന്റെ അംഗമായി കണക്കാക്കുന്നതാണ്.

ഉത്തരവാദിത്വങ്ങള്‍
ഖണ്ഡിക: 8
ഓരോ ജമാഅത്തംഗത്തിനും താഴെ വിവരിക്കുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായിരിക്കും:
1. ദീനിലെ മുഴുവന്‍ നിര്‍ബന്ധകടമകളും അവയുടെ ‘ശര്‍ഇ’യായ വ്യവസ്ഥകളോടുകൂടി നിര്‍വഹിക്കുക.
2. മഹാപാപങ്ങളില്‍നിന്ന് അകന്നുനില്‍ക്കുക. താല്‍ക്കാലിക മനോവികാരങ്ങള്‍ക്കടിപ്പെട്ട് വല്ല മഹാപാപവും ചെയ്തുപോയെങ്കില്‍ അതില്‍നിന്ന് പശ്ചാത്തപിച്ചു മടങ്ങുക.
3. നീചമായ കുറ്റത്തിന്റെ നിര്‍വചനത്തില്‍പ്പെടുന്ന വല്ല ഉപജീവന മാര്‍ഗവുമാണ് ഉള്ളതെങ്കില്‍, അതുപേക്ഷിക്കുന്നതിനാല്‍ സംഭവിക്കാവുന്ന ഏതു നഷ്ടവും അവഗണിച്ചുകൊണ്ട് അത് കൈയൊഴിയുക. തന്റെ ഉപജീവന മാര്‍ഗങ്ങളില്‍ ഇത്തരം വല്ല അംശവും കലര്‍ന്നിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് തന്റെ ഉപജീവനത്തെ പരിശുദ്ധമാക്കുക.
4. നിഷിദ്ധ മാര്‍ഗേണ സമ്പാദിച്ച ധനമോ ഭൂസ്വത്തോ തന്റെ അധീനത്തിലുണ്ടെങ്കില്‍ അത് കൈയൊഴിക്കുക. എന്നാല്‍, ആ ധനം നിശ്ചിതവും നിര്‍ണിതവുമല്ലെങ്കില്‍ പാപമോചനത്തിനായുള്ള പ്രാര്‍ഥനയോടും പശ്ചാത്താപത്തോടുമൊപ്പം അതിന്റെ പരിഹാരാര്‍ഥം സാധ്യമായ പരിശ്രമം ചെയ്യുക.
5. തന്റെ ധനത്തിലോ ഭൂസ്വത്തിലോ മറ്റാരുടെയെങ്കിലും അപഹരിക്കപ്പെട്ട വല്ല അവകാശവും ഉള്‍പ്പെടുന്നുണ്ടെങ്കില്‍ അത് അവര്‍ക്ക് തിരിച്ചുകൊടുക്കുക. അവകാശി ആരെന്നും അപഹരിക്കപ്പെട്ട വസ്തു ഏതെന്നും എത്രയെന്നും വ്യക്തമായി അറിഞ്ഞെങ്കിലേ അതു നിര്‍ബന്ധമുള്ളൂ. അല്ലാത്തപക്ഷം പാപമോചനത്തിനായുള്ള പ്രാര്‍ഥനയോടും പശ്ചാത്താപത്തോടുമൊപ്പം തല്‍പരിഹാരാര്‍ഥം സാധ്യമായ പരിശ്രമം ചെയ്യുക.
6 ഭരണകൂടത്തില്‍ ഏതെങ്കിലും ഉദ്യോഗം വരിക്കുകയോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനം വഹിക്കുകയോ ഏതെങ്കിലും നിയമനിര്‍മാണ സഭയില്‍ അംഗമായിരിക്കുകയോ ആണെങ്കില്‍ സത്യത്തിനും നീതിക്കും വിരുദ്ധമായ യാതൊും പ്രവര്‍ത്തിക്കാതിരിക്കുക.
7. കഴിവനുസരിച്ച് ഖണ്ഡിക 6ലെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുക.
8. 3, 4 ഖണ്ഡികകളില്‍ വ്യക്തമാക്കപ്പെട്ട ആദര്‍ശലക്ഷ്യങ്ങളിലേക്ക് അല്ലാഹുവിന്റെ അടിമകളെ തന്റെ കഴിവും പ്രാപ്തിയുമനുസരിച്ച് ക്ഷണിക്കുക. ഈ ആദര്‍ശലക്ഷ്യങ്ങള്‍ അംഗീകരിക്കുന്നവരെ ‘ഇഖാമതുദ്ദീനി’നു വേണ്ടിയുള്ള സംഘടിത ശ്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുക.

ഉദ്ദിഷ്ട മാനദണ്ഡം
ഖണ്ഡിക: 9
ഓരോ ജമാഅത്ത് അംഗവും താഴെ വിവരിക്കുന്ന സംഗതികള്‍ക്കായി പരിശ്രമിക്കേണ്ടതാണ്:
1. ഇസ്‌ലാമും ജാഹിലിയ്യത്തും (ഇസ്‌ലാമേതരം) തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുകയും അല്ലാഹു നിശ്ചയിച്ച പരിധികള്‍ മനസ്സിലാക്കുകയും ചെയ്യുക.
2. അല്ലാഹുവുമായുള്ള ബന്ധം കൂടുതല്‍ കൂടുതല്‍ സുദൃഢമാക്കുകയും അതിനായി, നിര്‍ബന്ധ ഇബാദത്തുകള്‍ക്കു പുറമെ ‘നഫ്‌ലു’കളിലും ‘ദിക്‌റു’കളിലും ഖുര്‍ആന്‍ പാരായണത്തിലും മറ്റും പ്രത്യേക ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുക.
3. എല്ലാ ഇടപാടുകളിലും തന്റെ വീക്ഷണം, മനോഭാവം, പ്രവര്‍ത്തനം എന്നിവ അല്ലാഹുവിന്റെ മാര്‍ഗനിര്‍ദേശത്തിനനുസൃതമായി രൂപപ്പെടുത്തുക. തന്റെ ജീവിതലക്ഷ്യം, ഇഷ്ടം, മൂല്യങ്ങളുടെ മാനദണ്ഡം, കൂറ് തുടങ്ങിയവ ദൈവപ്രീതിക്കനുസൃതമായി ഉടച്ചുവാര്‍ക്കുക. സ്വാര്‍ഥത, താന്‍പോരിമ തുടങ്ങിയ ബിംബങ്ങളെ തകര്‍ത്ത് അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തിയായി മാറുക.
4. ശരീഅത്ത് വിധികള്‍ക്ക് വിരുദ്ധമായ എല്ലാ അനിസ്ലാമികാചാരങ്ങളില്‍നിന്നും ജീവിതത്തെ പരിശുദ്ധമാക്കുക.
5. ദേഹേച്ഛയുടെയും ഭൌതിക പൂജയുടെയും അടിസ്ഥാനത്തിലുള്ളതും ദീനില്‍ തീരെ പ്രാധാന്യമില്ലാത്തതുമായ പക്ഷപാതങ്ങളില്‍നിന്നും അഭിരുചികളില്‍നിന്നും ഹൃദയത്തെയും അത്തരം പ്രവൃത്തികളില്‍നിന്നും ചര്‍ച്ചകളില്‍നിന്നും തര്‍ക്കങ്ങളില്‍നിന്നും ജീവിതത്തെയും പരിശുദ്ധമാക്കുക.
6. ദുരാചാരികളും ദുര്‍മാര്‍ഗികളും അല്ലാഹുവെ വിസ്മരിച്ചവരുമായ ജനങ്ങളുമായി സ്‌നേഹസഹകരണ ബന്ധങ്ങള്‍ പൊതു മാനുഷിക ബന്ധങ്ങളല്ല മുറിച്ചുകളയുകയും ദൈവഭക്തരായ സജ്ജനങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുക.

വിശദീകരണം :ദുര്‍ജനങ്ങളുമായി അടുത്ത കുടുംബബന്ധങ്ങളുണ്ടെങ്കില്‍ അവരുടെ ശര്‍ഇയ്യായ അവകാശങ്ങള്‍ ഏതു നിലക്കും നിര്‍വഹിക്കപ്പെടുന്നതും
അവരുമായുള്ള സാമൂഹിക ബന്ധങ്ങള്‍ നീതിപൂര്‍വം നിലനിര്‍ത്തപ്പെടുന്നതുമായിരിക്കും. എന്നാല്‍, അവരുടെ തെറ്റായ ചെയ്തികളില്‍നിന്ന് തികച്ചും വിട്ടുനില്‍ക്കേണ്ടതും ക്ഷമയോടും നയോപായത്തോടും കൂടി അവരുടെ സംസ്‌കരണത്തിനായി പരിശ്രമിക്കേണ്ടതുമാണ്.
7. ദീനിന്റെ വിധിവിലക്കുകളിൽ നിഷ്ഠ പുലർത്തുകയും അത്യാവശ്യമുണ്ടെങ്കിലല്ലാതെ ഇടപാടുകളുടെ തീർപ്പിനായി കോടതികളെ സമീപിക്കാതിരിക്കുകയും ചെയ്യുക.
8. തന്റെ ഇടപാടുകള്‍ നീതിയുടെയും ന്യായത്തിന്റെയും ദൈവഭക്തിയുടെയും കറയറ്റ സത്യസന്ധതയുടെയും അടിസ്ഥാനത്തില്‍ നിലനിര്‍ത്തുക.
9. തന്റെ അധ്വാന പരിശ്രമങ്ങളെല്ലാം ‘ഇഖാമതുദ്ദീനാ’കുന്ന ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുക. തന്റെ ജീവിതത്തിന്റെ സാക്ഷാല്‍ ആവശ്യങ്ങള്‍ക്കുള്ളതൊഴിച്ച് പ്രസ്തുത ലക്ഷ്യത്തിലേക്കെത്തുന്നതിന് സഹായകമല്ലാത്ത എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും വിരമിക്കുക.

ഭാഗം 3
പാര്‍ട്ടി ഘടന

സ്വഭാവം
ഖണ്ഡിക: 10
ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ഘടന ശൂറാ(കൂടിയാലോചനാ) സ്വഭാവത്തിലുള്ളതായിരിക്കും. സംഘടനാപരമായി അത് കേന്ദ്ര, ഹല്‍ഖാ, പ്രാദേശിക ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായിരിക്കും. കൂടാതെ ആവശ്യാനുസൃതം മറ്റു മേഖലാ ഘടകങ്ങളും ജമാഅത്ത് അമീറിന് രൂപീകരിക്കാവുന്നതാണ്.

കേന്ദ്ര ഘടന
ഘടകങ്ങള്‍

ഖണ്ഡിക: 11
കേന്ദ്രഘടന താഴെ പറയുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും.
1. മജ്‌ലിസെ നുമാഇന്ദഗാന്‍ (പ്രതിനിധിസഭ)
2. അമീറെ ജമാഅത്ത്
3. കേന്ദ്ര മജ്‌ലിസ് ശൂറ (കൂടിയാലോചനാ സമിതി)
4. ഖയ്യിമെ ജമാഅത്ത് (സെക്രട്ടറി ജനറല്‍)

1. മജ്‌ലിസെ നുമാഇന്ദഗാന്‍
രൂപീകരണം

ഖണ്ഡിക: 12
ഈ ജമാഅത്തിന്, ജമാഅത്ത് അംഗങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട
പ്രതിനിധികളും അമീറെ ജമാഅത്തും ഖയ്യിമെ ജമാഅത്തും ഉള്‍ക്കൊള്ളുന്ന ഒരു പ്രതിനിധിസഭ ഉണ്ടായിരിക്കും.

ഖണ്ഡിക: 13
മജ്‌ലിസെ നുമാഇന്ദഗാനിലേക്കുള്ള പ്രതിനിധികളുടെ തിരഞ്ഞെടുപ്പു രീതി താഴെ പറയും പ്രകാരമായിരിക്കും:
ജമാഅത്തംഗങ്ങള്‍ മുഴുവന്‍ ജമാഅത്തില്‍നിന്നുമായി പതിനഞ്ച് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതായിരിക്കും. ഈ തിരഞ്ഞെടുപ്പ് ആദ്യം നടപ്പില്‍വരുന്നതാണ്. അനന്തരം ഓരോ ഹല്‍ഖാ ഘടകത്തില്‍നിന്നും/കേന്ദ്രത്തിന് കീഴിലുള്ള മേഖലയില്‍നിന്നും ഒന്നോ ഒന്നിലധികമോ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതായിരിക്കും. ഈ പ്രതിനിധികളുടെ എണ്ണവും അതില്‍ സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ അനുപാതവും ജമാഅത്ത് അംഗങ്ങളുടെ എണ്ണം മുന്നില്‍വെച്ചുകൊണ്ട് അപ്പപ്പോള്‍ കേന്ദ്ര മജ്‌ലിസ്ശൂറ നിര്‍ണയിക്കുന്നതാണ്.

ഖണ്ഡിക: 14
(എ) പ്രതിനിധിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജമാഅത്തിന്റെ ‘ഇമാറത്ത്’ അല്ലെങ്കില്‍ ‘ഖയ്യിം’ ചുമതല നിര്‍വഹിക്കുന്ന വ്യക്തിയെ പ്രതിനിധിസഭാ മെമ്പറായി തിരഞ്ഞെടുക്കുന്നതിന് അയാളുടെ പദവി തടസ്സമായിരിക്കുകയില്ല.
(ബി) ജമാഅത്ത് അമീര്‍ അല്ലെങ്കില്‍ ഖയ്യിം പ്രതിനിധിസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം, അമീറിന്റെ സ്ഥാനത്തേക്കുള്ള പുതിയ തിരഞ്ഞെടുപ്പിന്റെയോ അല്ലെങ്കില്‍ ഖയ്യിമിനെ നിശ്ചയിക്കുന്നതിന്റെയോ ഇടക്കാലത്ത് അതു മുഖേന പ്രതിനിധിസഭാംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് അമീറിന്റെയോ ശൂറയുടെയോ തിരഞ്ഞെടുപ്പിന് തടസ്സമായിരിക്കുകയില്ല.

അംഗത്വത്തിനാവശ്യമായ ഗുണങ്ങള്‍
ഖണ്ഡിക: 15
പ്രതിനിധിസഭാംഗമായി ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ താഴെ പറയുന്ന ഗുണങ്ങള്‍ പരിഗണിക്കുന്നതായിരിക്കും:
1. പ്രതിനിധിസഭാംഗത്വമോ മറ്റു വല്ല ജമാഅത്ത് പദവിയോ ആഗ്രഹിക്കുന്നവനും സ്ഥാനാര്‍ഥിയും അല്ലാതിരിക്കുക.
2. ദീനീ പരിജ്ഞാനം, ദൈവഭക്തി, വിശ്വസ്തത, ചിന്താശക്തി, അഭിപ്രായ സുബദ്ധത, കാര്യഗ്രഹണശേഷി, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വഭാവ പരിജ്ഞാനം, അതിനോടുള്ള പ്രതിബദ്ധത, ജമാഅത്ത് ഭരണഘടനയോടുള്ള വിധേയത്വം, ദൈവമാര്‍ഗത്തില്‍ സ്ഥിരചിത്തത എന്നീ കാര്യങ്ങളില്‍ തിരഞ്ഞെടുപ്പു മണ്ഡലത്തിലെ ജമാഅത്തംഗങ്ങളില്‍വെച്ച് പൊതുവെ ഉത്തമനായിരിക്കുക.

പ്രവര്‍ത്തനകാലം
ഖണ്ഡിക: 16
(എ) പ്രതിനിധിസഭാ തിരഞ്ഞെടുപ്പ് നാല് കൊല്ലത്തേക്കായിരിക്കും.
(ബി) ഒരു പ്രതിനിധിസഭയുടെ പ്രവര്‍ത്തനകാലം അവസാനിക്കുന്നതിനു മുമ്പ് പുതിയ പ്രതിനിധിസഭ തിരഞ്ഞെടുക്കപ്പെടേണ്ടതാകുന്നു. എന്നാല്‍, ശക്തിയായ വല്ല പ്രതിബന്ധവും നിമിത്തം നാലു കൊല്ലക്കാലം അവസാനിക്കുംമുമ്പ് പുതിയ തിരഞ്ഞെടുപ്പ് സാധ്യമായില്ലെങ്കില്‍, പുതിയ പ്രതിനിധിസഭ തിരഞ്ഞെടുക്കപ്പെടുന്നതുവരെ നിലവിലുള്ള സഭ തുടര്‍ന്നുപോകുന്നതായിരിക്കും.
അധികാരങ്ങള്‍
ഖണ്ഡിക: 17
പ്രതിനിധിസഭയുടെ അധികാരങ്ങള്‍ താഴെ പറയുന്നവയായിരിക്കും.
1. അമീറെ ജമാഅത്തിനെ തിരഞ്ഞെടുക്കലും ഒഴിവാക്കലും.
2. അമീറെ ജമാഅത്തിന്റെ രാജിയെ സംബന്ധിച്ച തീരുമാനം.
3. കേന്ദ്ര മജ്‌ലിസ്ശൂറയെയോ അതിലെ ഏതെങ്കിലും അംഗത്തെയോ തിരഞ്ഞെടുക്കലും ഒഴിവാക്കലും.
4. അമീറെ ജമാഅത്തും കേന്ദ്ര മജ്‌ലിസ്ശൂറയും തമ്മില്‍ അഭിപ്രായ
വ്യത്യാസമുള്ള പ്രശ്‌നങ്ങളിലെ തീരുമാനം. (ഖണ്ഡിക: 39 സി)
5. ജമാഅത്തിന്റെ ഭരണഘടന ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച കേന്ദ്ര മജ്‌ലിസ് ശൂറയുടെ ശിപാര്‍ശകളെക്കുറിച്ചും പ്രതിനിധിസഭയുടെയോ അമീറെ ജമാഅത്തിന്റെയോ പ്രമേയങ്ങളെക്കുറിച്ചും ആലോചിച്ചു തീരുമാനമെടുക്കല്‍. (ഖണ്ഡിക: 73, 74)
6. മീഖാത്തീ (ചതുര്‍വര്‍ഷ) പ്രോഗ്രാമിന്റെ വെളിച്ചത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍.

യോഗം
ഖണ്ഡിക: 18
(എ) പ്രതിനിധിസഭയുടെ യോഗം സാധാരണയായി സഭയുടെ പ്രവര്‍ത്തനകാലം ആരംഭിച്ചതുമുതല്‍ കവിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ നടക്കുന്നതായിരിക്കും. സഭയുടെ അടുത്തയോഗം മീഖാത്തിന്റെ മധ്യകാലത്തിനുമുമ്പ്, ഒരു മാസത്തിനുള്ളിലോ അല്ലെങ്കില്‍ അതിനു ശേഷം കവിഞ്ഞാല്‍ മൂന്നുമാസത്തിനുള്ളിലോ നടക്കുന്നതായിരിക്കും.
(ബി) പ്രതിനിധിസഭയുടെ അസാധാരണ യോഗം ആവശ്യാനുസരണം വിളിച്ചുകൂട്ടാവുന്നതാണ്.
(സി) പ്രതിനിധിസഭയുടെ പത്ത് അംഗങ്ങള്‍ സഭയുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട വല്ല പ്രശ്‌നത്തെക്കുറിച്ചും പ്രതിനിധിസഭയുടെ അസാധാരണയോഗം ചേരണമെന്ന് ലിഖിത രൂപത്തില്‍ ആവശ്യപ്പെടുന്നപക്ഷം അതിനെക്കുറിച്ച് പ്രതിനിധിസഭാംഗങ്ങളുടെ അനുമതി തേടേണ്ടത് നിര്‍ബന്ധമാണ്. സഭാംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായം യോഗം വിളിക്കുന്നതിന് അനുകൂലമാണെങ്കില്‍ രണ്ടു മാസത്തിനകം സഭയുടെ അസാധാരണയോഗം വിളിക്കേണ്ടതാകുന്നു.
(ഡി) പ്രതിനിധിസഭായോഗം നടക്കുമ്പോള്‍ അമീറെ ജമാഅത്തും ഖയ്യിമും യഥാക്രമം സഭയുടെ അധ്യക്ഷനും കാര്യദര്‍ശിയുമായിരിക്കും. എന്നാല്‍, അമീറിനെ നേരിട്ടുബാധിക്കുന്ന വല്ല പ്രശ്‌നത്തെക്കുറിച്ചും ചര്‍ച്ച നടക്കുമ്പോള്‍ സഭ അദ്ദേഹത്തിന്റെ സ്ഥാനത്ത് തങ്ങളില്‍ നിന്ന് മറ്റൊരാളെ താല്‍ക്കാലികാധ്യക്ഷനായി തിരഞ്ഞെടുക്കുന്നതായിരിക്കും.

കോറം
ഖണ്ഡിക: 19
പ്രതിനിധിസഭയുടെ കോറം സഭാംഗങ്ങളുടെ അറുപത് ശതമാനം ആയിരിക്കും. എന്നാല്‍, ഏതെങ്കിലും ഒരു യോഗം കോറം തികയാത്തതുകാരണം നിര്‍ത്തിവെക്കേണ്ടിവന്നാല്‍ അടുത്ത യോഗത്തിന് കോറം ആവശ്യമുണ്ടായിരിക്കുകയില്ല.
വിശദീകരണം
സഭാംഗങ്ങളില്‍ ചിലര്‍ക്ക് ഏതെങ്കിലും പ്രശ്‌നത്തില്‍ 21ാം ഖണ്ഡികയനുസരിച്ച് വോട്ടവകാശം നഷ്ടപ്പെടുകയാണെങ്കില്‍ കോറം അവരൊഴിച്ച് ബാക്കി അംഗങ്ങളുടെ അറുപത് ശതമാനം ആയിരിക്കും.

തീരുമാന രീതി
ഖണ്ഡിക: 20
പ്രതിനിധിസഭാ തീരുമാനങ്ങള്‍ ഐകകണ്‌ഠേനയാവാന്‍ ശ്രമിക്കുന്നതാണ്. ഇങ്ങനെയല്ലാതെ വരുമ്പോള്‍ തീരുമാനം ഭൂരിപക്ഷാഭിപ്രായപ്രകാരമായിരിക്കും. എന്നാല്‍, ഏതെങ്കിലും പ്രശ്‌നത്തില്‍ അഭിപ്രായങ്ങള്‍ സമമായി വിഭജിക്കപ്പെടുന്ന പക്ഷം സഭാധ്യക്ഷന്റെ അഭിപ്രായമുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കും തീരുമാനം.
വിശദീകരണം
ഭരണഘടനയില്‍ ഭേദഗതി, അമീറിനെ നീക്കല്‍, കേന്ദ്ര മജ്‌ലിസ്ശൂറ പിരിച്ചുവിടല്‍ എന്നിവ സംബന്ധിച്ചുള്ള തീരുമാനം ഹാജറുള്ള അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമനുസരിച്ചായിരിക്കില്ല. പ്രത്യുത, വോട്ടവകാശമുള്ള മുഴുവന്‍ അംഗങ്ങളില്‍ ചുരുങ്ങിയത് 51 ശതമാനത്തിന്റെയെങ്കിലും ഭൂരിപക്ഷമനുസരിച്ചായിരിക്കും. വേണ്ടിവന്നാല്‍ ഇതിനായി ഹാജരില്ലാത്ത അംഗങ്ങളുടെ ലിഖിത രൂപത്തിലുള്ള അഭിപ്രായങ്ങളും നേടിയിരിക്കും.

ഖണ്ഡിക: 21
ഏതെങ്കിലും കേന്ദ്ര ശൂറാ അംഗത്തെയോ കേന്ദ്ര മജ്‌ലിസ്ശൂറയെയോ അമീറെ ജമാഅത്തിനെയോ പിരിച്ചുവിടല്‍ സംബന്ധിച്ചതോ, അല്ലെങ്കില്‍ അമീറിന്റെ രാജി സംബന്ധിച്ചതോ ആയ ഒരു പ്രശ്‌നമാണ് പ്രതിനിധിസഭയുടെ ചര്‍ച്ചാവിഷയമെങ്കില്‍ ആ പ്രശ്‌നവുമായി ബന്ധമുള്ള വ്യക്തിക്കോ വ്യക്തികള്‍ക്കോ അതില്‍ വോട്ടവകാശമുണ്ടായിരിക്കുകയില്ല.

2. അമീറെ ജമാഅത്ത്
പദവി

ഖണ്ഡിക: 22
ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ഒരു അമീര്‍ ഉണ്ടായിരിക്കും. അദ്ദേഹത്തിന്റെ പദവി സാങ്കേതികാര്‍ഥത്തിലുള്ള ‘അമീറുല്‍ മുഅ്മിനീ’ന്റെതായിരിക്കുകയില്ല; പ്രത്യുത, ഈ ജമാഅത്തിന്റെ നേതാവ് എന്നത് മാത്രമായിരിക്കും. സല്‍ക്കാര്യങ്ങളില്‍ അദ്ദേഹത്തെ അനുസരിക്കാന്‍ ജമാഅത്ത് അംഗങ്ങള്‍ ബാധ്യസ്ഥരാകും. ജമാഅത്തിന്റെ ക്ഷണം അതിന്റെ അമീറിന്റെ വ്യക്തിത്വത്തിലേക്കോ നേതൃത്വത്തിലേക്കോ ആയിരിക്കുകയില്ല; ആദര്‍ശ ലക്ഷ്യങ്ങളിലേക്കായിരിക്കും.

ഇമാറത്തിനാവശ്യമായ ഗുണങ്ങള്‍

ഖണ്ഡിക: 23
ജമാഅത്തിന്റെ അമീറിനെ തിരഞ്ഞെടുക്കുന്നതില്‍ താഴെ പറയുന്ന ഗുണങ്ങള്‍ പരിഗണിക്കുന്നതായിരിക്കും.
1. ഇമാറത്തോ മറ്റു വല്ല ജമാഅത്ത് പദവിയോ ആഗ്രഹിക്കുന്നവനും സ്ഥാനാര്‍ഥിയും അല്ലാതിരിക്കുക.
2. ഖുര്‍ആനിലും സുന്നത്തിലുമുള്ള അറിവ്, ദൈവഭക്തി, ദീനിയായ ഉള്‍ക്കാഴ്ച, വിശ്വസ്തത, സത്യസന്ധത, ചിന്താശക്തി, അഭിപ്രായസുബദ്ധത, ധൈര്യസ്ഥൈര്യം, കാര്യഗ്രഹണശേഷി, തീരുമാനശക്തി, സൌമ്യത, സഹനം, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്വഭാവ പരിജ്ഞാനം,
അതിനോടുള്ള പ്രതിബദ്ധത, ജമാഅത്ത് ഭരണഘടനയോടുള്ള വിധേയത്വം, ദൈവമാര്‍ഗത്തില്‍ സ്ഥിരചിത്തത, ബന്ധപ്പെട്ട കര്‍ത്തവ്യനിര്‍വഹണത്തിനുള്ള യോഗ്യത എന്നീ കാര്യങ്ങളില്‍ പൊതുവെ ജമാഅത്തില്‍ അത്യുത്തമനായിരിക്കുക.

തിരഞ്ഞെടുപ്പ്

ഖണ്ഡിക: 24
(എ) അമീറെ ജമാഅത്തിനെ തിരഞ്ഞെടുക്കുന്നത് പ്രതിനിധിസഭയായിരിക്കും.
(ബി) അമീറെ ജമാഅത്തിന്റെ തിരഞ്ഞെടുപ്പ്, സാധാരണ സ്ഥിതിയില്‍, നിര്‍ബന്ധമായും പ്രതിനിധിസഭായോഗത്തില്‍വെച്ചായിരിക്കും. ഒരു വ്യക്തിയെ അമീറായി തിരഞ്ഞെടുക്കുന്നതിന് ഹാജറുള്ള അംഗങ്ങളുടെ ചുരുങ്ങിയത് അമ്പത് ശതമാനത്തിലധികം വോട്ട് ഉണ്ടായിരിക്കണം. അസാധാരണ പരിതഃസ്ഥിതികളില്‍ മാത്രം ലിഖിത രൂപേണയുള്ള വോട്ടുകള്‍ വഴി തിരഞ്ഞെടുപ്പ് നടത്താവുന്നതാണ്.
(സി) ഓരോ പ്രതിനിധിസഭയും അതിന്റെ പ്രവര്‍ത്തനകാലം ആരംഭിച്ച്, കവിഞ്ഞാല്‍ ഒരു മാസത്തിനകം ഇമാറത്തിന്റെ പുതിയ തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
(ഡി) ഒരു വ്യക്തിയെത്തന്നെ വീണ്ടും വീണ്ടും ഇമാറത്തിന് തിരഞ്ഞെടുക്കാവുന്നതാണ്.
ഖണ്ഡിക: 25
വല്ല കാരണവശാലും അവിചാരിതമായി ഇമാറത്തിന്റെ സ്ഥാനം ഒഴിവാകുമ്പോള്‍, വേറൊരാളെ താല്‍ക്കാലിക അമീറായി നിശ്ചയിക്കാന്‍ ജമാഅത്ത് അമീറിന് സാധ്യമാവുന്ന പക്ഷം അങ്ങനെ ചെയ്യുന്നതായിരിക്കും. അല്ലാത്ത രൂപത്തില്‍, കേന്ദ്രത്തിലുള്ള കേന്ദ്ര മജ്‌ലിസ്ശൂറാ അംഗങ്ങള്‍ കൂടിയാലോചിച്ച് തങ്ങളില്‍ ഒരാളെ താല്‍ക്കാലിക അമീറായി തിരഞ്ഞെടുക്കുന്നതാണ്. കേന്ദ്രത്തില്‍ കേന്ദ്ര ശൂറാ അംഗമായി ഒരാള്‍ മാത്രമേ ഉള്ളൂവെങ്കില്‍ അയാള്‍ താല്‍ക്കാലികമായി ഇമാറത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായിരിക്കും. അല്ലാത്ത രൂപത്തില്‍ കേന്ദ്രത്തിലുള്ള ജമാഅത്ത് അംഗങ്ങള്‍ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് താല്‍ക്കാലിക അമീറിനെ തിരഞ്ഞെടുക്കുന്നതായിരിക്കും. ഈ താല്‍ക്കാലിക ഏര്‍പ്പാട്, കവിഞ്ഞാല്‍ നാലു മാസത്തേക്ക് മാത്രമായിരിക്കും. ഈ കാലം അവസാനിക്കുംമുമ്പായി 24ാം ഖണ്ഡിക(എ,ബി) അനുസരിച്ച് പ്രതിനിധിസഭ അമീറിനെ തിരഞ്ഞെടുക്കേണ്ടതാണ്. ഇമാറത്തിനുവേണ്ടിയുള്ള ഈ പുതിയ തിരഞ്ഞെടുപ്പ് താല്‍ക്കാലികമായിരിക്കും; ജമാഅത്തിന്റെ താല്‍പര്യങ്ങളോ ആവശ്യങ്ങളോ മുന്‍നിര്‍ത്തി ഈ തിരഞ്ഞെടുപ്പ് സ്ഥിരമാക്കാന്‍ പ്രതിനിധിസഭ തീരുമാനിച്ചുവെങ്കിലല്ലാതെ.
ഖണ്ഡിക: 26
(എ) അമീറെ ജമാഅത്തിന് തന്റെ കര്‍ത്തവ്യങ്ങളില്‍നിന്ന് താല്‍ക്കാലികമായി ഒഴിവാകേണ്ടിവരികയോ, സംഗതിവശാല്‍ താന്‍ ജമാഅത്തിന്റെ കേന്ദ്രത്തില്‍ അസന്നിഹിതനാവുകയോ ചെയ്യുന്നപക്ഷം ആ കാലത്തേക്ക് മറ്റൊരാളെ ആക്ടിംഗ് അമീറായി നിയമിക്കാന്‍ അദ്ദേഹത്തിന്നധികാരമുണ്ട്.
(ബി) ഈ നിയമനത്തിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതലാവുകയില്ല. മൂന്ന് മാസത്തില്‍ കൂടുതലാവുമ്പോള്‍ അതിന് കേന്ദ്ര മജ്‌ലിസ്ശൂറയുടെ അംഗീകാരം ആവശ്യവുമാണ്.
വിശദീകരണം:
ഒരാള്‍ താല്‍ക്കാലിക അമീറോ ആക്ടിംഗ് അമീറോ ആകുന്നതിന്റെ വിവക്ഷ, സ്ഥിരം അമീര്‍ വരുന്നതോടുകൂടി അയാളുടെ ഇമാറത്ത് സ്വയം അവസാനിക്കുമെന്നാണ്.
പ്രവര്‍ത്തനകാലം
ഖണ്ഡിക: 27
24ാം ഖണ്ഡിക(എ,ബി)യനുസരിച്ചോ, 25ാം ഖണ്ഡികയനുസരിച്ചോ പുതിയ അമീര്‍ ഇമാറത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് വരെ ജമാഅത്തിന്റെ ഏത് അമീറും തന്റെ സ്ഥാനത്ത് നിലകൊള്ളുന്നതായിരിക്കും.

കര്‍ത്തവ്യങ്ങളും അധികാരങ്ങളും
ഖണ്ഡിക: 28
അമീറെ ജമാഅത്തിന്റെ കര്‍ത്തവ്യങ്ങളും അധികാരങ്ങളും താഴെ പറയുന്നവയായിരിക്കും:
1. ജമാഅത്ത് ഘടനയെയും പ്രസ്ഥാനത്തെയും നയിക്കാനുള്ള അന്തിമ ചുമതല അമീറെ ജമാഅത്തിനായിരിക്കും.
2. (1) അമീറെ ജമാഅത്തിന്, ദഅ്വത്തും തര്‍ബിയത്തുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിര്‍വഹണത്തില്‍ തന്നെ സഹായിക്കുന്നതിനായി കേന്ദ്ര മജ്‌ലിസ് ശൂറയുമായി കൂടിയാലോചിച്ച് അസിസ്‌റന്റ് അമീറിനെ/അസിസ്‌റന്റ് അമീറുമാരെ നിശ്ചയിക്കാവുന്നതാണ്.
(2) അസിസ്‌റന്റ് അമീര്‍/അസിസ്‌റന്റ് അമീറുമാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങളുടെയും ചുമതലകളുടെയും നിര്‍വഹണത്തില്‍ അമീറെ ജമാഅത്തിന്റെ മുമ്പില്‍ ഉത്തരവാദികളായിരിക്കും.
3. ജമാഅത്തിന്റെ നയരൂപീകരണവും, ജമാഅത്തിന്റെ നയത്തെയോ ഘടനയെയോ സാരമായി ബാധിക്കുന്ന എല്ലാ പ്രധാന പ്രശ്‌നങ്ങളിലുമുള്ള തീരുമാനവും അമീറെ ജമാഅത്ത് കേന്ദ്ര മജ്‌ലിസ് ശൂറയുമായി ആലോചിച്ചു നിര്‍വഹിക്കും.
4. അമീറെ ജമാഅത്തിന് താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായിരിക്കും:
(1) അല്ലാഹുവോടും അവന്റെ റസൂലി(സ)നോടുമുള്ള അനുസരണ ത്തിനും കൂറിനും മറ്റെല്ലാറ്റിനെക്കാളും മുന്‍ഗണന നല്‍കുക.
(2) ജമാഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കുവേണ്ടി സര്‍വാത്മനാ സേവനം അര്‍പ്പിക്കുകയെന്നത് തന്റെ പ്രഥമ കര്‍ത്തവ്യമായി കരു തുക.
(3) സ്വദേഹത്തെക്കാളും സ്വന്തം താല്‍പര്യങ്ങളെക്കാളും ജമാഅ ത്തിന്റെ താല്‍പര്യങ്ങള്‍ക്കും അതിന്റെ ഉത്തരവാദിത്ത നിര്‍വഹ ണത്തിനും മുന്‍ഗണന നല്‍കുക.
(4) ജമാഅത്ത് അംഗങ്ങള്‍ക്കിടയില്‍ എപ്പോഴും നീതിയോടും സത്യ സന്ധതയോടും കൂടി തീരുമാനമെടുക്കുക.
(5) തന്റെ ചുമതലയിലുള്ള ജമാഅത്തിന്റെ അമാനത്തുകള്‍ പൂര്‍ണ മായി കാത്തുസൂക്ഷിക്കുക.
(6) ഈ ഭരണഘടനക്ക് സ്വയം വിധേയനാവുകയും അതിനൊത്ത് പാര്‍ട്ടിഘടന നിലനിര്‍ത്തിപ്പോരാന്‍ പൂര്‍ണമായി പരിശ്രമിക്കുകയും ചെയ്യുക.
5. (എ) അമീറെ ജമാഅത്തിന്റെ അധികാരങ്ങള്‍ താഴെ പറയുന്നവയായിരിക്കും:
(1) ഏതെങ്കിലും പ്രധാന വിഷയത്തില്‍ ഉടനടി നടപടിയെടുക്കേണ്ടത് അനിവാര്യമായി വരികയും, മുഴുവന്‍ കേന്ദ്ര മജ്‌ലിസ് ശൂറാ അംഗ ങ്ങളോടും എഴുത്തുരൂപത്തില്‍ പോലും അഭിപ്രായം ആരായുവാന്‍ സന്ദര്‍ഭമില്ലാതെ വരികയുമാണെങ്കില്‍ തത്സമയം സാധ്യമാകുന്നത്ര കേന്ദ്ര ശൂറാ അംഗങ്ങളുടെ അഭിപ്രായമാരാഞ്ഞ് അതനുസരിച്ച് തീരുമാനം കൈക്കൊണ്ട് അമീറിന് നടപടി എടുക്കാവുന്നതാണ്. എന്നാല്‍, കേന്ദ്ര മജ്‌ലിസ്ശൂറാ യോഗം ചേരുമ്പോള്‍ അമീര്‍ പ്രസ്തുത തീരുമാനം ശൂറയില്‍ അംഗീകാരത്തിനു സമര്‍പ്പിക്കു ന്നതായിരിക്കും. (ഖണ്ഡിക: 29 വിശദീകരണം)
(2) ജമാഅത്തിന്റെ എല്ലാ ഭരണകാര്യങ്ങളും നിര്‍വഹിക്കുക.
(3) ജമാഅത്തിന്റെ താല്‍പര്യപ്രകാരം, കേന്ദ്ര മജ്‌ലിസ്ശൂറ ചുമത്തിയ നിബന്ധനകള്‍ക്ക് (അങ്ങനെ ഉണ്ടെങ്കില്‍) വിധേയമായി, ജമാഅത്ത് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുക, ജമാഅത്തിനുവേണ്ടി സ്ഥാവരജംഗമ സ്വത്തുക്കള്‍ വാങ്ങുക, വില്‍ക്കുക, മാറ്റം ചെയ്യു ക, സ്വത്തുക്കള്‍ ദാനമായി നല്‍കുകയോ അവ മറ്റേതെങ്കിലും തരത്തില്‍ കൈമാറ്റം നടത്തുകയോ ചെയ്യുക.
(4) ജമാഅത്തില്‍ അംഗങ്ങളുടെ പ്രവേശനത്തിന് അംഗീകാരം നല്‍കുക(ഖണ്ഡിക: 7). ജമാഅത്തില്‍നിന്ന് അംഗങ്ങളെ പുറത്താക്കുക (ഖണ്ഡിക: 69).
(5) ആവശ്യമനുസരിച്ച് മേഖലാ ഘടനയും സംഘടനാ ഹല്‍ഖകളും രൂപീകരിക്കുക. ( ഖണ്ഡിക: 10, 45 എ)
(6) ആവശ്യം വരുമ്പോള്‍ താല്‍ക്കാലിക അമീറിനെയോ ആക്ടിംഗ് അമീറിനെയോ നിശ്ചയിക്കുക. (ഖണ്ഡിക: 25, 26 എ)
(7) പ്രതിനിധിസഭയുടെ സാധാരണവും അസാധാരണവുമായ യോഗം വിളിച്ചുകൂട്ടുക. (ഖണ്ഡിക: 18 എ, ബി)
(8) പ്രതിനിധിസഭാ യോഗത്തില്‍ അധ്യക്ഷം വഹിക്കുക. (ഖണ്ഡിക:
18 സി)
(9) പ്രതിനിധിസഭയില്‍ അഭിപ്രായങ്ങള്‍ സമമായി വരുമ്പോള്‍ തീരുമാനം കല്‍പിക്കുക.(ഖണ്ഡിക: 20)
(10) കേന്ദ്ര മജ്‌ലിസ് ശൂറയുടെ സാധാരണവും അസാധാരണവുമായ യോഗം വിളിച്ചുകൂട്ടുക. (ഖണ്ഡിക: 35 എ, ബി, സി)
(11) കേന്ദ്ര മജ്‌ലിസ്ശൂറാ യോഗത്തില്‍ അധ്യക്ഷം വഹിക്കുക.
(ഖണ്ഡിക: 35 ഡി)
(12) കേന്ദ്ര മജ്‌ലിസ്ശൂറയില്‍ വല്ല പ്രശ്‌നത്തിന്മേലും അഭിപ്രായൈക്യ മില്ലാതെ വരുമ്പോള്‍ കേന്ദ്ര ശൂറാ അംഗങ്ങളുടെ മൂന്നിലൊന്നില്‍ കൂടുതലുള്ള അഭിപ്രായങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കുക.

(ഖണ്ഡിക: 39 ബി)

(13) കേന്ദ്ര ശൂറാ അംഗങ്ങളല്ലാത്തവരെ ശൂറാ യോഗത്തില്‍ പങ്കെടു ക്കാനനുവദിക്കുക. (ഖണ്ഡിക: 40)
(14) ഖയ്യിമെ ജമാഅത്ത്, മുആവിന്‍ ഖയ്യിം/ മുആവിന്‍ ഖയ്യിമുമാര്‍ എന്നിവരെ നിയമിക്കുക. അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുക. (ഖണ്ഡിക: 41, 44)
(15) ഹല്‍ഖാ അമീറുമാരെ നിശ്ചയിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും ചെയ്യുക. (ഖണ്ഡിക: 46 എ, ബി)
(16) ഹല്‍ഖാ മജ്ലിസ്ശൂറകളുടെ തീരുമാനങ്ങള്‍ക്ക് അംഗീകാരം നല്‍കുക. (ഖണ്ഡിക: 51)
(17) പ്രാദേശിക ജമാഅത്തുകള്‍ക്ക് അമീറുമാരെ നിശ്ചയിക്കുക. (ഖ ണ്ഡിക: 53)
(18) ജമാഅത്ത് താല്‍പര്യം പരിഗണിച്ച് ഏതെങ്കിലും ബൈത്തുല്‍മാലിനെ കേന്ദ്ര ബൈത്തുല്‍മാലില്‍ ലയിപ്പിക്കാന്‍ തീരുമാനിക്കുക.
(ഖണ്ഡിക: 57 ബി)
(19) ഒറ്റയംഗങ്ങളുടെ സകാത്ത് മുതലായവയുടെ കാര്യത്തില്‍ അനുയോജ്യമായ വ്യവസ്ഥകളുണ്ടാക്കുക. (ഖണ്ഡിക: 58 വിശദീകരണം)
(20) കേന്ദ്ര ബൈത്തുല്‍മാലില്‍നിന്ന് ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് സംഖ്യ ചെലവഴിക്കുക. (ഖണ്ഡിക: 59)
(21) ഹല്‍ഖാ അമീറുമാരുടെ ബൈത്തുല്‍മാലിന്റെ ചെലവുകള്‍ ശ്രദ്ധിക്കുക. (ഖണ്ഡിക: 61 ബി)
(22) ബൈത്തുല്‍മാല്‍ സംബന്ധിച്ച നിയമവ്യവസ്ഥകളുണ്ടാക്കുക.
(ഖണ്ഡിക: 63)
(23) ജമാഅത്തിലെ എല്ലാ ഭാരവാഹികളുടെയും രാജിയെ സംബന്ധിച്ച് തീരുമാനമെടുക്കുക. (ഖണ്ഡിക: 65 എ)
(24) ഖയ്യിമെ ജമാഅത്ത്, ഹല്‍ഖാ അമീറുമാര്‍, പ്രാദേശിക അമീറുമാര്‍ ഇവരെ പിരിച്ചുവിടുക. (ഖണ്ഡിക: 67)
(25) ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ നിര്‍വഹണത്തിന് പ്രവര്‍ത്തകന്മാരെ നിശ്ചയിക്കുക. അവരുടെ ചുമതലകള്‍ നിര്‍ണയിക്കുക. അവരെ പിരിച്ചുവിടുക.
(26) ജമാഅത്തംഗങ്ങളെ സസ്പെന്റ് ചെയ്യുക. (ഖണ്ഡിക: 69 ബി)
(27) കീഴ്ജമാഅത്തുകളെ സസ്പെന്റ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യുക. (ഖണ്ഡിക: 70)
(28) ഉപനിയമങ്ങള്‍ ക്രോഡീകരിക്കുക. (ഖണ്ഡിക: 71)
(29) പ്രതിനിധിസഭാ യോഗത്തില്‍ ഭരണഘടനാ ഭേദഗതി സംബന്ധിച്ച വല്ല പ്രമേയവും സമര്‍പ്പിക്കുക. (ഖണ്ഡിക: 74)
(ബി) ഈ അധികാരങ്ങള്‍ ജമാഅത്തിന്റെ അമീറിന് സ്വയം ഉപയോഗിക്കാവുന്നതുപോലെ തന്റെ കീഴ്പ്രവര്‍ത്തകര്‍ മുഖേനയും വിനിയോഗിക്കാവുന്നതാണ്.
വിശദീകരണം:
ഈ അധികാരങ്ങള്‍ സ്ഥിരം അമീറിനെന്നപോലെ താല്‍ക്കാലിക അമീറിനും ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍, ആക്ടിംഗ് അമീറിന് ജമാഅത്തിന്റെ അമീര്‍ ഏല്‍പിച്ചുകൊടുത്ത അധികാരങ്ങളേ ഉണ്ടായിരിക്കുകയുള്ളൂ.

3. കേന്ദ്ര മജ്ലിസ് ശൂറ
സ്വഭാവം

ഖണ്ഡിക: 29
അമീറെ ജമാഅത്തിന് സഹായത്തിനും കൂടിയാലോചനക്കുമായി ഒരു കേന്ദ്ര മജ്ലിസ് ശൂറ ഉണ്ടായിരിക്കും. ജമാഅത്തിന്റെ നയത്തെയോ ഘടനയെയോ സാരമായി ബാധിക്കുന്ന എല്ലാ പ്രധാന പ്രശ്നങ്ങളിലും അമീറെ ജമാഅത്ത് അതുമായി കൂടിയാലോചന നടത്തുന്നതായിരിക്കും.
വിശദീകരണം:
ഏതെങ്കിലും പ്രധാന വിഷയത്തില്‍ ഉടനടി നടപടിയെടുക്കേണ്ടത് അനിവാര്യമായിവരികയും മുഴുവന്‍ കേന്ദ്ര മജ്ലിസ് ശൂറാ അംഗങ്ങളുടെയും അഭിപ്രായം എഴുത്തുരൂപത്തില്‍ പോലും ആരായാന്‍ സന്ദര്‍ഭമില്ലാതെ വരികയുമാണെങ്കില്‍, തല്‍സമയം സാധ്യമാവുന്നത്ര അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് തീരുമാനം കൈക്കൊണ്ട് അമീറിന് നടപടി എടുക്കാവുന്നതാണ്. എന്നാല്‍, കേന്ദ്ര മജ്ലിസ് ശൂറായോഗം ചേരുമ്പോള്‍ അമീര്‍ പ്രസ്തുത തീരുമാനം ശൂറയില്‍ അംഗീകാരത്തിനു സമര്‍പ്പിക്കുന്നതായിരിക്കും.

രൂപീകരണം
ഖണ്ഡിക: 30
കേന്ദ്ര മജ്ലിസ് ശൂറാ അംഗങ്ങളുടെ ആകെ എണ്ണം 25 ആയിരിക്കും. ഇതില്‍ 24 പേരെ പ്രധിനിധിസഭ തങ്ങളില്‍ നി് തിരഞ്ഞെടുക്കുതാണ്. 25 ാമത്തെ അംഗം ഔദ്യോഗികനിലക്ക് ഖയ്യിമെ ജമാഅത്തായിരിക്കും.

വിശദീകരണം:
ഏതൊരു പ്രതിനിധിസഭയില്‍നിന്ന് തങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടുവോ ആ സഭയുടെ അംഗങ്ങളായും കേന്ദ്ര മജ്ലിസ്ശൂറാ അംഗങ്ങള്‍ തുടരുന്നതായിരിക്കും.

ഖണ്ഡിക: 31
ഓരോ പുതിയ പ്രതിനിധിസഭയുടെയും പ്രവര്‍ത്തനകാലം ആരംഭിച്ച്, കവിഞ്ഞാല്‍ രണ്ടു മാസത്തിനകം കേന്ദ്ര മജ്ലിസ് ശൂറയുടെ തിരഞ്ഞെടുപ്പ് നിര്‍ബന്ധമായിരിക്കും.

അംഗത്വത്തിന് ആവശ്യമായ ഗുണങ്ങള്‍
ഖണ്ഡിക: 32
കേന്ദ്ര മജ്ലിസ് ശൂറാ അംഗമായി തിരഞ്ഞെടുക്കുന്നതില്‍ താഴെ പറയുന്ന ഗുണങ്ങള്‍ പരിഗണിക്കുന്നതായിരിക്കും:
1. കേന്ദ്ര മജ്ലിസ് ശൂറാ അംഗത്വമോ മറ്റുവല്ല ജമാഅത്ത് പദവിയോ ആഗ്രഹിക്കുന്നവനും സ്ഥാനാര്‍ഥിയും അല്ലാതിരിക്കുക.
2. ദീനീപരിജ്ഞാനം, ദൈവഭക്തി, വിശ്വസ്തത, ചിന്താശക്തി, അഭിപ്രായസുബദ്ധത, കാര്യഗ്രഹണശേഷി, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വഭാവ പരിജ്ഞാനം, അതിനോടുള്ള പ്രതിബദ്ധത, ജമാഅത്ത് ഭരണഘടനയോടുള്ള വിധേയത്വം, ദൈവമാര്‍ഗത്തില്‍ സ്ഥിരചിത്തത എന്നീ കാര്യങ്ങളില്‍ പ്രതിനിധിസഭാംഗങ്ങളില്‍ പൊതുവെ ഉത്തമനായിരിക്കുക.

പ്രവര്‍ത്തന കാലം
ഖണ്ഡിക: 33
ഓരോ കേന്ദ്ര മജ്ലിസ്ശൂറയും 30, 31 ഖണ്ഡികകളനുസരിച്ച് പുതിയ ശൂറ രൂപീകരിക്കുന്നത് വരെ നിലവിലുണ്ടായിരിക്കും.
ഖണ്ഡിക: 34
കേന്ദ്ര മജ്ലിസ് ശൂറയുടെ വല്ല സീറ്റും ഇടക്കാലത്തേക്ക് ഒഴിവാകുന്ന പക്ഷം അത് വ്യവസ്ഥാനുസൃതം നികത്തുന്നതാണ്. ഈ തിരഞ്ഞെടുപ്പ് താല്‍ക്കാലികമായിരിക്കും.

യോഗം
ഖണ്ഡിക: 35
(എ) കേന്ദ്ര മജ്ലിസ് ശൂറയുടെ യോഗം സാധാരണയായി കൊല്ലത്തിലൊരിക്കല്‍ ചേരുന്നതാണ്. രണ്ടു യോഗങ്ങള്‍ക്കിടയില്‍ 15 മാസത്തിലധികം കാലതാമസം ഉണ്ടാകുന്നതല്ല.
(ബി) കേന്ദ്ര മജ്ലിസ് ശൂറയുടെ അസാധാരണയോഗം അമീറെ ജമാഅത്തിന് ഏതവസരത്തിലും വിളിക്കാവുന്നതാണ്.
(സി) യോഗം വിളിക്കണമെന്ന് കേന്ദ്ര മജ്ലിസ്ശൂറയുടെ അഞ്ചംഗങ്ങള്‍ അമീറെ ജമാഅത്തിനോട് രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിലും ശൂറയുടെ അസാധാരണയോഗം ഉടന്‍ വിളിച്ചുകൂട്ടേണ്ടതാണ്.
(ഡി) യോഗസമയത്ത് അമീറെ ജമാഅത്തും ഖയ്യിമും യഥാക്രമം സഭയുടെ അധ്യക്ഷനും സെക്രട്ടറിയുമായിരിക്കും.

കോറം
ഖണ്ഡിക: 36
കേന്ദ്ര മജ്ലിസ് ശൂറയുടെ കോറം 13 അംഗങ്ങള്‍ ഉള്‍ക്കൊള്ളുതായിരിക്കും. എാല്‍, ഒരു യോഗം കോറം തികയാത്തതുകാരണം നിര്‍ത്തിവെക്കേണ്ടിവരുപക്ഷം അടുത്ത യോഗത്തിന് കോറം ആവശ്യമുണ്ടായിരിക്കുതല്ല.

നടപടിക്രമം
ഖണ്ഡിക: 37
കേന്ദ്ര മജ്ലിസ് ശൂറയുടെ ഓരോ സാധാരണ യോഗത്തിലും താഴെ പറയുന്ന സംഗതികള്‍ ആലോചനക്കും തീരുമാനത്തിനും വരുന്നതായിരിക്കും.
(i) ജമാഅത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്
(ii) മുന്‍കൊല്ലത്തെ ബജറ്റിന്റെ വെളിച്ചത്തില്‍ കേന്ദ്ര ബൈത്തുല്‍മാലിന്റെ വരവ് ചെലവ് റിപ്പോര്‍ട്ട്, ഓഡിറ്ററുടെ റിപ്പോര്‍ട്ട് സഹിതം.
(iii) അടുത്ത കൊല്ലത്തേക്കുള്ള ബജറ്റ്.
(iv) ആവശ്യമെങ്കില്‍ ഭാവിയിലേക്കുള്ള ജമാഅത്ത് പരിപാടി.
(v) ജമാഅത്തിന്റെ നയം, പരിപാടി, ഘടന എന്നിവയെക്കുറിച്ചും മറ്റ് ജമാഅത്ത് കാര്യങ്ങളെ സംബന്ധിച്ചും അമീറെ ജമാഅത്തോ കേന്ദ്ര മജ്ലിസ് ശൂറയിലെ ഏതെങ്കിലും അംഗമോ സമര്‍പ്പി ക്കുന്ന പ്രമേയങ്ങള്‍.

വിശദീകരണം:
കേന്ദ്ര ശൂറാ അംഗങ്ങള്‍ക്ക് പ്രമേയമവതരിപ്പിക്കാവുന്ന ജമാഅത്ത് ഘടന, മറ്റ് ജമാഅത്ത് കാര്യങ്ങള്‍ എന്നിവയില്‍നിന്ന് അമീറെ ജമാഅത്തിന്റെ അധികാരപരിധിയില്‍ പെടുന്ന ഭാഗം ഒഴിവായിരിക്കും.
കുറിപ്പ്: അമീറെ ജമാഅത്തോ കേന്ദ്ര ശൂറാ അംഗമോ ജമാഅത്തംഗങ്ങളുടെ വല്ല പ്രമേയവും പ്രധാനമായി കരുതുന്നുണ്ടെങ്കില്‍ അതും സമര്‍പ്പിക്കാവുന്നതാണ്.

ഖണ്ഡിക: 38
ജമാഅത്ത് ഭരണഘടനയെ സംബന്ധിക്കുന്ന വല്ല പ്രമേയവുമുണ്ടെങ്കില്‍, അതിനെക്കുറിച്ച് പ്രതിനിധിസഭ മുമ്പാകെ സമര്‍പ്പിക്കാനുള്ള ശിപാര്‍ശകള്‍ കേന്ദ്ര മജ്ലിസ് ശൂറായോഗത്തില്‍ തയ്യാറാക്കപ്പെടുന്നതായിരിക്കും.

തീരുമാന രീതി
ഖണ്ഡിക: 39
(എ) കേന്ദ്ര മജ്ലിസ് ശൂറാ തീരുമാനങ്ങള്‍ ഐകകണ്ഠേനയായിരിക്കുവാന്‍ ശ്രമിക്കുന്നതാണ്.
(ബി) ഏതെങ്കിലും പ്രശ്നത്തില്‍ അഭിപ്രായൈക്യമില്ലാതെവരികയും വോട്ടിംഗില്‍ പങ്കെടുക്കുന്ന മൂന്നിലൊന്നില്‍ കൂടുതല്‍ കേന്ദ്ര ശൂറാ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അമീറിന്റെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്യുന്നപക്ഷം, അമീറിന് തന്റെ അഭിപ്രായമനുസരിച്ച് തീരുമാനമെടുക്കാവുന്നതാണ്. അല്ലാത്തപക്ഷം വോട്ടിംഗില്‍ പങ്കെടുക്കുന്ന ശൂറാ അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ചായിരിക്കും തീരുമാനം.
(സി) അടിസ്ഥാന നയം രൂപീകരിക്കലോ അതില്‍ ഭേദഗതി ചെയ്യലോ സംബന്ധിച്ച തീരുമാനത്തിന് ഹാജരുള്ള ശൂറാ അംഗങ്ങളില്‍ നാലില്‍ മൂന്നിന്റെ പിന്തുണയോ അല്ലെങ്കില്‍ ഹാജരുള്ള ശൂറാ അംഗങ്ങളില്‍ പകുതിയുടെയും അമീറിന്റെയും പിന്തുണയോ ലഭിക്കേണ്ടത് അത്യാവശ്യമാകുന്നു. അല്ലാത്തപക്ഷം, പ്രശ്നം ഭിന്നാഭിപ്രായമുള്ളതായി കണക്കാക്കുന്നതും പ്രതിനിധിസഭ മുഖേന തീരുമാനമെടുക്കുന്നതുമായിരിക്കും.

ശൂറാ അംഗങ്ങളല്ലാത്തവരുടെ സാന്നിധ്യം
ഖണ്ഡിക: 40
അമീറെ ജമാഅത്തിന് ആവശ്യമെന്ന് തോന്നുന്ന പക്ഷം, കേന്ദ്ര മജ്ലിസ് ശൂറാ അംഗങ്ങളല്ലാത്തവരെയും കേന്ദ്ര മജ്ലിസ് ശൂറാ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കാവുന്നതാണ്. എന്നാല്‍, അവര്‍ക്ക് വോട്ടവകാശമുണ്ടായിരിക്കുന്നതല്ല.

4. ഖയ്യിമെ ജമാഅത്ത്
നിയമനം
ഖണ്ഡിക: 41
1. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ഒരു ഖയ്യിം ഉണ്ടായിരിക്കും. അദ്ദേഹത്തെ അമീറെ ജമാഅത്ത് നിയമിക്കുന്നതാണ്. ഈ നിയമനം സംബന്ധിച്ച് കേന്ദ്ര ശൂറാ അംഗങ്ങളുടെ അഭിപ്രായവും അമീര്‍ പരിഗണിക്കുന്നതായിരിക്കും.
2. (എ) ഖയ്യിമെ ജമാഅത്തിനെ സഹായിക്കാനായി അമീറെ ജമാഅത്തിനു മുആവിന്‍ ഖയ്യിമിനെ/മുആവിന്‍ ഖയ്യിമുമാരെ കേന്ദ്ര മജ്ലിസ് ശൂറയുമായി കൂടിയാലോചിച്ച് നിയമിക്കാവുന്നതാണ്.
(ബി) മുആവിന്‍ ഖയ്യിം/ മുആവിന്‍ ഖയ്യിമുമാര്‍ തങ്ങളുടെ ചുമതലകളുടെയും കടമകളുടെയും കാര്യത്തില്‍ ഖയ്യിമെ ജമാഅത്തിന്റെ മുമ്പില്‍ ഉത്തരവാദികളായിരിക്കും.

ഖയ്യിംസ്ഥാനത്തിന് ആവശ്യമായ ഗുണങ്ങള്‍
ഖണ്ഡിക: 42
ഖയ്യിമെ ജമാഅത്തിന്റെ നിയമനത്തില്‍ താഴെ പറയുന്ന ഗുണങ്ങള്‍ പരിഗണിക്കുന്നതായിരിക്കും:
1. ഖയ്യിംസ്ഥാനമോ, മറ്റു ജമാഅത്ത് പദവികളോ ആഗ്രഹിക്കുന്നവനും സ്ഥാനാര്‍ഥിയും അല്ലാതിരിക്കുക.
2. ദീനീപരിജ്ഞാനം, ദൈവഭക്തി, വിശ്വസ്തത, ചിന്താശക്തി, അഭിപ്രായ സുബദ്ധത, കാര്യഗ്രഹണശേഷി, തീരുമാനശക്തി, സൌമ്യത, സഹനം, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്വഭാവപരിജ്ഞാനം, അതിനോടുള്ള പ്രതിബദ്ധത, ജമാഅത്ത് ഭരണഘടനയോടുള്ള വിധേയത്വം, ദൈവമാര്‍ഗത്തില്‍ സ്ഥിരചിത്തത, കാര്യനിര്‍വഹണയോഗ്യത എന്നിവയില്‍ പൊതുവെ ജമാഅത്തംഗങ്ങളില്‍ ഉത്തമനായിരിക്കുക.
കര്‍ത്തവ്യങ്ങള്‍
ഖണ്ഡിക: 43
ഖയ്യിമെ ജമാഅത്തിന്റെ കര്‍ത്തവ്യങ്ങള്‍ താഴെ വിവരിക്കുന്നവയായിരിക്കും:
1. ജമാഅത്തിന്റെ എല്ലാ കേന്ദ്ര വകുപ്പുകളുടെയും ഭരണത്തിന് മേല്‍നോട്ടം വഹിക്കുക.
2. ജമാഅത്തിന്റെ പൊതുഘടന ശരിയാംവണ്ണം നിലനിര്‍ത്തിപ്പോരുക.
3. എല്ലാ ഹല്‍ഖകളുമായി ബന്ധം പുലര്‍ത്തുകയും അവയില്‍ ശ്രദ്ധ പതിച്ച് അവസരോചിതം നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുക.
ഖണ്ഡിക: 44
ഖയ്യിമെ ജമാഅത്ത്, 43-ാം ഖണ്ഡികയില്‍ പറഞ്ഞ തന്റെ കര്‍ത്തവ്യങ്ങള്‍ അമീറിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി നിര്‍വഹിക്കുന്നതായിരിക്കും. ഈ വിഷയത്തില്‍ അദ്ദേഹം അമീറെ ജമാഅത്തിന്റെ മുമ്പില്‍ ഉത്തരവാദിയുമായിരിക്കും.

ഹല്‍ഖാ ഘടന
ഹല്‍ഖാ ഘടകങ്ങള്‍
ഖണ്ഡിക: 45
(എ) ജമാഅത്ത് സംഘാടനത്തിനു വേണ്ടി അമീറെ ജമാഅത്ത് ഹല്‍ഖാ ഘടകങ്ങള്‍ നിശ്ചയിക്കുന്നതാണ്. തല്‍വിഷയകമായി അമീര്‍ കേന്ദ്ര ശൂറാ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതാണ്.
(ബി) ഓരോ ഹല്‍ഖാഘടകത്തിന്റെയും ഘടന ഹല്‍ഖാ അമീറും ഹല്‍ഖാ മജ്ലിസ് ശൂറയും ഉള്‍ക്കൊള്ളുന്നതായിരിക്കും.

ഹല്‍ഖാ അമീര്‍
ഖണ്ഡിക: 46
(എ) ഓരോ ഹല്‍ഖാ ഘടകത്തിനും ഓരോ അമീറുണ്ടായിരിക്കും. അദ്ദേഹത്തെ ഹല്‍ഖാ മജ്ലിസ് ശൂറയുമായി കൂടിയാലോചിച്ച് അമീറെ ജമാഅത്ത് നിയമിക്കുന്നതാണ്. ഹല്‍ഖയിലെ അംഗങ്ങളുടെ അഭിപ്രായങ്ങളും ജമാഅത്ത് താല്‍പര്യങ്ങളും പരിഗണിച്ചായിരിക്കും ഈ നിയമനം. ഈ ഉദ്ദേശ്യാര്‍ഥം ആവശ്യംവരുമ്പോള്‍ ഏതെങ്കിലും വ്യക്തിയുടെയോ വ്യക്തികളുടെയോ പേര് അമീറെ ജമാഅത്തിന് ഹല്‍ഖാംഗങ്ങളുടെ മുമ്പില്‍ നിര്‍ദേശിക്കാവുന്നതാണ്.
(ബി) ഹല്‍ഖാ അമീര്‍, കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയമായി തന്റെ ഹല്‍ഖയിലെ ജമാഅത്തുകളുടെ ഭരണത്തിനും ഹല്‍ഖയിലെ അംഗങ്ങളുടെ സംസ്കരണത്തിനും മാര്‍ഗദര്‍ശനത്തിനും ബാധ്യസ്ഥനായിരിക്കും. ഈ വിഷയങ്ങളിലെല്ലാം അദ്ദേഹം അമീറെ ജമാഅത്തിന്റെ മുമ്പില്‍ ഉത്തരവാദിയുമായിരിക്കും.
(സി) ഹല്‍ഖാ അമീറിന് തന്റെ ഉത്തരവാദിത്വങ്ങള്‍ മുആവിനുകള്‍ മുഖേനയും നിര്‍വഹിക്കാവുന്നതാണ്.

ഹല്‍ഖാ ഇമാറത്തിന് ആവശ്യമായ ഗുണങ്ങള്‍
ഖണ്ഡിക: 47
ഹല്‍ഖാ അമീറിന്റെ തിരഞ്ഞെടുപ്പില്‍ താഴെ പറയുന്ന ഗുണങ്ങള്‍ പരിഗണിക്കുന്നതാണ്:
1. ഹല്‍ഖാ ഇമാറത്തോ മറ്റു വല്ല ജമാഅത്ത് പദവിയോ ആഗ്രഹിക്കുന്നവനും സ്ഥാനാര്‍ഥിയും അല്ലാതിരിക്കുക.
2. ദീനീപരിജ്ഞാനം, ദൈവഭക്തി, വിശ്വസ്തത, സത്യസന്ധത, കാര്യഗ്രഹണശേഷി, സഹനം, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്വഭാവപരിജ്ഞാനം, അതിനോടുള്ള പ്രതിബദ്ധത, ജമാഅത്ത് ഭരണഘടനയോടുള്ള വിധേയത്വം, പ്രബോധന പ്രവര്‍ത്തനോത്സുകത, ദൈവമാര്‍ഗത്തില്‍ സ്ഥിരചിത്തത, കാര്യനിര്‍വഹണയോഗ്യത എന്നിവയില്‍ പൊതുവെ ഹല്‍ഖയിലെ അംഗങ്ങളില്‍ ഉത്തമനായിരിക്കുക.

ഹല്‍ഖാ മജ്ലിസ്ശൂറ
ഖണ്ഡിക: 48
(എ) ഓരോ ഹല്‍ഖാ അമീറിനും ഒരു ഹല്‍ഖാ മജ്ലിസ് ശൂറ ഉണ്ടായിരിക്കും.
(ബി) ഹല്‍ഖാ മജ്ലിസ് ശൂറയുടെ അംഗസംഖ്യ ഹല്‍ഖാ അമീര്‍ നിശ്ചയിക്കുന്നതാണ്.
(സി) ഹല്‍ഖാ മജ്ലിസ് ശൂറയുടെ അംഗങ്ങളെ ഹല്‍ഖയിലെ അംഗങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ്.
(ഡി) ഹല്‍ഖാ മജ്ലിസ് ശൂറയുടെ തിരഞ്ഞെടുപ്പ് നാലുകൊല്ലത്തേ ക്കായിരിക്കും.
ഖണ്ഡിക: 49
ഹല്‍ഖാ മജ്ലിസ് ശൂറയുടെ അംഗമായി ഒരാളെ തിരഞ്ഞെടുക്കുന്നതില്‍ താഴെ പറയുന്ന ഗുണങ്ങള്‍ പരിഗണിക്കുന്നതാണ്:
1. ഹല്‍ഖാ മജ്ലിസ് ശൂറാ അംഗത്വമോ മറ്റു ജമാഅത്ത് പദവിയോ ആഗ്രഹിക്കുന്നവനും സ്ഥാനാര്‍ഥിയും അല്ലാതിരിക്കുക.
2. ദീനീപരിജ്ഞാനം, ദൈവഭക്തി, വിശ്വസ്തത, ചിന്താശക്തി, അഭിപ്രായ സുബദ്ധത, കാര്യഗ്രഹണശേഷി, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സ്വഭാവപരിജ്ഞാനം, അതിനോടുള്ള പ്രതിബദ്ധത, ജമാഅത്ത് ഭരണഘടനയോടുള്ള വിധേയത്വം, ദൈവമാര്‍ഗത്തില്‍ സ്ഥിരചിത്തത എന്നീ കാര്യങ്ങളില്‍ പൊതുവെ ഹല്‍ഖയിലെ അംഗങ്ങളില്‍ ഉത്തമനായിരിക്കുക.
ഖണ്ഡിക: 50
(എ) ഹല്‍ഖാ അമീര്‍ എല്ലാ പ്രധാന വിഷയങ്ങളിലും തന്റെ ഹല്‍ഖയിലെ മജ്ലിസ് ശൂറയുമായി കൂടിയാലോചന നടത്തുന്നതായിരിക്കും.
(ബി) ഹല്‍ഖാ മജ്ലിസ് ശൂറയുടെ യോഗം സാധാരണ കൊല്ലത്തില്‍ രണ്ടു തവണ ചേരുന്നതാണ്. രണ്ടു യോഗങ്ങള്‍ക്കിടയില്‍ എട്ടു മാസത്തില്‍ കൂടുതല്‍ കാലതാമസം ഉണ്ടായിരിക്കുന്നതല്ല.
(സി) ഹല്‍ഖാ മജ്ലിസ് ശൂറയുടെ അസാധാരണ യോഗം ഹല്‍ഖാ അമീറിന് ഏതവസരത്തിലും വിളിച്ചുകൂട്ടാവുന്നതാണ്. മജ്ലിസിന്റെ പകുതി അംഗങ്ങള്‍ ഹല്‍ഖാ അമീറിനോട് രേഖാമൂലം ആവശ്യപ്പെടുകയാണെങ്കിലും മജ്ലിസിന്റെ അസാധാരണ യോഗം ഉടനടി വിളിച്ചുകൂട്ടേണ്ടതാണ്.
(ഡി) ഹല്‍ഖാ മജ്ലിസ് ശൂറയുടെ കോറം ആകെയുള്ള മെമ്പര്‍മാരുടെ 60 ശതമാനമായിരിക്കും. ഏതെങ്കിലും യോഗം കോറം തികയാതെ നിര്‍ത്തിവെക്കേണ്ടിവന്നാല്‍ അടുത്ത യോഗത്തിന് കോറം പരിഗണിക്കേണ്ടതില്ല.
(ഇ) ഹല്‍ഖാ മജ്ലിസ് ശൂറയുടെ യോഗത്തില്‍ ഹല്‍ഖാ അമീര്‍ അധ്യക്ഷനായിരിക്കും.
(എഫ്) ഹല്‍ഖാ മജ്ലിസ് ശൂറയുടെ വര്‍ഷാന്തയോഗത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ആലോചനക്കും തീരുമാനത്തിനും സമര്‍പ്പിക്കുന്നതാണ്:
(i) വാര്‍ഷിക റിപ്പോര്‍ട്ട്.
(ii) മുന്‍വര്‍ഷത്തെ ബജറ്റിന്റെ വെളിച്ചത്തില്‍, ഹല്‍ഖാ ബൈത്തുല്‍മാലിന്റെ വരവുചെലവ് റിപ്പോര്‍ട്ട്, ഓഡിറ്ററുടെ റിപ്പോര്‍ട്ട് സഹിതം.
(iii) വരും വര്‍ഷത്തെ ബജറ്റ്
(ജി) അഭിപ്രായങ്ങളില്‍ യോജിപ്പില്ലാതെ വരുമ്പോള്‍ തീരുമാനം ഭൂരിപക്ഷാഭിപ്രായമനുസരിച്ചായിരിക്കും. വോട്ടെടുപ്പവസരത്തില്‍ അധ്യക്ഷന്റെ വോട്ടും ഒരു വോട്ടായി കണക്കാക്കുന്നതാണ്. എന്നാല്‍, വോട്ടുകള്‍ സമമായി വിഭജിക്കപ്പെടുകയാണെങ്കില്‍ തീരുമാനം അധ്യക്ഷന്റെ (ഹല്‍ഖാ
അമീര്‍) അഭിപ്രായമുള്‍ക്കൊള്ളുന്ന വിഭാഗത്തിന്റെ അഭിപ്രായമനുസരിച്ചായിരിക്കും.
ഖണ്ഡിക: 51
ഹല്‍ഖാ അമീര്‍ ഹല്‍ഖാ മജ്ലിസ് ശൂറയുടെ തീരുമാനങ്ങള്‍ ആവശ്യമായ വിശദീകരണത്തോടുകൂടി പതിനഞ്ച് ദിവസത്തിനുള്ളില്‍ അമീറെ ജമാഅത്തിന്റെ അംഗീകാരത്തിനായി അയച്ചുകൊടുക്കുന്നതാണ്. എന്നാല്‍, ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തില്‍ തങ്ങളുടെ തീരുമാനത്തിനൊത്ത് ഉടനടി പ്രവര്‍ത്തിക്കേണ്ടത് ആവശ്യമെന്ന് ഹല്‍ഖാ മജ്ലിസ്ശൂറക്ക് അഭിപ്രായമുണ്ടെങ്കില്‍, അമീറിന്റെ അംഗീകാരം ലഭിക്കുന്നതിനു മുമ്പുതന്നെ ഹല്‍ഖാ അമീറിന് അങ്ങനെ പ്രവര്‍ത്തിക്കാവുന്നതാണ്.

പ്രാദേശിക ഘടന
പ്രാദേശിക ജമാഅത്തുകള്‍
ഖണ്ഡിക: 52
ഒന്നിലധികം അംഗങ്ങളുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ജമാഅത്തുകള്‍ സ്ഥാപിക്കുന്നതായിരിക്കും. എന്നാല്‍, ഒരിടത്ത് ഒരംഗം മാത്രമേ ഉള്ളൂവെങ്കില്‍ അയാള്‍ തന്റെ ഹല്‍ഖാ അമീറുമായി നേരില്‍ ബന്ധം സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കുന്നതുമായിരിക്കും.
ഖണ്ഡിക: 53
ഓരോ പ്രാദേശിക ജമാഅത്തിനും ഒരു അമീര്‍ ഉണ്ടായിരിക്കും. ജമാഅത്ത് താല്‍പര്യങ്ങളും പ്രാദേശിക അംഗങ്ങളുടെ അഭിപ്രായങ്ങളും ഹല്‍ഖാ അമീറിന്റെ അഭിപ്രായവും പരിഗണിച്ചുകൊണ്ട് അമീറെ ജമാഅത്ത് അദ്ദേഹത്തെ നിയമിക്കുന്നതാണ്.
ഖണ്ഡിക: 54
പ്രാദേശിക അമീര്‍, ഹല്‍ഖാ അമീറിന്റെ നിര്‍ദേശങ്ങള്‍ക്ക് വിധേയനായി, തന്റെ ജമാഅത്തിന്റെ ഭരണത്തിനും തന്റെ കീഴിലുള്ള അംഗങ്ങളുടെ സംസ്കരണത്തിനും മാര്‍ഗദര്‍ശനത്തിനും ഉത്തരവാദിയായിരിക്കും. ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക അംഗങ്ങളുമായി കൂടിയാലോചിച്ചു നിര്‍വഹിക്കുന്നതായിരിക്കും. എന്നാല്‍, ഏതെങ്കിലും പ്രദേശത്ത് അംഗങ്ങളുടെ സംഖ്യ ഇരുപതില്‍ കൂടുതലുണ്ടെങ്കില്‍ അവിടെ പ്രാദേശിക മജ്ലിസ് ശൂറ രൂപീകരിക്കാവുന്നതാണ്.

പ്രാദേശിക ഇമാറത്തിന് ആവശ്യമായ ഗുണങ്ങള്‍
ഖണ്ഡിക: 55
പ്രാദേശിക അമീറിന്റെ തിരഞ്ഞെടുപ്പില്‍ താഴെ പറയുന്ന ഗുണങ്ങള്‍ പരിഗണിക്കുന്നതായിരിക്കും:
1. പ്രാദേശിക ഇമാറത്തോ മറ്റുവല്ല ജമാഅത്ത് പദവിയോ ആഗ്രഹിക്കുന്നവനും സ്ഥാനാര്‍ഥിയും അല്ലാതിരിക്കുക.
2. ദൈവഭക്തി, ദീനിനെ സംബന്ധിച്ച അറിവ്, കാര്യഗ്രഹണശേഷി, സഹനം, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സ്വഭാവപരിജ്ഞാനം, അതിനോടുള്ള പ്രതിബദ്ധത, ജമാഅത്ത് ഭരണഘടനയോടുള്ള വിധേയത്വം, പ്രബോധന പ്രവര്‍ത്തനോത്സുകത, ദൈവമാര്‍ഗത്തില്‍ സ്ഥിരചിത്തത, കാര്യനിര്‍വഹണയോഗ്യത എന്നിവയില്‍ പൊതുവെ പ്രാദേശിക അംഗങ്ങളില്‍ ഉത്തമനായിരിക്കുക.

പ്രാദേശിക അമീറും ഹല്‍ഖാ
അമീറും തമ്മിലുള്ള ബന്ധം
ഖണ്ഡിക: 56
പ്രാദേശിക അമീര്‍, തന്നെ സംബന്ധിക്കുന്ന എല്ലാ കര്‍ത്തവ്യങ്ങളിലും ഹല്‍ഖാ അമീറിന്റെ മുന്നില്‍ ഉത്തരവാദിയായിരിക്കും.ഭാഗം നാല്

ധനകാര്യം
ബൈത്തുല്‍മാല്‍
ഖണ്ഡിക: 57
(എ) ഓരോ പ്രാദേശിക ജമാഅത്തിനും പ്രാദേശിക ബൈത്തുല്‍മാലും ഓരോ ഹല്‍ഖയിലും ഹല്‍ഖാ ബൈത്തുല്‍മാലും ജമാഅത്ത് കേന്ദ്രത്തില്‍ കേന്ദ്ര ബൈത്തുല്‍മാലും സ്ഥാപിക്കുന്നതാണ്.
(ബി) ജമാഅത്ത് താല്‍പര്യത്തിന് അനുഗുണമെന്നു തോന്നുന്നപക്ഷം ഏതെങ്കിലും പ്രാദേശിക ബൈത്തുല്‍മാലിനെ ഹല്‍ഖാ ബൈത്തുല്‍മാലിലോ കേന്ദ്ര ബൈത്തുല്‍മാലിലോ ലയിപ്പിക്കാന്‍ അമീറെ ജമാഅത്തിന് അധികാരമുണ്ടായിരിക്കും.
ഖണ്ഡിക: 58
ജമാഅത്തംഗങ്ങള്‍ തങ്ങളുടെ സകാത്ത് ജമാഅത്തിന്റെ പ്രാദേശിക ബൈത്തുല്‍മാലില്‍ അടക്കുന്നതാണ്.
വിശദീകരണം:
ഏകാംഗങ്ങളുടെ സകാത്തിനെ സംബന്ധിച്ച് അമീറെ ജമാഅത്ത് അനുയോജ്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതാണ്.
കേന്ദ്ര ബൈത്തുല്‍മാല്‍
ഖണ്ഡിക: 59
കേന്ദ്ര ബൈത്തുല്‍മാല്‍ അമീറെ ജമാഅത്തിന്റെ കീഴിലായിരിക്കും. അംഗീകൃത ബജറ്റനുസരിച്ച് അതത് ഇനങ്ങളില്‍ അദ്ദേഹം അതില്‍നിന്ന് ചെലവഴിക്കുന്നതായിരിക്കും.
വിശദീകരണം:
ബജറ്റിലെ ഒരു ഇനത്തില്‍നിന്ന് മറ്റൊരിനത്തിലേക്ക് സംഖ്യ മാറ്റം ചെയ്യുന്നതിനും അസാധാരണ പരിതഃസ്ഥിതിയില്‍ അവിചാരിതമായി ഉണ്ടാകുന്ന ആവശ്യങ്ങള്‍ക്ക് അംഗീകൃത ബജറ്റിനു പുറമെ സംഖ്യ ചെലവാക്കുന്നതിനും 29-ാം ഖണ്ഡിക പ്രകാരം അമീറെ ജമാഅത്തിന് അധികാരമുണ്ടായിരിക്കും.
ഖണ്ഡിക: 60
കേന്ദ്ര ബൈത്തുല്‍മാലിന്റെ കണക്കുകള്‍ ഓരോ കൊല്ലവും ഒരു ഓഡിറ്ററെക്കൊണ്ട് പരിശോധിപ്പിക്കുന്നതായിരിക്കും. അയാളെ കേന്ദ്ര മജ്ലിസ് ശൂറ നിശ്ചയിക്കുന്നതും ഓഡിറ്ററുടെ റിപ്പോര്‍ട്ട് കേന്ദ്ര മജ്ലിസ് ശൂറാ യോഗത്തില്‍ സമര്‍പ്പിക്കപ്പെടുന്നതുമാണ്.

ഹല്‍ഖാ ബൈത്തുല്‍മാല്‍
ഖണ്ഡിക: 61
(എ) ഓരോ ഹല്‍ഖയുടെയും ബൈത്തുല്‍മാല്‍ ഹല്‍ഖാ അമീറിന്റെ കീഴിലായിരിക്കും. തന്റെ ഹല്‍ഖാ മജ്ലിസ് ശൂറയുടെ അഭിപ്രായമനുസരിച്ച് അതത് ഇനങ്ങളില്‍ അദ്ദേഹം അതില്‍നിന്ന് ചെലവഴിക്കുന്നതുമായിരിക്കും.
(ബി) ഓരോ ഹല്‍ഖാ അമീറും ഹല്‍ഖാ ബൈത്തുല്‍മാലിന്റെ വരവു ചെലവുകള്‍ സംബന്ധിച്ച് അമീറെ ജമാഅത്തിന്റെ മുമ്പില്‍ ഉത്തരവാദിയായിരിക്കും.
(സി) ഹല്‍ഖാ ബൈത്തുല്‍മാലിന്റെ കണക്കുകള്‍ ഓരോ വര്‍ഷവും ഓഡിറ്ററെക്കൊണ്ട് പരിശോധിപ്പിക്കുന്നതാണ്. ഓഡിറ്ററെ ഹല്‍ഖാ മജ്ലിസ് ശൂറ നിശ്ചയിക്കും.

പ്രാദേശിക ബൈത്തുല്‍മാല്‍
ഖണ്ഡിക: 62
(എ) ഓരോ പ്രാദേശിക ബൈത്തുല്‍മാലും പ്രാദേശിക അമീറിന്റെ കീഴിലായിരിക്കും. പ്രാദേശിക അംഗങ്ങളുമായി കൂടിയാലോചിച്ച് അതത് ഇനങ്ങളില്‍ അദ്ദേഹം അതില്‍നിന്ന് ചെലവഴിക്കുന്നതാണ്.
(ബി) ഓരോ പ്രാദേശിക അമീറും തന്റെ ബൈത്തുല്‍മാലിന്റെ വരവുചെലവുകള്‍ സംബന്ധിച്ച് ഹല്‍ഖാ അമീറിന്റെ മുമ്പില്‍ ഉത്തരവാദിയായിരിക്കും.

ബൈത്തുല്‍മാല്‍ ചട്ടവും വ്യവസ്ഥയും
ഖണ്ഡിക: 63
ബൈത്തുല്‍മാലുകളെ സംബന്ധിച്ച നിയമചട്ടങ്ങള്‍ അമീറെ ജമാഅത്ത് നിര്‍മിക്കുന്നതായിരിക്കും.

ഭാഗം അഞ്ച്
പലവക
ഒഴിവായ സ്ഥാനങ്ങള്‍
ഖണ്ഡിക: 64
മജ്ലിസെ നുമാഇന്ദഗാന്‍, കേന്ദ്ര മജ്ലിസ് ശൂറ, ഹല്‍ഖാ മജ്ലിസ് ശൂറ എന്നിവയിലെ വല്ല സ്ഥാനവും ഒഴിവാകുന്നപക്ഷം മൂന്നു മാസത്തിനകം പ്രസ്തുത സ്ഥാനം വ്യവസ്ഥ പ്രകാരം പൂരിപ്പിക്കേണ്ടതാകുന്നു. ഒഴിവു വന്നത് മീഖാത്തിന്റെ അവസാനത്തെ ആറു മാസത്തിനിടയില്‍ അല്ലെങ്കിലാണിത്.
രാജി
ഖണ്ഡിക: 65
(എ) അമീറെ ജമാഅത്ത് ഒഴിച്ച്, ജമാഅത്തിന്റെ ഏതെങ്കിലും സ്ഥാനത്തുള്ള ഒരാള്‍ രാജിവെക്കുന്ന പക്ഷം അത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അധികാരം അമീറെ ജമാഅത്തിന്നായിരിക്കും.
(ബി) അമീറെ ജമാഅത്തിന്റെ രാജിയെ സംബന്ധിച്ച് തീരുമാനിക്കാനുള്ള അധികാരം പ്രതിനിധിസഭക്കായിരിക്കും.
(സി) ഒരാള്‍ തന്റെ സ്ഥാനം രാജിവെച്ചശേഷവും രാജി സ്വീകരിക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരുന്നതായിരിക്കും.

ഖണ്ഡിക: 66
ഒരു ജമാഅത്തംഗം അംഗത്വം രാജിവെക്കുന്ന പക്ഷം അദ്ദേഹത്തിന് തന്റെ രാജിയെക്കുറിച്ച് പുനരാലോചിക്കാന്‍, കവിഞ്ഞാല്‍ ഒരു മാസം അവധി നല്‍കാവുന്നതാണ്.
പിരിച്ചുവിടല്‍

ഖണ്ഡിക: 67
ഏതെങ്കിലും സ്ഥാനത്തുള്ള ആളെ സ്ഥാനത്തുനിന്ന് പിരിച്ചുവിടാനുള്ള അധികാരം, പ്രസ്തുത സ്ഥാനത്തേക്ക് ഒരാളെ നിയമിക്കാനോ തിരഞ്ഞെടുക്കാനോ അധികാരമുള്ള വ്യക്തിക്കോ വ്യക്തികള്‍ക്കോ ആയിരിക്കും. തിരഞ്ഞെടുക്കുന്നതിനോ നിയമിക്കുന്നതിനോ ഈ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള മാര്‍ഗമനുസരിച്ചുതന്നെ പിരിച്ചുവിടല്‍ നടപടിയും നിര്‍വഹിക്കപ്പെടുന്നതാണ്.
പുറത്താക്കല്‍

ഖണ്ഡിക: 68
താഴെ പറയുന്ന ഏതെങ്കിലും കാരണംകൊണ്ടേ ഒരു ജമാഅത്തംഗത്തെ ജമാഅത്തില്‍നിന്ന് പുറത്താക്കാന്‍ നിര്‍വാഹമുള്ളൂ:
1. ഈ ഭരണഘടനയിലെ 6-ാം ഖണ്ഡികയില്‍നിന്ന് വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വ്യതിചലിക്കുക.
2. 8-ാം ഖണ്ഡികയുടെ ഏതെങ്കിലും ഒരു വകുപ്പ് ലംഘിക്കുകയും ആ ലംഘനത്തില്‍നിന്ന് വിരമിക്കാതിരിക്കുകയും ചെയ്യുക.
3. ജമാഅത്തിന്റെ നിശ്ചിത നയത്തില്‍നിന്ന് വ്യതിചലിക്കുക.
4. ജമാഅത്ത് വ്യവസ്ഥക്കോ അതിന്റെ ധാര്‍മികവും ദീനിയുമായ നിലപാടിനോ നഷ്ടമേല്‍പിക്കുന്ന നയം കൈക്കൊള്ളുക.
5. ജമാഅത്ത് പ്രവര്‍ത്തനത്തില്‍ തനിക്കിപ്പോള്‍ യാതൊരു താല്‍പര്യവും അവശേഷിക്കുന്നില്ലെന്ന് തന്റെ കര്‍മരീതിയില്‍നിന്ന് പ്രകടമാവുക.
6. ഇന്ത്യന്‍ യൂണിയനിലെ പൌരത്വം ഉപേക്ഷിക്കുക.
ഖണ്ഡിക: 69
(എ) ഒരു ജമാഅത്ത് അംഗത്തെ പുറത്താക്കുന്നതിനു മുമ്പ് പുറത്താക്കാനുള്ള കാരണം അറിയിച്ചുകൊണ്ട്, അദ്ദേഹത്തിന് ഉത്തരം ബോധിപ്പിക്കാനായി രണ്ടുമാസത്തെ അവസരം നല്‍കപ്പെടുന്നതായിരിക്കും.
(ബി) പുറത്താക്കാനുള്ള തീരുമാനമെടുക്കുന്നതിനു മുമ്പ്, ആവശ്യമെന്നു കാണുന്നപക്ഷം അമീറെ ജമാഅത്തിന് പ്രസ്തുത അംഗത്തെ സസ്പെന്റ് ചെയ്യാവുന്നതാണ്. പ്രത്യേക പരിതഃസ്ഥിതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ഉടനടി സസ്പെന്റ് ചെയ്യേണ്ടതായി വരികയാണെങ്കില്‍ അമീറെ ജമാഅത്തിന്റെ തീരുമാനം വരുന്നതുവരെ അങ്ങനെ സസ്പെന്റ് ചെയ്യാന്‍ ഹല്‍ഖാ അമീറിനും അധികാരമുണ്ടായിരിക്കുന്നതാണ്.

ജമാഅത്തുകളെ സസ്പെന്റ് ചെയ്യല്‍

ഖണ്ഡിക: 70
ജമാഅത്തിന്റെ ആവശ്യങ്ങളും താല്‍പര്യങ്ങളും നിര്‍ബന്ധിക്കുന്ന പക്ഷം, ഏതെങ്കിലും കീഴ്ജമാഅത്തിനെ സസ്പെന്റ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്യാന്‍ അമീറെ ജമാഅത്തിന് അധികാരമുണ്ടായിരിക്കും. അമീറെ ജമാഅത്ത് തല്‍സമയം സാധ്യമാകുന്ന കേന്ദ്ര ശൂറാ അംഗങ്ങളുമായി കൂടിയാലോചന നടത്തുന്നതാണ്.

നിയമചട്ടങ്ങളുണ്ടാക്കാനുള്ള അധികാരങ്ങള്‍

ഖണ്ഡിക: 71
ഈ ഭരണഘടനയുടെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുന്നതിനും പ്രബോധന പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥപ്പെടുത്തുന്നതിനും ആവശ്യമാകുന്ന ഉപനിയമങ്ങള്‍ അമീറെ ജമാഅത്ത് തയ്യാറാക്കുന്നതായിരിക്കും. ഈ വിഷയത്തില്‍ അദ്ദേഹം കേന്ദ്ര ശൂറാ അംഗങ്ങളുമായി കൂടിയാലോചിക്കുന്നതും കഴിവതും അവരുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതുമാണ്.
ഭരണഘടനയുടെ വ്യാഖ്യാനം

ഖണ്ഡിക: 72
ഈ ഭരണഘടനയുടെ വ്യാഖ്യാനത്തില്‍ വല്ല അഭിപ്രായവ്യത്യാസവും ഉണ്ടാകുന്ന പക്ഷം കേന്ദ്ര മജ്ലിസ് ശൂറയുടെ യോഗം അതില്‍ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും.
ഭരണഘടനയില്‍ ഭേദഗതി.

ഖണ്ഡിക: 73
ജമാഅത്ത് ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് അമീറെ ജമാഅത്തോ മജ്ലിസ് ശൂറയിലെ ഏതെങ്കിലും ഒരംഗമോ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളെക്കുറിച്ചും, ജമാഅത്ത് അംഗങ്ങളുടെ വല്ല നിര്‍ദേശവും പരിഗണനീയമെന്ന് അമീറെ ജമാഅത്തോ മജ്ലിസ് ശൂറയിലെ ഏതെങ്കിലും ഒരംഗമോ അഭിപ്രായപ്പെടുന്നുവെങ്കില്‍ അതിനെക്കുറിച്ചും കേന്ദ്ര മജ്ലിസ് ശൂറ ശിപാര്‍ശകള്‍ തയ്യാറാക്കുന്നതും പ്രതിനിധിസഭ തീരുമാനമെടുക്കുന്നതുമാകുന്നു.

ഖണ്ഡിക: 74
അമീറെ ജമാഅത്തോ പ്രതിനിധിസഭയുടെ ഹാജരുള്ള പതിനഞ്ച് അംഗങ്ങളോ ഏതെങ്കിലും ഭരണഘടനാ ഭേദഗതി സംബന്ധിച്ച നിര്‍ദേശത്തെപ്പറ്റി ആലോചിക്കണമെന്ന പക്ഷക്കാരാണെങ്കില്‍ അങ്ങനെയുള്ള നിര്‍ദേശം 73-ാം ഖണ്ഡികയിലെ നിബന്ധന കൂടാതെത്തന്നെ പ്രതിനിധിസഭായോഗത്തില്‍ ആലോചനക്കും തീരുമാനത്തിനുമായി സമര്‍പ്പിക്കാവുന്നതാണ്.

ഖണ്ഡിക: 75
ജമാഅത്ത് ഭരണഘടനയിലെ ഏതെങ്കിലും ഒരു ഭേദഗതി സംബന്ധിച്ച് അത് ശാഖാപരമോ ഭാഷാപരമോ മാത്രമായ ഭേദഗതിയാണെന്ന് കേന്ദ്ര
മജ്ലിസ് ശൂറ അഭിപ്രായപ്പെടുന്ന പക്ഷം തത്സംബന്ധമായ പ്രതിനിധിസഭാംഗങ്ങളുടെ ലിഖിതരൂപത്തിലുള്ള അഭിപ്രായങ്ങള്‍ കരസ്ഥമാക്കിക്കൊണ്ടും തീരുമാനമെടുക്കാവുന്നതാണ്.

* * * * * * * * * * * * * * * *

* ഒരാളെ ‘സത്യത്തിന്റെ മാനദണ്ഡ’മാക്കുന്നതും അയാളെ ‘സത്യവാനാ’ണെന്ന് കരുതുന്നതും തമ്മിലും, ‘വിമര്‍ശന’വും ‘നിന്ദ’യും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പരിഗണിക്കേണ്ടതാണ്