ഡോ. അബ്ദുസ്സലാം അഹ്മദ്

ഇസ്ലാമിക പണ്ഡിതന്‍, ഗ്രന്ഥകാരന്‍. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗവും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ പ്രതിനിധി സഭാംഗവുമാണ്. ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ റെക്ടറായി സേവനം ചെയ്യുന്നു. മീഡിയാവൺ ചാനൽ എം.ഡി, വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ ട്രഷറര്‍, ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ഡെപ്യൂട്ടി വൈസ് ചാന്‍സ്ലര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം, ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്ടറേറ്റ് അംഗം, ഇസ്ലാമിക വിജ്ഞാനകോശം നിര്‍മ്മാണ സമിതിയംഗം എന്നീ സ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം, അല്‍ ജാമിഅ അറബി ത്രൈമാസിക എഡിറ്റര്‍, യുവസരണി വാരികയുടെ പ്രഥമ പത്രാധിപര്‍, പ്രതീക്ഷ പബ്ലിക്കേഷന്‍ ഡയറക്ടര്‍, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഡയറക്ടര്‍, പ്രബോധനം സബ് എഡിറ്റര്‍, ദഅവാ കോളേജ് പ്രിന്‍സിപ്പല്‍ എന്നിങ്ങനെ വ്യത്യസ്തങ്ങളായ നിലകളില്‍ സേവനമനുഷ്ടിച്ചു. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതവേദികളിലെ സജീവ സാന്നിദ്ധ്യം, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുമായും നായകരുമായുമുള്ള ബന്ധം എന്നീ നിലകളില്‍ ശ്രദ്ധേയത നേടിയ ഇന്ത്യയിലെ ഇസ്ലാമിക പണ്ഡിതന്‍. 2009 ല്‍ മുസ്ലിം വേള്‍ഡ് ലീഗ് സംഘടിപ്പിച്ച ജനീവ ഡയലോഗ് സമ്മേളനം, ഒ.ഐ.സി ദോഹ സമ്മേളനം, കുവൈത്തില്‍ നടന്ന ബൈത്തുസ്സകാത്ത് സമ്മേളനം എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്. നോബല്‍ സമ്മാനം ലഭിച്ച ആദ്യ മുസ്ലിം വനിതയും അറബ് വസന്തത്തിലെ സജീവ സ്ത്രീ സാന്നിദ്ധ്യവുമായ തവക്കുല്‍ കര്‍മ്മാനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പ്രബോധനവും പ്രതിരോധവും ഇന്ത്യന്‍ സാഹചര്യത്തില്‍, വിമര്‍ശിക്കപ്പെടുന്ന മൌദൂദി, യാത്രാമൊഴി(വിവര്‍ത്തനം), ഫലസ്തീന്‍ പ്രശ്‌നം(വിവര്‍ത്തനം), മുസ്ലിം ഐക്യം: സാധുതയും സാധ്യതയും(വിവര്‍ത്തനം), ലാ ഇലാഹ ഇല്ലല്ലാ: ആദര്‍ശം, നിയമം, ജീവിതവ്യവസ് (വിവര്‍ത്തനം), സലഫിസത്തിന്റെ സമീപനങ്ങള്‍ (വിവര്‍ത്തനം), മുസ്‌ളിംകളും ആഗോളവല്‍ക്കരണവും സ്ത്രീ ഇസ്ലാമിക സമൂഹത്തില്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്.

വ്യക്തിവിശേഷം: 1962 മെയ് 31 മലപ്പുറം ജില്ലയിലെ വാണിയമ്പലത്തിനടുത്ത ശാന്തിനഗറില്‍ ജനിച്ചു. പിതാവ് മോയിക്കല്‍ അഹ്മദ്കുട്ടി ഹാജി. മാതാവ് കോട്ടക്കുത്ത് ഫാത്വിമ. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കുറ്റിയാടി ഇസ്ലാമിയ്യ കോളേജ്, അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഖത്തര്‍ പ്രതിരോധ മന്ത്രാലയം ട്രാന്‍സ്ലേറ്റര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. 1994 ല്‍ ജമാഅത്തെ ഇസ്ലാമിയില്‍ അംഗമായി. ഭാര്യ : ഹസീന. എം. മക്കള്‍: ജസീം, റഷാദ്, നസ്വീഹ്.