District NewsErnakulam

സ്‌നേഹത്തണലൊരുക്കി ‘തണൽ’ വാർഷികം

തണൽ വാർഷികം അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

സാന്ത്വന പരിചരണ രംഗത്ത് ആലുവയിലും സമീപ പ്രദേശങ്ങളിലും നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായി മാറിയ തായിക്കാട്ടുകര തണൽ പെയിൻ & പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ ആറാം വാർഷികാഘോഷം അവിസ്മരണീയമായി. കാൻസർ രോഗികളുടെ കുടുംബ സംഗമം, വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ സംഗമം, സ്റ്റുഡന്റ്‌സ് ഹോം കെയർ പ്രഖ്യാപനം, ഗാനവിരുന്ന് തുടങ്ങിയ വ്യത്യസ്ത പരിപാടികളോടെയായിരുന്നു വാർഷികാഘോഷം.

മാനുഷിക മൂല്യങ്ങൾ അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലത്ത് ജീവകാരുണ്യ രംഗത്ത് തണൽ നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് ഉദ്ഘാടനം നിർവ്വഹിച്ച അൻവർ സാദത്ത് എം.എൽ.എ.അഭിപ്രായപ്പെട്ടു. തണലിന്റെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. തണൽ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.ബഷീർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി കെ.കെ.സലീം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

ഗൃഹ കേന്ദ്രീകൃത സാന്ത്വന പരിചരണ രംഗത്ത് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനുള്ള സ്റ്റുഡന്റ്‌സ് ഹോം കെയർ പദ്ധതിയുടെ പ്രഖ്യാപനം ചൂർണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി നിർവ്വഹിച്ചു. കളമശ്ശേരി എസ്.സി.എം.എസ് കോളേജിലെ എൻ.എസ്.എസ്.യൂണിറ്റിനു വേണ്ടി പ്രോഗ്രാം ഓഫീസർ അരുൺകുമാറും വിദ്യാർത്ഥിനികളും ചേർന്ന് അനുമതിപത്രം ഏറ്റു വാങ്ങി. എസ്.ഐ.ഒ. എരിയാ പ്രതിനിധി സൈഫുദ്ധീൻ, ജി.ഐ.ഒ. ഏരിയാ പ്രസിഡന്റ് സുമയ്യ കെ.ബി. എന്നിവരും അനുമതിപത്രം ഏറ്റുവാങ്ങി. വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച വീൽചെയറിൽ സഞ്ചരിക്കുന്നവരെ തണലിനു വേണ്ടി വാഴക്കുളം ബ്ലോക്ക് അംഗം സി.കെ.ജലീൽ ആദരിച്ചു.

കളമശ്ശേരി എസ്.സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജി.ശശികുമാർ, തായിക്കാട്ടുകര മഹല്ല് ചീഫ് ഇമാം അബ്ദുസ്സലാം മൗലവി ഓണമ്പിള്ളി, ജില്ലാ പാലിയേറ്റീവ് കൺസോർഷ്യം പ്രസിഡന്റ് ഡോ.സി.എം.ഹൈദരാലി, വെൽഫെയർ പാർട്ടി ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.എ.അൻവർ എനിവർ ആശംസകൾ നേർന്നു.തണലിന്റെ തുടക്കക്കാരൻ പി. ശംസുദ്ധീനെയും പ്രസിദ്ധ ഗായകൻ അൻവർ ആലുവയെയും ചടങ്ങിൽ ആദരിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡന്റ് അമീർ അഫ്‌സൽ സമാപന പ്രസംഗം നടത്തി. തണൽ യൂനിറ്റ് ചെയർമാൻ പി.ബി.അലിക്കുഞ്ഞ് സ്വാഗതവും കമ്മിറ്റിയംഗം എം.എം.അൻവർ നന്ദിയും പറഞ്ഞു. സിംഗേഴ്‌സ് അവതരിപ്പിച്ച ഗാനവിരുന്ന് ഹൃദ്യമായി .

Comment here