Ameer Updates

ഏറ്റുമുട്ടൽ കൊല കേരളത്തിൽ ഇനിയാവർത്തിക്കരുത്

അത്യന്തം ദുഖകരവും ഏറെ ആശങ്കകൾ പങ്കുവെക്കുന്നതുമാണ് വയനാട് ജില്ലയിൽ സി.പി ജലീൽ എന്ന മാവോയിസ്റ്റ് കൊല്ലപ്പെട്ട പോലിസ് വെടിവെയ്പ്പ്. മറ്റിതര സംസ്ഥാനങ്ങളിൽ നിന്ന് കേട്ടുകേൾവി മാത്രമുള്ള പോലിസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലിന്റെ ഭൂമിയായി കേരളവും മാറുകയാണോ എന്ന പലരുമുന്നയിച്ച സംശയം ന്യായമാണ്. കേരളത്തിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നത് വസ്തുതയാണ്. പക്ഷെ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നപോലെ ഏതെങ്കിലും സ്വഭാവത്തിൽ ഭരണകൂടവുമായോ പോലിസുമായോ സായുധ ഏറ്റുമുട്ടൽ നടത്തിയ അനുഭവം ഇപ്പോൾ കേരളത്തിലില്ല. എന്നാൽ അത്തരമൊരു സാഹചര്യമുണ്ട് എന്ന പ്രതീതി സൃഷ്ടിക്കാവുന്ന സ്വഭാവത്തിലുള്ള സംഭവവികാസങ്ങൾ ബോധപൂർവം സംസ്ഥാനത്തുണ്ടാകുന്നുണ്ട്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വയനാട് സംഭവം.
സി പി ജലീലിന്റെ വധവുമായി ബന്ധപ്പെട്ട് കേരളപോലിസും ഭരണകൂടവും മറുപടി പറയേണ്ട ഒട്ടനവധി ചോദ്യങ്ങൾ ഇതിനകയം ഉയർന്നു കഴിഞ്ഞു. പക്ഷെ, സർക്കാറിന്റെ ഭാഗത്ത്നിന്ന് പ്രതികരണമുണ്ടായിട്ടില്ല. നാടൻതോക്ക് കൈവശമുള്ള രണ്ടാളുകളോട് സായൂധ പോലിസ് മണിക്കൂറുകളോളം ഏറ്റുമുട്ടേണ്ട സാഹചര്യമെന്തായിരുന്നു, തലയ്ക്ക് പിന്നിൽ വെടിയേറ്റതെങ്ങനെ, പോലിസ് നൽകിയ റിപ്പോർട്ടും ദൃക്സാക്ഷികൾ പറയുന്ന കാര്യങ്ങളും തമ്മിൽ വൈരുദ്ധ്യമുണ്ടായതെങ്ങിനെ, സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടാത്തതെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾക്ക് വിശദീകരണം ആവശ്യമാണ്.

രാജ്യത്തെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്യുന്നവരും സമാധാനാന്തരീക്ഷം തകർക്കുന്നവരും നിയമത്തിനു മുന്നിൽ നിർത്തപ്പെടേണ്ടവർ തന്നെയാണ്. മാവോയിസ്റ്റുകളുടെ അത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാൻ ആർക്കുമാവില്ല. പക്ഷെ, അതിനേക്കാൾ ഗുരുതരമാണ് ഭരണകൂടത്തിന്റെയും പോലിസിന്റെയും ഭാഗത്ത് നിന്നുണ്ടാവുന്ന നിയമ വിരുദ്ധ നടപടികളും അത് സംബന്ധിച്ച് സൃഷ്ടിക്കപ്പെടുന്ന നിഗൂഢതകളും. അത്തരം സംഭവങ്ങളുണ്ടാകുമ്പോൾ തന്നെ ശക്തമായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവേണ്ടതാണ്. പക്ഷെ, കേരളത്തിൽ അത്തരമൊരു സമീപനം സർക്കാറിന്റെ ഭാഗത്ത് ഉണ്ടാവുന്നില്ല എന്ന് മാത്രമല്ല, സർക്കാർ പദ്ധതിയുടെ കൂടി ഭാഗമാണോ ഇത്തരം ഏറ്റുമുട്ടൽ കൊലകൾ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്. മുമ്പ് നിലമ്പൂരിൽ രണ്ട് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ജനങ്ങളുടെ മുമ്പാകെ വെക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. അന്നും ഇന്നും ഒരേ സർക്കാർ തന്നെയാണ് കേരളം ഭരിക്കുന്നത് എന്നത് മേൽസംശയത്തെ ദൃഢീകരിക്കുകയാണ് ചെയ്യുന്നത്.

തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും പണവും ആഹാരവും ആവശ്യപ്പെടുന്നതും വിചാരണ കൂടാതെ കൊല്ലപ്പെടാനുള്ള കുറ്റങ്ങളല്ല. പക്ഷെ, നിലമ്പൂരിൽ പോലിസ് നടത്തിയ കൊലകളുടെ സമയത്തുണ്ടായ അളവിൽ പ്രതികരണങ്ങളോ പ്രതിഷേധങ്ങളോ വയനാട് സംഭവത്തിൽ ഉണ്ടാവുന്നില്ലെന്നത് ആശങ്കാജനകമാണ്. പോലിസ് മെനയുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളെ നിസംഗതയോടെ സ്വീകരിക്കാവുന്ന മാനസികാവസ്ഥയിലേക്ക് കേരളത്തിന്റെ പൊതുമനസ്സ് മാറുകയാണോ? പോലിസ് ഭാഷ്യങ്ങളെ അപ്പടി പകർത്തിയെഴുതുന്ന മാധ്യമസംസ്‌കാരവും ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണ്. മനുഷ്യാവകാശ സംഘടനകളും പൗരവകാശ സംഘടനകളും കൂടുതൽ ജാഗ്രത്താകേണ്ട സന്ദർഭമാണിത്.

ജനങ്ങളോട് ബാധ്യതയുള്ള ഇടതുപക്ഷ സർക്കാർ ഇത്തരം ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന സ്വഭാവത്തിലുള്ള നിസംഗത പുലർത്താൻ പാടില്ലാത്തതാണ്. വിയോജിപ്പുള്ളവരെ ഉൻമൂലനം ചെയ്യാൻ മാവോയിസ്റ്റുകളെ പോലെ സ്വന്തം പ്രത്യേയശാസ്ത്രം അനുവദിക്കുന്നുണ്ടാവാം. പക്ഷെ, ജനാധിപത്യത്തിൽ നിയമവ്യവസ്ഥയുണ്ട്, പൗരാവകാശവും മനുഷ്യാവകാശവുയുമുണ്ട്. അവയെ മാനിച്ചേ മതിയാവൂ.