Ameer Updates

ഭീകരനിയമങ്ങൾക്കെതിരെ സമൂഹ മനസാക്ഷി ശക്തമായി ഉയർന്നുവരണമെന്നാണ് സകരിയയുടെ പത്ത് വർഷത്തെ ജയിൽജീവിതം ആവശ്യപ്പെടുത്.

പരപ്പനങ്ങാടിയിലെ സക്കരിയയുടെ ജയിൽവാസത്തിന് പത്ത് വർഷം പൂർത്തിയാവുന്നു. 2008 ലെ ബംഗ്ലുരു സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് 2009 ഫെബ്രുവരി അഞ്ചിനായിരുന്നു തിരൂരിൽവെച്ച് പത്തൊമ്പത് വയസുള്ള സക്കരിയയെ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ യു.എ.പി.എ ചാർത്തി അറസ്റ്റ് ചെയ്തത്. വ്യാജ സാക്ഷിമൊഴികളും തെളിവുകളുമാണ് കർണാടക പോലിസ് കോടതി മുമ്പാകെ സമർപ്പിച്ചത്. സാക്ഷികൾ തന്നെ അത്തരം മൊഴികൾ നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞു. സകരിയയുടെ മോചനമാവശ്യപ്പെട്ടുകൊണ്ട് സകരിയയുടെ കുടുംബവും യുവജന പ്രസ്ഥാനങ്ങളും മനുഷ്യാവകാശ പ്രവർത്തകരും കഴിഞ്ഞ വർഷങ്ങളിൽ വിവിധ പ്രവർത്തനങ്ങളും കാമ്പയിനുകളും സംഘടിപ്പിക്കുകയുണ്ടായി. പക്ഷെ, സകരിയ്യയുടെ ജയിൽവാസം, ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കുമെതിരെയുള്ള ചോദ്യചിഹ്നമായി ഇപ്പോഴും അനിശ്ചിതമായി തുടരുകയാണ്.

സകരിയ മാത്രമല്ല, യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങളിൽപ്പെടുത്തി നിരവധി മുസ്ലിം ചെറുപ്പക്കാരും ദലിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജയിലിൽ കഴിയുകയാണ്. മനുഷ്യാവകാശ പ്രവർത്തരും അക്കൂട്ടത്തിലുണ്ട്. നൂറ് കണക്കിന് നിരപരാധികളെ അന്യായമായി ജയിലിലടക്കുകയും അവരുടെ ആയുസിനെ കാർന്ന് തിന്നുകയും മുസ്ലിം-ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഭീകരനിയമങ്ങൾക്കെതിരെ സമൂഹ മനസാക്ഷി കൂടുതൽ ശക്തമായി ഉയർന്നുവരണമെന്നാണ് സകരിയയുടെ പത്ത് വർഷത്തെ ജയിൽജീവിതം ആവശ്യപ്പെടുന്നത്.
കൂടാതെ, ഒരു പൊതുതെരഞ്ഞെടുപ്പിന്റെ മുമ്പിലാണ് രാജ്യം. ജനാധിപത്യത്തെ കുറിച്ചും പൗരാവകാശങ്ങളെ കുറിച്ചും ധാരാളമായി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കേണ്ട സന്ദർഭം കൂടിയാണിത്. പൗരന്റെ മൗലികാവകാശങ്ങളെ ധ്വംസിക്കുന്ന ഭീകരനിയമങ്ങൾക്കെതിരെ നിലപാടെടുക്കാനും അത്തരം നിയമങ്ങളുടെ ഇരകളാകുന്ന മുസ്ലിം, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളോട് ഐക്യപ്പെടാനും അവർക്ക് ബാധ്യതയുണ്ട്.

പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഭീകരനിയമങ്ങൾ പ്രയോഗിക്കില്ലെന്നും അവ റദ്ദ് ചെയ്യുമെന്നും അവയ്ക്ക് വിധേയമായി തടവിൽ കഴിയുന്നവരുടെ മോചനം എളുപ്പമാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്വന്തം പ്രകടന പത്രികയിൽ പ്രഖ്യാപിക്കുവാനും പ്രാവർത്തികമാക്കാനും തീർച്ചയായും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ സന്നദ്ധമാവേണ്ടതുണ്ട്.

Comment here