Ameer Updates

വിലാപങ്ങള്‍ മതിയാക്കി കര്‍മഭൂമിയില്‍ ഊര്‍ജസ്വലരാവുക

രാജ്യത്തിന്റെ മതേതര ജനാധിപത്യ തത്ത്വങ്ങൾ ഗുരുതരമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ നിരന്തരം ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും ഇന്നത്തെ പോലെയുള്ള സാഹചര്യം മുമ്പുണ്ടായിട്ടില്ല. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സഹവർത്തിത്വത്തെയും വെല്ലുവിളിക്കുന്ന സംഘ്പരിവാർ ശക്തികളുടെ നെറികെട്ട ഭരണത്തിനാണ് കഴിഞ്ഞ അഞ്ച് വർഷം രാജ്യം സാക്ഷിയായത്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തെ പിന്നിൽനിന്ന് കുത്തുകയും ബഹുസ്വരതക്കെതിരെ നിലയുറപ്പിക്കുകയും ചെയ്ത വിഭാഗത്തിന്റെ കൈകളിൽ രാജ്യത്തിന്റെ അധികാരം ഏൽപ്പിക്കപ്പെട്ടു എന്നത് നമ്മുടെ ജനാധിപത്യ കാഴ്ചപ്പാടിന്റെ പരിമിതിയെ വെളിപ്പെടുത്തുന്നുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും യുദ്ധവെറിയുടെയും രാഷ്ട്രീയമാണ് അവർ പയറ്റിയത്. പൗരന്മാർക്ക് സൈ്വര ജീവിതം അസാധ്യമായിരിക്കുന്നു. പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങൾ പൂർണമായും അരക്ഷിതാവസ്ഥയിലാണ്. കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തിരിക്കുന്നു രാജ്യത്തെ. രാഷ്ട്രീയ രംഗം അഴിമതിയിൽ മുങ്ങിയിരിക്കുന്നു. സ്വതന്ത്ര നിരീക്ഷണമോ വിമർശനമോ സാധ്യമാവാത്ത വിധം ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഈ നില തുടർന്നാൽ രാജ്യത്തിന്റെ സമ്പൂർണ നാശമായിരിക്കും ഫലമെന്ന കാര്യത്തിൽ സംശയമില്ല.

ഈ യാഥാർഥ്യം സാധാരണക്കാരൻപോലും തിരിച്ചറിഞ്ഞിരിക്കുന്നു. തങ്ങളുടെ വ്യക്തിജീവിതവും രാജ്യത്തിന്റെ ഭാവിയും സംഘ്പരിവാർ ഭരണകൂടത്തിന് കീഴിൽ സുരക്ഷിതമല്ല എന്ന തിരിച്ചറിവ് അവർക്കുണ്ടായിട്ടുണ്ട്. കൂടുതൽ ജനാധിപത്യപരവും മതനിരപേക്ഷവും സാഹോദര്യത്തിലധിഷ്ഠിതവുമായ കാഴ്ചപ്പാടിലേക്ക് നയിക്കാൻ ഈ തിരിച്ചറിവ് സഹായകമാവും. വിവിധ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കേറ്റ തിരിച്ചടികൾ ഇതിന്റെ സൂചനയാണ്.

സംഘ് പരിവാർ വിരുദ്ധ മതേതര പാർട്ടികൾക്ക് ചരിത്രപരമായ റോൾ ഈ തെരഞ്ഞെടുപ്പിൽ വഹിക്കാനുണ്ട്. സംഘ് പരിവാറിനെ ഭരണത്തിനിന്ന് അകറ്റിനിർത്തുക എന്ന ഒറ്റ പോയിന്റിൽ കേന്ദ്രീകരിക്കാൻ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും അവർക്ക് സാധിക്കണം. കോൺഗ്രസ് തുടർന്നുവന്ന മൃദുഹിന്ദുത്വസമീപനങ്ങളാണ് സംഘ് പരിവാറിന് അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കിയതും കോൺഗ്രസ്സിനെ പ്രതിരോധത്തിലാക്കിയതും എന്ന് തിരിച്ചറിയണം. അനിവാര്യമായും ഈ അബദ്ധം തിരുത്താൻ കോൺഗ്രസ് തയാറായേ മതിയാകൂ. സംസ്ഥാനങ്ങളിലെ പ്രാദേശികമായ ബലാബലങ്ങളും താൽപര്യങ്ങളും ഇതിന് വിഘാതമാകരുത്. സംഘ് പരിവാർ ഇനിയും അധികാരത്തിലെത്തിയാൽ അത് തങ്ങളുടെ പ്രാദേശിക താൽപര്യങ്ങൾക്കുപോലും എതിരാകുമെന്ന വലിയ ബോധ്യം രാഷ്ട്രീയ പാർട്ടികൾക്ക് ഉാകണം. എൻ.ഡി.എക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അവരെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒന്നിക്കാൻ മതേതര പാർട്ടികൾക്കാവണം. അത്തരം ചില നീക്കങ്ങൾ രാജ്യവ്യാപകമായി കാണുന്നുണ്ടെന്നത് സന്തോഷകരമാണ്. രാജ്യ താൽപര്യങ്ങൾ മുഖവിലക്കെടുത്ത് വലിയ വിട്ടുവീഴ്ചകൾക്ക് രാഷ്ട്രീയ കക്ഷികൾ തയാറാവേണ്ട സന്ദർഭവുമാണിത്.

സംഘ് പരിവാർ അധികാരത്തിലെത്തിയതോടെ മുസ്ലിം ജീവിതം തീർത്തും അരക്ഷിതമാണ്. രാജ്യത്ത് കരുത്താർജിച്ചുവരുന്ന ഇസ്ലാമോഫോബിയ വെറുക്കപ്പെട്ട സമൂഹമാക്കി അവരെ ചിത്രീകരിക്കുന്നു. ഭരണകൂടഭീകരതയുടെ ഇരകളാണ് അവരിന്ന്. ഏതുസമയവും പൊതുസമൂഹത്താലും ഭരണകൂടത്താലും കൈയേറ്റം ചെയ്യപ്പെടാമെന്ന നിലയിലാണ് അവരുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും. വലിയ വോട്ടുബാങ്കായിരിക്കെ തന്നെ സവിശേഷമായ രാഷ്ട്രീയ സമ്മർദമുയർത്താനോ രാഷ്ട്രീയ മുന്നേറ്റം നടത്താനോ ഇന്ത്യൻ മുസ്ലിംകൾക്ക് സാധിച്ചിട്ടില്ല.

ജനാധിപത്യ രാജ്യമെന്ന നിലക്ക് രാഷ്ട്രീയം തന്നെയാണ് മുസ്ലിം സമുദായത്തിന്റെ അതിജീവനത്തിന്റെ ആദ്യവഴി. തങ്ങളെപ്പോലെ രാജ്യത്തിന്റെ പൊതുധാരയിൽനിന്ന് അകറ്റിനിർത്തപ്പെട്ട മറ്റനേകം പിന്നാക്ക ദലിത് വിഭാഗങ്ങളും, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവരും ചേർന്നുള്ള രാഷ്ട്രീയ മുന്നേറ്റമാണ് രാജ്യത്ത് ആവശ്യമായിട്ടുള്ളത്. അത്തരം ബോധ്യങ്ങളും ചലനങ്ങളും രാജ്യത്തിന്റെ നാനാകോണുകളിൽനിന്നും ഉയർന്നുവരുന്നുണ്ട് എന്നത് പ്രതീക്ഷയാണ്. സങ്കുചിത സാമുദായിക താൽപര്യങ്ങൾക്കപ്പുറത്ത് മനുഷ്യാവകാശങ്ങളും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന മുന്നേറ്റങ്ങളാണ് അനിവാര്യമായിട്ടുള്ളത്.

സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നാക്കം നിൽക്കുന്നവരാണ് മുസ്ലിംകളിൽ ഭൂരിഭാഗവും. വിശേഷിച്ചും ഉത്തരേന്ത്യൻ മുസ്ലിംകൾ. ഇവരെ ഉയർത്തിക്കൊണ്ടുവരിക എന്നതും സമുദായശാക്തീകരണത്തിന്റെ മുന്നുപാധികളാണ്. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും അധികാര പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടും ദീർഘകാല പദ്ധതികൾ ഇതിനാവശ്യമാണ്. ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിഷൻ 2026 ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവെപ്പാണ്. സമുദായത്തിലെ വിവിധ വിഭാഗങ്ങൾ ഈ രംഗത്തേക്ക് കടന്നുവരുന്നതും സന്തോഷകരമായ കാര്യമാണ്.

രാജ്യത്താകമാനം വേട്ടയാടപ്പെടുന്ന ഈ സമുദായത്തിന് ആത്മവിശ്വാസം നൽകാൻ സമുദായ നേതൃത്വത്തിന് കഴിയണം. പീഡിതരാണെന്ന വിലാപങ്ങൾക്കല്ല, ക്ഷിപ്രവേഗത്തിൽ പ്രവർത്തിക്കുന്നതിനാണ് ഇനിയുള്ള കാലം പ്രസക്തിയുള്ളത്. സാമ്പത്തിക, നിയമ, സാങ്കേതിക സഹായങ്ങൾ ഉറപ്പുവരുത്താനും സാധിക്കണം. ഈ രംഗങ്ങളിലെല്ലാം കേരള മുസ്ലിംകളുടെ ബാധ്യത വലിയതാണ്.

അതോടൊപ്പം ഇസ്ലാമിന്റെ സന്ദേശമാണ് ആത്യന്തികമായി ഈ രാജ്യത്തെ രക്ഷിച്ചെടുക്കുക എന്ന് രാജ്യനിവാസികളെ ബോധ്യപ്പെടുത്താൻ വലിയ അധ്വാനം സമുദായത്തിന്റെ ഭാഗത്ത് നിന്നുണ്ടാവണം. ഇസ്ലാമിന്റെ സാമൂഹികമൂല്യങ്ങൾ പതിഞ്ഞുകിടക്കുന്ന ഭൂമിയാണ് ഇന്ത്യ. ഇന്ത്യൻ സാമൂഹിക രൂപീകരണത്തിൽ ഇസ്ലാമിനോളം പങ്ക് വഹിച്ച മറ്റൊരു ദർശനമില്ല. അധിനിവേശം നടത്തുക, കൊള്ളയടിക്കുക, നശിപ്പിക്കുക, അടക്കി ഭരിക്കുക തുടങ്ങിയ കർമപരിപാടികളോടെയാണ് യൂറോപ്യർ ഇന്ത്യയിലെത്തിയതെങ്കിൽ, അതിന് നൂറ്റാണ്ടുകൾക്ക് മുമ്പേ സഹവർത്തിത്വത്തിന്റെയും നാഗരിക വികാസത്തിന്റെയും സന്ദേശമാണ് മുസ്ലിംകൾ ഇന്ത്യക്ക് നൽകിയത്. കച്ചവടസംഘങ്ങളായും രാഷ്ട്രീയ മുന്നേറ്റങ്ങളായും ഇന്ത്യയിലെത്തിയ മുസ്ലിംകളോടൊപ്പം ഇസ്ലാമിന്റെ ജീവിതദർശനങ്ങളുമുണ്ടായിരുന്നു. അവരെത്തിപ്പെട്ട നാടിനെ കൊള്ളയടിച്ചുകൊണ്ടുപോവുകയായിരുന്നില്ല, സ്വന്തം നാടായി കണ്ട് അവരവിടെ ജീവിക്കുകയായിരുന്നു. സാഹോദര്യം, സമത്വം, നീതി, സത്യസന്ധത എന്നിങ്ങനെ മുസ്ലിംകൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇന്ത്യൻ നാനാത്വത്തെയും ബഹുസ്വരതയെയും രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഏറക്കുറെ അടഞ്ഞ സമൂഹമായിരുന്ന ഇന്ത്യയെ ലോകവുമായി ബന്ധിപ്പിച്ചതും യൂറോപ്യർക്കും മുമ്പേ മുസ്ലിംകളായിരുന്നു.

പക്ഷേ, ആഗോളതലത്തിൽ പാശ്ചാത്യ, പൗരസ്ത്യഭേദങ്ങളില്ലാതെ ചരിത്രകാരന്മാർ ഇസ്ലാമിനെയും മുസ്ലിംകളെയും പൈശാചികവൽക്കരിച്ചും അപരസ്ഥാനത്ത് നിർത്തിയുമാണ് ചരിത്രമെഴുതിയത്. മുസ്ലിംകൾ വിദേശികളും ആക്രമണകാരികളുമായി ചിത്രീകരിക്കപ്പെട്ടു. മുസ്ലിംകളെ കുറിച്ച തെറ്റായ കാഴ്ചപ്പാടുകൾ സമൂഹത്തിൽ പടരാൻ ഇത് കാരണമായി. ഇന്നും മുസ്ലിംകൾക്കെതിരിലുള്ള തീവ്രവാദ, ഭീകരവാദ മുദ്രകൾ പെട്ടെന്ന് ജനപ്രിയമാകുന്നത് ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ഈ തെറ്റായ ചരിത്രബോധം കാരണമാണ്. മുസ്ലിം ജനസാമാന്യത്തെയും ഈ ചരിത്രരചന സ്വാധീനിച്ചു. ഭൂതകാലത്തെ കുറിച്ച മാപ്പുസാക്ഷിത്വമനസ്സ് അവരിലും വളർന്നുവന്നു. യഥാർഥത്തിൽ ആത്മവിശ്വാസത്തോടെ ഉയർത്തിപ്പിടിക്കാവുന്ന ഭൂതകാലം മുസ്ലിംകൾക്ക് ഇന്ത്യയിലുണ്ട്. പുതിയ ഗവേഷണപഠനങ്ങളിലൂടെ ഇവ പുറത്തുകൊണ്ട് വരിക എന്നത് പ്രധാനമാണ്. തെറ്റിദ്ധാരണകളകറ്റാൻ ഇത് ഏറെ ഉപകരിക്കും.

ദൈവിക ദർശനത്തിന്റെ വക്താക്കളെന്ന നിലക്ക് ഒട്ടേറെ മൂല്യങ്ങൾ ജീവിതത്തിലുള്ളവരാണ് ഇന്ത്യയിലെ മുസ്ലിംകൾ. പക്ഷേ, അവരതിന്റെ പ്രബോധകർ കൂടിയാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടത് ആ മൂല്യങ്ങളുടെ തിളക്കം സമൂഹത്തിന് ബോധ്യപ്പെടാതിരിക്കാൻ കാരണമായി. ഇസ്ലാമിന്റെ പ്രബോധകരും പ്രചാരകരും കൂടിയാണ് തങ്ങളെന്നുള്ള ബോധ്യം കൂടി മുസ്ലിം സമുദായത്തിനുണ്ടാവുക എന്നത് പ്രധാനമാണ്. അക്കാദമിക മേഖലകളിലും പൊതുസാമൂഹിക വ്യവഹാരങ്ങളിലുമുള്ള സൂക്ഷ്മരാഷ്ട്രീയ ചർച്ചകൾ സമുദായത്തിനകത്ത് ഈ ബോധ്യത്തെ ത്വരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നത് ആഹ്ലാദകരമാണ്.

രാജ്യത്തിന്റെ വികസന ഭൂപടത്തിന്റെ പുറത്തുള്ളവരാണ് മുസ്ലിംകൾ. വികസനം സമഗ്രമായ ആശയമാണ്. നീതിപൂർവകമായി അത് വിതരണം ചെയ്യപ്പെടണം. പിന്നാക്കം നിന്നുപോയവരെ പ്രത്യേകമായി പരിഗണിക്കുക ഈ നീതിയുടെ താൽപര്യവുമാണ്. നിർഭാഗ്യവശാൽ രാജ്യത്ത് വികസനം ഏകപക്ഷീയമാണ്. അതിന്റെ ഉൽപാദകരും പ്രായോജകരും ഒരേ വിഭാഗമാണ്. അതിന്റെ ഇരകൾ എന്നും ഇരകളായി തന്നെ ഇരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 70 ആണ്ടുകൾക്ക് ശേഷവും അവരുടെ അവസ്ഥ അങ്ങനെ തുടരുന്നതിൽ ഭരണകൂടമാണ് മുഖ്യ ഉത്തരവാദി. മുസ്ലിംകൾ പാർക്കുന്ന പ്രദേശങ്ങൾ പിന്നാക്കമായി പോയതെങ്ങനെയാണ്? 2006-ൽ പുറത്ത് വന്ന സച്ചാർ കമീഷൻ റിപ്പോർട്ട് അത് വിശദീകരിക്കുന്നു്. സച്ചാർ റിപ്പോർട്ടാനന്തരവും ഉന്നമനം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾ എവിടെയുമെത്താതെ നിൽക്കുന്നു. വികസനത്തിൽ പാലിക്കേണ്ട മുൻഗണനാക്രമങ്ങൾ പാലിക്കാൻ ഭരണകൂടങ്ങൾ സന്നദ്ധമാവുകയാണ് വേണ്ടത്.

 

പ്രബോധനം : 22 മാര്‍ച്ച് 2019