Interviews

‘കാമ്പസുകളില്‍ നവരാഷ്ട്രീയം ശക്തിെപ്പടുത്തും’ – സി.ടി.സുഹൈബ്

എസ്.ഐ.ഒ പതിനെട്ടാമത് മീഖാത്തിലേക്ക്- പ്രവര്‍ത്തനകാലയളവിലേക്ക്- പ്രവേശിച്ചിരിക്കുന്നു. വൈജ്ഞാനികവും പ്രായോഗികവുമായ വ്യതിരിക്തമായ ഇടപെടലുകളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കിടയില്‍ സവിശേഷമായ ഇടം നേടിയെടുക്കാന്‍ ഇതിനകം എസ്.ഐ.ഒവിന് സാധ്യമായിട്ടുണ്ട്. പുതിയ കാലയളവിലേക്കുള്ള നയസമീപനങ്ങളുടെയും പ്രവര്‍ത്തന പദ്ധതികളുടെയും പശ്ചാത്തലത്തില്‍ എസ്.ഐ.ഒ കേരളയുടെ വര്‍ത്തമാനങ്ങള്‍ പങ്കുവെക്കുകയാണ് സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ അദ്ദേഹം, ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍നിന്ന് ഉന്നത പഠനവും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.

കേരളത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയം മുഖ്യധാരാ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ജിഷ്ണുവിന്റെ ആത്മഹത്യ, പാമ്പാടി നെഹ്‌റു കോളേജ് സമരം, ലോ അക്കാദമി സമരം, കാമ്പസുകളിലെ രാഷ്ട്രീയ നിരോധം തുടങ്ങിയവ ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായി. ഈ സാഹചര്യത്തെ എങ്ങനെ നോക്കിക്കാണുന്നു?

കാമ്പസുകളില്‍ എന്തു നടക്കുന്നു, എന്ത് നടക്കുന്നില്ല എന്ന് പൊതുസമൂഹം മുമ്പ് വേണ്ടത്ര ചര്‍ച്ച ചെയ്യാറുണ്ടായിരുന്നില്ല. ഈ പതിവിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ചെറിയ മാറ്റം ദൃശ്യമായിട്ടുണ്ട്. മുഖ്യധാരാ ആലോചനകളില്‍ സജീവമാകേണ്ട വിഷയമാണ് വിദ്യാര്‍ഥി രാഷ്ട്രീയം. ജിഷ്ണുവിന്റെ ആത്മഹത്യയും തുടര്‍ന്നുള്ള വിഷയങ്ങളും സ്വാശ്രയ സ്ഥാപനങ്ങളെ നിയന്ത്രണങ്ങളില്ലാതെ അഴിച്ചുവിട്ടതിന്റെ അനന്തരഫലമാണ്. സ്വാശ്രയ വിഷയത്തില്‍ വര്‍ഷങ്ങളായി എസ്.ഐ.ഒ ഉന്നയിക്കുന്ന കാര്യമാണ് സമഗ്രമായ നിയമനിര്‍മാണം എന്നത്. കേരളത്തിലെ ഇരുമുന്നണികളും സ്വാശ്രയ വിഷയത്തില്‍ സ്വീകരിച്ചത് തത്ത്വദീക്ഷയില്ലാത്ത നിലപാടായിരുന്നു. വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണം എന്ന വീക്ഷണകോണില്‍ മാത്രം കാണേണ്ട ഒന്നല്ല സ്വാശ്രയ പ്രശ്‌നം. അത് വിദ്യാഭ്യാസത്തിന്റെ ലഭ്യത (Access), ഗുണനിലവാരം (Quality) എന്നിവയുമായി ബന്ധപ്പെട്ടും ആലോചിക്കേണ്ടതുണ്ട്. വികസനപരമായ അസമത്വത്തിന് ഇരയായ സമൂഹങ്ങള്‍ക്ക് സാധ്യതകളുടെ വാതിലുകള്‍ തുറന്നിട്ടുണ്ട് സ്വാശ്രയം. വളരെ പോസിറ്റീവായ ഒരു വശമാണിത്. നമ്മുടെ പൊതുവിദ്യാഭ്യാസത്തെ കുറിച്ചുതന്നെ പുനരാലോചനകള്‍ക്ക് ഇത്തരം സ്ഥാപനങ്ങളുടെ സാന്നിധ്യം കാരണമായിട്ടുണ്ട്. അതിനാല്‍ സ്വാശ്രയം ഒരു പാപമാണെന്ന് പറയുന്നതില്‍ കാര്യമില്ല. എന്നാല്‍ നിയന്ത്രണങ്ങളില്ലാത്ത എന്തും ചൂഷണത്തിന്റെയും അനീതിയുടെയും വാതിലുകള്‍ തുറക്കും. അതാണ് കേരളത്തിലും സംഭവിച്ചത്. കൃത്യമായ നിയമനിര്‍മാണത്തിലൂടെ ഇക്കാര്യത്തില്‍ സാമൂഹികനീതിക്ക് സഹായകമാകുന്ന ചട്ടങ്ങള്‍ കൊണ്ടുവരണം. പിന്നാക്ക സമൂഹങ്ങളുടെ സംവരണമടക്കമുള്ള കാര്യങ്ങളും ഇതില്‍ ഉള്‍ക്കൊള്ളണം. അതുപോലെ കാമ്പസുകളില്‍ രാഷ്ട്രീയപ്രവര്‍ത്തനവും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളും തടയുന്ന സമീപനവും ഇല്ലാതാകണം. ജിഷ്ണു എന്ന വിദ്യാര്‍ഥി സജീവ രാഷ്ട്രീയമുള്ള ഒരു കാമ്പസിലാണ് പഠിച്ചിരുന്നതെങ്കില്‍ മരണത്തിന്റെ വഴിതേടേണ്ടി വരില്ലായിരുന്നു. നിലവിലുള്ള കാമ്പസ് രാഷ്ട്രീയത്തിലും ചില ഉടച്ചുവാര്‍ക്കലുകള്‍ അനിവാര്യമാണ്.

നിലവിലെ കാമ്പസ് രാഷ്ട്രീയത്തില്‍ ജനാധിപത്യത്തിന്റെയും സംവാദത്തിന്റെയും അന്തരീക്ഷമല്ല നിലനില്‍ക്കുന്നത്. ആശയക്കൈമാറ്റവും സംവാദങ്ങളും വലിയ അളവില്‍ കാമ്പസുകളില്‍ നടക്കുന്നില്ല. അധ്യാപക -രക്ഷാകര്‍തൃ സമൂഹം കാമ്പസ് രാഷ്ട്രീയത്തിന് എതിര് നില്‍ക്കുന്നതിന് ഇതും കാരണമല്ലേ?

അങ്ങനെ തീര്‍ത്തു പറയാനാവില്ല. കാമ്പസുകളില്‍ നെഗറ്റീവായ ചില പ്രവണതകളുണ്ടെന്നത് ശരിയാണ്. പ്രഫഷണല്‍ മേഖലയില്‍ നേരത്തേ സൂചിപ്പിച്ചതുപോലെ രാഷ്ട്രീയ പ്രവര്‍ത്തന നിരോധമാണെങ്കില്‍  ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ വിദ്യാര്‍ഥി സംഘടനകളുടെ ഏകാധിപത്യ പ്രവണതയുമുണ്ട്. ജനാധിപത്യത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചും വലിയ വായില്‍ സംസാരിക്കുന്ന എസ്.എഫ്.ഐയുടെ പ്രവര്‍ത്തനങ്ങളിലാണിത് ഏറ്റവും രൂക്ഷമായിട്ടുള്ളത്. തങ്ങള്‍ക്ക് സ്വാധീനം കൂടുതലുള്ള കാമ്പസുകളില്‍ എതിരഭിപ്രായങ്ങളെയും ഇതര സംഘടനക്കാരെയും കായികമായി ഇല്ലാതാക്കുക എന്ന ശൈലിയാണ് പതിറ്റാണ്ടുകളായി ഇവര്‍ പിന്തുടരുന്നത്. ഈ സ്റ്റാലിനിസ്റ്റ് രീതിക്ക് സൈദ്ധാന്തിക ന്യായം അവര്‍ക്കുണ്ടോ എന്നറിയില്ല. പക്ഷേ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെടുമ്പോഴെല്ലാം തങ്ങളുടെ രക്തസാക്ഷികളുടെ കണക്കും തെരഞ്ഞെടുപ്പ് വിജയവുമാണ് ഇവര്‍ ന്യായീകരണമായി കൊുവരുന്നത്. ഇത് അങ്ങേയറ്റം അശ്ലീലമായ ഒരു വാദമാണ്. പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയത്തെയാണ് എസ്.എഫ്.ഐ ഏറ്റവും ഭയക്കുന്നതെന്ന് തോന്നാറുണ്ട്. ദലിത് വിദ്യാര്‍ഥി സംഘടനയുമായി രംഗത്തു വന്ന വിവേകിനെ എം.ജി യൂനിവേഴ്‌സിറ്റിയില്‍ മര്‍ദിച്ചത് ഇതിന്റെ അവസാന ഉദാഹരണമാണ്. മടപ്പള്ളി കോളേജില്‍ സ്വന്തമായ രാഷ്ട്രീയമുള്ള മുസ്‌ലിം പെണ്‍കുട്ടിയെ ‘വര്‍ഗീയ വിഷ ജന്തു’ എന്നു വിളിച്ചത് മുസ്‌ലിംവിരുദ്ധ മനോഭാവത്തില്‍നിന്നുണ്ടായതാണ്. മഹാരാജാസ് കോളേജില്‍ രോഹിത് വെമുല പരിപാടി നടത്തിയ വിദ്യാര്‍ഥികളെ മര്‍ദിച്ചതും കോഴിക്കോട് ലോ കോളേജിലടക്കം രോഹിത് കാമ്പയിന്‍ പോസ്റ്ററുകളും മറ്റും നശിപ്പിച്ചതും ഈയടുത്താണ്. കോഴിക്കോട് ലോ കോളേജിന് സമീപം ജി.ഐ.ഒ സ്ഥാപിച്ച മുസ്‌ലിം വിമന്‍സ് കോളോക്കിയത്തിന്റെ ബാനര്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ചാണ് എസ്.എഫ്.ഐ നേതാവ് നശിപ്പിച്ചത്. ഇത്തരം അതിക്രമങ്ങളെ നേരിടുന്നതില്‍ മുഖ്യധാരാ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെന്ന് മേനി നടിക്കുന്ന പല സംഘടനകളും മാറിനില്‍ക്കുന്ന അവസ്ഥയുമുണ്ട്. എന്നാല്‍ അഭിമാനകരമായ നിരവധി ഇടപെടലുകള്‍ ഇക്കാര്യത്തില്‍ എസ്.ഐ.ഒവിന് നടത്താനായിട്ടുണ്ട്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ്, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ കാമ്പസുകളില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എറണാകുളം മഹാരാജാസ്, മടപ്പള്ളി കോളേജ് എന്നിവ മാറ്റത്തിന്റെ പാതയിലുമാണ്.

ദേശീയ തലത്തില്‍ ഏതാനും വര്‍ഷങ്ങളായി കാമ്പസുകള്‍  പ്രതിപക്ഷത്തിന്റെ റോളിലാണ്. കേന്ദ്രത്തില്‍  ബി.ജെ.പി അധികാരത്തിലേറിയ ശേഷം രൂപംകൊണ്ട നിരവധി സമരങ്ങള്‍ പല തലങ്ങളില്‍ എസ്.ഐ.ഒയും ഏറ്റെടുക്കുകയുണ്ടായി. ഇതിന്റെ വളര്‍ച്ചയും തുടര്‍ച്ചയും എങ്ങനെയാവും?

രോഹിത് വെമുലയുടെ മരണം, നജീബ് അഹ്മദിന്റെ തിരോധാനം എന്നീ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ദേശീയ തലത്തില്‍ വിദ്യാര്‍ഥി രാഷ്ട്രീയം ഉണര്‍ച്ച കൈവരിച്ചത്. എസ്.ഐ.ഒ രോഹിതിന്റെ മരണവും അദ്ദേഹമുയര്‍ത്തിയ പ്രശ്‌നങ്ങളും കേവല രാഷ്ട്രീയ വിഷയമായി മാത്രമല്ല കണ്ടത്. അത് മനുഷ്യാന്തസ്സിന്റെ പ്രശ്‌നം കൂടിയാണ്. നൂറ്റാണ്ടുകളായി ബ്രാഹ്മണിക്കല്‍ മൂല്യവ്യവസ്ഥയില്‍ അടിച്ചമര്‍ത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ ആത്മാഭിമാനത്തിനുവേണ്ടിയുള്ള കരുത്തുറ്റ പോരാട്ടത്തിനാണ് രോഹിത് ശക്തി പകര്‍ന്നത്. ഇടതു വ്യവഹാരങ്ങളിലെ ‘സ്വത്വ രാഷ്ട്രീയം’ എന്ന ഗണത്തില്‍പെടുത്തി ആ രാഷ്ട്രീയത്തെ അടിച്ചമര്‍ത്തരുത്. വിവിധ തലങ്ങളില്‍ ദലിത് ബഹുജന്‍ മുസ്‌ലിം സമൂഹത്തിന്റെ ഐക്യം രൂപംകൊള്ളുമ്പോള്‍ തങ്ങളുടെ കാല്‍കീഴിലെ മണ്ണ് ഒലിച്ചുപോകുമോ എന്ന ഭയമാണ് ഇടതുപക്ഷത്തെ ഇതിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. രോഹിത് മൂവ്‌മെന്റില്‍ പങ്കെടുത്ത് മര്‍ദനമേറ്റവരിലും ജയിലിലടക്കപ്പെട്ടവരിലും വലിയൊരു ശതമാനം എസ്.ഐ.ഒ പ്രവര്‍ത്തകരാണ്. എസ്.ഐ.ഒവിനെ എ.ബി.വി.പിയോട് ഉപമിച്ച എസ്.എഫ്.ഐക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രോഹിത് മറുപടി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ പരസ്പരം മനസ്സിലാക്കിയുള്ള ദലിത്-മുസ്‌ലിം ജനാധിപത്യ ഉണര്‍വുകളെ പ്രതീക്ഷയോടെയാണ് കാണേണ്ടത്. രോഹിത് മൂവ്‌മെന്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ ആസൂത്രിതമായ പ്രതികാര നടപടിയും നടക്കുന്നുണ്ട്. എ.എസ്.എയിലെ കാവ്യശ്രീ രഘുനാഥിനും മാനസി മോഹനും ഇഫ്‌ലു സര്‍വകലാശാല പി.എച്ച്.ഡി പ്രവേശനം നിഷേധിച്ച സംഭവം ഈയടുത്താണുണ്ടായത്. നേരത്തേ എസ്.ഐ.ഒ പ്രവര്‍ത്തകര്‍ക്കും ഇതേ അനുഭവമുണ്ടായി. രോഹിത് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെ രാജ്യത്തെ അധീശവര്‍ഗം ഭയപ്പാടോടെയാണ് കാണുന്നതെന്നാണ് ഇത് കാണിക്കുന്നത്.

നജീബിന്റെ തിരോധാനം ഇന്ത്യന്‍ ദേശീയതയില്‍ മുസ്‌ലിം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ മനസ്സിലാക്കി തരുന്നുണ്ട്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റതിന്റെ പിറ്റേന്നാണ് നജീബിനെ കാണാതാവുന്നത്. തനിക്ക് ഭീഷണിയുണ്ടെന്ന് അതിനു മുമ്പ് ഉമ്മയെ വിളിച്ച് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. കാണാതായ നജീബിനെ കുറിച്ച് നൂറിലേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിവരമൊന്നുമില്ല. ഫാത്വിമ നഫീസ് എന്ന ഉമ്മ ദല്‍ഹിയിലെയും ലഖ്‌നൗവിലെയും തെരുവുകളില്‍ തന്റെ മകനെ കാണിച്ചുതരൂ എന്ന് വിലപിച്ച് ഇപ്പോഴും പോരാട്ടത്തിലാണ്. ഈ വിഷയത്തില്‍ ജെ.എന്‍.യു അധികൃതരും ദല്‍ഹി പോലീസും കേന്ദ്ര സര്‍ക്കാറും സ്വീകരിച്ച നിലപാട് തീര്‍ത്തും മനുഷ്യത്വരഹിതമാണ്. മുസ്‌ലിമിന്റെ ജീവന് ഈ നാട്ടില്‍ വിലയില്ലേ എന്ന് ചോദിക്കേണ്ടിവരുന്നു. എന്തിനാണിത് ഒരു മുസ്‌ലിം വിഷയമായി ഉന്നയിക്കുന്നതെന്ന് ചിലര്‍ ആശങ്കപ്പെടുന്നുണ്ട്. മുസ്‌ലിമായതിന്റെ പേരില്‍ ഒരാളെ കാണാതാവുമ്പോള്‍ നമുക്കത് വെറും മനുഷ്യാവാകാശ പ്രശ്‌നമായി ഉന്നയിക്കാനാവും. അഖ്‌ലാഖ് എന്ന വയോധികന്‍ ബീഫിന്റെ പേരില്‍ കൊല്ലപ്പെടുമ്പോള്‍ അത് ഭക്ഷണസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായും ഉന്നയിക്കാനാവും. എന്നാല്‍, മുസ്‌ലിം മാത്രം അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധിയുടെയും അപരത്വത്തിന്റെയും ചോദ്യങ്ങളെ മറച്ചുവെച്ച് നമുക്കെത്രകാലം മുന്നോട്ടുപോകാനാവും എന്നുകൂടി ആലോചിക്കേണ്ടതുണ്ട്. രോഹിതും നജീബും ഉയര്‍ത്തിയ രാഷ്ട്രീയം കൂടുതല്‍ ശക്തമായി ഏറ്റടുക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്.

പുതിയ മീഖാത്തില്‍ കാമ്പസ് പ്രവര്‍ത്തനങ്ങളില്‍ എസ്.ഐ.ഒവിന്റെ ഊന്നല്‍ എന്താണ്?

കാമ്പസുകളില്‍ സംവാദ ജനാധിപത്യത്തെ പ്രതിനിധീകരിക്കുന്ന നവരാഷ്ട്രീയ മുന്നേറ്റത്തില്‍ സജീവമാകാനാണ് എസ്.ഐ.ഒ തീരുമാനിച്ചിരിക്കുന്നത്. സംഘടനാ സ്വാതന്ത്ര്യവും സംവാദ അന്തരീക്ഷവും നഷ്ടപ്പെട്ട കാമ്പസുകളെ നവ ഭാവുകത്വത്തിലേക്ക് നയിക്കാന്‍ എസ്.ഐ.ഒവിന് കഴിഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലക്ക് വലിയ നേട്ടമാണ് സംഘടന കൈവരിച്ചത്. പുതിയ സാഹചര്യത്തില്‍ കാമ്പസുകളില്‍ സംവാദം, ജനാധിപത്യം, സാമൂഹികനീതി എന്നീ രാഷ്ട്രീയ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുടെ നേതൃത്വത്തില്‍ നവരാഷ്ട്രീയ കൂട്ടായ്മകള്‍ രൂപപ്പെട്ടുവരുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുന്‍കൈയില്‍ രൂപംകൊണ്ട രാഷ്ട്രീയ സംവിധാനത്തിന്റെ പിന്തുണയിലാണ് ഇതുണ്ടാകുന്നത്. ഇത്തരം മുന്നേറ്റങ്ങളെ ഏറ്റെടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് ഇസ്‌ലാമിക പ്രതിനിധാനമെന്ന ദൗത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്ന് എസ്.ഐ.ഒ മനസ്സിലാക്കുന്നു. എസ്.ഐ.ഒ പ്രവര്‍ത്തകരുടെ മുഴുവന്‍ ശക്തിയും കഴിവും ഇക്കാര്യത്തിന് കൂടി ഈ മീഖാത്തില്‍ വിനിയോഗിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇസ്‌ലാമിക സംഘാടനം മുന്‍നിര്‍ത്തി കാമ്പസുകളില്‍ എസ്.ഐ.ഒ എന്ന നിലയില്‍ തന്നെ സജീവമായി പ്രവര്‍ത്തിക്കും. കാമ്പസുകളില്‍ തന്‍ശിഅ ഇസ്‌ലാമിക് അക്കാദമിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഇസ്‌ലാമിക പ്രവര്‍ത്തനത്തിന് പുതിയ മാതൃകകള്‍ കണ്ടെത്താനുമാണ് ആഗ്രഹിക്കുന്നത്. പ്രഫഷനല്‍ കാമ്പസുകളിലടക്കമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമിന്റെ കാതലായ വശങ്ങള്‍ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ഒ രൂപപ്പെടുത്തിയ കോഴ്‌സാണ് തന്‍ശിഅ.

പ്രാദേശിക സംഘാടനത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ എസ്.ഐ.ഒവിന് ശ്രദ്ധ കുറഞ്ഞിട്ടുണ്ടെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. പുതിയ മീഖാത്തില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് എന്താണ്?

പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ വളര്‍ച്ചക്കും വ്യാപനത്തിനും ഏറെ ആവശ്യമാണ്. എല്ലാ മാസവും ഒരു യോഗം ഇപ്പോള്‍ നടന്നു വരുന്നുണ്ട്. ചിലയിടങ്ങളില്‍ പലവിധ പ്രായോഗിക കാരണങ്ങളാല്‍ യോഗങ്ങള്‍ മുടങ്ങുന്നുണ്ട്. എന്നാല്‍ യോഗങ്ങള്‍ മാത്രമാണ് പ്രവര്‍ത്തനം എന്ന കാഴ്ചപ്പാട് മാറണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്. ഓരോ നാട്ടിലെയും സാധ്യതകള്‍ക്കനുസരിച്ച് വൈവിധ്യമുള്ള പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്താമെന്നാണ് കഴിഞ്ഞ മീഖാത്ത് മുതല്‍ എസ്.ഐ.ഒ സ്വീകരിച്ച സമീപനം. സമൂഹത്തില്‍ ധ്രുവീകരണ ശ്രമങ്ങള്‍ സജീവമായി നടക്കുന്ന സാഹചര്യത്തില്‍ പ്രാദേശിക തലങ്ങളില്‍ സൗഹൃദം പ്രവര്‍ത്തകരുടെ സംസ്‌കാരമാകണം. ഗ്രാമങ്ങളിലും നഗരങ്ങളിലും പൊതുയിടങ്ങളിലും നമ്മുടെ സാന്നിധ്യമുണ്ടാകണം. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സൗഹൃദങ്ങളുണ്ടാക്കാന്‍ ഇത് സഹായിക്കും. ഈ സൗഹൃദങ്ങള്‍ പ്രാദേശിക സംഘാടനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന തരത്തിലുള്ളതാകണം. പ്രവര്‍ത്തകര്‍ തമ്മിലുള്ള ബന്ധത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനമാര്‍ഗത്തിലെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലുള്ള ഗുണകാംക്ഷയുണ്ടാകണം. അഭിപ്രായങ്ങളെ പരസ്പരം ബഹുമാനിക്കുകയും പരിഗണിക്കുകയും വേണം. ഫിഖ്ഹീ പക്ഷപാതിത്വങ്ങളും സംഘടനാ സങ്കുചിതത്വങ്ങളും ഒഴിവാക്കി തുറന്ന സമീപനം സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കണം. ഈ സൗഹൃദങ്ങള്‍ നാം പ്രതീക്ഷയോടെ കാണുന്ന നീതിയുടെ രാഷ്ട്രീയത്തിന് ഭാവിയില്‍ ഗുണകരമാകുന്ന തരത്തിലുള്ളതാവണം. നമ്മുടെ ഇടപെടലുകള്‍ സമൂഹത്തില്‍ വ്യത്യസ്ത തരത്തില്‍ മനസ്സിലാക്കപ്പെടാറുണ്ട്. അതുകൊണ്ട് നമ്മുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ സൗഹൃദങ്ങള്‍ കൊണ്ട് സാധിക്കണം. തെറ്റിദ്ധാരണകള്‍ നീങ്ങാനും ആശയക്കൈമാറ്റം നടക്കാനും ഏറ്റവും ഫലപ്രദമായ മാര്‍ഗം സൗഹൃദങ്ങളാണ്. സംഘടനാ വളര്‍ച്ച, ആഭ്യന്തര ഭദ്രത എന്നിവയും സൗഹൃദങ്ങളിലൂടെ കൈവരിക്കാനാകണം. സംഘടനാ വ്യാപനം ഉദ്ദേശിച്ച് ഈ മീഖാത്തില്‍ ദക്ഷിണ കേരളാ സമ്മേളനം നടത്താന്‍ എസ്.ഐ.ഒ തീരുമാനിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ സംഘടനക്ക് ലഭിക്കുന്ന സ്വീകാര്യതക്ക് കൂടുതല്‍ ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണിത് സംഘടിപ്പിക്കുന്നത്. ഇതിനു പുറമെ തെരഞ്ഞെടുത്ത ഏരിയകളിലും യൂനിറ്റുകളിലും സമ്മേളനങ്ങള്‍ നടത്തും.

മുസ്‌ലിം സമൂഹം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണിത്. ഈ സാഹചര്യം നയപരിപാടികള്‍ രൂപപ്പെടുത്തുമ്പോള്‍ പരിഗണിച്ചിട്ടുണ്ടോ? മുസ്‌ലിം സമുദായത്തികത്തെ എസ്.ഐ.ഒവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏതടിസ്ഥാനത്തിലായിരിക്കും?

പൊതുസമൂഹത്തില്‍ അന്തസ്സോടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കേണ്ട സവിശേഷ സന്ദര്‍ഭമാണിത്. മാപ്പുസാക്ഷിത്വവും അപകര്‍ഷതയും സമുദായത്തില്‍ പലതരത്തില്‍ വ്യാപിക്കുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഇസ്‌ലാമോഫോബിയ സൃഷ്ടിച്ച സാഹചര്യങ്ങള്‍ കാരണമാണിത് സംഭവിക്കുന്നത്. ഇസ്‌ലാമിനെയും അതിന്റെ ചിഹ്നങ്ങളെയും പൈശാചികവത്കരിക്കാനും ശ്രമമുണ്ട്. ഇതിനെ മറികടക്കണമെങ്കില്‍ ഇസ്സത്തുള്ള സമൂഹമാണ് തങ്ങളെന്ന തിരിച്ചറിവ് ഓരോ മുസ്‌ലിമിനുമുണ്ടാകണം. എല്ലാ സാഹചര്യങ്ങളിലും ആത്മാഭിമാനത്തോടെ ഇസ്‌ലാമിനെക്കുറിച്ച് പൊതുസമൂഹത്തില്‍ സംസാരിക്കാനാവണം. ഇസ്‌ലാംഭീതി ഉല്‍പാദിപ്പിക്കുന്ന മാപ്പുസാക്ഷിത്വത്തിന്റെ ഭാഷയും ശൈലിയും പ്രവര്‍ത്തനങ്ങളെ പിടികൂടരുത്. സംഘടനാ പ്രവര്‍ത്തനം ഇസ്‌ലാമിക ദര്‍ശനത്തിന്റെ അഭിമാനകരമായ പ്രതിനിധാനമാകണം. അഭിമാനത്തോടെ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുമ്പോള്‍ ദഅ്‌വത്തിന്റെ സാധ്യതകള്‍ കൂടുതല്‍ തുറക്കപ്പെടുന്നു. ഇസ്‌ലാമിക സമൂഹത്തിന് വൈജ്ഞാനിക ഉള്ളടക്കമുള്ള ഭാഷ സംഭാവന ചെയ്യാനുള്ള ശ്രമങ്ങളും എസ്.ഐ.ഒ നടത്തും. സൂക്ഷ്മമായ രാഷ്ട്രീയ ഉള്ളടക്കം ഓരോ പദപ്രയോഗത്തിലും ഉണ്ടെന്ന ജാഗ്രത നമുക്കനിവാര്യമാണ്. മുസ്‌ലിം സമുദായത്തെ അഭിമുഖീകരിക്കുമ്പോള്‍, അഭിമാനവും ആത്മവിശ്വാസവും നല്‍കുന്ന ശൈലി സ്വീകരിക്കാന്‍ എല്ലാ സംഘടനകള്‍ക്കും കഴിയേണ്ടതുണ്ട്. ഇസ്‌ലാഹും തര്‍ബിയത്തും സമുദായത്തിനുള്ളിലെ വ്യത്യസ്ത ഇടപെടലുകളിലൂടെയും കൊടുക്കല്‍വാങ്ങലുകളിലൂടെയും വികസിക്കേണ്ടതാണെന്നാണ് എസ്.ഐ.ഒ മനസ്സിലാക്കുന്നത്. അതിനാല്‍ മുസ്‌ലിം സമൂഹത്തിന്റെ വ്യത്യസ്തതകളെ ഉള്‍ക്കൊള്ളാനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ മുസ്‌ലിം സമൂഹത്തില്‍ ഐക്യത്തിന് നിലകൊള്ളാനും സംഘടന പരിശ്രമിക്കും.

അക്കാദമിക-പഠനമേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ കഴിഞ്ഞ കാലങ്ങളില്‍ എസ്.ഐ.ഒ നടത്തുകയുണ്ടായി. ഇതിന്റെ തുടര്‍ച്ച എങ്ങനെയായിരിക്കും?

സാമൂഹിക വിശകലനത്തിന് ഇസ്‌ലാമികമായ ചട്ടക്കൂടുകള്‍ രൂപപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മീഖാത്തിലെ പ്രധാന പോളിസി ഊന്നലായിരുന്നു. ഇതിന്റെ തുടര്‍ച്ച തീര്‍ച്ചയായും സംഘടനയുടെ അജണ്ടയാണ്. സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളിലടക്കം വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ ഇസ്‌ലാമിക ചിന്താപരിസരത്തെ പുതിയ വായനകളെയും അറിവുകളെയും അടുത്തറിയേണ്ടത് അനിവാര്യമാണ്. പുതിയ സാമൂഹിക സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ പ്രാപ്തമായ വൈജ്ഞാനിക ഉല്‍പാദനങ്ങള്‍ സാധ്യമാകുന്ന വിധത്തില്‍ ഇത് മാറേണ്ടതുണ്ട്. ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള വൈജ്ഞാനികമായ ഇടപെടലുകള്‍ സംഘടനക്കുള്ളില്‍ വിപുലപ്പെുത്തും. ഇക്കാര്യത്തില്‍ ഇസ്‌ലാമിക കാമ്പസുകള്‍ക്ക് ഏറെ ചെയ്യാനുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ എസ്.ഐ.ഒ അതിന്റെ സന്നാഹങ്ങളെ മാത്രം ആശ്രയിച്ച് നടത്തിയ വൈജ്ഞാനിക അന്വേഷണങ്ങള്‍ വരും കാലത്ത് നമ്മുടെ ഇസ്‌ലാമിക കാമ്പസുകള്‍ ഏറ്റെടുക്കണമെന്നാണ് സംഘടന ആഗ്രഹിക്കുന്നത്. അങ്ങനെയെങ്കില്‍ മാത്രമാണ് ഇത്തരം പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവുക. അക്കാദമിക സമൂഹത്തെ നിര്‍ണയിക്കുന്നതിന് ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ ഇനിയും വികസിക്കേണ്ടതുണ്ട്. ഇന്ന് മാര്‍ക്‌സിയന്‍ ചിന്താരീതിയും യൂറോ കേന്ദ്രിത ചിന്താ പദ്ധതികളുമാണ് ലോകത്ത് വൈജ്ഞാനികമായി മുഖ്യധാരയിലുള്ളത്. ഇസ്‌ലാമിനെയും മുസ്‌ലിമിനെയും പ്രതിനിധാനം ചെയ്യുന്ന അപകോളനീകരണ ചിന്തകളും വായനകളും ലോകത്ത് സജീവമാകുന്നുണ്ട്. ഇന്ത്യയില്‍ പിന്നാക്ക വിഭാഗങ്ങളുടെയും ദലിതുകളുടെയും വൈജ്ഞാനിക ചെറുത്തുനില്‍പ്പുകളും നടക്കുന്നുണ്ട്. ജ്ഞാനാധികാരം നേടുക എന്നത് അതിജീവനത്തിന്റെ പ്രധാന ഘടകമാണ്. അതിനാല്‍ സമൂഹത്തെ വിശകലനം ചെയ്യുന്നതിന് സ്വന്തമായ ചട്ടക്കൂടുകള്‍ രൂപപ്പെടുത്തിയെടുക്കാന്‍ ഇസ്‌ലാമിക സമൂഹത്തിന് സാധ്യമാകേണ്ടതുണ്ട്. ഗവേഷണമേഖലയിലെ നമ്മുടെ സഹകാരികളെയടക്കം ഇതിനായി ഉപയോഗപ്പെടുത്തണം. ഇസ്‌ലാമിക പ്രബോധക സംഘമെന്ന നിലയില്‍ ദഅ്‌വത്ത് പോലെയുള്ള ഇസ്‌ലാമിക സംജ്ഞകളെക്കുറിച്ച് കൂടുതല്‍ വായനയും പഠനവും നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളില്‍ മുസ്‌ലിം സമുദായത്തിന് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതിന് ഇത് സഹായകമാകും.

പ്രവര്‍ത്തകരുടെ ആത്മീയ ജീവിതത്തെ എസ്.ഐ.ഒ എങ്ങനെ അഭിസംബോധന ചെയ്യും?

അല്ലാഹുവിനോടുള്ള സ്‌നേഹത്തിലൂന്നിയ ആത്മീയ കാഴ്ചപ്പാട് വളര്‍ത്തണമെന്നാണ് എസ്.ഐ.ഒ ആഗ്രഹിക്കുന്നത്. അല്ലാഹുവുമായുള്ള ബന്ധം ഹൃദയങ്ങളെ സജീവമാക്കുകയും ജീവിതത്തില്‍ സംതൃപ്തി നല്‍കുകയും ചെയ്യും. എസ്.ഐ.ഒ പ്രവര്‍ത്തകരുടെ ആത്മീയ കാഴ്ചപ്പാട് അല്ലാഹുവുമായുള്ള സ്‌നേഹത്തിലധിഷ്ഠിതമാണ്. അല്ലാഹുവിന്റെ ദീനിനെ പ്രതിനിധീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് അവന്റെ സ്‌നേഹമാണ്. നിര്‍ബന്ധ (ഫര്‍ദ്) ആരാധനാകര്‍മങ്ങളില്‍ കൃത്യനിഷ്ഠ പുലര്‍ത്തുന്നവരും സുന്നത്ത് നമസ്‌കാരങ്ങള്‍, ഖുര്‍ആന്‍ പാരായണം-പഠനം, ഹദീസ് പഠനം, ദിക്‌റുകള്‍, സ്വലാത്തുകള്‍, പ്രാര്‍ഥനകള്‍ എന്നിവ ശീലമാക്കുന്നവരുമാകണം പ്രവര്‍ത്തകര്‍. അത്തരത്തില്‍ അവരെ വളര്‍ത്തിയെടുക്കുന്നതിന് ലഘു കാമ്പയിനുകളും പരിപാടികളും ഈ മീഖാത്തില്‍ നടത്തും. തസ്വവ്വുഫിനെ കുറിച്ച് പല തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യം പരിഗണിച്ച് ഈ വിഷയത്തില്‍ ഒരു അക്കാദമിക് പരിപാടി ഈ മീഖാത്തില്‍ നടത്തും. ആത്മീയ ജീവിതത്തെ സംബന്ധിച്ചുള്ള അന്വേഷണങ്ങളെ സഹായിക്കുമെന്നതു പോലെ അക്കാദമികമായ സുപ്രധാന ഇടപെടലുമാകും ഇത്. ധാര്‍മികതയെയും സദാചാരത്തെയും കുറിച്ച് സമൂഹത്തില്‍ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നതിനാല്‍, എസ്.ഐ.ഒ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക മൂല്യവ്യവസ്ഥയില്‍ ഊന്നിക്കൊണ്ട് സദാചാരത്തെയും ധാര്‍മികതയെയും സംബന്ധിച്ച് അത് ഉറക്കെ സംസാരിക്കും. ലിബറല്‍ കാഴ്ചപ്പാടുകളടക്കമുള്ളവയോട് ചിന്താപരമായി സംവദിക്കും.