Resolutions

വിധ്വംസക പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ ന്യായീകരിക്കുന്നു

(2017 ജൂലൈ 15 മുതല്‍ 17 വരെ ബംഗളൂരുവില്‍ ചേര്‍ന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രപ്രതിനിധിസഭ അംഗീകരിച്ച പ്രമേയങ്ങള്‍)

കേന്ദ്രത്തിലെ പുതിയ ഭരണം മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇക്കാലത്തിനിടയില്‍ ഗവണ്‍മെന്റ് രാഷ്ട്രത്തിനു വേണ്ടി ആകര്‍ഷകമായ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. അവശവിഭാഗത്തിന്, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും ദുര്‍ബലര്‍ക്കുമായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ആഗോള തലത്തില്‍ സമ്പന്ന വന്‍കിട രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ പുരോഗതിയെ സംബന്ധിച്ച ഈ പ്രഖ്യാപനങ്ങളും പലതരം പ്രത്യക്ഷ പ്രകടനങ്ങളും നടന്നുകൊണ്ടിരിക്കെത്തന്നെ, രാജ്യം നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വവുമായി സ്വയം കണ്ണിചേര്‍ക്കുന്ന ഗ്രൂപ്പുകളുടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തിനില്‍ക്കുന്നു. അവയെ നിയന്ത്രിക്കുന്നതിനു പകരം പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കാണാനാവുന്നത്. മതന്യൂനപക്ഷങ്ങളെയും ദലിതുകളെയും ആക്രമിക്കുകയും രാജ്യനിവാസികള്‍ക്കിടയില്‍ പരസ്പരം വിദ്വേഷവും വെറുപ്പും ഉണ്ടാക്കുകയുമാണ്. വിദേശ രാജ്യങ്ങളില്‍ നമ്മുടെ നാടിന്റെ മുഖം വികൃതമാവുകയും സാമൂഹിക-സാമ്പത്തിക മേഖലകള്‍ പ്രശ്‌നകലുഷിതമാവുകയും ചെയ്തിരിക്കുകയാണ്. നോട്ടുനിരോധവും ജി.എസ്.ടിയും ജനങ്ങളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല, സങ്കീര്‍ണമാക്കുകയാണ് ചെയ്തത്.
ഈ സാഹചര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ഏതെങ്കിലും പാര്‍ട്ടിയുടെയോ പൗരന്മാരിലെ ഒരു വിഭാഗത്തിന്റെയോ മാത്രം ഭരണകൂടമായി മാറുന്നതിനു പകരം, മുഴുവന്‍ രാജ്യനിവാസികളുടെയും ക്ഷേമവും സമാധാനവും സ്വന്തം ഉത്തരവാദിത്ത്വമാണെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി പ്രതിനിധിസഭാ സമ്മേളനം കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളല്ല കോര്‍പറേറ്റുകളുടെയും സമ്പന്നരുടെയും താല്‍പര്യങ്ങളാണ് പ്രധാനമെന്ന് സര്‍ക്കാര്‍ കരുതുന്നുവെന്ന സാധാരണ പൗരന്റെ ധാരണ തിരുത്തുന്ന പ്രവര്‍ത്തനമാണ് നാം പ്രതീക്ഷിക്കുന്നത്.
അമേരിക്കയുമായും പാശ്ചാത്യശക്തികളുമായുമുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിലൂടെ സൈനിക- സാമ്പത്തിക രംഗങ്ങളില്‍ പ്രയോജനം ലഭിക്കാമെങ്കിലും അതിലൂടെ അയല്‍ നാടുകളുമായുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴുകയാണ്. ചൈനയുമായുള്ള പുതിയ വടംവലി ആശങ്കയുണര്‍ത്തുന്നു. അവരുമായുള്ള പ്രശ്‌നങ്ങള്‍ അയല്‍രാജ്യമെന്ന നിലക്ക് യാഥാര്‍ഥ്യബോധത്തോടെയാണ് പരിഹരിക്കേണ്ടത്. ശ്രീലങ്ക, പാകിസ്താന്‍, മാലിദ്വീപ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാഷ്ട്രങ്ങളെ വിശ്വാസത്തിലെടുത്താവണം പരസ്പര ബന്ധങ്ങള്‍ ഊഷ്മളമാക്കേണ്ടത്. ഇസ്രയേലുമായുള്ള ചങ്ങാത്തം, പരസ്പര സഹകരണത്തിന്റെ പുതിയ തുടക്കമാണെങ്കിലും അത് നമ്മുടെ സ്വാതന്ത്ര്യത്തിന് പോലും വിഘാതമായേക്കുമെന്ന് ഈ യോഗം ആശങ്കിക്കുന്നു. കാരണം ഇസ്രയേലിന്റെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നത് അവര്‍ സ്വന്തം താല്‍പര്യ സംരക്ഷണത്തിനു വേണ്ടിയാണ് എന്നും നിലകൊണ്ടിട്ടുള്ളത് എന്നാണ്. അങ്ങനെയൊരു രാഷ്ട്രം നിലവില്‍വന്നതുകൊണ്ട് ലോകത്താര്‍ക്കും ഒരു പ്രയോജനവും ലഭിച്ചിട്ടില്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള ബാന്ധവത്തിലൂടെ, നമുക്ക് വളരെ പ്രയോജനം ചെയ്ത അറബ് രാഷ്ട്രങ്ങളുമായുള്ള നമ്മുടെ ദീര്‍ഘകാല ബന്ധത്തിനാണ് ഉലച്ചില്‍ തട്ടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇസ്രയേല്‍ സന്ദര്‍ശനവേളയില്‍ ഫലസ്ത്വീന്‍ പരാമര്‍ശിക്കുകപോലും ചെയ്യാതിരുന്നത് നമ്മുടെ ചിരകാല വിദേശനയത്തില്‍നിന്നുള്ള തിരിഞ്ഞുനടത്തമാണ്. ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ നമ്മുടെ നിലപാടുകളില്‍നിന്നുള്ള വ്യതിചലനവും. ഇസ്രയേലിനോടും അമേരിക്കയോടുമുള്ള ഇപ്പോഴത്തെ ബന്ധം ചില സങ്കുചിതമനസ്‌കരെ സന്തോഷിപ്പിക്കാമെങ്കിലും, സാമ്രാജ്യത്വവുമായുള്ള ഈ ചങ്ങാത്തം സത്യത്തിനും നീതിക്കും രാജ്യതാല്‍പര്യങ്ങള്‍ക്കും എതിരാണെന്നേ സാമാന്യ ജനത മനസ്സിലാക്കൂ. നമ്മുടെ രാജ്യത്തിന്റെ ധാര്‍മികതയും പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനും ധാര്‍മിക മൂല്യങ്ങളും അന്താരാഷ്ട്ര നിയമങ്ങളും തത്ത്വങ്ങളും മാനവിക സാഹോദര്യവും അന്താരാഷ്ട്ര നീതിന്യായവും ഉയര്‍ത്തിപ്പിടിക്കാനും അനുയോജ്യമായ ഒരു വിദേശനയം നാം സ്വീകരിച്ചേ മതിയാവൂ.

നിരപരാധികള്‍ക്ക് നേരെയുള്ള ആള്‍ക്കൂട്ട ആക്രമണം

രാജ്യത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നിയമരാഹിത്യവും നിയമം കൈയിലെടുത്തുള്ള അതിക്രമങ്ങളും ആള്‍ക്കൂട്ടഭീകരതയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും അവരുടെ ഉറക്കംകെടുത്തുകയും ചെയ്തിരിക്കുകയാണ്. നിരപരാധികളായ പൗരന്മാരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതും ജമാഅത്തെ ഇസ്‌ലാമി പ്രതിനിധി സമ്മേളനം വലിയ ആശങ്കയോടെയാണ് കാണുന്നത്. ഈ ആക്രമണങ്ങളുടെ ടാര്‍ഗറ്റ് ദലിതരും മുസ്‌ലിംകളും മറ്റു ന്യൂനപക്ഷ സമുദായങ്ങളുമാണ്.
നിയമരാഹിത്യവും കാടത്തവും മേധാവിത്വ അഹന്തയും സ്ഫുരിക്കുന്ന ഈ അക്രമങ്ങളോട് കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകളും നിയമസംരക്ഷകരും കാണിക്കുന്ന നിസ്സംഗത അങ്ങേയറ്റം അപലപനീയമാണ്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ഈ സമ്മേളനം തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഓര്‍മപ്പെടുത്തുന്നു. പൗരന്മാരുടെ ജീവനും സ്വത്തും അഭിമാനവും സംരക്ഷിക്കുക എന്നതാണ് അവയുടെ ആദ്യത്തെ ഉത്തരവാദിത്തം. അത് നിര്‍വഹിക്കാതെ സ്വന്തം മനഃസ്സാക്ഷിയുടെ കോടതിയില്‍പോലും അവര്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനാവില്ല. ദൈവത്തിന്റെ കോടതിയാകട്ടെ അവരെ വെറുതെ വിടാനും പോകുന്നില്ല.
ഈ സംഭവങ്ങള്‍ ഒറ്റപ്പെട്ടതോ യാദൃഛികമോ അല്ല; നിയമവ്യവസ്ഥയുടെ തകരാറുകൊണ്ട് സംഭവിക്കുന്നതുമല്ല. മറിച്ച്, ഭീകര വിധ്വംസക ചിന്തകളും മുസ്‌ലിം വിരോധവുമാണ് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അത് ഏറെക്കാലമായി ഇത്തരം വിധ്വംസക ചിന്തകളെ വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു. രാജ്യത്തെ ശിഥിലമാക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരേണ്ടതുണ്ട്. വംശീയതയും വര്‍ഗീയതയും ഗ്രൂപ്പ് പക്ഷപാതിത്വവും നിരവധി ലോകരാഷ്ട്രങ്ങളെ നരകതുല്യമാക്കിയതാണ് ചരിത്രപാഠം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ നമ്മുടെ രാഷ്ട്രവും അതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. നീതിബോധമുള്ളവരും രാഷ്ട്രീയ പ്രവര്‍ത്തകരും മൗനം വെടിയുന്നില്ലെങ്കില്‍ നാം വലിയ വില ഒടുക്കേണ്ടിവരും.
എന്നാല്‍ ഏറെ സന്തോഷകരമായ കാര്യം, രാജ്യത്തെ പൊതുസമൂഹത്തില്‍ മനസ്സാക്ഷി നശിച്ചിട്ടില്ലാത്തവരും സാമുദായിക ധ്രുവീകരണ ചിന്തക്ക് അടിപ്പെടാത്തവരുമായ വലിയൊരു വിഭാഗം ജനങ്ങള്‍ ഇത്തരം ചെയ്തികള്‍ക്കെതിരെ രംഗത്തുണ്ട് എന്നതാണ്. അവര്‍ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവരുന്നു. ഈ സമ്മേളനം അവരെ അഭിവാദ്യം ചെയ്യുന്നു. നിയമവിരുദ്ധമായ ഇത്തരം സംഘടിതവും അസംഘടിതവുമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുക, വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുക, സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടത്തുക തുടങ്ങിയവക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ക്രമസമാധാനപാലകര്‍ ഇഛാശക്തി കാണിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ നിയമം നിര്‍മിക്കാന്‍ ഗവണ്‍മെന്റുകള്‍ തയാറാകണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു.
ഈ സമ്മേളനം മുസ്‌ലിം സമൂഹത്തോട് ഇത്തരം നിര്‍ണായക ഘട്ടങ്ങളില്‍ ക്ഷമയും സ്ഥൈര്യവും കൈക്കൊള്ളണമെന്നും മതത്തിന്റെ അധ്യാപനങ്ങള്‍ കണിശമായി പാലിക്കണമെന്നും കലുഷമായ സാഹചര്യങ്ങളില്‍ ഐക്യത്തോടെ നിലകൊള്ളണമെന്നും ആവശ്യപ്പെടുന്നു. അവര്‍ നിരാശയിലും പരാജയഭീതിയിലും അകപ്പെട്ട് നിഷ്‌ക്രിയരാവുകയോ, വികാരത്തിനടിപ്പെട്ട് അക്രമങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും മുതിരുകയോ ചെയ്യരുത്. മറിച്ച്, നാട്ടുകാരോടും സഹോദരസമുദായങ്ങളോടുമുള്ള ബന്ധം അവര്‍ ഊഷ്മളമാക്കണം. ബന്ധങ്ങള്‍ അരക്കിട്ടുറപ്പിക്കണം. ഊഹാപോഹങ്ങളില്‍ അകപ്പെടാതെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിക്കണം. പ്രശ്‌നപരിഹാരത്തിന് ഏറ്റവും പറ്റിയ മാര്‍ഗം ഇസ്‌ലാമിന്റെ സാഹോദര്യ, സമാധാന സന്ദേശം മറ്റുള്ളവര്‍ക്കെത്തിച്ചുകൊടുക്കുകയും സഹകരണവും സഹവര്‍ത്തിത്വവുമാണ് അതിന്റെ അധ്യാപനമെന്ന് പ്രവര്‍ത്തനത്തിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തുകയുമാണ്. ഇതാണ് മുസ്‌ലിംകള്‍ ഏറ്റെടുക്കേണ്ട ദൗത്യം. ജീവിതം മരണത്തോടെ അവസാനിക്കില്ലെന്നും, പരമമായ നീതി പുലരുന്ന ദിവസം വരാനുണ്ടെന്നും അന്ന് ദൈവത്തിനുമുമ്പില്‍ എല്ലാവരും കണക്കു ബോധിപ്പിക്കാന്‍ ബാധ്യസ്ഥരാണെന്നുമുള്ള പാഠം സഹോദരങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.
ഈദൃശ പ്രവര്‍ത്തനങ്ങളിലൂടെ, സ്വന്തം ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെ മാത്രമേ സ്ഥിതിഗിതികള്‍ മെച്ചപ്പെടുത്താന്‍ സാധ്യമാവുകയുള്ളൂ. രാജ്യത്ത് സമാധാനം സ്ഥാപിക്കാനും മര്‍ദിതരെ സംരക്ഷിക്കാനും വേറെ വഴികളില്ലെന്നും നാം അറിയണം.