Resolutions

ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുന്നത് തടയണം

(2017 ഡിസംബര്‍ 24 മുതല്‍ 28 വരെ പാലക്കാട്ട് ചേര്‍ന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറ അംഗീകരിച്ച പ്രമേയങ്ങള്‍)

ഇന്ത്യാരാജ്യത്ത് ഇപ്പോള്‍ നടമാടിക്കൊണ്ടിരിക്കുന്ന അശാന്തിയും നിയമരാഹിത്യവും സാമ്പത്തിക അസ്ഥിരതയും ഭരണഘടനാ സ്ഥാപനങ്ങളെ നിഷ്‌ക്രിയമാക്കുന്ന സംഭവ വികാസങ്ങളും ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ അങ്ങേയറ്റം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. സര്‍ക്കാര്‍ നിരവധി തവണ ഉറപ്പു നല്‍കിയിട്ടും അതിക്രമങ്ങളും ഭീകരസംഭവങ്ങളും ഒട്ടും കുറഞ്ഞതായി കാണുന്നില്ല. രാജസ്ഥാനില്‍ ഒരു തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്ന സംഭവം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നു. പ്രതിയെ പിടികൂടിയെങ്കിലും അതിന്റെ പിന്നില്‍ ഒരു സാധാരണ കുറ്റവാളിയല്ല, സുസംഘടിത രാഷ്ട്രീയ ശക്തികളാണു നിലയുറപ്പിച്ചിട്ടുള്ളതെന്നു വ്യക്തം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം, ക്രിസ്ത്യന്‍, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കെതിരിലുള്ള ആക്രമണങ്ങള്‍ വര്‍ഗീയ ചേരിതിരിവിനുള്ള ആസൂത്രിത ശ്രമങ്ങളായി മാത്രമേ കാണാന്‍ കഴിയൂ. വാക്കാല്‍ ഉറപ്പുവരുത്തുന്നത് മാറ്റിവെച്ച്, ഭീകരതക്ക് പിന്നിലെ ശക്തികളെയും വ്യവസ്ഥാപിത ഗ്രൂപ്പുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ഇഛാശക്തി കാണിക്കുകയാണ് ഇന്ത്യാ ഗവണ്‍മെന്റ് ചെയ്യേണ്ടത്.

ഇന്ത്യയില്‍ വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കുക എളുപ്പമായതും അത് രാഷ്ട്രീയക്കാരുടെ കൈയിലെ നല്ലൊരു ആയുധമായതുമാണ് ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് ഈ യോഗം മനസ്സിലാക്കുന്നു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി വര്‍ഗീയത ആളിക്കത്തിക്കുന്ന പ്രവണത എത്രയും വേഗം അവസാനിപ്പിക്കണം. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വലിയ വലിയ നേതാക്കള്‍ വര്‍ഗീയ കാര്‍ഡിറക്കുന്നതും വളരെ മോശമായ ഭാഷ പ്രയോഗിക്കുന്നതും നാം കണ്ടതാണ്. ഇത് നമ്മുടെ ജനാധിപത്യ രാഷ്ട്രീയത്തിന് കുറച്ചൊന്നുമല്ല മുറിവേല്‍പിച്ചത്. രാഷ്ട്രീയ നേതൃത്വം തങ്ങളുടെ ഉത്തരവാദിത്തത്തെ ചെറുതായി കാണരുത്. തെറ്റായ താല്‍പര്യങ്ങള്‍ക്കു വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിക്കരുത്. രാജ്യത്തിന് പേരുദോഷം മാത്രമല്ല, ശാന്തിക്കും സമാധാനജീവിതത്തിനും അത് വല്ലാത്ത നഷ്ടം വരുത്തിവെക്കും എന്ന കാര്യം രാഷ്ട്രീയ നേതൃത്വത്തെ ഓര്‍മപ്പെടുത്തുകയാണ്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലും ഈ യോഗം ആശങ്ക രേഖപ്പെടുത്തുന്നു. അധികാരത്തിലേറുമ്പോള്‍ ഭരണകക്ഷി നേതൃത്വം യുവാക്കള്‍ക്ക് നല്‍കിയ വാഗ്ദാനം വര്‍ഷംതോറും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു. എന്നാല്‍ ഇതിന് വിപരീതമായി അവസരങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കുറയുന്നതാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏതാണ്ട് 70 ലക്ഷം പേര്‍ക്ക് തൊഴിലവസരം നഷ്ടമായിരിക്കുന്നു. ഇത് മറ്റു പല പ്രശ്‌നങ്ങള്‍ക്കും വഴിമരുന്നിടുക സ്വാഭാവികമാണ്. ഭരണകൂടത്തിന്റെ വിനാശകരമായ നയങ്ങളാണ് ഇതിനു കാരണം.

നോട്ടു നിരോധനത്തിന്റെ ദുഷ്ഫലങ്ങളില്‍നിന്ന് രാജ്യം രക്ഷപ്പെട്ടുവരുമ്പോഴാണ് ജി.എസ്.ടിയുടെ കടുത്ത ആഘാതമേല്‍ക്കുന്നത്. ഒട്ടും ആസൂത്രണമില്ലാതെ, സുതാര്യതയില്ലാതെ ജി.എസ്.ടി നടപ്പാക്കിയത് നിരവധി ചെറുകിട വ്യവസായങ്ങളെ വന്‍ നഷ്ടത്തിലേക്ക് തള്ളിവിട്ടു. ഏറെ കഷ്ടപ്പെടുന്ന സാധാരണ പൗരന്മാര്‍ക്കുള്ള സേവനങ്ങളുടെയും മറ്റും നികുതി പുനഃപരിശോധിക്കാന്‍ ഗവണ്‍മെന്റ് തയാറാവണം. നികുതിയിലെ അസന്തുലിതത്വങ്ങള്‍ ഇല്ലാതാക്കണം.

കാര്‍ഷിക സമ്പദ്‌വ്യവസ്ഥയും താഴോട്ട് കൂപ്പുകുത്തുകയാണ്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില നല്‍കുമെന്ന വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പ്രതിരോധം പോലെയുള്ള വകുപ്പുകളില്‍ സ്വകാര്യ പങ്കാളിത്തം രാജ്യത്തിന്റെ സമ്പദ്ഘടനക്കൊപ്പം ദേശീയ സുരക്ഷയും അപകടത്തിലാക്കും.

നിര്‍ദിഷ്ട എഞഉക (എശിമിരശമഹ ഞലലെൃ്മശേീി മിറ ഉലുീശെ േകിൗെൃമിരല) ബില്ലില്‍ നിര്‍ദേശിക്കപ്പെട്ട ‘ബെയില്‍ ഇന്‍’ രീതി ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. പാവപ്പെട്ടവരുടെ സമ്പാദ്യത്തെയാണ് ഇത് ദോഷകരമായി ബാധിക്കുക.

ബഹുരാഷ്ട്ര കമ്പനികളുടെ കുടിശ്ശിക മൂലം ബാങ്കുകള്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍, ഈ ബില്‍ കൂടുതല്‍ ഭീതികള്‍ സൃഷ്ടിക്കുന്നു. ഈ ബില്ലിലെ കിൗെൃലറ ഉലുീശെ േന്റെ പരിധി ഉയര്‍ത്തുകയും ദരിദ്ര-മധ്യവര്‍ഗ വിഭാഗങ്ങളുടെ ഡെപ്പോസിറ്റുകള്‍ക്ക് ബേയില്‍ ഇന്‍ ഒഴിവാക്കുകയും ചെയ്യണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു.

റിസര്‍വ് ബാങ്കിന്റെ പ്രത്യേക സമിതി മുന്നോട്ടുവെച്ച പലിശരഹിത ജാലകങ്ങള്‍ സ്ഥാപിക്കണമെന്ന നിര്‍ദേശം ഗവണ്‍മെന്റ് തള്ളിക്കളഞ്ഞിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തിക പങ്കാളിത്തത്തിനപ്പുറം ഇന്‍ഫ്രാസ്ട്രക്ചറില്‍ കൂടുതല്‍ മൂലധന നിക്ഷേപം ഉണ്ടാകുന്നതിന് സഹായകമായ ഈ നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഈ യോഗം കേന്ദ്ര ഗവണ്‍മെന്റിനോടാവശ്യപ്പെടുന്നു.

രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ തകരുന്നതും ജനാധിപത്യ സ്ഥാപനങ്ങള്‍ ദുര്‍ബലമാകുന്നതും ആശങ്കയോടെയാണ് യോഗം വിലയിരുത്തുന്നത്. ആര്‍.ബി.ഐ, സി.ബി.ഐ, സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍ എന്നിവക്ക് ശേഷം ഇപ്പോള്‍ ഇലക്ഷന്‍ കമീഷന്റെയും വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. മീഡിയയിലും എതിര്‍ശബ്ദം ദുര്‍ബലപ്പെടുത്തപ്പെട്ടിരിക്കുന്നു. ദേശീയ മാധ്യമങ്ങള്‍ ഗവണ്‍മെന്റിന്റെ കുഴലൂത്തുകാരായി മാറുകയാണ്. ഇതൊക്കെയും സ്വതന്ത്രമായ ജനാധിപത്യ സംവിധാനത്തിലെ അനാരോഗ്യ പ്രവണതകളാണ്.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് പൗരന്റെ സ്വകാര്യതയെ പ്രതി കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിച്ച നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ടാറ്റയെപ്പോലുള്ള വലിയ കമ്പനികള്‍ തങ്ങളുടെ വ്യാപാര, സാമ്പത്തിക നേട്ടങ്ങള്‍ക്കായി പൗരന്മാരെ ചൂഷണം ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് ഒട്ടും സ്വീകാര്യമാവില്ല. സുപ്രീം കോടതി ഇക്കാര്യത്തില്‍ നീതിപൂര്‍വകമായ തീരുമാനമെടുത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കേന്ദ്ര ഗവണ്‍മെന്റിന്റെ മുത്ത്വലാഖ് നിയമം

മുത്ത്വലാഖിനെ സംബന്ധിച്ച കേന്ദ്ര ഗവണ്‍മെന്റിന്റെ ‘വിവാഹിതകളായ മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണ ബില്‍-2017’, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരും ശരീഅത്ത് വിരുദ്ധവും അനാവശ്യവുമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറ മനസ്സിലാക്കുന്നു.

ഈ ബില്ല്, ഇന്ത്യന്‍ ഭരണഘടനയുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25-ാം ഖണ്ഡികക്ക് എതിരാണ്. മാത്രമല്ല, സുപ്രീംകോടതിയുടെ നിലവിലുള്ള വിധിക്ക് അത് വിരുദ്ധവുമാണ്. വിവാഹമുക്തയായ മുസ്‌ലിം സ്ത്രീയുടെ അവകാശ സംരക്ഷണമാണ് ലക്ഷ്യമായി പറയുന്നതെങ്കിലും, ബില്‍ പ്രകാരമുള്ള മുത്ത്വലാഖ് സംഭവിക്കാത്തപക്ഷം ശിക്ഷ വിധിക്കാനാവുമോ? ബില്ലിലെ 5-ാം ഖണ്ഡിക പ്രകാരം ത്വലാഖ് പറഞ്ഞ പുരുഷന്‍ ഭാര്യയുടെയും മക്കളുടെയും ചെലവു വഹിക്കാന്‍ ഉത്തരവാദിയാണ്. ജയിലഴികള്‍ക്കു പിന്നില്‍ ജീവിക്കുന്ന പുരുഷന് എങ്ങനെയാണ് അതിന് സാധിക്കുക? അതിനും പുറമെ, മൂന്ന് വര്‍ഷത്തെ ശിക്ഷക്കു ശേഷം അയാള്‍ ഭാര്യയോടൊപ്പം നല്ല നിലയില്‍ ജീവിക്കുമെന്ന് പ്രതീക്ഷിക്കാനാവുമോ?

ശരീഅത്ത് നിയമവുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവരുമ്പോള്‍ ഇസ്‌ലാമിക ശരീഅത്തില്‍ അവഗാഹം നേടിയ പണ്ഡിതന്മാരോടോ മതസംഘടനകളോടോ മുസ്‌ലിം വനിതാ സംഘടനകളോടോ കൂടിയാലോചിക്കേണ്ടതുണ്ടെന്ന തോന്നല്‍ പോലും കേന്ദ്ര ഗവണ്‍മെന്റിന് ഉണ്ടായില്ലെന്നത് ആശ്ചര്യപ്പെടുത്തുന്നതാണ്.

സുപ്രീം കോടതി വിധിക്കു ശേഷം ഇത്തരമൊരു ബില്ലിന് യാതൊരു പ്രസക്തിയുമില്ല. വിവിധ വനിതാ സംഘടനകള്‍ മാത്രമല്ല, ഇരകളായ വനിതകള്‍ പോലും ഈ ബില്ലിനെ സംബന്ധിച്ച് ഉത്കണ്ഠാകുലരാണെന്നതാണ് വസ്തുത. ഭരണഘടനയുടെ 14,15,25 ഖണ്ഡികകള്‍ക്ക് ഈ ബില്‍ എതിരാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു. എത്രയും വേഗം ഇത് പിന്‍വലിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.

മുത്ത്വലാഖും ബിദ്ഈ ത്വലാഖും യഥാര്‍ഥത്തില്‍ സാമൂഹിക പരിഷ്‌കരണം തേടുന്ന പ്രശ്‌നമാണ്. മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെയും മുസ്‌ലിം മതസാമുദായിക സംഘടനകളുടെയും ശ്രദ്ധയില്‍ ഇക്കാര്യമുണ്ടെന്നിരിക്കെ ഗവണ്‍മെന്റിന്റെ ഇടപെടല്‍ അനാവശ്യമാണ്.

പ്രതിസന്ധികളില്‍ കുരുങ്ങിയ മുസ്‌ലിം ലോകം

ഇസ്‌ലാമിക ലോകം ആന്തരികവും ബാഹ്യവുമായ നിരവധി പ്രശ്‌നങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ്. ബാഹ്യ ഇടപെടലുകളില്‍നിന്ന് മുസ് ലിം രാഷ്ട്രങ്ങളെ മോചിപ്പിക്കുകയാണ് പ്രശ്‌ന പരിഹാരത്തിനും സ്ഥിതിഗതികള്‍ മെച്ചപ്പെടാനും പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടാനും ഇടവരുത്തുക. രാഷ്ട്രീയ, സാംസ്‌കാരിക, ബൗദ്ധിക സ്വാതന്ത്ര്യം കൈവരിക്കാതെ മുസ്‌ലിം സമുദായത്തിന് മതകീയമായ മാര്‍ഗദര്‍ശനങ്ങള്‍ പ്രയോജനപ്പെടുകയില്ല. മുസ്‌ലിം ഭരണാധികാരികളും പണ്ഡിതസമൂഹവും പൊതുസമൂഹത്തിന് ലഭിക്കേണ്ട സ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണം. ഇസ്‌ലാമിക ലോകത്തിന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും മുറിവേല്‍പിക്കുന്ന എല്ലാ രാഷ്ട്രീയ, സൈനിക, സാമ്പത്തിക കരാറുകളും ഇടപാടുകളും ഒഴിവാക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ചൂഷക ശക്തികള്‍ക്ക് അടിമപ്പെടുന്നതിനു പകരം മുസ്‌ലിം രാഷ്ട്രങ്ങളുടെ താല്‍പര്യസംരക്ഷണത്തിനായി പരസ്പര സഹകരണം ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനായി ഒ.ഐ.സി പോലുള്ള സ്ഥാപനങ്ങളെ സജീവമാക്കണം. എങ്കിലേ ഇസ്‌ലാമിക രാജ്യങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക, വ്യാപാര, സാമ്പത്തിക, സാങ്കേതിക, പ്രതിരോധ മേഖലകളില്‍ വിശാലവും ആഴത്തിലുള്ളതുമായ സഹകരണത്തിനുള്ള വഴിതെളിയൂ.

മുസ്‌ലിം രാജ്യങ്ങളിലെ ഭരണകൂടങ്ങളും പൊതുസമൂഹവും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സംവിധാനങ്ങള്‍ ഇസ്‌ലാമിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു. ഇസ്‌ലാമിക മൂല്യവ്യവസ്ഥയും നീതിന്യായവും കൂടിയാലോചനാരീതിയും പുനഃസ്ഥാപിക്കപ്പെടണം. ഇസ്‌ലാമിക ചൈതന്യം പ്രസരിക്കുന്ന യഥാര്‍ഥ ജനാധിപത്യം മുസ്‌ലിം രാജ്യങ്ങളില്‍ സ്ഥാപിതമാകണമെന്നാണ് പൊതുവികാരം. പൊതുസമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനും ധാര്‍മിക, മത, സാമ്പത്തിക, സാമൂഹിക പുരോഗതി കൈവരിക്കാനും അത് അത്യാവശ്യമാണ്. സൈന്യത്തിന്റെ അധികാരപരിധി നിയന്ത്രിക്കുകയും ഭരണകാര്യത്തിലുള്ള കൈകടത്തല്‍ അവസാനിപ്പിക്കുകയും വേണം. ഇതു പക്ഷേ, സാധ്യമാവുക മൂല്യബോധവും യോഗ്യതയുമുള്ള നേതൃത്വത്തിന്റെ കൈകളിലൂടെ മാത്രമായിരിക്കും.

ഇസ്‌ലാമിക ലോകത്തിന്റെ കേന്ദ്രമായ അറേബ്യയില്‍ ഇസ്രയേലിന്റെയും അമേരിക്കയുടെയും രാഷ്ട്രീയ, സൈനിക, സാംസ്‌കാരിക കൈകടത്തലുകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ ഭൂപ്രദേശത്തെ സാംസ്‌കാരികാധഃപതനത്തില്‍നിന്ന് സംരക്ഷിക്കാനും യഥാര്‍ഥ ഇസ്‌ലാമിക സംസ്‌കാരം പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമം നടത്തണമെന്ന് ഈ ശൂറാ യോഗം ആവശ്യപ്പെടുന്നു. ഏറ്റവും ആദ്യം വേണ്ടത് വിദേശ സൈന്യങ്ങളെ പുറത്താക്കുകയാണ്. അതിനായി യു.എന്നിന്റെ പിന്തുണ നേടുകയും ധീരമായ നിലപാടെടുത്ത് വിദേശ സൈനിക സാന്നിധ്യം ഇല്ലാതാക്കുകയും വേണം. ഈ ശ്രമത്തിന് ലോകമെമ്പാടുമുള്ള വിശ്വാസികളുടെയും ചേരിചേരാന്‍ താല്‍പര്യമില്ലാത്ത നിഷ്പക്ഷ രാഷ്ട്രങ്ങളുടെയും പിന്തുണ തേടണം.

ഒ.ഐ.സിയും മറ്റും മുന്‍കൈയെടുത്ത് യമനിലെ രക്തച്ചൊരിച്ചില്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. സിറിയയില്‍നിന്ന് പലായനം ചെയ്ത സിവിലിയന്മാര്‍ക്ക് തിരിച്ചുവരാന്‍ സാഹചര്യമൊരുക്കണം. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളോടൊപ്പം സിറിയയില്‍ ജനഹിതമനുസരിച്ച് സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഉത്തരവാദിത്ത്വമുള്ള ഭരണകൂടത്തെ കൊണ്ടുവരാനുള്ള ശ്രമവും ഉണ്ടാവണം.

ഈജിപ്തിലെ നിലവിലുള്ള ഭരണകൂടം ഇഖ്‌വാനുല്‍ മുസ്‌ലിമൂനടക്കമുള്ള ഇസ്‌ലാമിക സംഘടനകളിലെ അംഗങ്ങളെ അന്യായമായി തടവിലിടുന്നതും മര്‍ദിക്കുന്നതും അവസാനിപ്പിക്കണമെന്നും ശൂറ ആവശ്യപ്പെടുന്നു.

ട്രംപിന്റെ പ്രഖ്യാപനം സമാധാനശ്രമങ്ങളെ തകര്‍ക്കും

ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമാക്കുമെന്നും അമേരിക്കന്‍ എംബസി അവിടേക്ക് മാറ്റുമെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ശൂറാ ശക്തിയായി അപലപിക്കുന്നു. സത്യത്തിന്റെയും നീതിയുടെയും എല്ലാ സങ്കല്‍പങ്ങള്‍ക്കും എതിരാണ് ഈ പ്രഖ്യാപനം. വിശുദ്ധ ഭൂമി ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നത് ഇസ്രയേലും ഫലസ്ത്വീനും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് യോഗം വിലയിരുത്തുന്നു.

ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ സെക്യൂരിറ്റി കൗണ്‍സിലും തുടര്‍ന്ന് ജനറല്‍ അസംബ്ലിയും ബഹുഭൂരിപക്ഷത്തോടെ പ്രമേയം അവതരിപ്പിച്ചെങ്കിലും അമേരിക്ക വീറ്റോ പ്രയോഗിച്ച് അത് റദ്ദാക്കുകയായിരുന്നു. അതിനെതിരെ ലോകമെമ്പാടും സമാധാന സ്‌നേഹികള്‍ അമര്‍ഷവും ദുഃഖവും പ്രകടിപ്പിച്ചത് നാം കണ്ടു. ഈ നികൃഷ്ട പ്രവൃത്തി ലോകമനസ്സാക്ഷി അംഗീകരിക്കുന്നില്ലെന്നതിന് തെളിവാണിത്.

ജനറല്‍ അസംബ്ലിയില്‍ നമ്മുടെ രാജ്യം ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വോട്ട് ചെയ്ത് നമ്മുടെ വിദേശനയം പഴയതുതന്നെയെന്ന് വ്യക്തമാക്കിയതില്‍ യോഗം ഗവണ്‍മെന്റിനെ ശ്ലാഘിക്കുന്നു. ഫലസ്ത്വീനനുകൂലമായ നിലപാട് തുടര്‍ന്നും ഉണ്ടാകുമെന്നും ഒരു നിലക്കും അതില്‍നിന്ന് പിന്മാറില്ലെന്നും പ്രത്യാശിക്കുകയും ചെയ്യുന്നു.

ഫലസ്ത്വീനികളുടെ ധീരതയും ആത്മവിശ്വാസവും സ്ഥൈര്യവും അര്‍പ്പണബോധവും അഭിനന്ദനമര്‍ഹിക്കുന്നു. വിശുദ്ധ ഭൂമിയും അല്‍ അഖ്‌സ്വാ പള്ളിയും സംരക്ഷിക്കുന്നതിനായി അവര്‍ നടത്തിയ നിസ്തുലമായ ത്യാഗങ്ങളെ ആദരപൂര്‍വം ശൂറ അനുസ്മരിക്കുന്നു.

വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍