Articles

സംഘടിത സകാത്ത് സംവിധാനത്തിന് ധൈഷണിക പിന്‍ബലമേകി അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ്

സകാത്ത് സാമൂഹിക വികസനോപാധി (Zakat as a Social Development Tool) എന്ന തലക്കെട്ടില്‍ ബൈതുസ്സകാത്ത് കേരള കൊച്ചിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സകാത്ത് കോണ്‍ഫറന്‍സ് ചരിത്രം കുറിച്ചു. സാമൂഹിക പുരോഗതിയില്‍ സുസ്ഥിരവും ക്രിയാത്മകവുമായ പങ്കുവഹിക്കാന്‍ കഴിയുന്ന സകാത്തിന്റെ സാധ്യതകള്‍ ആഴത്തില്‍ വിശകലനം ചെയ്യാനും പുതിയ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും കോണ്‍ഫറന്‍സ് പ്രചോദനമായി.

പ്രബന്ധങ്ങള്‍  

വിശ്വാസികളുടെ നിര്‍ബന്ധ ബാധ്യത എന്നതോടൊപ്പം അടിസ്ഥാന വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാവണം സകാത്ത് എന്ന് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടു. സകാത്തിന്റെ സംഘടിത ശേഖരണ-വിതരണത്തെ സംബന്ധിച്ച താത്ത്വികവും പ്രായോഗികവുമായ  വശങ്ങള്‍ ഇന്ത്യയിലെ തന്നെ ഈ പ്രഥമ സകാത്ത് സമ്മേളനം ചര്‍ച്ച ചെയ്തു.

ഏപ്രില്‍ 28, 29 തീയതികളില്‍ ഹോട്ടല്‍ ലേ മെറിഡിയനില്‍ നടന്ന സെമിനാറില്‍ ഇരുനൂറിലധികം പണ്ഡിതന്മാരും ഗവേഷകരും പങ്കെടുത്തു. മില്യന്‍ കണക്കിനു ജനങ്ങളെ ഞെരിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യത്തിന്റെ ഭാരം ലഘൂകരിക്കുകയെന്ന പൊതു ലക്ഷ്യത്തിലൂന്നിയായിരുന്നു ചര്‍ച്ച. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കു പുറമെ ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഇറാഖ്, മലേഷ്യ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, എത്യോപ്യ, ഉഗാണ്ട, സുഡാന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരും വിദ്യാര്‍ഥികളും മറ്റു വിദഗ്ധരും പ്രതിനിധികളും പ്രബന്ധാവതാരകരുമായി സമ്മേളനത്തില്‍ പങ്കെടുത്തു. പ്രതിനിധികളും പ്രബന്ധാവതാരകരുമായ വനിതകളുടെ സാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. മലേഷ്യയിലെയും ആഫ്രിക്കയിലെ ഉഗാണ്ടയിലെയും ഇന്ത്യയിലെ ഹൈദരാബാദിലെയും സംഘടിത സകാത്ത് സംരംഭങ്ങളുടെ മാതൃകകള്‍ സമഗ്രവും വിശദവുമായ ചര്‍ച്ചക്ക് വിധേയമായി.

അന്താരാഷ്ട്ര വേദികളായ യു.എന്‍, റെഡ് ക്രോസ്, ലോക ബാങ്ക് തുടങ്ങിയവ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും സാമൂഹിക വികസനത്തിനുമുള്ള ഉപാധിയായി സകാത്തിനെ എങ്ങനെ നോക്കിക്കാണുന്നുവെന്നതിനെക്കുറിച്ച് വ്യക്തമായ അവബോധം പകര്‍ന്നുനല്‍കാന്‍ സമ്മേളനത്തിനു സാധിച്ചു. വിവിധ മുസ്‌ലിം നാടുകളിലും മുസ്‌ലിം ന്യൂനപക്ഷ രാജ്യങ്ങളിലുമുളള സംഘടിത സകാത്ത് പ്രവര്‍ത്തനങ്ങളെപ്പറ്റി കൃത്യമായ ചിത്രം പകര്‍ന്നു നല്‍കുകയും ചെയ്തു. നിലവില്‍ സുഡാനിലാണ് ഏറ്റവും കാര്യക്ഷമമായ സംഘടിത സകാത്ത് സംവിധാനമുള്ളത് എന്ന് സമ്മേളനം വിലയിരുത്തി.

കേരളത്തിലെ സകാത്ത് കമ്മിറ്റികളെ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പല പുതിയ വസ്തുതകളും വെളിച്ചത്ത് കൊണ്ടുവന്നു. ലഭ്യമായ കണക്ക് പ്രകാരം ഇപ്പോള്‍ പ്രതിവര്‍ഷം ഏതാണ്ട് 150 കോടി രൂപയാണ് പിരിച്ചെടുക്കുന്നത്. സകാത്ത് സംവിധാനം സംഘടിതവും കാര്യക്ഷമവുമാണെങ്കില്‍ സ്വരൂപിക്കാവുന്ന സംഖ്യ 1500 കോടിയിലധികമാണ്. വെറും 10 ശതമാനം മാത്രമേ നിലവില്‍ ലഭ്യമാകുന്നുള്ളൂ എന്നര്‍ഥം.  സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളില്‍ ഏറ്റവും ആകര്‍ഷകമായി തോന്നിയത് House of Zakath and Waqf-നെക്കുറിച്ചുള്ളതാണ്. സകാത്തിനെ അവര്‍ സര്‍ക്കാര്‍ നിയമങ്ങളുടെ ഭാഗമാക്കിയാണ് അവതരിപ്പിച്ചത്. അവിടെ മുസ്‌ലിം ജനസംഖ്യ 14 ശതമാനം മാത്രമാണെങ്കിലും അവര്‍ക്ക് ഭരണരംഗത്ത് ക്രിയാത്മകമായ പങ്കാളിത്തമുണ്ട്. ബഹുസ്വര സമൂഹത്തിലെ സകാത്ത് സംവിധാനത്തില്‍ ഇതര സമുദായങ്ങളില്‍നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്താമോ എന്നതും ചര്‍ച്ചാ വിധേയമായി.

ഉദ്ഘാടന സമ്മേളനം, നാല് പ്ലീനറി സെഷന്‍, ഒമ്പത് പാരലല്‍  സെഷന്‍, മൂന്ന് പാനല്‍ ഡിസ്‌കഷന്‍ എന്നിവയിലായി 127 പേര്‍ പങ്കെടുത്തു.

ഉദ്ഘാടന സമ്മേളനം

കോണ്‍ഫറന്‍സിന്റെ ഭാഗമായ പൊതുസമ്മേളനം, ഏപ്രില്‍ 27-ന് വൈകുന്നേരം  എറണാകുളം ടൗണ്‍ ഹാളിലെ പ്രൗഢ സദസ്സിനെ സാക്ഷിയാക്കി അലീഗഢ് മുസ്‌ലിം സര്‍വകലാശാലാ വൈസ് ചാന്‍സ്‌ലര്‍ ഡോ. താരിഖ് മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ലോകം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള കൃത്യമായ പരിഹാരമാണ് സകാത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സകാത്തിന്റെ ലക്ഷ്യം വ്യക്തിപരമെന്നതിലുപരി സാമൂഹികമാണ്. ധനിക- ദരിദ്ര ഭേദം കുറച്ചു കൊണ്ടുവന്ന്  ജനങ്ങള്‍ക്കിടയില്‍ സാഹോദര്യമുണ്ടാക്കാന്‍ സകാത്തിലൂടെ സാധ്യമാവും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖല തകര്‍ച്ചയിലാണ്. സകാത്തിന്റെ വിതരണം കാര്യക്ഷമമാക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. രാജ്യപുരോഗതിക്ക് ഉതകുന്ന രീതിയില്‍ സകാത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാക്കാന്‍ കഴിയണമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു.

ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രത്തോട് കിടപിടിക്കാന്‍ കഴിയുന്ന മറ്റൊന്നില്ലെന്ന് എം.ഐ ഷാനവാസ് എം.പി പറഞ്ഞു. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരെ സഹായിക്കുക എന്നത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഓര്‍മിപ്പിച്ചു. രാജ്യത്ത് വികസനം സാധ്യമാവുമ്പോഴും സമ്പത്തുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്ന് പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം സി.പി ജോണ്‍ പറഞ്ഞു. ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാനുള്ള ഇസ്‌ലാമിന്റെ പരിഹാരമായാണ് താന്‍ സകാത്തിനെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ടി. ആരിഫലി, മാധ്യമം – മീഡിയാവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുര്‍റഹ്മാന്‍, ചെന്നൈ ക്രസന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ അബ്ദുര്‍റഹ്മാന്‍ ബുഖാരി, ന്യൂദല്‍ഹി ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് ഫിനാന്‍സ് ജന. സെക്രട്ടറി എച്ച്. അബ്ദുര്‍ റഖീബ്, സ്വാഗതസംഘം ചെയര്‍മാന്‍ സി.എച്ച് അബ്ദുര്‍റഹീം, വൈസ് ചെയര്‍മാന്‍ ടി.പി.എം ഇബ്‌റാഹീം ഖാന്‍, ബൈതുസ്സകാത്ത് കേരള ചെയര്‍മാന്‍ വി.കെ അലി, കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ പി.സി ബശീര്‍, ജമാഅത്തെ ഇസ്‌ലാമി എറണാകുളം ജില്ലാ പ്രസിഡന്റ് എം.കെ അബൂബക്കര്‍ ഫാറൂഖി എന്നിവര്‍ സംസാരിച്ചു.

പ്ലീനറി സെഷനുകള്‍

അക്കാദമിക് സെമിനാറിന്റെ വിവിധ പ്ലീനറി സെഷനുകളില്‍ ഡോ. അജീല്‍  ജാസിം അന്നശ്മി, കുവൈത്ത് (സകാത്ത് നിയമങ്ങളും വികസനോന്മുഖ സാമൂഹിക സേവന പദ്ധതികളും), ഡോ: ഫരീദ് ഹാദി, ബഹ്‌റൈന്‍ (സകാത്തിന്റെ അവകാശികളും ശരീഅത്തിന്റെ താല്‍പര്യങ്ങളും), ഡോ. മുഹമ്മദ് അല്‍ ജമ്മാല്‍, ഈജിപ്ത് ( സകാത്തും സാമൂഹിക വികസനവും), സയ്യിദ് സആദത്തുല്ലാ ഹുസൈനി, ഹൈദരാബാദ് (ഇന്ത്യയുടെ വികസനത്തില്‍ സകാത്തിന്റെ പങ്ക്), ഡോ. സിയാദ് മഹ്മൂദ്, ദക്ഷിണാഫ്രിക്ക /മലേഷ്യ (ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളും സകാത്തും; സാമൂഹിക സാമ്പത്തിക വികസനത്തിനുള്ള മാനവിക രൂപരേഖ), ഡോ. സഫര്‍ മഹ്മൂദ്, ദല്‍ഹി (സമ്പത്തിന്റെ വികേന്ദ്രീകരണം; സകാത്ത്, സ്വദഖ, ഖുലില്‍ അഫ്‌വ്), ഡോ. ഉബൈദുല്ല ഫഹദ്, അലീഗഢ് (സകാത്തും ഇസ്‌ലാമിലെ സാമൂഹിക സേവന മാതൃകയും), ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ ഖറദാഗി, ഖത്തര്‍ (സകാത്തും ആധുനിക സാമ്പത്തിക തൊഴില്‍ മേഖലകളുടെ പുനര്‍വായനയും), ഡോ. മാജിദ ഇസ്മാഈല്‍ അബ്ദുല്‍ മുഹ്‌സിന്‍, സുഡാന്‍ /മലേഷ്യ (ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമൂഹിക പുരോഗതിക്കും ആഗോള സാമൂഹികാവശ്യങ്ങളുടെ നിര്‍വഹണത്തിനും സകാത്ത്), എച്ച്. അബ്ദുറഖീബ്, ചെന്നൈ (സംഘടിത സകാത്ത് സംവിധാനങ്ങളുടെ സാധ്യത ഇന്ത്യയില്‍) എന്നിവര്‍ പ്രധാന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പാരലല്‍ സെഷനുകള്‍

സകാത്ത് തത്ത്വവും പ്രയോഗവും, സകാത്തും സാമൂഹിക വികസനവും, സകാത്ത് മാനേജ്‌മെന്റ്, ഇന്ത്യയുടെ പുരോഗതിയില്‍ സകാത്തിന്റെ പങ്ക്, സകാത്തും സാമ്പത്തിക വികസനവും എന്നീ പ്രധാന ശീര്‍ഷകങ്ങള്‍ക്കു കീഴില്‍, ഒമ്പത് പാരലല്‍ സെഷനുകളിലായാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്.

ഡോ. ഖാലിദ് അശ്ശനൂ, ബഹ്‌റൈന്‍ (സകാത്തും നമസ്‌കാരവും: പരസ്പരം വേര്‍തിരിവ് അസാധ്യമായ ബാധ്യതകള്‍), എം.വി മുഹമ്മദ് സലീം മൗലവി (ഇസ്ലാമിക സാമ്പത്തിക ക്രമത്തില്‍ സകാത്തിന്റെ പങ്ക്), കെ. ഇല്‍യാസ് മൗലവി (സകാത്ത് നിര്‍ബന്ധമാകാന്‍ വര്‍ഷം തികയണമെന്ന ഉപാധി), കെ.എം അശ്‌റഫ് നീര്‍ക്കുന്നം (ആഭരണങ്ങളുടെ സകാത്ത്; ആധുനിക കാഴ്ചപ്പാടുകള്‍), ഡോ: മുഹ്‌യിദ്ദീന്‍ ഗാസി (സകാത്ത് വിതരണത്തിലെ പ്രശ്‌നങ്ങള്‍, പ്രായോഗികതകള്‍), എം.യു അബ്ദുല്‍ ഹഫീള് നദ്‌വി (ദൈവമാര്‍ഗത്തില്‍ ചെലവഴിക്കല്‍ -ആധുനിക വിവക്ഷകള്‍), പ്രഫ. കെ.ടി അബ്ദുര്‍റഹ്മാന്‍ (സകാത്തിന്റെ ക്ഷേമ ഫലങ്ങള്‍), ഡോ. എ.ഐ റഹ്മത്തുല്ല (ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളുടെ പുനരുദ്ധാരണത്തിന് സകാത്ത് സംവിധാനത്തിന്റെ സാമൂഹികവല്‍ക്കരണം), ഡോ. പി. ഇബാഹീം / കെ.എ. ഫൈസല്‍ (ഇസ്ലാമിക സമ്പദ് ക്രമത്തില്‍ സാമ്പത്തിക ഉപകരണം എന്ന നിലയില്‍ സകാത്തിന്റെ സ്ഥാനം), നമുംഗോ ഹംസ, ഉഗാണ്ട (സകാത്ത്; ദാരിദ്ര്യ നിര്‍മാര്‍ജന സഹായിയോ കേവല ചാരിറ്റിയോ?), കെ.കെ സുഹൈല്‍ (വര്‍ത്തമാനകാല ഇന്ത്യയില്‍ സകാത്തും സ്വദഖയും വിനിയോഗിക്കുന്നതിലെ മുന്‍ഗണനക്രമം), അഡ്വ. ടി.കെ മുഹമ്മദ് അസ്ലം, ദുബൈ (സകാത്ത് പോളിസികളും സാമൂഹിക സേവനവും), ഡോ. കെ മുഹമ്മദ് പാണ്ടിക്കാട് (സമൂഹ സംസ്‌കരണത്തില്‍ സകാത്തിന്റെ പങ്ക്), മുസ്ത്വഫ അമീന്‍ മുഹമ്മദ്, ഈജിപ്ത് (പ്രവാചകന്റെയും ഖുലഫാഉര്‍റാശിദിന്റെയും കാലത്തെ സകാത്ത് അഡ്മിനിസ്‌ട്രേഷന്‍), എം.എ മജീദ് (സംരംഭകത്വ പരിശീലനത്തിനും ദരിദ്രര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സകാത്ത് വിനിയോഗിക്കുന്നതിന്റെ സാധ്യതകള്‍), ഗിയാസ് അഹ്മദ് റശാദി, ഹൈദരാബാദ് (സര്‍വേ അടിസ്ഥാനത്തില്‍ സകാത്തിനര്‍ഹരായ വ്യക്തികളെ കണ്ടെത്തുന്നതിനുള്ള രീതിക്രമങ്ങള്‍), ഡോ. എന്‍. മുഹമ്മദലി (സകാത്ത് മാനേജ്‌മെന്റിന്  അനിവാര്യമായ പൊതു ആശയ വിനിമയ സംവിധാനങ്ങളുടെ മാതൃകകളും രീതികളും), ഇബാദ് മുഅമിന്‍ (ഇ- സകാത്ത് ഇന്ത്യ- സകാത്ത് സംഭരണ  വിതരണ മാതൃക), എസ്.എം വസീഉല്ലാഹ്, മുംബൈ (ശരീഅത്തിനനുസൃത കച്ചവടത്തില്‍ സകാത്ത് കണക്കാക്കുന്ന രീതികളും പ്രശ്‌നങ്ങളും), പി.എ ശമീല്‍ സജ്ജാദ് (സമൂഹത്തിന്റെ ശോഭനഭാവി ലക്ഷ്യമാക്കി സകാത്ത് ഫണ്ട് ഇന്‍വെസ്റ്റ് ചെയ്യുന്നതിന്റെ കര്‍മശാസ്ത്രം), ഡോ. കെ അബ്ദുല്‍ വഹാബ് (സകാത്ത് മാനേജ്‌മെന്റ് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ?), എം.ടി അബ്ദുല്‍ ഖാദിര്‍ / അഫ്‌റ ശിഹാബ് (ആധുനിക സാമ്പത്തിക ശാസ്ത്ര പദാവലികളും സകാത്ത് നിയമങ്ങളുടെ വ്യാഖ്യാനവും), ശുഹൈബ് മുഹമ്മദ്/കെ.സകരിയ്യ (സാമ്പത്തിക ബാധ്യത സകാത്തിനുമപ്പുറം – ഇബ്‌നു ഹസ്മിന്റെ കാഴ്ചപ്പാടിന്റെ കാലിക പ്രസക്തി), എം. അഹ്മദുല്ലാഹ്, ചെന്നൈ (സകാത്ത് സംവിധാനത്തിന്റെ പുരോഗതിയും വികാസവും ഇസ്‌ലാമിക ചരിത്രത്തില്‍) സലീം അഹ്മദ്, യു.പി. (സകാത്ത് സംഭരണം; നിലവിലെ രീതിക്രമങ്ങള്‍, പ്രശ്‌നങ്ങള്‍, വെല്ലുവിളികള്‍), ഡോ. മുഹമ്മദ് അയ്യൂബ് മിയാന്‍, ധാക്ക (ബംഗ്ലാദേശിലെ സകാത്ത് മാനേജ്‌മെന്റ്), എല്‍.കെ.എസ്. ഇംതിയാസ് അഹ്മദ് (ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന വ്യക്തികളുടെ പലിശ പണം ദരിദ്രരുടെ പുരോഗതിക്ക് ഉപയോഗപ്പെടുത്തുന്നതിന് ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള സാധ്യതകള്‍), മുനീര്‍ മുഹമ്മദ് റഫീഖ് (സകാത്ത് സംഭരണം, വിതരണം, മലേഷ്യന്‍ മാതൃക: ഒരവലോകനം), ശൗഖത്ത് അലി സുലൈമാന്‍ (സാമ്പത്തിക പുനര്‍വിതരണത്തിലും വിഭവങ്ങളുടെ പുനര്‍വിനിയോഗത്തിലും സംഘടിത സകാത്ത് വ്യവസ്ഥയുടെ സാധ്യതകള്‍), ഡോ. മന്‍സൂര്‍ അഹ്മദ് ഭട്ട് (സകാത്ത് സംവിധാനത്തിന്റെ ധാര്‍മികമാനവും കാലിക പ്രസക്തിയും ഒരവലോകനം) ടി.പി ശറഫുദ്ദീന്‍ (സാമൂഹിക ക്ഷേമ പദ്ധതികള്‍: സകാത്തും ഫിലാന്ത്രോകാപ്പിറ്റലിസവും  തമ്മിലെ താരതമ്യ പഠനം), സൈനബ് ഫിദ അഹ്‌സന്‍ (സാമൂഹിക  പുരോഗതിക്ക്  സകാത്തും വഖ്ഫും: സാമ്പത്തിക സാങ്കേതിക വിദ്യകളുടെ കേന്ദ്രീകൃത സംയോജന സാധ്യതകള്‍),

യാസിര്‍ ഖുത്വ്ബ് (സാമൂഹിക സംരംഭകത്വത്തിന്റെ പ്രഭാവവും സകാത്ത് വിതരണത്തിന്റെ ഊര്‍ജിത വഴികളും), കെ.കെ നസ്‌റീന (സാമ്പത്തിക വികസനത്തില്‍ സകാത്തിന്റെ സ്വാധീനം), പി.എ.അമീന്‍ അഹ്‌സന്‍ (കേരള മുസ്‌ലിംകളുടെ സാമ്പത്തിക പുരോഗതിയും സകാത്തിന്റെ മുന്‍ഗണനക്രമവും), പി.എ റോഷ്‌ന (സകാത്ത് പദ്ധതികളും സാമ്പത്തിക വികസനവും  കണ്ണന്തറ മഹല്ലിനെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം), ഡോ. എം. കബീര്‍ (കേരള മുസ്ലിം സമൂഹത്തിനിടയിലെ സാമ്പത്തിക അസന്തുലിതാവസ്ഥ), ജോസ് സെബാസ്റ്റ്യന്‍ (വളരുന്ന അസമത്വവും പരാജയപ്പെടുന്ന ഭരണ സംവിധാനവും: സാമൂഹിക പുരോഗതിക്ക് സകാത്തിന്റെ പ്രസക്തി), ഹാഫിസ് റശാദുദ്ദീന്‍ (സകാത്ത് വിനിയോഗം: ഹൈദരാബാദിലെ ചില മാതൃകകള്‍), ജസീല്‍ അബ്ദുല്‍ വാഹിദ്(സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നിര്‍വഹണത്തിന് സകാത്തിന്റെ സാധ്യതകള്‍), ഡോ. സി.പി ശഹീദ് റമദാന്‍ (കേരളത്തിലെ സകാത്ത് മാനേജ്‌മെന്റ് സംവിധാനം), എം.കെ ഉമര്‍ ബുഖാരി (തൊഴില്‍ സംരംഭങ്ങളിലൂടെ യുവശാക്തീകരണം; സകാത്ത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍), ഡോ. മുഹമ്മദ് അഹ്മദ് കുസൂലെ, ഉഗാണ്ട (സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മാര്‍ജന പദ്ധതികളില്‍ സകാത്തിന്റെ പ്രാധാന്യം), ഹംദിയ അഹ്മദ്, എത്യോപ്യ (സകാത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍), സി.എച്ച് അബ്ദുര്‍റഹീം (സാമ്പത്തിക ക്രമത്തിലെ അസന്തുലിതാവസ്ഥ; സകാത്ത് കൊണ്ടുള്ള പരിഹാരം), സമീഉല്ലാഹ് ഭട്ട്, ശ്രീനഗര്‍ (സാമൂഹിക പുരോഗതി കൈവരിക്കുന്നതില്‍ സകാത്തിന്റെ സാധ്യതയും സ്വാധീനവും), ഡോ. നിസാര്‍ അഹ്മദ് യാതു (സകാത്ത് മാനേജ്‌മെന്റ്; പ്രശ്‌നങ്ങളും വെല്ലുവിളികളും), ഡോ. നജ്മു സഹര്‍ (സംഘടിത സകാത്തിന്റെ പ്രാധാന്യവും ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ സകാത്ത് അഡ്മിനിസ്‌ട്രേഷനും), നബീല്‍ കട്ടകത്ത് /സി.പി ശഫീഖ് (ഇസ്‌ലാമിക സാമ്പത്തിക സ്ഥാപനങ്ങളിലെ സകാത്ത്), ഒ.കെ ഫാരിസ് (മഹല്ലുതല സകാത്ത് സംവിധാനങ്ങള്‍), മഖ്ബൂല്‍ അഹ്മദ് സിറാജ്, ബംഗളൂരു (സകാത്തും ഇന്ത്യയില്‍ അതിന്റെ ഉപയോഗങ്ങളും), മുഹമ്മദ് സലീം, ജയ്പൂര്‍ ( സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയില്‍ സകാത്ത് സംവിധാനങ്ങളുടെ പ്രയോഗവല്‍ക്കരണം),  ഡോ. എസ്. സുലൈമാന്‍ തിരുവനന്തപുരം,

മുഹമ്മദ്  ജമാലുദ്ദീന്‍  പാനായിക്കുളം, ശഹ്ബാസ് അഹ്മദ് അസ്ഹരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

പാനല്‍ ഡിസ്‌കഷന്‍ – ഒന്ന് (ഉലമാ സെഷന്‍) 

രണ്ടാം ദിവസം നടന്ന ഉലമാ സെഷന്‍ അഭിപ്രായ വൈവിധ്യങ്ങളുടെ സംഗമ വേദിയായി. കേരളത്തിലെ സകാത്ത് സംവിധാനം പരിപോഷിപ്പിക്കുന്നതില്‍ പണ്ഡിതരുടെയും മുസ്‌ലിം സംഘടനകളുടെയും പങ്ക് എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചക്ക് ജമാഅത്തെ ഇസ്‌ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് നേതൃത്വം നല്‍കി. അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ റെക്ടര്‍ ഡോ. അബ്ദുസ്സലാം വാണിയമ്പലം, ഒ. അബ്ദുര്‍റഹ്മാന്‍, എം.വി മുഹമ്മദ് സലീം മൗലവി, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, കെ.എ യൂസുഫ് ഉമരി, മൗലവി വി.പി സുഹൈബ്, ഡോ.എ.എ ഹലീം എന്നിവര്‍ സംസാരിച്ചു.

പാനല്‍ ഡിസ്‌കഷന്‍ – രണ്ട്

ഏപ്രില്‍ 28-ന് പ്രമുഖ സംരംഭകരും വ്യാപാര – വ്യവസായ പ്രമുഖരും പങ്കെടുത്ത പാനല്‍ ചര്‍ച്ച നടന്നു. സകാത്തും സുസ്ഥിര വികസന ലക്ഷ്യങ്ങളും: പോളിസി, പദ്ധതി, സ്ട്രാറ്റജി, പ്രായോഗികത എന്ന ശീര്‍ഷകത്തിലായിരുന്നു ചര്‍ച്ച. ഡോ. ആസാദ് മൂപ്പന്‍, വി.കെ ഹംസ അബ്ബാസ്, അമീര്‍ അഹ്മദ് ബാബു, ഡോ. അന്‍വര്‍ അമീന്‍, കെ.വി അബ്ദുല്‍ അസീസ്, ഡോ. ടി. അഹ്മദ്, സി.എച്ച് അബ്ദുര്‍ റഹീം, സലാം കളമശ്ശേരി, സി.പി ഹബീബുര്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. പി. മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു.

പാനല്‍ ഡിസ്‌കഷന്‍ – മൂന്ന്

രാജ്യത്തെ സകാത്ത് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഏകീകൃത സംവിധാനത്തിന്റെ സാധ്യത എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ച മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്‌റാഹീം ഹാജി  ഉദ്ഘാടനം ചെയ്തു. എച്ച്. അബ്ദുര്‍റഖീബ് (ന്യൂദല്‍ഹി), മുഹമ്മദ് ഹുസൈന്‍ ഖട്ഖടെ (മുംബൈ), ഡോ.  ത്വാഹാ മതീന്‍ (ബംഗളൂരു), ഹാമിദ് മുഹമ്മദ് ഖാന്‍ (ഹൈദരാബാദ്), മഖ്ബൂല്‍ അഹ്മദ് സിറാജ് (ബംഗളൂരു), എസ്.എം ഹിദായത്തുല്ല (ചെന്നൈ), മുഹമ്മദ് അമീന്‍ ഖുറൈശി (ജമ്മു-കശ്മീര്‍), അമീര്‍ അഹ്മദ് ബാബു, സി.പി ഹാരിസ് പങ്കെടുത്തു.

സമാപന സെഷന്‍

സമാപന സമ്മേളനത്തില്‍ അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതവേദി ജന: സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ ഖറദാഗി മുഖ്യ പ്രഭാഷണം നടത്തി. ബൈതുസ്സകാത്ത് കേരള ചെയര്‍മാന്‍ വി.കെ അലി അധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി എന്‍.എം അബ്ദുര്‍റഹ്മാന്‍, കോണ്‍ഫറന്‍സ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ അബ്ദുല്ല അഹ്മദ് മന്‍ഹാം, ജനറല്‍ കണ്‍വീനര്‍ പി.സി ബശീര്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബുര്‍റഹ്മാന്‍, ഓര്‍ഗനൈസിംഗ് കണ്‍വീനര്‍ സി.പി ഹബീബുര്‍റഹ്മാന്‍, അക്കാദമിക് ഡയറക്ടര്‍ ഡോ. എ.എ ഹലീം, പബ്ലിക് റിലേഷന്‍ കോഡിനേറ്റര്‍ സി.പി ഹാരിസ് സംബന്ധിച്ചു.

-ഡോ. എ.എ ഹലീം (ഇന്റര്‍നാഷ്‌നല്‍ സകാത്ത് കോണ്‍ഫറന്‍സിന്റെ അക്കാദമിക് ഡയറക്ടറാണ് ലേഖകന്‍)