Resolutions

രാജ്യം നിയമരാഹിത്യത്തിന്റെ പിടിയില്‍

2018 മെയ് 10 മുതല്‍ 13 വരെ ദല്‍ഹിയില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്‌ലിസ് ശൂറ അംഗീകരിച്ച പ്രമേയങ്ങള്‍

ഇന്ത്യയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന നിയമരാഹിത്യത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ അങ്ങേയറ്റത്തെ ആശങ്ക പ്രകടിപ്പിക്കുകയും ഈ ദുരവസ്ഥയില്‍നിന്ന് എത്രയും വേഗം രാജ്യത്തെ മോചിപ്പിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ അവസ്ഥക്ക് കാരണം കേന്ദ്ര ഭരണകൂടവും ഉദ്യോഗസ്ഥരുമാണ്. അവര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ചവരുത്തുന്നതിന്റെ തിക്ത ഫലമാണിത്. നീതിരഹിതമായ നിയമങ്ങള്‍ നിര്‍മിക്കപ്പെടുന്നത് ഭരണകൂട അതിക്രമങ്ങള്‍ക്ക് നിമിത്തമായിത്തീരുന്നു. ഏറ്റവും പുതിയ ഉദാഹരണമാണ് യു.പി കോക (ഡജഇഛഇഅ). കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ടാഡ, പോട്ട, യു.എ.പി.എ പോലുള്ള മനുഷ്യത്വ രഹിതമായ നിയമങ്ങള്‍ നിര്‍മിച്ച് പൗരന്മാരെ വേട്ടയാടുന്നതിനെ ജനാധിപത്യ വിശ്വാസികള്‍ ശക്തമായി ചെറുത്തുനിന്നിട്ടും മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്ന ഇത്തരം നടപടികള്‍ തുടരുകയാണിപ്പോഴും.

രാജ്യത്ത് നടമാടുന്ന നിയമവിരുദ്ധമായ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഭരണകൂടങ്ങളും പോലീസ് സേനയുമാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യത്തെ തടവറകളിലും പോലീസ് സ്റ്റേഷനുകളിലും ക്രൂരമായ മര്‍ദനങ്ങളാണ് നടക്കുന്നത്. അതിന്റെ ഇരകള്‍ മുസ്‌ലിംകളും ദലിതരും പാവപ്പെട്ടവരുമാണ്. നിയമരാഹിത്യത്തിന്റെ ഏറ്റവും പുതിയ ഉദാരണങ്ങളാണ് യു.പിയിലെ ഏറ്റുമുട്ടല്‍ കൊലകള്‍. തങ്ങള്‍ കുറ്റവാളികളെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നത് എന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ കുറ്റവാളികളെ നിമയത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് കുറ്റം തെളിയിച്ച് കോടതികളാണ് ശിക്ഷവിധിക്കേണ്ടതും നടപ്പിലാക്കേണ്ടതും. മുസ്‌ലിംകളെയും ദലിതരെയും നിയമം കൈയിലെടുത്ത് അക്രമിക്കാനും കൊല്ലാനും ഗുണ്ടകളെ ഏല്‍പിച്ചതായി മനസ്സിലാവുന്നു.

ഇസ്‌ലാമിക സംസ്‌കാരങ്ങളെയും ചിഹ്നങ്ങളെയും ഇല്ലാതാക്കാനും മുസ്‌ലിംകളുടെ വ്യാപാരവും യാത്രകളും അരക്ഷിതപ്പെടുത്താനും നമസ്‌കാരാദി അനുഷ്ഠാനങ്ങള്‍ തടസ്സപ്പെടുത്താനും മര്‍ദനമുറകളും ആസൂത്രിത നീക്കങ്ങളും നടക്കുന്നു. മദ്‌റസകളെയും ആരാധനാലയങ്ങളെയും അവര്‍ ഉന്നംവെക്കുന്നു. പോലീസ് ഇതിനൊക്കെ കൂട്ടുനില്‍ക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നു. പരാതി നല്‍കിയാല്‍ പലപ്പോഴും ഫയല്‍ ചെയ്യാതിരിക്കുക മാത്രമല്ല, പരാതിക്കാരെ പീഡിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്നു.

നിയമരാഹിത്യത്തിന്റെ ഈ പ്രളയത്തില്‍ രാജ്യവും സമൂഹവുമൊന്നടങ്കം നാശത്തില്‍ പതിക്കുമെന്ന് കേന്ദ്ര മജ്‌ലിസ് ശൂറ ആശങ്കിക്കുന്നു. സാമൂഹിക ഭദ്രത തകരലും ധാര്‍മിക നിയമമൂല്യങ്ങള്‍ ചവിട്ടി മെതിക്കപ്പെടലുമാണ് ഇതിന്റെ പരിണിത ഫലം. നീതിപൂര്‍വകമല്ലാത്ത നിയമങ്ങള്‍ പിന്‍വലിക്കണമെന്നും പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലുമുള്ള മൂന്നാംമുറ അവസാനിപ്പിക്കണമെന്നും ഏറ്റുമുട്ടല്‍ കൊലകള്‍ അവസാനിപ്പിച്ച് കുറ്റവാളികളെ നീതിപീഠത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും പോലീസ് ജനമൈത്രി പേരില്‍ പോരാ, പ്രവൃത്തിയില്‍ വരുത്തണമെന്നും മനുഷ്യവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്നും ശൂറ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഒപ്പം ഭരണ കക്ഷിക്കാര്‍ നിയമം കൈയിലെടുത്ത് നടത്തുന്ന മനുഷ്യത്വ ഹീനമായ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും ദുര്‍ബലരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും വേട്ടയാടുന്ന ക്രിമിനല്‍ സംഘങ്ങളെ പിടിച്ചുകെട്ടണമെന്നും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെടുന്നു. ഭരണകക്ഷിയുടെ ലേബലില്‍ ക്രിമിനല്‍ സംഘങ്ങള്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ക്ക് തടയിടാനും ഭരണകൂട ഭീകരതക്ക് അന്ത്യം കുറിക്കാനും ജനാധിപത്യ മതേതര വിശ്വാസികള്‍ മുന്നോട്ട് വരണമെന്നും ഈ യോഗം ആവശ്യപ്പെടുന്നു.

രാജ്യത്തെ നിയമസംവിധാനങ്ങളുടെ ദുരവസ്ഥ

ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ, രാജ്യത്ത് കോടതികളുടെ ഇന്നത്തെ അവസ്ഥയില്‍ വളരെയേറെ ആശങ്ക പ്രകടിപ്പിക്കുന്നു. നിയമവ്യവസ്ഥയില്‍ ഭരണകൂടത്തിന്റെ അനാവശ്യമായ കൈകടത്തലുകളാണ് ഇതിന് കാരണം. കോടതികള്‍ സ്വതന്ത്രമാവണമെന്നതും അത് എക്‌സിക്യൂട്ടീവില്‍നിന്ന് വേര്‍പെട്ട് നില്‍ക്കണമെന്നതും ഇന്ത്യന്‍ ഭരണഘടനയുടെ ഉത്തുംഗമായ സങ്കല്‍പമെന്നതിലുപരി, അത് സംസ്‌കൃതവും ജനാധിപത്യ ബോധമുള്ളതുമായ സമൂഹത്തിന്റെ അടിസ്ഥാനവുമാവേണ്ടതാണ്. എന്നാല്‍ അടുത്ത കാലത്ത് നടന്ന നിരവധി സംഭവങ്ങള്‍ കോടതികളുടെ സ്വാതന്ത്ര്യത്തിന് കനത്ത പ്രഹരമേല്‍പിക്കുന്നവയായിരുന്നു. പൊതുസമൂഹത്തിന് കോടതിയിലുള്ള വിശ്വാസത്തിന് പോലും അത് ഊനം തട്ടിച്ചിരിക്കുന്നു.

സുപ്രീം കോടതിയിലെ നാല് സീനിയര്‍ ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി നമ്മുടെ പരമോന്നത നീതിന്യായ സ്ഥാപനത്തിന്റെ ഇന്നത്തെ അവസ്ഥയെ അതിരൂക്ഷമായി വിമര്‍ശന വിധേയമാക്കിയത് ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു. രാജ്യത്ത് ജനാധിപത്യം പോലും ഭീഷണി നേരിടുകയാണെന്ന് അവര്‍ വെളിപ്പെടുത്തിയത് വളരെ അസ്വസ്ഥപ്പെടുത്തുന്നതാണ്. ഭരണകൂടത്തില്‍നിന്നുള്ള സമ്മര്‍ദം നീതിന്യായവ്യവസ്ഥയുടെ അടിത്തറയിളക്കുമോ എന്ന് ആശങ്കിക്കേണ്ട സ്ഥിതിയാണുള്ളത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ രാജ്യസഭാധ്യക്ഷന് നോട്ടീസ് നല്‍കിയതും ചരിത്രത്തിലെ ആദ്യ സംഭവമാണ്. രാജ്യസഭാ ചെയര്‍പേഴ്‌സണ്‍ അത് ചര്‍ച്ചക്കെടുക്കാന്‍ തയാറാവാതിരുന്നത് പരമോന്നത കോടതിയെപോലും സംശയത്തിന്റെ കരിനിഴലിലാക്കുന്നു. പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍ ഇക്കാര്യം നമ്മുടെ ജനാധിപത്യ സ്വഭാവത്തെ നിരാകരിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി.

സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനമാണ് മറ്റൊരു പ്രശ്‌നമായിരിക്കുന്നത്. അഡ്വ. ഇന്ദു മല്‍ഹോത്രയുടെയും ജസ്റ്റിസ് കെ.എം ജോസഫിന്റെയും നിയമനത്തിനുള്ള കോളേജിയത്തിന്റെ ശിപാര്‍ശ ഗവണ്‍മെന്റ് നിരാകരിക്കുകയും ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ദുമല്‍ഹോത്രയുടെ നിയമനം മാത്രം അംഗീകരിക്കുകയും ചെയ്തപ്പോള്‍ കോളേജിയം വീണ്ടും തങ്ങളുടെ ശിപാര്‍ശ ഗവണ്‍മെന്റിലേക്കയക്കുകയായിരുന്നു. ഇത് കേന്ദ്രഗവണ്‍മെന്റിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ജസ്റ്റിസ് ജോസഫ് ഗവണ്‍മെന്റിനെതിരെ ചില വിധികള്‍ പ്രസ്താവിച്ചതിനുള്ള തിരിച്ചടിയായാണ് പ്രമോഷന്‍ നല്‍കാതിരിക്കുന്നത്. ഇത് കോടതിയുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റമാണെന്ന് നിയമവിദഗ്ധരും കോളേജിയം അംഗങ്ങളും വ്യക്തമാക്കുന്നു. ജസ്റ്റിസ് ജോസഫിന്റെ നിയമനം അംഗീകരിക്കാനാവശ്യപ്പെടുന്ന ഹരജികളും ഇതിനകം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

പരമോന്നത നീതിപീഠം സംശയത്തിന്റെ നിഴലിലാവുകയെന്നത് വളരെ ആശങ്കാജനകവും ഖേദകരവുമാണ്. അതിന്റെ പ്രതിഫലനം കീഴ്‌കോടതികളിലും മറ്റു നീതിന്യായ വ്യവസ്ഥിതികളിലും സ്വാഭാവികമായും പ്രതിഫലിക്കും. ഹൈകോടതികളും കീഴ്‌കോടതികളുമായി ബന്ധപ്പെട്ടും ഭരണകൂടത്തിന്റെ കൈകടത്തലുകളെ സംബന്ധിച്ച് ആരോപണമുയരുന്നുണ്ട്.

ഈ ദുരവസ്ഥ എത്രയും പെട്ടെന്ന് മാറ്റാന്‍വേണ്ട നടപടികള്‍ സ്വീകരിക്കാനും നീതിന്യായ സ്ഥാപനങ്ങളുടെ മേല്‍ പിടിമുറുക്കാതിരിക്കാനും ഈ യോഗം കേന്ദ്ര ഗവണ്‍മെന്റിനോടാവശ്യപ്പെടുന്നു. ഇതിന്റെ ഗൗരവം മനസ്സിലാക്കി കോടതികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് രാജ്യത്തെ പൗരന്മാരോടും, വിശിഷ്യാ ബാര്‍ കൗണ്‍സില്‍ മെമ്പര്‍മാരോടും മാധ്യമപ്രവര്‍ത്തകരോടും ഈ യോഗം ആവശ്യപ്പെടുന്നു.

അസമിലെ പൗരത്വ പ്രശ്‌നം

വടക്കു കിഴക്കന്‍ സംസ്ഥാനമായ അസമില്‍ വലിയൊരു ജനവിഭാഗത്തെ പൗരത്വ രേഖയുടെ പേരില്‍ സംശയത്തിന്റെയും ഭീതിയുടെയും നിഴലില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര ശൂറ മനസ്സിലാക്കുന്നു. കേന്ദ്ര ഗവണ്‍മെന്റ് രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും വേണ്ടി ഒരു നാഷ്‌നല്‍ സിറ്റിസണ്‍ഷിപ്പ് രജിസ്റ്റര്‍(ചഇഞ) തയാറാക്കുന്നതിന്റെ ഭാഗമായി അസമില്‍ പ്രയാസകരമായ സ്ഥിതിവിശേഷമാണുള്ളത്. ആയിരക്കണക്കിന് മുസ്‌ലിംകളെ, അവരുടെ കുടുംബങ്ങള്‍ നൂറ്റാണ്ടുകളായി ഇവിടെ സ്ഥിരവാസികളായിട്ടും രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അവര്‍ ബംഗ്ലാദേശികളാണെന്നാണ് ഔദ്യോഗിക ഭാഷ്യം. 1971-ന് ശേഷം കുടിയേറിയവരെ സര്‍ക്കാര്‍ റിക്കാര്‍ഡിലുള്‍പ്പെടുത്തില്ലെന്ന വാദംപോലും നിരര്‍ഥകമാണ്. കിഴക്കന്‍ പാകിസ്താനില്‍നിന്ന് ആ സമയത്ത് കുടിയേറാന്‍ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതനുസരിച്ച് ശേഷം വന്നരുടെ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിന് തന്നെയാണ്. കേന്ദ്ര ഗവണ്‍മെന്റാകട്ടെ പൗരത്വ രജിസ്‌ട്രേഷന് വേണ്ടി തയാറാക്കിയ ബില്ലില്‍ ബംഗ്ലാദേശ് കുടിയേറ്റക്കാരെ രണ്ടാക്കി വിഭജിച്ചിരിക്കുന്നു. അവരിലെ ഹിന്ദുക്കള്‍ അഭയാര്‍ഥികളും മുസ്‌ലിംകള്‍ കടന്നുകയറ്റക്കാരുമാണ്. എന്നാല്‍ ഈ നിലപാടിനോട് അസമിലെ രാഷ്ട്രീയ നേതൃത്വവും പൊതുസമൂഹവും യോജിക്കുന്നില്ലെന്നത് ആശ്വാസകരമാണ്. അസമിലെ ഏറ്റവും വലിയ പ്രാദേശിക പാര്‍ട്ടിയായ അസം ഗണപരിഷത്, ബി.ജെ.പിയുടെ സഖ്യകക്ഷിയായിരിക്കെ വ്യക്തമാക്കിയ നിലപാട്, ഏത് മതസ്ഥരാരായാലും കടന്നുവന്നവര്‍ തിരിച്ചു പോകണമെന്നാണ്.

നാഷ്‌നല്‍ രജിസ്റ്ററിന്റെ കാര്യത്തില്‍ നീതിയും സത്യസന്ധതയും പുലര്‍ത്തണമെന്ന് ശൂറ കേന്ദ്ര ഗവണ്‍മെന്റിനോടാവശ്യപ്പെടുന്നു. ആശങ്കയിലും ഭീതിയിലും ജീവിക്കുന്ന അസമിലെ മുസ്‌ലിംകള്‍ക്ക് വേണ്ടി മുസ്‌ലിം നേതൃത്വം ഏകസ്വരത്തില്‍ ശബ്ദമുയര്‍ത്താന്‍ മുന്നോട്ട് വരികയും വേണം.

സുപ്രീംകോടതി, ഒരു വിധിയില്‍ പഞ്ചായത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് നിയമപ്രാബല്യം നല്‍കിയത് ആശ്വാസകരമാണ്. ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ തലക്കുമീതെ തൂങ്ങിക്കിടന്ന പൗരത്വം പിന്‍വലിക്കുമെന്ന ഭീഷണി മാറിക്കിട്ടിയിട്ടുണ്ടെന്ന് മാത്രം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍

ഇന്ത്യയില്‍ പലയിടങ്ങളിലും തുടര്‍ക്കഥയായി മാറിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുളള ബലാല്‍ക്കാരങ്ങള്‍, പ്രത്യേകിച്ച് കഠ്‌വയിലും ഉന്നാവയിലും നടന്ന അതിക്രൂരമായ അതിക്രമങ്ങള്‍ ഏറെ ആശങ്കയോടും അസ്വസ്ഥതയോടുമാണ് കേന്ദ്ര ശൂറ കാണുന്നത്. ഇത്തരം ലജ്ജാവഹമായ സംഭവങ്ങളെ യോഗം ശക്തമായി അപലപിക്കുന്നു. അവയില്‍ ഭരണകക്ഷി എം.എല്‍.എ വരെ ഉള്‍പ്പെടുന്നുവെന്നത് അങ്ങേയറ്റം ജുഗുപ്‌സാവഹമാണ്. ഇരകളാകട്ടെ ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരും ഏറെ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമാണ്. ഇത് ഒറ്റപ്പെട്ടതോ യാദൃഛികമോ അല്ല. ആസൂത്രിതവും ഒരു വിഭാഗത്തെ ഭയപ്പെടുത്തി ഓടിക്കാനുള്ള തന്ത്രത്തിന്റെ ഭാഗവുമാണിതെന്ന് കാണാന്‍ കഴിയും.

കഠ്‌വാ സംഭവം ഇന്ത്യയുടെ നാല് ഭരണഘടനാ സ്തംഭങ്ങളെയും സ്വാധീനിച്ചതായി കാണാം. നിയമ സംരക്ഷകരായ പോലീസ് കൂടി ഉള്‍പ്പെടുന്ന ഈ കേസില്‍ ഭരണകക്ഷി എം.എല്‍.എമാരും വക്കീലന്മാരുമായിരുന്നു പ്രതികളെ രക്ഷിക്കാന്‍ വേണ്ടി തെരുവിലിറങ്ങിയത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളുടെ നിലപാടും ലജ്ജാകരവും നിഷേധാത്മകവുമായിരുന്നു. അവര്‍ ഇരയുടെ പേരും വിലാസവും വരെ വെളിപ്പെടുത്തുകയായിരുന്നു.

ഒരു സംസ്‌കൃത സമൂഹത്തിലെ ഭരണകൂടവും നീതിന്യായ സ്ഥാപനങ്ങളും ക്രമസമാധാന പാലകരും സ്ത്രീകളുടെ മാന്യതയും ചാരിത്ര്യവും സംരക്ഷിക്കുന്നവരുമാവുകയാണ് വേണ്ടിയിരുന്നത്. ഈ കടുത്ത അന്യായത്തില്‍ ഭാഗവാക്കായ അത്തരം ആളുകള്‍ക്ക് ഉചിതമായ ശിക്ഷതന്നെ നല്‍കേണ്ടതുണ്ട്.

പന്ത്രണ്ട് വയസ്സിന് താഴെയുളള പെണ്‍കുട്ടികളെ മാനഭംഗത്തിനിരയാക്കുന്ന നരാധമന്മാര്‍ക്ക് വധശിക്ഷ നല്‍കുമെന്ന കേന്ദ്രഗവണ്‍മെന്റ് ഓര്‍ഡിനന്‍സിനെ ജമാഅത്തെ ഇസ്‌ലാമി ശൂറ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ, അതില്‍ പ്രായപരിധി ഒഴിവാക്കി 18 വയസ്സിന് താഴെയുള്ള പ്രതികള്‍ക്കും തക്ക ശിക്ഷ നല്‍കാന്‍ നിയമം നിര്‍മിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.

വിവ: പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍