Press Release

പ്രസ്ഥാന വഴിയില്‍ ശ്രദ്ധേയമായി പണ്ഡിത സംഗമം

പ്രസ്ഥാന വഴിയില്‍ ശ്രദ്ധേയമായി പണ്ഡിത സംഗമം

കൊല്ലം : പണ്ഡിതന്‍മാരാല്‍ നയിക്കപ്പെടുന്ന സമൂഹമാണ് മുസ്ലിം സമൂഹം. മുസ്‌ലിം സമൂഹത്തിന്റെ ഉയര്‍ച്ച താഴ്ചകളിലും ഗതിവിഗതികളിലും പണ്ഡിതന്‍മാര്‍ക്ക് വലിയ പങ്കുണ്ടെന്നത് ചരിത്രപരപമായ യാഥാര്‍ഥ്യമാണ്. പ്രവാചകന്‍മാരുടെ അനന്തവരാണെന്നാണ് പ്രവാചക അധ്യാപനം. പണ്ഡിതരുമായി ഇസ്ലാമിക പ്രസ്ഥാനം എക്കാലവും നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം കൊല്ലത്ത് സംഘടിപ്പിച്ച ദക്ഷിണ കേരള പണ്ഡിതസംഗമം ആ അര്‍ഥത്തില്‍ പ്രധാനപ്പെട്ട ചുവട് വെപ്പായിരുന്നു. പണ്ഡിതരുടെ പങ്കാളിത്തം കൊണ്ടും ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങള്‍ കൊണ്ടും സംഗമം ശ്രദ്ധേയമായി.
രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ മുസ്‌ലിം പണ്ഡിതന്‍മാര്‍ രംഗത്തിറങ്ങണമെന്ന് ജമാഅത്ത ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൗലാനാ ജലാലുദ്ദീന്‍ ഉമരി ആവശ്യപ്പെട്ടു. ദക്ഷിണകേരള പണ്ഡിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധിനിവേശ ശക്തികള്‍ക്കെതിരെ രാജ്യത്തിന്റെ സ്വാതന്ത്രത്തിനുവേണ്ടി പോരാട്ടത്തിനിറങ്ങിയ പാരമ്പര്യമാണ് ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാരുടേത്. രാജ്യം ഗുരുതരമായ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. മര്‍ദ്ദിത ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ പണ്ഡിതര്‍ക്ക് കഴിയണം. വിവിധ ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷവും വര്‍ഗീയതയും വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കാനുള്ള ബാധ്യതയും പണ്ഡിതന്‍മാര്‍ക്കുണ്ട്. സമൂഹത്തില്‍ നന്മസ്ഥാപിക്കാനും തിന്‍മ വിരോധിക്കാനും പണ്ഡിതര്‍ നേതൃത്വം നല്‍കണം. ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകളെ തിരുത്താന്‍ ധൈര്യം കാണിച്ച പാരമ്പര്യമാണ് മുസ്‌ലിം പണ്ഡിതന്‍മാരുടേത്.
സമ്പത്ത് സമ്പാദിക്കല്‍ ലക്ഷ്യമായി തീര്‍ന്നാല്‍ പണ്ഡിത ദൗത്യം നിറവേറ്റപ്പെടാതെ പോകും. പലതരം ജീവിത പ്രതിസന്ധികളനുഭവിക്കുന്ന വര്‍ത്തമാന കാല സമൂഹത്തെ ദൈവിക ദീനിന്റെ ശരിയായ വഴിയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യാന്‍ പണ്ഡിതന്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് അമീര്‍ ഓര്‍മിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. മത -ഭൗതിക വിഭജനമാണ് മുസ്ലിം പണ്ഡിതന്മാരുടെ ചിന്താലോകവും ഇടപെടല്‍ മേഖലയും ചുരുക്കികെട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. സമകാലിക സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളും മനസിലാക്കി ഫലപ്രദമായി ഇടപെടാന്‍ പണ്ഡിതര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിന്റെ പ്രതിനിധാനം എന്ന ചര്‍ച്ച കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ തൊടിയുര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് വിഷയാവതരണം നടത്തി. എപി.ശിഫാര്‍ മൗലവി, ശംസുദ്ദീന്‍ ഖാസിമി, മുനീർ മൗലവി, ശിഹാബുദ്ദീന്‍ മൗലവി, ശംസുദ്ദീന്‍ മന്നാനി, കെ.എം അഷ്‌റഫ്, കെ. എ യൂസുഫ് ഉമരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജമാഅത്തെ അഖിലേന്ത്യാ അസി അമീര്‍ നുസ്രത്ത് അലി സംഗമത്തെ അഭിസംബോധന ചെയ്തു. പാളയം ഇമാം വിപി ശുഐബ് മൗലവി ഖുര്‍ആന്‍ ദര്‍സ് നടത്തി. സംസ്ഥാന അസി. അമീര്‍ പി.മുജീബ്‌റഹ്മാന്‍ സമാപനവും ജനറല്‍സെക്രട്ടറി എംെക മുഹമ്മദലി സ്വാഗതവും പറഞ്ഞു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം മെഹബൂബ് നന്ദി പ്രകാശിപ്പിച്ചു.