ന്യൂദല്‍ഹി: കേരളത്തിലെ മഹാപ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കനത്ത മഴയും സമാനതകളില്ലാത്ത പ്രളയവും വലിയദുരന്തത്തിലേക്കാണ് സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലാണ്. ജനങ്ങളുടെ കൂട്ടപലായനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മൂന്നരലക്ഷത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പതിനായിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലായി. ആയിരക്കണക്കിനാളുകള്‍ പലഭാഗങ്ങളിലും ഒറ്റപ്പെട്ട് കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം പോലും സാധ്യമാകാത്ത വിധം പ്രയാസകരമാണ് പലഭാഗങ്ങളിലെയും നിലവിലെ അവസ്ഥ. കേരള സര്‍ക്കാറിനോ സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ മാത്രമായി മറികക്കാന്‍ കഴിയുന്നതല്ല ഈ ദുരന്തം. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സൈന്യത്തേയും സംവിധാനങ്ങളെയും വിന്യസിക്കണം. അന്താരാഷ്ട്ര സമൂഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും കേരളത്തിലേക്ക് തിരിയേണ്ടതുണ്ട്. അല്ലെങ്കില്‍ വലിയ ദുരന്തത്തിന്റെ വാര്‍ത്തയായിരിക്കും ആ സംസ്ഥാനത്ത് നിന്ന് കേള്‍ക്കേണ്ടിവരിക. മഹാപ്രളയത്തിന്റെ നഷ്ടം കോടിക്കണക്കിന് രൂപയുടേതാണ്. കേരളത്തെ യഥാര്‍ത്ഥത്തില്‍ തന്നെ പുനര്‍നിര്‍മ്മിക്കേണ്ടിവരും. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സ്പെഷല്‍ പാക്കേജ് പ്രഖ്യാപിക്കണം. രാജ്യനിവാസികള്‍ നിസ്സഹായരായ കേരളീയ ജനതയെ സഹായിക്കണം. ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ എത്തിക്കാനും സാമ്പത്തികസഹായം നല്‍കാനും എല്ലാവരും രംഗത്തിറങ്ങണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരന്തമുണ്ടായപ്പോഴെല്ലാം കൈത്താങ്ങായി ഓടിയെത്തിയവരാണ് കേരളീയര്‍. കേരളം അനുഭവിക്കുന്ന മഹാകെടുതിയില്‍ നിന്ന് മോചനം സാധ്യമാവാന്‍ ജമാഅത്ത് അമീര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു.
കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം- ജലാലുദ്ദീന്‍ ഉമരി
